Saturday, March 23, 2019

ജീവിതം മറ്റുള്ളവര്‍ക്കു മാര്‍ഗ്ഗദീപമാകണം

Tuesday 19 March 2019 4:36 am IST
ഏറേപ്പേരും ഈശ്വരവിശ്വാസികളാണ്. വളരെപ്പേര്‍ ക്ഷേത്രങ്ങളും പുണ്യസ്ഥലങ്ങളും സന്ദര്‍ശിക്കുന്നു. സന്ന്യാസിമാരേയും സജ്ജനങ്ങളേയും ചെന്നു കാണുന്നു. പലര്‍ക്കും പ്രതിദിനപ്രാര്‍ത്ഥനയുടെ ഫലമായി ഏതെങ്കിലും രീതിയിലുള്ള അനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനാരീതികളും ഉണ്ടായിരിക്കും. എന്നാല്‍ ധര്‍മ്മാനുഷ്ഠാനത്തിലുള്ള ആത്മാര്‍ത്ഥതയും ആചരണശുദ്ധിയും മാര്‍ഗ്ഗശുദ്ധിയെക്കുറിച്ച് ശ്രദ്ധയും ഉള്ളവര്‍മാത്രമേ ഈശ്വരനെ അനുഭവിച്ചറിയുന്നുള്ളു. ഇവിടെയാണ് ധര്‍മ്മത്തിന്റെ മഹത്ത്വം അന്തര്‍ഭവിച്ചിരിക്കുന്നത്. ധര്‍മ്മം ഒരുവനെ ആത്മീയമായി പുനരുജ്ജീവിപ്പിക്കുന്നു. അവന്റെ സഹജാവബോധത്തെ പുന:സ്ഥാപിക്കുന്നു. അത് അവനെ സംരക്ഷിക്കുന്നു. നിലനിര്‍ത്തുന്നു,സംശുദ്ധനാക്കുന്നു. സംസാരത്തില്‍നിന്നും മോചിപ്പിക്കുന്നു. എന്തെന്നാല്‍ ധര്‍മ്മം പ്രവൃത്തി രൂപത്തിലുള്ള സത്യതേജസ്സാണ്. സത്യമാകട്ടെ സര്‍വ്വ ശക്തിമയമാണ്. അതിനാല്‍ ധര്‍മ്മത്തിന്റെ ശക്തി സത്യസ്വരൂപനായ ഈശ്വരന്റെ ശക്തിതന്നെയാണ്.
  ധര്‍മ്മബോധവും സത്യജ്ഞാനവും നിങ്ങളില്‍തന്നെയുണ്ട്. അവ സുപ്തമായി വര്‍ത്തിക്കുന്നു എന്നുമാത്രം. ലൗകികപ്രവണതകളാകുന്ന വാസനകളാല്‍ അവ ആവരണം ചെയ്യപ്പെട്ടിരിക്കയാണ്. അവയെ ഉണര്‍ത്തണം. അപ്പോള്‍ ജീവിതം ആത്മീയ തേജസ്സിനാല്‍ ഉജ്ജ്വലമാകും. അത്തരത്തിലുള്ള ഒരു ജീവിതം തന്നെ മഹത്തായ ഒരു സന്ദേശമാണ്. മനുഷ്യരാശിക്കു മാര്‍ഗ്ഗദീപവുമാണ്.

No comments:

Post a Comment