Sunday, March 24, 2019

മഹാബ്രഹ്മര്‍ഷിയായ വിശ്വാമിത്രന്‍

Sunday 24 March 2019 5:15 am IST
കുശികവംശ രാജാവായിരുന്നു വിശ്വാമിത്രന്‍. ഒരിക്കല്‍ അദ്ദേഹം നായാട്ടു കഴിഞ്ഞു മടങ്ങുമ്പോള്‍ വസിഷ്ഠന്റെ ആശ്രമത്തിലെത്തി. പുത്രന്മാരും പരിവാരങ്ങളുമെല്ലാം വിശ്വാമിത്രനൊപ്പമുണ്ടായിരുന്നു. വസിഷ്ഠന്‍ അവരെ വീരോചിതമായി സ്വീകരിച്ചു. വിഭവസമൃദ്ധമായ സദ്യ നല്‍കി. വിശ്രമിക്കാന്‍ ശയ്യ ഒരുക്കി. രാജാവിന് നല്‍കേണ്ട എല്ലാ ആതിഥ്യമര്യാദകളും വസിഷ്ഠന്‍ പാലിച്ചു. 
കാമധേനുവെന്ന പശുവിന്റെ കാരുണ്യത്താലാണ് വസിഷ്ഠന്‍ ഇതത്രയും സാധ്യമാക്കിയത്.  അതെല്ലാം അറിഞ്ഞപ്പോള്‍ കാമധേനുവിനെ സ്വന്തമാക്കാന്‍ വിശ്വാമിത്രന് മോഹമുദിച്ചു. ധേനുവിനെ തരാന്‍ തനിക്ക് അധികാരമില്ലെന്നും അവള്‍ സ്വതന്ത്രയാണെന്നും വിശ്വാമിത്രനോട് വസിഷ്ഠന്‍  പറഞ്ഞു. പശുവിനെ നല്‍കാന്‍ വസിഷ്ഠന് താല്‍പര്യമില്ലെന്ന് വിശ്വാമിത്രന് മസ്സിലായി. എങ്കില്‍ പശുവിനെ താന്‍ കൊണ്ടു പൊയ്ക്കെള്ളാമെന്ന് വിശ്വാമിത്രന്‍ അഹങ്കാരത്തോടെ അറിയച്ചു.
വിശ്വാമിത്രന്‍ ധേനുവിനെ ബന്ധിക്കാനായി പരിവാരത്തെ അയച്ചു. വസിഷ്ഠനെ ബന്ധിക്കാന്‍ രാജപുത്രന്മാരും തുനിഞ്ഞു. കാമധേനു രാജപരിവാരത്തേയും വസിഷ്ഠന്‍ രാജാവിന്റെ പുത്രന്മാരേയും നിമിഷങ്ങള്‍ക്കകം നിഗ്രഹിച്ചു. ബ്രഹ്മതേജസ്സിന് ക്ഷത്രിയന്റെ വീര്യത്തേക്കാള്‍ ശക്തിയുണ്ടെന്ന് വിശ്വാമിത്രന് മനസ്സിലായി. തന്റെ കഥയും കഴിയുമെന്ന് തോന്നിയപ്പോള്‍ വിശ്വാമിത്രന്‍ ശിവനെ പ്രീതിപ്പെടുത്തി ആഗ്‌നേയാസ്ത്രം നേടി. അതുകൊണ്ടും രക്ഷയില്ലെന്നു വന്നതോടെ കിഴക്കുദിക്കിലെത്തി ബ്രഹ്മതപസ്സ് ആരംഭിച്ചു. 
ആരുടെ തപസ്സുകണ്ടാലും അത് തന്റെ പദവിക്ക് കോട്ടം വരുത്തുമോ എന്നു ഭയപ്പെടുന്ന ഇന്ദ്രന്‍ വിശ്വാമിത്രന്റെ തപസ്സു കണ്ട് ഭയന്നു. ഉടനെ തപസ്സിളക്കാനായി അപ്സരസ്സായ മേനകയെ വിശ്വാമിത്രന് അരികിലേക്കയച്ച് തപസ്സിന് ഭംഗം വരുത്തി. സര്‍വാംഗസുന്ദരിയായ മേനകയെ കണ്ട  വിശ്വാമിത്രന്‍ അനുരാഗവിവശനായി. മേനകയില്‍ വിശ്വാമിത്രന് പിറന്ന പുത്രിയാണ് ശകുന്തള. 
വിശ്വാമിത്രന്‍ വടക്കു ദിഗന്തത്തിലെത്തി വീണ്ടും തപസ്സാരംഭിച്ചു. ഇതിനിടയിലാണ് ഉടലോടെ സ്വര്‍ഗം പൂകാന്‍ ആഗ്രഹിച്ച ത്രിശങ്കുവിനെ സഹായിക്കാന്‍  ശ്രമിച്ചത്. അതു പരാജയപ്പെട്ടതോടെ വിശ്വാമിത്രന് വാശിയായി. സ്വന്തമായൊരു സ്വര്‍ഗം സൃഷ്ടിച്ചു. അവിടെ പുതിയ ഇന്ദ്രാദിദേവകളേയും ബ്രഹ്മാവിനേയും സൃഷ്ടിക്കാന്‍ തുനിഞ്ഞപ്പോള്‍ സാക്ഷാല്‍ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട്, ശ്രമങ്ങളില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു.
ബ്രഹ്മാവിന്റെ അപേക്ഷ സ്വീകരിച്ച വിശ്വാമിത്രന്‍ വീണ്ടും പടിഞ്ഞാറേ ദിഗന്തത്തില്‍ തപസ്സു തുടര്‍ന്നു. അതിനിടെ അംബീരഷന്‍  തന്റെ യാഗത്തിന് നരബലിക്കായി കൊണ്ടുപോകുകയായിരുന്ന ശൂരഫേനനെ വിശ്വാമിത്രന്‍ രക്ഷിച്ചു. നിരന്തരം തപോവിഘ്നം നേരിട്ട വിശ്വാമിത്രന്‍ തെക്കേ  ദിഗന്തത്തിലെത്തി അനേകായിരം വര്‍ഷം തപസ്സിരുന്നു.ഒടുവില്‍ ഭൂമധ്യത്തിലെത്തി തീവ്രതപം ചെയ്ത് ഐശ്വര്യാഷ്ടകം സ്വായത്തമാക്കി. നാലുദിക്കുകളിലും നടത്തിയ തപസ്സുകള്‍ക്ക് അനുക്രമമായി ഋഷി, മഹര്‍ഷി, ദേവര്‍ഷി, ബ്രഹ്മര്‍ഷി, മഹാബ്രഹ്മര്‍ഷി എന്നീ സ്ഥാനങ്ങള്‍ സമ്പാദിച്ചു. 
വിശ്വവിശ്രുതനായി തീര്‍ന്ന വിശ്വാമിത്രന്‍ സര്‍വജനക്ഷേമത്തിനായി ഒരു യാഗം നടത്താന്‍ തീരുമാനിച്ചു. യാഗാരംഭത്തില്‍ തന്നെ രാക്ഷസന്മാരെത്തി യാഗം മുടക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരുന്നു. മാരീചനും സുബാഹുവുമായിരുന്നു ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തിയത്. 
യാഗവിഘ്നം ഭയന്ന് രാക്ഷസരെ നേരിടാനായി  വിശ്വാമിത്രന്‍ ഉപായം തേടി. അയോധ്യയിലെത്തുക; ദശരഥമഹാരാജാവിനോട് സഹായമഭ്യര്‍ഥിക്കുക. അതാണ് അഭികാമ്യമെന്ന് തോന്നി. അയോധ്യയിലെത്തി വിശ്വാമിത്രന്‍ ദശരഥമഹാരാജാവിനെ കണ്ടു. ഈ സമയത്ത് രാജാവിന്റെ നാലു പുത്രന്മാരും സര്‍വകലകളിലും ശാസ്ത്രങ്ങളിലും പാടവം നേടിക്കഴിഞ്ഞിരുന്നു. രാമ,ഭരത,ലക്ഷ്മണ,ശത്രുഘ്നന്മാര്‍ മാതാപിതാക്കളുടേയും രാജ്യത്തെ പ്രജകളുടേയും കണ്ണിലുണ്ണികളായിരുന്നു. സഹോദരന്മാര്‍ക്കിടയിലെ ബന്ധം തീവ്രമായിരുന്നെങ്കിലും രാമലക്ഷ്മണന്മാര്‍ തമ്മിലും ഭരതശത്രുഘ്നന്മാര്‍ തമ്മിലും പ്രത്യേകമൊരു അടുപ്പമുണ്ടായിരുന്നു. 
അയോധ്യയിലെത്തിയ വിശ്വാമിത്രനോട് ആഗമനോദ്ദേശ്യം എന്തെന്ന് ദരശരഥന്‍ ആരാഞ്ഞു. ആശ്രമത്തില്‍ താനൊരു യാഗം നടത്തുന്നുണ്ടെന്നും അതിന് വിഘ്നം വരുത്താന്‍ രാക്ഷസന്മാര്‍ നിരന്തരം ശ്രമിക്കുകയാണെന്നും വിശ്വാമിത്രന്‍ പറഞ്ഞു. അതിനെന്തിനു വൈകണം ഞാന്‍ ഇപ്പോള്‍ തന്നെ അങ്ങേക്കൊപ്പം വന്ന് രാക്ഷസക്കൂട്ടത്തെ വകവരുത്താമെന്ന് ദശരഥന്‍ പറഞ്ഞു. എന്നാല്‍ വിശ്വാമിത്രന് അത് സ്വീകാര്യമായിരുന്നില്ല. അങ്ങേക്ക് പ്രായമായി.
അങ്ങ് ഇനി വിശ്രമിക്കുക. പകരം പ്രഥമപുത്രനായ രാമനെ എന്നോടൊപ്പം അയയ്ക്കണമെന്ന് വിശ്വാമിത്രന്‍ ആവശ്യപ്പെട്ടു. തന്റെ അരുമ പുത്രനെ രാക്ഷസക്കൂട്ടത്തെ നേരിടാന്‍ അയയ്ക്കുന്നതില്‍ ദശരഥന്‍ വിമുഖത അറിയിച്ചു. സത്യവാദിയായ, ചോദിക്കുന്നവര്‍ക്ക് എന്തും നല്‍കുന്ന ദശരഥന്‍ മകനെ എന്റെ കൂടെ അയയ്ക്കാതിരിക്കുന്നത് അനുചിതമാണെന്ന് വിശ്വാമിത്രന്‍ വാദിച്ചു. വിശ്വാമിത്രന്‍ ദശരഥനേയും അദ്ദേഹത്തിന്റെ വംശത്തേയും ശപിക്കുമെന്ന ഘട്ടമായപ്പോള്‍ വസിഷ്ഠ മഹര്‍ഷി ഇടപെട്ടു. ഇരുകൂട്ടരേയും അനുനയിപ്പിച്ചു. ഒടുവില്‍ വസിഷ്ഠന്റെ നിര്‍ദേശപ്രകാരം രാജാവ് തന്റെ പ്രിയപുത്രനായ രാമനെ വിശ്വാമിത്രനൊപ്പം അയച്ചു.

No comments:

Post a Comment