Thursday, March 14, 2019

ബാലികേറാമലയുടെ കഥ

Thursday 14 March 2019 5:44 am IST
സുഗ്രീവന്‍ അഭയം തേടിയ ഋഷ്യമൂകാചലം 'ബാലികേറാമല' എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പര്‍വതത്തെ സ്പര്‍ശിച്ചാല്‍ ബാലിയുടെ തല പൊട്ടിത്തെറിക്കട്ടെയെന്ന് മാതംഗമഹര്‍ഷി ശപിച്ചൊരു കഥയുണ്ട്. ഘോരപരാക്രമിയും ശക്തനുമായിരുന്നു ദുന്ദുഭിയെന്ന അസുരന്‍. ഒരിക്കല്‍ കിഷ്‌കിന്ധയില്‍ മഹിഷവേഷം ധരിച്ചെത്തി ബാലിയെ വെല്ലുവിളിച്ചു. വെല്ലുവിളികേട്ട് കലിതുള്ളിയെത്തിയ ബാലി, മഹിഷമായെത്തിയ ദുന്ദുഭിയുടെ കൊമ്പു രണ്ടും പിടിച്ച് , കറക്കിയെടുത്ത് മസ്തകം പിളര്‍ത്തി ചുഴറ്റിയെറിഞ്ഞു. അത് ചെന്ന് വീണത് ഋഷ്യമൂകാചലത്തിലുള്ള മാതംഗമഹര്‍ഷിയുടെ ആശ്രമത്തിലാണ്. 
രക്തം വീണ് ആശ്രമം  അശുദ്ധമായതില്‍ കോപിഷ്ഠനായ മഹര്‍ഷി ബാലിയെ ശപിച്ചു. ഋഷ്യമൂകാചലത്തെ സ്പര്‍ശിച്ചാല്‍ ബാലിയുടെ തലപൊട്ടിത്തെറിക്കട്ടെ എന്നതായിരുന്നു ശാപം. അക്കാര്യം ഭയന്ന് ബാലി ഒരിക്കലും അങ്ങോട്ടു പോകാറില്ല. അതുകൊണ്ടു തന്നെ ബാലിയെ ഭയന്നോടിയ സുഗ്രീവന് അഭികാമ്യമായ അഭയകേന്ദ്രമായിരുന്നു ഋഷ്യമൂകാചലം. ഹനുമാനും വിശ്വസ്തരായ നാലു വാനരോത്തമന്‍മാരും ആ പര്‍വതത്തില്‍ സുഗ്രീവനോടൊപ്പം താമസിച്ചിരുന്നു. 
 ഒടുങ്ങാത്ത പകയായിരുന്നു സുഗ്രീവനോട് ബാലിക്ക്. എല്ലാ പ്രഭാതത്തിലും നാലു സമുദ്രങ്ങളില്‍ ചെന്ന് കുളിച്ച് പ്രാര്‍ഥന നടത്തി നിമിഷങ്ങള്‍ക്കകം കിഷ്‌കിന്ധയില്‍ തിരിച്ചെത്തുന്നത് ബാലിയുടെ നിത്യകര്‍മങ്ങളിലൊന്നായിരുന്നു. കിഷ്‌കിന്ധയില്‍ നിന്ന് വെളുപ്പിന് ഒരു ചാട്ടത്തിന് ബാലി  കിഴക്കേ സമുദ്രതീരത്തെത്തും. അങ്ങനെ  ചാടിച്ചാടി മറ്റ് മൂന്നു ദിക്കുകളിലുള്ള സമുദ്രങ്ങളിലും  സ്നാനം ചെയ്ത് ബാലി നിമിഷനേരം കൊണ്ട് കിഷ്‌കിന്ധയില്‍ തിരികെയെത്തും. ഓരോ സമുദ്രതീരത്തേക്കും കുതിക്കും മുമ്പ് ഋഷ്യമൂകാചലത്തിലുള്ള സുഗ്രീവന്റെ തലയില്‍ ഓരോ ചവിട്ടു നല്‍കിയാണ് ബാലി കുതിച്ചിരുന്നത്. സുഗ്രീവനോടുള്ള ഈ ദുഷ്ചെയ്തി പതിവായി ഹനുമാന്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. 
എങ്ങനെയെങ്കിലും ഈ ദുരിതത്തില്‍ നിന്ന് സുഗ്രീവനെ രക്ഷിക്കണമെന്ന് ഹനുമാന്‍ തീരുമാനിച്ചു. ഒരിക്കല്‍ , സുഗ്രീവന്റെ തലയില്‍ ചവിട്ടി കിഷ്‌കിന്ധയിലേക്ക് ചാടാന്‍ ഭാവിച്ച ബാലിയെ ഹനുമാന്‍ പിടികൂടി. ബാലിയുടെ അരക്കെട്ടില്‍ പിടിച്ച്  പര്‍വതത്തില്‍ തള്ളിയിടാന്‍ ശ്രമിച്ചു. ഋഷ്യമൂകാചലത്തില്‍ ദേഹം സ്പര്‍ശിച്ചാല്‍ ബാലിയുടെ കഥ കഴിയുമെന്ന കാര്യം ഹനുമാന് അറിയാമായിരുന്നു. എന്നാല്‍ ഹനുമാനെയും കൊണ്ട് കിഷ്‌കിന്ധയിലേക്കെത്തിച്ചാല്‍ രക്ഷകന്‍ നഷ്ടപ്പെടുന്ന സുഗ്രീവനെ കൊല്ലാന്‍ എളുപ്പമാണെന്ന് ഹനുമാനും ഉറപ്പിച്ചു. രണ്ടുപേരും പരസ്പരം തോല്‍ക്കാതെ തുല്യബലത്തോടെ  അജയ്യരായി നിന്നു. ഒടുവില്‍, സുഗ്രീവനെ ദ്രോഹിക്കയില്ലെന്ന് ബാലിയും ബാലിയെ ആക്രമിക്കില്ലെന്ന് ഹനുമാനും സത്യം ചെയ്തു പിരിഞ്ഞു.പിന്നീടൊരിക്കലം സുഗ്രീവനെ ആക്രമിക്കാന്‍ ബാലി മുതിര്‍ന്നിട്ടില്ല.

No comments:

Post a Comment