Wednesday, April 24, 2019



ശ്രീമദ് ഭാഗവതം 131* 
സപ്തമസക്ന്ധത്തിൽ പ്രഹ്ലാദചരിത്രത്തിലേക്ക് കടക്കാണ്. ഭാഗവതത്തിൽ അനേകം വക്താക്കളും ശ്രോതാക്കളും ആണ്. സപ്തമസക്ന്ധത്തിൽ യുധിഷ്ഠരനും നാരദരും ആണ് സംവാദം. ധർമ്മപുത്രർ നാരദമഹർഷിയോട് ഒരു സംശയം ചോദിക്കാണ്.

രാജസൂയയാഗവേളയിൽ ഭഗവാൻ ശിശുപാലനെ വധിച്ചു. ശിശുപാലൻ ജീവിതം മുഴുവൻ കൃഷ്ണനിന്ദ ചെയ്തു കൊണ്ടേ ഇരുന്നു. ശിശുപാലനോട് ഭഗവാൻ രാജസൂയയാഗവേളയിൽ യുദ്ധം ചെയ്തു. അപ്പോ ശിശുപാലനിൽ നിന്നും ഒരു തേജസ്സ് പുറപ്പെടുന്നതായിട്ടും അത് കൃഷ്ണനിൽ ലയിക്കുന്നതായിട്ടും അനേകം പേർ കണ്ടു. ധർമ്മപുത്രരും കണ്ടു. ധർമ്മപുത്രർക്ക് അത് വലിയ സംശയമായി. 

എത്രയോ ഭക്തന്മാർ ഭഗവാനെ പ്രാപിക്കാനായിട്ട് ശ്രമിക്കണു. അവർക്കൊന്നും കിട്ടാത്ത ഭാഗ്യം. ജീവിതം മുഴുവൻ ഇയാള് ചെയ്ത പണി ഭഗവാനെ നിന്ദിക്കാ. ചീത്തവിളിക്കാ. ഭഗവാനോ ഇയാളെ മാക്സിമം ചീത്ത വിളിക്കാനായിട്ട് സമ്മതിച്ചു. ജീവിതം മുഴുവൻ കൃഷ്ണനിന്ദ ചെയ്യാൻ ഭഗവാൻ തന്നെ ഏർപ്പാടാക്കി കൊടുത്തണ്ട്. ആ ശിശുപാലൻ മരിക്കുമ്പോ ഭഗവദ് പ്രാപ്തി ണ്ടായത് കണ്ടാണ് ധർമ്മപുത്രർ ചോദിക്കണത്.

ഇത്രയും നിന്ദിച്ച ആൾക്ക് കുഷ്ഠം വരേണ്ടതല്ലേ? ഇയാൾക്കെങ്ങനെയാ ഭഗവദ് പ്രാപ്തി ണ്ടായത് എന്ന് ചോദിച്ചു. 

അപ്പോ നാരദമഹർഷി തന്റെ ഭക്തിസിദ്ധാന്തം പറയാണ്. നിന്ദിക്കാ സ്തുതിക്കാ എന്നുള്ളത് ഒക്കെ തന്നെ ആരെയാ നിന്ദിക്കുന്നേ ആരെയാ സ്തുതിക്കണത് എല്ലാം ശരീരത്തിനെ ആണ്. 

ആത്മാവിനെ ആർക്കും നിന്ദിക്കാനും പറ്റില്ല്യ ആത്മാവിനെ ആർക്കും സ്തുതിക്കാനും പറ്റില്ല്യ ആത്മാവിനെ ആർക്കും ആദരിക്കാനും പറ്റില്ല്യ. നിന്ദിക്കുന്നതും സ്തുതിക്കുന്നതും സൽക്കരിക്കുന്നതും എല്ലാം ശരീരത്തിനെ ആണ്. ശരീരം ഞാനാണ് എന്ന് ധരിച്ചിരിക്കുന്നവർ സ്തുതിച്ച് കഴിഞ്ഞാൽ സന്തോഷിക്കും. നിന്ദിച്ചാൽ കോപിക്കും. 

നിന്ദനസ്തവസത്കാര ന്യക്കാരാർത്ഥം കളേബരം 
പ്രധാനപരയോ രാജൻ അവിവേകേന കല്പിതം. 

ഭഗവാന് നിന്ദയും സ്തുതിയും ഒന്നൂല്ല്യ. എല്ലാം ഭഗവാന് സമം.

ഭാഗവതം തന്നെ പറയണു. ഈശ്വരൻ ഇല്ല്യ എന്ന് നിഷേധിക്കുന്ന നാസ്തികനും ഈശ്വരൻ ണ്ട് എന്ന് വാദിക്കുന്ന ആസ്തികനും ഭഗവാന് സമം. രണ്ടു പേര്‍ക്കും ഓരോ മൈക്ക് വെച്ച് കൊടുത്ത് കുറേ ആളുകളെയും മുമ്പില് ഇരുത്തി ക്കൊടുക്കും. 
എന്താ? 
ഭഗവാൻ പറയണു .
രണ്ടു പേരും എന്നെ കുറിച്ച് തന്നെ  പറയണു. 
ഒരാൾ ണ്ട് എന്ന് പറയണു ഒരാൾ ഇല്ല്യ എന്ന് പറയണു. രണ്ടും ഒന്ന് തന്നെ.

ആരെയാ ഇല്ല്യ എന്ന് പറയണത് ആരെയാ ണ്ട് എന്ന് പറയണത്. ആരെങ്കിലും മുയലിന് കൊമ്പില്ല്യ എന്ന് പറഞ്ഞ് ഒരു മണിക്കൂർ പ്രസംഗിക്കോ? ണ്ട് എന്ന സംശയം വരുമ്പഴാണല്ലോ ഈ പ്രസംഗം തന്നെ വരണത്. അല്ലെങ്കിലോ ആരും പ്രസംഗിക്കില്ല്യ. അതാണേ ഈ യുക്തിവാദികളായിട്ടുള്ളവരൊക്കെ പെട്ടെന്ന് ഭക്തന്മാരായിട്ട് തീരും. 
ശ്രീനൊച്ചൂർജി 
 *തുടരും. .*.
Lakshmi Prasad

No comments:

Post a Comment