Sunday, April 28, 2019

ദക്ഷിണാമൂർത്തി സ്തോത്രം-17

സനകാദികൾ ദക്ഷിണാമൂർത്തിയുടെ മുന്നിലായി ഇരുന്നു. ഗുരോസ്തു മൗനം വ്യാഖ്യാനം ശിഷ്യാസ്തു ചിന്ന സംശയാഹ. ഗുരു മൗനത്തിലൂടെ വ്യാഖ്യാനം ചെയ്തു ,ശിഷ്യൻമാരുടെ സംശയം അപ്പോൾ തന്നെ തീർന്നു. രമണ മഹർഷി ഈ കഥ അല്പം നീട്ടി പറഞ്ഞു സനകാദികൾ ചെന്ന് ഏകദേശം ഒന്ന് രണ്ട് വർഷത്തോളം ചോദ്യങ്ങൾ ചോദിച്ചു. ദക്ഷിണാമൂർത്തി ഓരോ തവണയും അവരുടെ സംശയങ്ങൾ തീർത്തു കൊടുത്തു. പക്ഷേ വെട്ടിയ മുടി വീണ്ടും വളരുന്നത് പോലെ അവർ വീണ്ടും വീണ്ടും സംശയങ്ങളുമായി തിരികെ വന്നു. Verbal answering is very limited എന്ന് കാണിക്കാനാണ് ഇത്തരത്തിൽ രമണ ഭഗവാൻ പറഞ്ഞത്. ഒരു വർഷത്തോളം ഇങ്ങനെ പോയി എന്നിട്ടും സംശയം തീരുന്നില്ല. ഒരു ദിവസം ഭഗവാൻ മിണ്ടാതിരുന്നു. മൗനത്തിന്റെ ശക്തി പ്രബലമായി കാണിച്ച് കൊടുത്തു കൊണ്ട് മിണ്ടാതിരുന്നു. സനകാദികളും ഒന്നും മിണ്ടിയില്ല. അല്പ സമയത്തിനുള്ളിൽ ഭഗവാൻ പറഞ്ഞു തുടങ്ങുമെന്ന് കരുതി കാത്തിരുന്നു. ആ കാത്തിരുപ്പിൽ അവരുടെ മനസ്സടങ്ങി, ചിത്തവൃത്തികൾ അടങ്ങി, വ്യക്തി ബോധം ഇല്ലാതായി, ശരീര പ്രജ്ഞ ഇല്ലാതായി, പ്രപഞ്ചം മുന്നിൽ നിന്ന് മറഞ്ഞു.ശുദ്ധ പ്രജ്ഞ ചിത്ത് അകമേയ്ക്ക് തെളിഞ്ഞ് പ്രകാശിച്ചു. സംശയങ്ങളൊക്കെ അകന്നു. ഈ കഥ കേട്ട് മുരുകനാർ സ്വാമി പറഞ്ഞു ഇങ്ങനെയൊരു കഥ ഞങ്ങൾ കേട്ടിട്ടില്ലല്ലോ . അപ്പോൾ രമണ ഭഗവാൻ പറഞ്ഞു "അപ്പടി താൻ നടന്തത് ഒയ്". പരമഭക്തനായ മുരുകനാർ പറഞ്ഞു ''ആമ സാക്ഷാൽ ദക്ഷിണാമൂർത്തി താനെ സൊൽറത് ".

ഓം മൗനവ്യാഖ്യാ പ്രകടിതപരബ്രഹ്മതത്വംയുവാനം
വര്ശിഷ്ഠാംതേവസദൃഷിഗണൈരാവൃതം ബ്രഹ്മനിഷ്ഠൈഃ | 
ആചാര്യേംദ്രം കരകലിത ചിന്മുദ്രമാനംദമൂര്തിം
സ്വാത്മരാമം മുദിതവദനം ദക്ഷിണാമൂര്തിമീഡേ ||
ഒരിക്കൽ ശിവരാത്രിയുടെ അന്ന് തിരുവണ്ണാ മലയിൽ എല്ലാവരും ഗിരി പ്രദക്ഷിണത്തിന് പോവുകയായിരുന്നു. അവിടത്തെ ലോക്കൽ സ്കൂൾ അദ്ധ്യാപകനായിരുന്ന ടി കെ സുന്ദരേശ്വരയ്യർ പരമ വൈദികനും, ഗണപതി മുനിയുടെ ശിഷ്യനുമായിരുന്നു. സമ്പൂർണ്ണമായിട്ടും വേദഭാഷ്യം അദ്ധ്യയനം ചെയ്ത മഹാത്മാവ്. അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം കാരണം പ്രദക്ഷിണം ചെയ്യാനായില്ല. അദ്ദേഹം രണ്ടു മൂന്ന് പേരോടൊപ്പം രമണ ഭഗവാന്റെ മുന്നിൽ ഇരിക്കുകയായിരുന്നു. ഭഗവാനെ ദക്ഷിണാമൂർത്തി സ്തോത്രത്തിന്റെ അർത്ഥം പറഞ്ഞു തരാമോ എന്ന് ചോദിച്ചു. "ദക്ഷിണാ മൂർത്തി സ്തോത്രമാ ഓ ആകലാം '' എന്ന് പറഞ്ഞ് രമണ ഭഗവാൻ എഴുന്നേറ്റിരുന്നു. ശിഷ്യരും തയ്യാറായിരുന്നു. ഒരു പന്ത്രണ്ട് മണിക്കാണ് ഇത് ശിഷ്യൻ ചോദിച്ചത്. എന്നാൽ പിന്നീടങ്ങോട്ട് സൂര്യനുദിക്കുന്നതു വരെ ചോദ്യവും ഇല്ല ഉത്തരവും ഇല്ല. ആർക്കും ചോദിക്കണമെന്നും ഇല്ല. മൗനവ്യാഖ്യാ പ്രകടിതപരബ്രഹ്മതത്വം. ചോദിക്കുന്ന ആളും ഉത്തരം പറയുന്ന ആളും ചോദ്യവും ഒന്നുമില്ലവിടെ. എന്നാൽ ഈ രമണ ഭഗവാൻ തന്നെ വളരെ മനോഹരമായിട്ട് ദക്ഷിണാമൂർത്തി സ്തോത്രം തമിഴിലേയ്ക്ക് വിവർത്തനം ചെയ്തിരിക്കുന്നു. രമണ ഭഗവാൻ ദക്ഷിണാമൂർത്തിയെ ഒരു രൂപമായിട്ടല്ല വിവരിച്ചിരിക്കുന്നത് ഒരു തത്ത്വമായിട്ടാണ്. ദക്ഷിണാമൂർത്തി ഏത് തത്ത്വത്തിനെ പ്രതിനിധാനം ചെയ്യുന്നു, ആ തത്ത്വത്തിനെ ഞാൻ നമസ്കരിക്കുന്നു എന്നാണ് ഭഗവാൻ വിവർത്തനത്തിൽ പറഞ്ഞിരിക്കുന്നത്.

Nochurji.
malini dipu

No comments:

Post a Comment