Wednesday, April 24, 2019

ദിവസം 23. ശ്രീമദ്‌ ദേവീഭാഗവതം 1.18  ജനകോപദേശം

ശ്രുത്വാ തമാഗതം രാജാ മന്ത്രിഭി: സാഹിത: ശുചി:
പുര: പുരോഹിതം കൃത്വാ ഗുരുപുത്രം സമഭ്യഗാത്
കൃത്വാ fര്‍ഹണാം നൃപ: സമ്യഗ് ദത്താസനമനുത്തമം
പപ്രച്ഛ കുശലം ഗാം ച വിനിവേദ്യ പയസ്വിനിം   

ദിവ്യനായ യുവമുനിയുടെ ആഗമനം അറിഞ്ഞ രാജാവ് പുരോഹിതനുമൊരുമിച്ച് അവിടെയെത്തി. ശേഷ്ഠമായ ആസനം, പശുദ്ദാനം എന്നിവയ്ക്ക് ശേഷം രാജാവ് കുശലം ചോദിച്ചു. 'യാതൊന്നിലും ആഗ്രഹമില്ലാത്ത അവിടുന്ന്‍ ഇങ്ങോട്ട് വന്നതിന്റെ ഉദ്ദേശം എന്താണെ'ന്ന രാജാവിന്റെ ചോദ്യത്തിന് ശുകന്‍ ഇങ്ങിനെ പറഞ്ഞു: 'രാജാവേ, എല്ലാറ്റിലും ഉത്തമം ഗൃഹസ്ഥാശ്രമമാണ് അതിനാല്‍ ഒരു ഭാര്യയെ സ്വീകരിച്ചു ജീവിക്കാന്‍ എന്റെ പിതാവെന്നെ ഉപദേശിക്കുകയുണ്ടായി. ഗുരുവാക്യമാണെങ്കില്‍ക്കൂടി ഗാര്‍ഹസ്ത്യം  ബന്ധനമാണെന്ന് മനസ്സിലാക്കി ഞാനത് സ്വീകരിച്ചില്ല. ഞാന്‍ സംശയാലുവായി നില്‍ക്കുന്നത് കണ്ട് എന്‍റെ പിതാവായ വ്യാസന്‍ തന്നെയാണ് എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത്. ‘പൂജാര്‍ഹനും ജീവന്മുക്തനുമായ ജനകന്‍ ശത്രുഭയമില്ലാതെ എല്ലാവരാലും ബഹുമാനിതനായി കഴിയുന്നു. നാട് വാഴുമ്പോഴും അദ്ദേഹത്തിനെ മായാപാശം ബന്ധിചിട്ടില്ല. നീ അദ്ദേഹത്തെ മാതൃകയാക്കൂ. അദ്ദേഹം നിന്റെ സംശയനിവൃത്തി വരുത്തും’ എന്ന് അച്ഛന്‍ പറഞ്ഞത് കേട്ടാണ് ഞാന്‍ ഇവിടെയെത്തിയത്. മോക്ഷമാണ് എന്റെ ലക്ഷ്യം. മഹാരാജന്‍, തപസ്സ്, തീര്‍ത്ഥാടനം, വ്രതം, യജ്ഞം, സ്വാദ്ധ്യായം, ജ്ഞാനം, ഇവയില്‍ ഏതാണ് മുക്തിയ്ക്ക് നിദാനമായുള്ളത്?

ജനകന്‍ പറഞ്ഞു: 'മോക്ഷമാര്‍ഗ്ഗം തേടുന്ന ബ്രാഹ്മണന്റെ കടമകള്‍ എന്തെന്ന് ഞാന്‍ പറയാം. ആദ്യം ഒരുത്തമഗുരുവിന്റെയടുക്കല്‍ പോയി അവിടെ വസിച്ച് വേദാദ്ധ്യയനം ചെയ്യുക. വേദവേദാന്തങ്ങള്‍ പഠിച്ചുകഴിഞ്ഞ് ഗുരുദക്ഷിണയും കൊടുത്ത് ബ്രഹ്മചര്യം അവസാനിപ്പിച്ച് ഗൃഹസ്ഥാശ്രമിയാകണം. അഗ്നി മുതലായ നിത്യകര്‍മ്മങ്ങള്‍ മുറപോലെ അനുഷ്ഠിച്ചു സുഖിയായി എന്നാല്‍ പാപഹീനനായി വാഴണം. കാലക്രമത്തില്‍ തപസ്സിനാലും സ്വാദ്ധ്യായത്താലും കാമത്തെ കീഴടക്കി, ഭാര്യയെ പുത്രന്‍റെ സംരക്ഷണത്തിലാക്കി വാനപ്രസ്ഥനാവാം. ഒടുവില്‍ വൈരാഗ്യം ഉറപ്പായാല്‍ സന്യാസവൃത്തിയും ആകാം. നാല്‍പ്പത്തെട്ടു സംസ്കാരങ്ങള്‍ - സേകം മുതല്‍ ശ്മശാന സംസ്കാരം വരെ – ഉള്ളതില്‍ ഗൃഹസ്ഥന്‍ നാല്‍പതും ചെയ്യാന്‍ നിയുക്തനത്രേ. ശമ, ദമാദികളായി ബാക്കിയുള്ള എട്ടെണ്ണം മുമുക്ഷുക്കള്‍ക്കുള്ളതാണ്. അങ്ങിനെ ഓരോരോ ആശ്രമങ്ങള്‍ കടന്നുവേണം സന്യാസത്തില്‍ എത്തിച്ചേരാന്‍ എന്നാണു മഹത്തുക്കളുടെ അഭിമതം.

‘ഹൃദയത്തില്‍ ജ്ഞാനവിജ്ഞാനവും വൈരാഗ്യവും നിറഞ്ഞിരിക്കുന്ന ഒരുവന് ഓരോ ആശ്രമവും ക്രമീകമായി താണ്ടിത്തന്നെ വേണമോ  വനം പൂകാന്‍?’ എന്ന ശ്രീശുകന്റെ ചോദ്യത്തിന് ജനകന്‍ ഇങ്ങിനെ മറുപടി പറഞ്ഞു. 'ഇന്ദിയങ്ങള്‍ എത്ര ശക്തിശാലികളാണെന്നോ, അവ അപക്വമനസ്സുകളെ വഴിതെറ്റിച്ചു പലവിധ വികാരങ്ങളില്‍ തളച്ചിടും. സന്യാസിയായിക്കഴിഞ്ഞിട്ടാണ് സുഖിക്കാനും മക്കളെ ജനിപ്പിക്കാനും തോന്നുന്നതെങ്കിലോ? വാസനയുടെ പ്രാബല്യം ഒറ്റയടിക്ക് കുറയ്ക്കുക ബുദ്ധിമുട്ടാണ്. പതുക്കെപ്പതുക്കെ ക്രമീകമായാണത് സാധിക്കുക. ഉയര്‍ന്ന കട്ടിലില്‍ കിടക്കുമ്പോള്‍ വീഴാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ നിലത്തു കിടന്നുറങ്ങുന്നവന്‍ വീഴുകയില്ലല്ലോ! സന്യാസി പിഴച്ചാല്‍ അതില്‍പ്പരം വീഴ്ച വേരെയില്ല. മരക്കൊമ്പില്‍ വിളഞ്ഞുനില്‍ക്കുന്ന   കനിയാസ്വദിക്കാന്‍ എറുമ്പ് മരച്ചുവട്ടില്‍ നിന്ന് പതുക്കെ ഇഴഞ്ഞു കയറുന്നു. എന്നിട്ട് പ്രശാന്തനായി ആ പഴം ആഹരിക്കുന്നു. എന്നാല്‍ പറന്നു തളര്‍ന്നു വരുന്ന പക്ഷിക്ക്  പഴം ആസ്വദിക്കാന്‍ കഴിയുമെങ്കിലും അതിനു സുഖമോ വിശ്രമമോ എന്തെന്നറിയില്ല. അതെപ്പോഴും വെപ്രാളപ്പെട്ടുകൊണ്ടേയിരിക്കുന്നു. ചടുലമായ മനസ്സിനെ ഒതുക്കാന്‍ സാധാരണക്കാര്‍ക്കു ബുദ്ധിമുട്ടാണ്. അതിനാലാണ് ക്രമാനുഗതമായി വേണം ആശ്രമങ്ങള്‍ സ്വീകരിക്കാന്‍ എന്ന് പറയുന്നത്. ഗൃഹസ്ഥാശ്രമിയാണെങ്കിലും ഒരാള്‍ക്ക് ആത്മജ്ഞാനിയാകാന്‍ തടസ്സമൊന്നുമില്ല. അയാള്‍ക്കുള്ളില്‍ സന്തോഷസന്താപങ്ങളോ ലാഭാലാഭ വിവേചനമോ ഉണ്ടാവുകയില്ല. മനസ്സില്‍ ദുഷ്ചിന്തയില്ലാതെ സ്വകര്‍മ്മം അനുഷ്ടിച്ചു സന്തുഷ്ടിയോടെ ജീവിക്കുന്നവന്‍ മുക്തനാവും.

ഞാന്‍ രാജാവാണെങ്കിലും ജീവന്മുക്തനാണ്. കാരണം ഞാന്‍ യാതൊരു കര്‍മ്മത്താലും ബന്ധിതനല്ല. ബദ്ധനുമല്ല. വിവിധങ്ങളായ ഭോഗങ്ങള്‍ സര്‍വ്വാത്മനാ കൈക്കൊണ്ടും പലവിധ കര്‍മ്മങ്ങള്‍ ഉചിതമായി ചെയ്തും നിനക്കും എന്നെപ്പോലെ ജീവിക്കാം. അദൃശ്യമായതിനെ ബന്ധിക്കാന്‍ ദൃശ്യമായതിനു (പഞ്ചഭൂതാത്മകം) സാദ്ധ്യമല്ല. അനാത്മവസ്തുക്കള്‍ക്ക് ആത്മവസ്തുവിനെ ബന്ധിക്കാനാവില്ല. ആത്മാവിനെ കാണാന്‍ കഴിയില്ല. അനുമാനം കൊണ്ട് മാത്രമേ ആത്മാവിനെ അറിയാനാകൂ. ഇന്ദ്രിയങ്ങള്‍ക്ക് വശംവദമല്ലാത്ത ആത്മാവ് നിരഞ്ജനവും നിര്‍വ്വികാരവുമാണ്. മനസ്സാണ് സുഖദുഖങ്ങള്‍ക്ക് കാരണമാവുന്നത്. അത് നിര്‍മ്മലമായാല്‍ പിന്നെയെല്ലാം നിര്‍മ്മലമായി. എത്ര തീര്‍ത്ഥങ്ങളില്‍ കുളിച്ചാലും മനസ്സിലെ ചെളി പോവുകയില്ല. മനുഷ്യരുടെ ബന്ധമോക്ഷങ്ങള്‍ ദേഹത്തെയോ ജീവാത്മാവിനെയോ ഇന്ദ്രിയങ്ങളെയോ ആശ്രയിച്ചല്ല, മറിച്ച് മനസ്സ് മാത്രമാണതിനു നിദാനം. നിത്യശുദ്ധമുക്തമായ ആത്മാവിനെ ബന്ധിക്കാന്‍ യാതൊന്നിനും സാദ്ധ്യമല്ല. ശത്രു-മിത്രം, തുടങ്ങിയ ദ്വന്ദങ്ങള്‍ എല്ലാം നാമല്ലാതെ രണ്ടാമതൊന്നുണ്ട് എന്ന തോന്നലില്‍ നിന്നുമാണ് ഉളവാകുന്നത്. സകലജീവജാലങ്ങളിലെയും ആത്മാവ് ഒന്നാണെന്ന് കണ്ടാല്‍പ്പിന്നെ ഭേദഭാവമില്ല. ജീവന്‍ ബ്രഹ്മമാകുന്നു. ഞാന്‍ ബ്രഹ്മമാകുന്നു. സംസാരത്തില്‍ മുഴുകുമ്പോഴാണ് ഭേദബുദ്ധിയുണ്ടാകുന്നത്. ഈ ഭേദബുദ്ധിയാണു ‘അവിദ്യ’. വിദ്യയോ, ഭേദം ത്യജിച്ചുളവാകുന്ന എകാത്മകതയാണ്. വെയിലില്ലാതെ തണല്‍ ഇല്ലാ എന്നതുപോലെ അവിദ്യകൂടാതെ വിദ്യയുടെ മഹത്വം എങ്ങിനെയറിയും? പഞ്ചേന്ദ്രിയങ്ങള്‍ കര്‍മ്മേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടു വര്‍ത്തിക്കുന്നു. പഞ്ചഭൂതങ്ങള്‍ അവയുടെ തന്മാത്രകളില്‍ വര്‍ത്തിക്കുന്നു. ഇന്ദ്രിയങ്ങള്‍ അവയുടെ വിഷയങ്ങളില്‍ വ്യാപരിക്കട്ടെ. ആത്മാവിന് ഇതുകൊണ്ടൊക്കെ എന്താണ് ചേതം? വേദങ്ങള്‍ സമൂഹത്തിന്റെ രക്ഷയ്ക്കായി ധര്‍മ്മശാസ്ത്രങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് ബൌദ്ധന്മാര്‍ക്ക് പറ്റിയതുപോലെ ധര്‍മ്മച്യുതിയുണ്ടാകാതിരിക്കാനാണ്. വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ നശിക്കാതെ സൂക്ഷിക്കുന്നത്  എല്ലാവര്‍ക്കും നന്മ വരുത്തും.'

ശുകന്‍ പറഞ്ഞു: 'മഹാരാജാവേ, അങ്ങയുടെ വാക്കുകള്‍ കേട്ടിട്ടും എന്നില്‍ സംശയം ബാക്കിയാണ്. വേദധര്‍മ്മത്തില്‍ അധാര്‍മ്മികമായി കണക്കാക്കാവുന്ന ഹിംസപോലുമുണ്ടല്ലോ? സൌത്രാമണിഎന്ന്‍ പേരിലും മറ്റുമുള്ള സോമപാനം, പശുഹിംസ, മാംസഭക്ഷണം, ചൂതുകളി, വ്രതഗോഷ്ഠികള്‍ എന്നുവേണ്ട അനേകം അനാചാരങ്ങള്‍ വൈദികധര്‍മ്മങ്ങളില്‍ ഉണ്ട്. ശശബിന്ദുവെന്ന രാജാവിനെപ്പറ്റി ഞാന്‍ കേട്ടിരിക്കുന്നു. ധര്‍മ്മിഷ്ഠനും സത്യവാനും യജ്ഞങ്ങളില്‍ അഗ്രഗണ്യനുമായിരുന്ന അദ്ദേഹം ധര്‍മ്മം തെറ്റി നടക്കുന്നവരെ ശിക്ഷിക്കുകയും ചെയ്തു. ആ നാട്ടില്‍ യജ്ഞകര്‍മ്മങ്ങളില്‍ കൊന്നുകൂട്ടിയ മൃഗങ്ങളുടെ തോലുകൊണ്ടൊരു കുന്നുതന്നെയുണ്ടായി. അതിനുമുകളില്‍ മഴപെയ്താണത്രേ ചര്‍മണ്വനദിയുണ്ടായത്! ആ രാജാവ് അന്തരിച്ചപ്പോള്‍ കീര്‍ത്തിമാനായിരുന്നു എന്നെനിക്കറിയാം. എന്നാല്‍ അത്തരം കീര്‍ത്തിയോ സ്വര്‍ഗ്ഗമോ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം വേദധര്‍മ്മത്തില്‍ എനിക്ക് വാസനയില്ല. സ്ത്രീസംസര്‍ഗ്ഗംകൊണ്ട് മനുഷ്യന്‍ വിഷയഭോഗത്തില്‍ സുഖം കണ്ടെത്തുന്നു. അതില്ലാത്തപ്പോള്‍ ദുഖവുമായി! ഇത്തരം ജീവിതം നയിക്കുന്ന ഒരാള്‍ എങ്ങിനെ ജീവന്‍മുക്തനാവും?'

ജനകന്‍ പറഞ്ഞു: 'യജ്ഞത്തിലെ ജന്തുഹിംസ അഹിംസയായി പരിഗണിക്കപ്പെടുന്നു. കാരണം അതില്‍ ആസക്തിയില്ലല്ലോ! വിറകാണ് അഗ്നിയില്‍ പുകയുണ്ടാക്കുന്നത്. കനല്‍ മാത്രമാണെങ്കില്‍ പുകയില്ല. യാഗത്തിലെ ഹിംസ രാഗികള്‍ക്ക് ഹിംസയും വിരാഗികള്‍ക്ക് അഹിംസയുമാണ്. ആസക്തിയോ അഹംകാരമോ ഇല്ലാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ‘അകര്‍മ്മങ്ങള്‍’ ആണെന്ന് മനസ്സിലാക്കുക. ഗൃഹസ്ഥാശ്രമികള്‍ ചെയ്യുന്നതും ഹിംസയാണ്. എന്നാല്‍ അവരുടെ കര്‍മ്മങ്ങള്‍ അനാസക്തരായി ചെയ്യുന്നതായാല്‍ ജിതേന്ദ്രിയരായ ആ മോക്ഷേച്ഛുക്കള്‍ക്ക്‌ അതഹിംസ തന്നെയാണ്.'  


No comments:

Post a Comment