Sunday, April 28, 2019

എഴുപത്തിയാറാം ദശകം: (ഉദ്ധവ സൗഹൃദ ദൗത്യം) സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ നിന്ന് 64 ദിവസങ്ങള്‍കൊണ്ട് 64 വിദ്യകളും പഠിച്ചു. ഇഹലോകവാസം വെടിഞ്ഞ ഗുരുപുത്രന് ജീവന്‍ നല്‍കി ഗുരുദക്ഷിണയായി സാന്ദീപനി മഹര്‍ഷിക്കു നല്‍കി. എന്നിട്ട് അങ്ങ് മഥുരയിലേക്കു മടങ്ങി. ഗോപികമാരുടെ ഭക്തി പ്രത്യക്ഷത്തില്‍ കാണിച്ചുകൊടുക്കാനായി ഉദ്ധവനെ അമ്പാടിയിലേക്കയച്ചു. അമ്പാടിയില്‍ ചെന്ന ഉദ്ധവര്‍ ഗോപികമാരുടെ വിരഹം നിറഞ്ഞ വാര്‍ത്തകളും ചിന്തകളും വേദനകളും... ഉദ്ധവനോട് ചോദിക്കുകയും വിവരിക്കുകയും ചെയ്തു.
അവരെയെല്ലാം ഉദ്ധവന്‍ തത്വശാസ്ത്രം നിറഞ്ഞ ഉപദേശങ്ങള്‍ നല്‍കി ആശ്വസിപ്പിച്ചു. കൃഷ്ണന്‍ വൈകാതെയെത്തുമെന്നും കൃത്യബാഹുല്യം കൊണ്ടു മാത്രമാണ് വൈകുന്നതെന്നുമറിയിച്ചു. ഗോപികമാരുടെ ഭക്തികണ്ടതിശയിച്ച ഉദ്ധവനെ സന്തുഷ്ടനാക്കിയ ഗുരുവായൂരപ്പാ അടിയന്റെ രോഗം മാറ്റേണമേ.
എഴുപത്തിയേഴാം ദശകം; (മുചുകുന്ദ ജീവിതം, ജരാസന്ധയുദ്ധം) അതിനുശേഷം അങ്ങ് സൈരന്ധ്രിയെ ആശ്വസിപ്പിച്ചു. അവള്‍ക്കു വരവും പുത്രഭാഗ്യവും നല്‍കി. അക്രൂരനിലൂടെ പാണ്ഡവരുടെ വനവാസചരിതം അറിഞ്ഞു കംസവധത്തിനു പകരം വീട്ടാന്‍ കംസന്റെ ബന്ധുവായ ജരാസന്ധന്‍ അങ്ങയെ ആക്രമിച്ചു തോല്‍പ്പിക്കാനാകാതെ 16 പ്രാവശ്യം യുദ്ധം ചെയ്തു പരാജയപ്പെട്ടു.
അന്ത്യത്തില്‍ കാലയവനന്‍ സൈന്യവുമായി വരുന്നതുകണ്ട് സമുദ്രമധ്യത്തില്‍ ഒരു പട്ടണം പണിത് സ്വജനങ്ങളെയെല്ലാം യോഗബലംകൊണ്ട് അവിടെത്താമസിപ്പിച്ചു. അവിടുന്ന് ഓടി പര്‍വതമുകളിലെ ഗുഹയിലൊളിച്ചു. കാലയവനന്‍ അവിടെ ഉറങ്ങിക്കിടന്ന മുചുകുന്ദനെ ചവിട്ടി, അവന്‍ യവനനെ ഭസ്മമാക്കി മുചുകുന്ദന് അങ്ങ് പൂര്‍ണദര്‍ശനം നല്‍കി, തപസ്സു ചെയ്ത് മോക്ഷം സ്വീകരിക്കാന്‍ അങ്ങുപദേശിച്ചു. പിന്നീട് യവനസൈന്യത്തെ അങ്ങ് നിഗ്രഹിച്ചു. ജരാസന്ധന്‍ അഹങ്കരിച്ചു കൊള്ളട്ടെയെന്നു കരുതി അങ്ങു സ്വയം പരാജയപ്പെട്ടു കൊടുത്തു. ഇത്രയും കര്‍മ്മധീരനായ ഗുരുവായൂരപ്പാ, അടിയന്റെ രോഗം മാറ്റേണമേ.
എഴുപത്തിയെട്ടാം ദശകം: (ദ്വാരകാവാസം) അങ്ങ് ദ്വാരകയിലേക്കു യാത്രയായി. ബലരാമവിവാഹം രേവതരാജാവിന്റെ പുത്രിയുമായി നടത്തി. വിദര്‍ഭരാജപുത്രിയെ ചേദി രാജാവായ ശിശുപാലനു വിവാഹം കഴിച്ചുകൊടുക്കാന്‍ അവളുടെ സഹോദരന്‍ രുക്മി തീരുമാനിച്ചുവെങ്കിലും ശ്രീകൃഷ്ണനെ മാത്രമേ ഭര്‍ത്താവായി സ്വീകരിക്കൂ എന്ന ദൃഢപ്രതിജ്ഞ ഒരു വിപ്രനിലൂടെ അറിഞ്ഞ കൃഷ്ണന്‍ എല്ലാവരും കാണ്‍കെ രുക്മിണിയെ കൊണ്ടുവന്നു കൊള്ളാമെന്ന് അവരെ അറിയിച്ചു. അവിടെയെത്തിയ ഗുരുവായൂരപ്പാ അടിയന്റെ രോഗമകറ്റേണമേ.
എഴുപത്തിയൊമ്പതാംദശകം: (രുക്മിണി സ്വയംവരം) കുണ്ഡിനപുരത്തെത്തിയ അങ്ങ് പാര്‍വതി ദേവിയെ ആരാധിച്ചിരുന്ന രുഗ്മിണിയെ കൈപിടിച്ചു തേരിലേറ്റി കൊണ്ടുവന്നു. കൃഷ്ണനെ എതിര്‍ക്കാന്‍ വന്നവരെ യാദവ സൈന്യം ബലരാമന്റെ നേതൃത്വത്തില്‍ തോല്‍പ്പിച്ചു. രുക്മിയെ വധിക്കാതെ തലമുണ്ഡനം ചെയ്തു. എല്ലാവരേയും സന്തോഷിപ്പിച്ചുകൊണ്ടിരുന്ന ഭഗവാനെ അടിയനേയും രോഗമുക്തനാക്കേണമേ.
എണ്‍പതാം ദശകം: (സ്യമന്തക മോഷണ കഥ) സത്രാജിത്തിനു ലഭിച്ച സ്യമന്തകരത്‌നം അങ്ങ് യാചിച്ചു. അദ്ദേഹമതു തന്നില്ല. ആ വിശിഷ്ട രത്‌നം കഴുത്തിലണിഞ്ഞ് സത്രാജിത്തിന്റെ അനുജന്‍ പ്രസനേജിത് നായാട്ടിനു പോയപ്പോള്‍ ഒരു സിംഹം അദ്ദേഹത്തെകൊന്നു. ജാംബവാന്‍ സിംഹത്തെ കൊന്ന് രത്‌നം തന്റെ കുട്ടിക്ക് കളിക്കാനായി നല്‍കി. സത്രാജിത്തും ജനങ്ങളും അങ്ങ് രത്‌നം മോഷ്ടിച്ചു എന്നു പ്രചരിപ്പിച്ചു.  രത്‌നമന്വേഷിച്ച്  അങ്ങ് ജാംബവാന്റെ ഗുഹയിലെത്തി. ജാംബവതിയേയും രത്‌നത്തേയും അങ്ങ് സ്വീകരിച്ചു മടങ്ങി.
സത്രാജിത്തിന് സ്യമന്തകം നല്‍കി സത്രാജിത്ത് സ്വപുതി സത്യഭാമയെ സ്യമന്തകത്തോടൊപ്പം അങ്ങേക്ക് ദാനം ചെയ്തു. രത്‌നം അങ്ങ് സത്രാജിത്തിന് തന്നെ മടക്കികൊടുത്തു. പാണ്ഡവര്‍ അരക്കില്ലത്ത് ദഹിച്ചുപോയിയെന്ന വാര്‍ത്തകേട്ട് അങ്ങ് ഹസ്തിനപുരത്തിലേക്കു തിരിച്ചു. ശതധന്വാവ് സത്രാജിത്തിനെ വധിച്ച് സ്യമന്തകം സ്വന്തമാക്കി. ശതധന്വാവിനെ അങ്ങ് വധിച്ചു. ബലരാമന്‍ ദ്വാരകയിലേക്കു പോകാതെ ദുര്യോധനനെ മിഥിലാരാജധാനിയില്‍ ഗദായുദ്ധം അഭ്യസിപ്പിച്ചു. തിന്മ നിറഞ്ഞ അവനെ നന്മയിലേക്കു കൊണ്ടുവരാന്‍ അങ്ങ് ശ്രമിച്ചു. അങ്ങെന്റെ രോഗം മാറ്റേണമേ ഗുരുവായൂരപ്പാ.
എണ്‍പത്തിയൊന്നാം ദശകം (സുഭദ്രാഹരണം) സത്യഭാമയോടൊപ്പം പാഞ്ചാലി വിവാഹത്തിനുപോയി, ഇന്ദ്രപ്രസ്ഥ നഗരം പാണ്ഡവര്‍ക്കു പണിതു നല്‍കി, ദ്വാരകയിലേക്കു അങ്ങ് മടങ്ങി. അങ്ങയുടെ അറിവോടെ അങ്ങയുടെ അനുജത്തി സുഭദ്രയെ അര്‍ജ്ജുനന്‍ വേഷപ്രച്ഛന്നനായി വന്നു സ്വീകരിച്ചു. ക്രുദ്ധനായ ബലരാമനെ അങ്ങ് സാന്ത്വനിപ്പിച്ചു. ഇന്ദ്രപ്രസ്ഥത്തില്‍ വസിച്ച്, കാളിന്ദിയെ സ്വീകരിച്ച്, ഖാണ്ഡവവനം ദഹിപ്പിക്കാനനുവദിച്ച് അഗ്നിയെ പ്രീതിപ്പെടുത്തി. മിത്രാവിന്ദയെ അങ്ങ് രാജാക്കന്മാരുടെ നടുവില്‍ വച്ച് സ്വീകരിച്ചു. നഗ്നജിത്ത് രാജന്റെ പുത്രിയായ സത്യയെയും വിവാഹം കഴിച്ചു.
ഭദ്ര എന്ന കന്യകയേയും സ്വീകരിച്ചു. മാദ്രരാജപുത്രി ലക്ഷ്മണയെ അങ്ങ് വിവാഹം ചെയ്തു. അങ്ങനെ എട്ടു സ്ത്രീകള്‍ക്ക് അങ്ങ് അങ്ങയുടെ പത്‌നീപദവി നല്‍കി നരകാസുരനെയും മുരാസുരനെയും അവിടുന്നു വധിച്ചു. നരകാസുരന്‍ തടവിലാക്കിയ തന്റെ ഭക്തകളായ പതിനാറായിരം സ്ത്രീകള്‍ക്ക് അങ്ങ് രാജപത്‌നി പദവിയും നല്‍കി, മോചിപ്പിച്ച്, സമൂഹാംഗീകാരം നേടിക്കൊടുത്തു. അഹങ്കാരിയായ ഇന്ദ്രനെ പോലും അങ്ങ് നിയന്ത്രിച്ചു. യോഗബലം കൊണ്ടങ്ങു ഒറ്റക്കിരിക്കുമ്പോഴും അങ്ങയുടെ ആരാധകര്‍ക്ക് അവരുടെ കൂടെ അങ്ങുണ്ടെന്ന അനുഭൂതിയുണ്ടാക്കി. ഗുരുവായൂരപ്പാ എന്റെ രോഗം മാറ്റേണമേ.  .................janmabhumi

No comments:

Post a Comment