Monday, April 01, 2019

പശുവിന്റെ രക്തമൊഴുകിയ ഗൗതമമുനിയുടെ ആശ്രമമുറ്റം ശുദ്ധീകരിക്കാന്‍ ശിവന്‍ തിരുജടയില്‍ നിന്ന് ഗംഗയെ ഒഴുക്കിയ പുണ്യഭൂമിയാണ് ത്രയംബക്. അവിടെ ജ്യോതിര്‍ലിഗംമായി ശിവചൈതന്യം കുടികൊള്ളുന്നൊരു ക്ഷേത്രവുമുണ്ടായി. അതാണ് മഹാരാഷ്ട്രയില്‍ നാസിക്കിലുള്ള ത്രയംബക്് ജ്യോതിര്‍ലിംഗക്ഷേത്രം. ബ്രഹ്മഗിരി കുന്നുകളുടെ താഴ്‌വരയിലുള്ള ഈ ക്ഷേത്രത്തില്‍ നിന്നാണ് പുണ്യ നദിയായ ഗോദാവരി പിറക്കുന്നത്. 
ഗോദാവരിയുടെ ഉത്ഭവവും ത്രയംബകക്ഷേത്രം രൂപപ്പെട്ടതുമെല്ലാം ഗൗതമമുനിയുടെ ആശ്രമവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ദക്ഷിണഭാരതത്തില്‍ ഒരിക്കല്‍ വരള്‍ച്ച രൂക്ഷമായി. ജീവജാലങ്ങളെല്ലാം കരിഞ്ഞുണങ്ങിത്തുടങ്ങി. വരള്‍ച്ച താങ്ങാനാവാതെ  ത്രയംബകേശ്വരത്തുള്ള ഗൗതമമുനിയുടെ ആശ്രമത്തില്‍ ഋഷിമാരും മനുഷ്യരുമെല്ലാം അഭയം തേടി.
മഴയുടെ ദേവനായ വരുണന്‍ ഇതെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. ആശ്രമത്തിനു ചുറ്റും പതിവായി വരുണന്‍ മഴപെയ്യിക്കാന്‍ തുടങ്ങി. തന്റെ ആശ്രമത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കാനായി ഗൗതമന്‍ ആശ്ര്മത്തിനു ചുറ്റുമുള്ള വയലില്‍ കൃഷിയിറക്കി. ഋഷിമാര്‍ ഗൗതമനു മേല്‍ അനുഗ്രഹ വര്‍ഷം പൊഴിച്ചു. ഗൗതമനെ എല്ലാവരും വാഴ്ത്തുന്നതു കണ്ട് ഇന്ദ്രന് അസൂയ പെരുത്തു. 
 ഇന്ദ്രന്‍ ഗൗതമന്റെ ആശ്രമത്തില്‍ മാത്രമല്ല ദക്ഷിണഭാഗത്തൊന്നാകെ മഴപെയ്യിക്കാന്‍ മേഘങ്ങളോട് ആജ്ഞാപിച്ചു. എല്ലായിടത്തും മഴ കിട്ടിയാല്‍ വരള്‍ച്ച മാറും.ഗൗതമനെ പുകഴ്ത്തിക്കൊണ്ടിരിന്നുന്ന ഋഷിമാരെല്ലാം അവരുടെ തപോവനങ്ങളിലേക്ക് മടങ്ങും. വരള്‍ച്ച മാറി എല്ലാവരും തിരികെപ്പോയിട്ടും അവരെയെല്ലാം വിളിച്ച് ഭക്ഷണം കൊടുക്കുന്നത് ഗൗതമന്‍ തുടര്‍ന്നു. ഒരിക്കല്‍ തന്റെ കൃഷിയിടത്തില്‍ ഒരു പശു മേഞ്ഞു നടക്കുന്നത് ഗൗതമന്‍ കണ്ടു.
ഗൗതമന്‍ ഒരുപിടി ദര്‍ഭ പറിച്ചെടുത്ത് പശുവിനെ എറിഞ്ഞു. മൂര്‍ച്ചയുള്ള പുല്ലു തറച്ച് പശു ചത്തു. പാര്‍വതീ ദേവിയുടെ തോഴിയായിരുന്ന ജയയാണ് പശുവായി രൂപം മാറിയെത്തിയത്. പശുവിന്റെ രക്തം വീണ് അശുദ്ധമായ ആശ്രമത്തിലെത്തി  ഭക്ഷണം കഴിക്കാന്‍ ഋഷിമാര്‍ മടിച്ചു. മഹാദേവനെ പ്രാര്‍ഥിച്ച്, ദേവന്റെ തിരുജടയിലെ ഗംഗയെ ആശ്രമത്തിലൂടെ ഒഴുക്കാന്‍ അപേക്ഷിക്കണമെന്നായിരുന്നു ഋഷിമാര്‍ ഇതിന് നിര്‍ദേശിച്ച പ്രതിവിധി. ഗംഗയില്‍ കുളിച്ചാല്‍ ഗൗതമന്റെ പാപം തീരുമെന്നും അവര്‍പറഞ്ഞു. 
ഗംഗയെ കൊണ്ടുവരാനായി ബ്രഹ്മഗിരിയുടെ നെറുകയില്‍ 1000 വര്‍ഷമാണ് ഗൗതമന്‍ തപസ്സു ചെയ്തത്. ഒടുവില്‍ ശിവഭഗവാന്‍ പ്രത്യക്ഷനായി,. ഗംഗയെ ഭൂമിയിലേക്ക് അയയ്ക്കാന്‍ സമ്മതിച്ചു. പക്ഷേ ശിവനെ പിരിയാന്‍ ഗംഗയ്ക്ക്  മടി. ഗംഗയുടെ പെരുമാറ്റത്തില്‍ ഭഗവാന്‍ അസ്വസ്ഥനായി. ബ്രഹ്മഗിരിയുടെ നെറുകയില്‍ താണ്ഡവമാടി. തിരുജടയഴിഞ്ഞു.
ഭയത്തോടെ ഗംഗ മണ്ണിലേക്കൊഴുകി, ത്രയംബക തീര്‍ഥത്തിലെത്തി. ഗംഗയില്‍ സ്‌നാനം ചെയ്ത് പാപം തീര്‍ക്കാന്‍ ഒരുങ്ങിയ ഗൗതമനെ അതിന് അനുവദിക്കാതെ ഗംഗ അപ്രത്യക്ഷയായി. ബ്രഹ്മഗിരിയില്‍ പലയിടത്തായി പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ ഗൗതമന്‍ ഒരു പിടി പുല്ല് പറിച്ചെടുത്ത്  മന്ത്രത്താല്‍ ഗംഗയെ ബന്ധിച്ചു. അതാണ് ഗോദാവരിയുടെ പ്രഭവകേന്ദ്രമായ കുശവര്‍ത്തം. ഗൗതമന്റെ അപേക്ഷയെ തുടര്‍ന്ന് പരമേശ്വരന്‍ ഇവിടെ ജ്യോതിര്‍ലിംഗമായി അധിവസിച്ചു. 
മറാത്താ ക്ഷേത്രവാസ്തുവിദ്യയായ ഹേമാത്പന്തി ശൈലിയിലുള്ള ത്രയംബകേശ്വര ക്ഷേത്രം കൃഷ്ണശിലയിലാണ് പണിതിരിക്കുന്നത്. ഇതിന്റെ ഗര്‍ഭഗൃഹത്തിലെ ശിവലിംഗത്തിനൊരു പ്രത്യേകത കൂടിയുണ്ട്. പ്രധാനശിവലിംഗത്തിനു മീതെയായി മൂന്ന് കൊച്ചുശിവലിംഗങ്ങള്‍ കാണാം. മൂര്‍ത്തിത്രയങ്ങളെ ഇത് പ്രതിനിധാനം ചെയ്യുന്നു. മറാത്താ ഭരണാധികാരിയായിരുന്ന പേഷ്വാ ബാലാജി ബാജിറാവുവാണ് ഇന്നു കാണുന്ന മാതൃകയില്‍ ക്ഷേത്രം പണിതത്. 
ഗംഗാദേവി, ജലേശ്വരന്‍, ഗൗതമേശ്വരന്‍, കേദാനാഥന്‍, , ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, പരശുരാമന്‍, ലക്ഷ്മീനാരായണന്‍ തുടങ്ങിയവയാണ് മറ്റു മൂര്‍ത്തികള്‍.  ക്ഷേത്രത്തിന്റെ തീര്‍ഥക്കുളം അമൃതവര്‍ഷിണി എന്നറിയപ്പെടുന്നു. ബില്വതീര്‍ഥ, വിശ്വനാഥതീര്‍ഥ, മുകുന്ദതീര്‍ഥ തുടങ്ങി മൂന്ന് കൊച്ചു തീര്‍ഥങ്ങളും സമീപത്തായി കാണാം. 
പിതൃക്കളുടെ ശാപമകറ്റാനുള്ള നാരായണ്‍ നാഗബലി ത്രയംബകേശ്വരത്തു മാത്രമാണ് നടത്തുന്നത്. അസുഖം മാറാനും നാഗശാപമുക്തിക്കും സമയദോഷമകറ്റാനും സന്താനലബ്ധിക്കുമെല്ലാം ചില പ്രത്യേക തിഥികളില്‍ ഇവിടെ നാരായണ്‍ നാഗബലി നടത്താറുണ്ട്. വേദപാഠശാലകളുടെ കേന്ദ്രം കൂടിയാണ് ത്രയംബകേശ്വരം. ലോകപ്രസിദ്ധമായ നാസിക് രത്‌നം ത്രയംബകേശ്വര ക്ഷേത്രത്തിലാണ് ഉണ്ടായിരുന്നത്. മൂന്നാം ആംഗ്ലോ മറാത്താ യുദ്ധ കാലത്ത് ബ്രിട്ടീഷുകാര്‍ അത് കൊള്ളയടിച്ചു....janmabhumi

No comments:

Post a Comment