Monday, April 29, 2019

മരണത്തെ മറികടക്കാൻ ദേവന്മാരും അസുരന്മാരും പാലാഴിമഥനത്തിലൂടെ ശ്രമിച്ചു.   രണ്ടുകൂട്ടരും നിത്യവസ്തുവിനുവേണ്ടിയുള്ള ധ്യാനത്തിലായിരുന്നു. എന്നാൽ അക്ഷമയും അസൂയയും അസുരന്മാർക്ക് അമൃത് ഭക്ഷിക്കുന്നതിന് വിഘാതമായി നിന്നു. എന്നാൽ ദേവന്മാർ ഇക്കാര്യത്തിൽ വിജയിച്ചു.

ജനനമരണങ്ങളെ ഉന്മൂലനം ചെയ്യുന്ന അമൃത് നിത്യവസ്തുവായി ഹൃദയഗുഹരത്തിലിരിക്കുന്നു. എന്നാൽ അതിനെ സംസാരമെന്ന മായ മറച്ചിരിക്കയാൽ അത് സ്വാനുഭൂതിയാവുന്നില്ല. ശ്രവണ-മനന-വൈരാഗ്യ-നാമജപാദികളാകുന്ന സാധനാപദ്ധതികളാൽ കടച്ചിൽ നടത്തി സത്യത്തെ മൂടിയിരിക്കുന്ന മായയെ നീക്കണം. അപ്പോൾ അമൃതിനെ കണ്ട് സ്വയം അതാണെന്നറിയാം. എന്നാലും യാത്ര പൂർണ്ണമായില്ല, ശ്രദ്ധാഭക്തിയാകുന്ന ധ്യാനംകൊണ്ട് കണ്ട വസ്തുവിനെ ഒരിക്കലും മറഞ്ഞുപോകാത്ത വിധം ഉറപ്പിക്കണം. അപ്പോൾ സ്വസ്വരൂപമായിരിക്കുന്ന അമൃതത്വം നിങ്ങളുടെ സ്വഭാവമായിത്തീരും.

മനസ്സെന്ന മായയെ ജയിക്കാൻ തക്ക പദ്ധതിയായ ധ്യാനത്തെയും അതിന്റെ ശുഭപര്യവസായിയായ സമാധിയെയും (അമൃതിലെ അമൃതായുള്ള ഇരുപ്പ്) പാലാഴികടയുക എന്ന സുന്ദരമായ കഥയായി ഭാഗവതത്തിൽ പറഞ്ഞിരിക്കുന്നു.

ദേവന്മാർ സാനാനുഷ്ഠാനങ്ങൾ നടത്തുകയും ധ്യാനിക്കുകയും ധ്യാനവസ്തുവിനായി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്തു; അവസാനം അതവർക്കു കിട്ടി. അസുരന്മാരാവട്ടെ ധ്യാനപദ്ധതിയെ സമ്പൂർണ്ണ വിജയത്തിലെത്തുംമുമ്പ് പടിയ്ക്കൽ കൊണ്ട് കലമുടച്ചുകളഞ്ഞു. ഇങ്ങനെ അവസാനം വരെ പോയിട്ടും കിട്ടേണ്ട വസ്തുവെ അറിയാതെ മറ്റെന്തൊക്കെയോ കണ്ടു ഭ്രമിച്ച് അതിൽ വീണുപോയി ഫലപ്രാപ്തിയിലെത്താത്ത എത്രയോ കോടി സാധകർ... C&P

No comments:

Post a Comment