ഗീതോപദേശകൻ,ധർമസംസ്ഥാപകൻ, രാഷ്ട്രതന്ത്രജ്ഞൻ എന്നിങ്ങനെ വൈവിധ്യമാർന്നതാണ് ശ്രീകൃഷ്ണവ്യക്തിത്വം. എങ്കിലും എല്ലാറ്റിലുമുപരി കൃഷ്ണൻ പ്രേമസ്വരൂപനാണ്, പ്രേമദായകനാണ്.ഒരിക്കൽ ദ്വാരകയിൽ നിന്ന് ഒരു പണ്ഡിതൻ വൃന്ദാവനത്തിലെത്തി. ഭഗവാനെക്കുറിച്ചുള്ള വിവരങ്ങൾ കേൾക്കാനായി എല്ലാ ഗോപികമാരും ആകാംക്ഷയോടെ അദ്ദേഹത്തിന്റെ ചുറ്റും നിന്നു. പണ്ഡിതൻ ഗോപികമാരോടു പറഞ്ഞു: ‘‘ഭഗവാൻ മഥുരയിൽ അത്യധികം ഐശ്വര്യത്തോടെ ആനന്ദവാനായി ജീവിക്കുന്നു. ഭഗവാൻ നിങ്ങളെ കൊണ്ടുപോകാഞ്ഞത് കഷ്ടമായി. അക്രൂരനും കുചേലനുമൊക്കെ ഭഗവാൻ സർവ ഐശ്വര്യങ്ങളും നൽകി. സത്യഭാമയ്ക്കു സ്വർഗത്തിൽ നിന്ന് കല്പവൃക്ഷം തന്നെ കൊണ്ടുവന്നുനൽകി. നിങ്ങൾ ഇന്നും പുൽക്കുടിലുകളിൽ കഴിയുന്നത് ഭഗവാൻ അറിയുന്നില്ലേ?’’ അതു കേട്ട് ഗോപികമാർ പറഞ്ഞു: ‘‘ഭഗവാന് പരമസുഖമാണ് എന്നറിഞ്ഞതിൽ ഞങ്ങൾക്കു പരമാനന്ദമായി. ഞങ്ങൾ കുടിലിൽ കഴിയുന്നുവെന്ന് അങ്ങു പറഞ്ഞല്ലോ. ഭഗവാന്റെ പിഞ്ചുപാദങ്ങൾ പതിഞ്ഞ ഈ കുടിലുകൾ ഞങ്ങൾക്ക് കൊട്ടാരത്തെക്കാളും വിലപ്പെട്ടതാണ്. ഞങ്ങളുടെ ദൃഷ്ടിയിൽ വൃന്ദാവനത്തിലുള്ള ഓരോ കദംബവൃക്ഷവും കല്പതരു തന്നെയാണ്.
ഭഗവാന്റെ എത്രയെത്ര സ്മരണകളാണ് അവ ഞങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്. നിത്യമായതും നശിക്കാത്തതുമായ സമ്പത്ത് ഭഗവത്‌സ്മരണ മാത്രമാണ്. ആ സ്മരണകൾ ഞങ്ങളിൽ നിന്ന് പോകാതിരുന്നാൽ മാത്രം മതി. കൊട്ടാരമോ, കല്പവൃക്ഷമോ ഒന്നുംതന്നെ അതിലുമുപരിയായി ഞങ്ങൾ കാണുന്നില്ല.’’ ഗോപികമാരുടെ നിഷ്കളങ്കമായ ഭക്തി കണ്ട് പണ്ഡിതന്റെ കണ്ണുകൾ നിറഞ്ഞു. അദ്ദേഹം പറഞ്ഞു: ‘‘ദ്വാരകയിൽ ഭഗവാന്റെ ദർശനം കിട്ടിയപ്പോൾ ഞാൻ പറഞ്ഞു, ഭഗവാനേ, ഇന്നെന്റെ ജന്മം ധന്യമായെന്ന്. അപ്പോൾ ഭഗവാൻ പറഞ്ഞു, നീ എന്റെ ശരീരം മാത്രമാണു കണ്ടത്. എന്റെ ഹൃദയം കാണണമെങ്കിൽ വൃന്ദാവനത്തിലേക്കു പോകൂ എന്ന്. ഭഗവാൻ പറഞ്ഞതിന്റെ അർഥം എനിക്ക് ഇപ്പോഴാണ് മനസ്സിലായത്. യഥാർഥഭക്തി എന്തെന്ന് ഇന്നു ഞാനറിയുന്നു.’’ കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളുടെ നടുവിലും ഗോപികമാരുടെ മനസ്സ് എപ്പോഴും കൃഷ്ണനിൽത്തന്നെയായിരുന്നു. തൈരുകടയുമ്പോഴും നെല്ലുകുത്തുമ്പോഴും എന്തുചെയ്യുമ്പോഴും അവർ കൃഷ്ണനാമം ഉരുവിട്ടു. മുളകുപാത്രത്തിലും മല്ലിപ്പാത്രത്തിലും മറ്റും അവർ കൃഷ്ണൻ, ഗോവിന്ദൻ എന്നീ നാമങ്ങൾ എഴുതിവെച്ചു. വെണ്ണയും പാലും വിൽക്കുമ്പോൾ ‘‘വെണ്ണ വേണോ, പാലു വേണോ?’’ എന്നു വിളിച്ചുപറയുന്നതിനുപകരം ‘‘അച്യുതനെ വേണോ, കേശവനെ വേണോ?’’ എന്നായിരുന്നു ഗോപികമാർ ചോദിച്ചത്.
നിഷ്‌കളങ്കഭക്തിയുണ്ടെങ്കിൽ ലോകജീവിതത്തിന്റെ തിരക്കിലും നമ്മുടെ മനസ്സ് ഭഗവാനിൽത്തന്നെ നിൽക്കും. ഗോപികമാർക്ക് വലിയ വിദ്യാഭ്യാസമോ ശാസ്ത്രജ്ഞാനമോ ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും യുഗയുഗം തപസ്സു ചെയ്തിട്ടും യോഗികൾക്ക് നേടാൻ കഴിയാത്തത് കൃഷ്ണനോടുള്ള നിഷ്‌കളങ്കഭക്തിയിലൂടെ ഗോപികമാർ നേടിയെടുത്തു. അതാണു ഭക്തിയുടെ മഹത്ത്വം. സകല ചരാചരങ്ങളിലും ദേവതാഭാവങ്ങളിലും പ്രകാശിക്കുന്നത് ഒരേ ഈശ്വരനാണെന്നറിഞ്ഞ് നിഷ്‌കാമമായി അവിടത്തേക്ക് ആത്മസമർപ്പണം ചെയ്യുന്നതാണ് യഥാർഥഭക്തി.
*അമ്മ*
No comments:
Post a Comment