Monday, April 29, 2019

വിവേക സ്പർശം🔥*
*"സർവ്വലോകസാഹോദര്യത്തെപ്പറ്റിയും അത് പ്രത്യേകമായി പ്രചരിപ്പിക്കാൻ സംഘങ്ങൾ ഒരുങ്ങുന്നതിനെപ്പറ്റിയും നാം എല്ലാവരും കേൾക്കുന്നുണ്ടല്ലോ. ഇവിടെ എനിക്ക് ഒരു പഴയ കഥ ഓർമ്മവരുന്നു.മദ്യപാനം  പാപമായിട്ടാകുന്നു ഇന്ത്യക്കാർ കരുതുന്നത്. എന്നാൽ രണ്ട് സഹോദരന്മാർക്ക് ഒരു ദിവസം രാത്രി രഹസ്യമായി മദ്യം കഴിക്കണമെന്ന ആഗ്രഹം ഉണ്ടായി. അവരുടെ  അമ്മാമൻ, ഏറ്റവും ആചാരനിഷ്ഠൻ, അവരുടെ മുറിക്കടുത്ത  മുറിയിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അതുകൊണ്ട് മദ്യം കഴിപ്പാൻ തുടങ്ങുന്നതിനുമുൻപ് "നാം ഒട്ടും ശബ്ദം ഉണ്ടാക്കരുത് ,അമ്മാമൻ ഉണർന്നേക്കും" എന്ന് അവർ അന്യോന്യം പറഞ്ഞു കുടി തുടങ്ങി. പിന്നേയും അതുതന്നെ പറഞ്ഞു ശബ്ദം മുഴുത്തു; "ശബ്ദം ഉണ്ടാക്കേണ്ട അമ്മാമൻ ഉണരും " എന്ന് ഓരോരുത്തനും മറ്റേ ആളുടെ ശബ്ദം കവിച്ചു പറഞ്ഞുതുടങ്ങി,ശബ്ദം ബഹളമായി; അമ്മാമൻ ഉണർന്നു, അവരുടെ മുറിയിൽ വന്നു, കാര്യം മനസ്സിലാക്കി. ഇപ്പോൾ നാം ഏതാണ്ട് മദ്യപാനികളെപ്പോലെയാകുന്നു ."സർവ്വസാഹോദര്യം! നാം സർവ്വരും സമൻമാർ! അതുകൊണ്ട് നമുക്ക് ഒരു സംഘം ഉണ്ടാക്കുക ". സംഘം ഉണ്ടാക്കിക്കഴിഞ്ഞാൽ അത് സർവ്വസമത്വത്തിന് വിരുദ്ധമായി, പിന്നെ സമത്വമില്ല, മുഹമ്മദീയർ സർവ്വസാഹോദര്യം പ്രഖ്യാപനം ചെയ്യുന്നു. എന്നാൽ അതിൻറെ വാസ്തവമായി ഫലമെന്ത്?  ചോദിപ്പാനുണ്ടോ? മുഹമ്മദീയനല്ലാത്ത ഒരാൾക്കും അവരുടെ സംഘത്തിൽ സ്ഥാനമില്ല; അയാളുടെ കഴുത്ത് അറുത്തു എന്ന് വരുവാനാകുന്നു അധികം എളുപ്പം; ക്രിസ്ത്യൻമാരും സർവ്വസാഹോദര്യം എന്നു പ്രസംഗിക്കുന്നുണ്ട്; എന്നാൽ ക്രിസ്ത്യനല്ലാത്തവർക്ക് അവർ കല്പിക്കുന്ന സ്ഥാനമോ? അത് നിത്യം തോലൂരിച്ചു ചുട്ടുപഴുപ്പിക്കുന്ന ആ ലോകം (നരകം) തന്നെ.*

 *അങ്ങനെ സർവ്വസാഹോദര്യവും സമത്വവും അന്വേഷിച്ചുകൊണ്ട് നാം ലോകയാത്ര തുടരുന്നു. ആവിധം  പ്രസംഗം ഇനി കേൾക്കുമ്പോൾ നിങ്ങൾ അല്പം സൂക്ഷിക്കണം. നിങ്ങളെപ്പറ്റി കരുതൽ വേണം, എന്നു പറയുവാൻ തോന്നുന്നു; എന്തുകൊണ്ടെന്നാൽ, ആ പ്രസംഗങ്ങൾക്കിടയിൽ പലപ്പോഴും ഉള്ളത് മുഴുത്ത സ്വാർത്ഥമാണ്. ഹേമന്തകാലത്ത് ചിലപ്പോൾ ഒരു കാർമേഘം പൊന്തിവരും, ഇടി പൊടിപൂരമായി മുഴക്കും; മഴത്തുള്ളിപോലും വീഴുകയില്ല. എന്നാൽ വർഷകാലത്തിലെ മേഘം ശബ്ദിക്കയില്ല,ജലവർഷം പൊഴിക്കുകയും ചെയ്യും. അതുപോലെ മനുഷ്യസാഹോദര്യഭാവം ഹൃദയത്തിൽ വാസ്തവമായും ഉള്ളവർ, യഥാർത്ഥകർമ്മികൾ, അധികം പ്രസംഗിക്കുകയില്ല, സഹോദര്യസ്ഥാപനത്തിന് സംഘം രൂപീകരിക്കയില്ല; എന്നാൽ അവരുടെ പ്രവൃത്തികൾ ,അവരുടെ ചേഷ്ടകൾ,അവരുടെ ജീവിതം, അവർക്ക് മനുഷ്യവർഗ്ഗത്തോട് സഹോദരഭാവം യഥാർത്ഥമായും ഉണ്ടെന്നും, അവർക്ക് പ്രേമവും സഹതാപവും ഉണ്ടെന്നും വെളിവായി പ്രകാശിപ്പിക്കും; അവർ സംസാരിക്കുകയല്ല, പ്രവർത്തിക്കുകയാണ്; ജീവിക്കുകയാണ് ചെയ്യുന്നത്! ഈ ലോകത്തിൽ നിരർത്ഥവാഗ്ധാടി  കവിഞ്ഞിരിക്കുന്നു; സംസാരം ചുരുക്കവും ആത്മാർത്ഥമായ കർമ്മം കുറച്ചുകൂടി അധികവും ആകുന്നു നമുക്ക് വേണ്ടിയിരിക്കുന്നത്. "🔥*


*_( വിവേകാനന്ദ സാഹിത്യ സർവ്വസ്വം ഭാഗം 2 രണ്ട് പേജ് 417 )

No comments:

Post a Comment