പ്രപഞ്ചസ്വരൂപം ബ്രഹ്മ’ എന്ന വാക്യത്തിന്റെ അര്‍ത്ഥം പ്രപഞ്ചംതന്നെ ബ്രഹ്മമായിരിക്കുന്നു എന്നാണ്. എങ്ങനെയെന്നാല്‍ ബ്രഹ്മത്തെകൂടാതെ പ്രപഞ്ചമില്ല. സമുദ്രത്തില്‍ തരംഗാദികളെന്നപോലെ ബ്രഹ്മത്തില്‍ പ്രപഞ്ചം വൃത്തിപക്ഷമായിരിക്കുന്നോ, പാല്‍ തൈരാകുന്നതുപോലെ പരിണാമപക്ഷമായിരിക്കുന്നോ, പിതാവില്‍നിന്നു പുത്രനെന്നപോലെ ആരംഭപക്ഷമായിരിക്കുന്നോ, ബ്രഹ്മസ്വരൂപത്തെപ്പോലെ നിത്യപക്ഷമായിരിക്കുന്നോ രജ്ജുവില്‍ സര്‍പ്പംപോലെ പ്രപഞ്ചം വിവര്‍ത്തപക്ഷമായിരിക്കുന്നോ-എന്നിങ്ങനെ നോക്കിയാല്‍ വിവര്‍ത്തപക്ഷമാണു മുഖ്യം; മറ്റു നാലുപക്ഷങ്ങളും ചേരുകയില്ല. അതായതു സമുദ്രത്തില്‍ ഉണ്ടായ തരംഗാദികള്‍ സമുദ്രത്തില്‍ തന്നെ ലയിക്കുന്നതുപോലെ ബ്രഹ്മത്തില്‍ കല്പിതമായ പ്രപഞ്ചം ബ്രഹ്മത്തില്‍ ലയമാകാത്തതിനാല്‍ വൃത്തിപക്ഷം പാടില്ല. പാല്‍ തൈരായിട്ടും ആ തൈര്‍ മറുപടി (പഴയതുപോലെ) പാലാകാത്തതുപോലെ ബ്രഹ്മം പ്രപഞ്ചമായിട്ടും പ്രപഞ്ചം മറുപടി ബ്രഹ്മമാകാത്തതിനാല്‍ പരിണാമപക്ഷവും പാടില്ല. പിതാവില്‍നിന്നുണ്ടായ പുത്രനും ആ പിതാവും പ്രത്യേകം പ്രത്യേകം ആയിരിക്കും. ബ്രഹ്മത്തില്‍ ആരോപിതമായ പ്രപഞ്ചം ബ്രഹ്മത്തില്‍നിന്നു വേറായിട്ട് അല്പവും ഇല്ലാതിരിക്കെ ആരംഭപക്ഷവും പാടില്ല. പ്രപഞ്ചം ഒന്നുകണ്ടാല്‍ മറ്റൊന്നു കാണാതെ അസ്ഥിരമായി പോകുന്നതിനാല്‍ ബ്രഹ്മസ്വരൂപത്തെപ്പോലെ നിത്യപക്ഷം പാടില്ല. ആകയാല്‍ വിവര്‍ത്തപക്ഷമേ സംഘടിക്കയുള്ളു. വിവര്‍ത്തപക്ഷം മാത്രം എങ്ങനെ സംഘടിക്കുമെന്നാല്‍ രജ്ജുവാകട്ടെ യാതൊരു വികാരവും ഇല്ലാതിരിക്കവെ അതില്‍ വിവര്‍ത്തമായിട്ടുണ്ടായ സര്‍പ്പം സകല വ്യവഹാരത്തിനും അവസരമായതുപോലെ ബ്രഹ്മവും നിര്‍വ്വികാരമായിരിക്കവെ അതില്‍ വിവര്‍ത്തമായി കാണപ്പെട്ട പ്രപഞ്ചവും നാമരൂപകല്പനയായ സകല വ്യവഹാരങ്ങള്‍ക്കും അവസരംകൊടുത്തു. അങ്ങനെയാണെങ്കില്‍ ഈ നാലു പക്ഷങ്ങളും വേദത്തില്‍ എന്തിനായിട്ടു പറഞ്ഞുവെന്നാല്‍, വിവര്‍ത്തപക്ഷത്തില്‍ത്തന്നെ ഈ നാലുപക്ഷങ്ങളും പറയുന്നതല്ലാതെ വേറെ അല്ല. അതായത്, രജ്ജുവിനെ കണ്ടയുടന്‍ ഇത് എന്നു തോന്നിയ സാമാന്യജ്ഞാനം വൃത്തിപക്ഷമാകുന്നു. പിന്നെ പാമ്പായിത്തോന്നിയത് പരിണാമപക്ഷം. ചലനത്വം കണ്ടത് ആരംഭപക്ഷം. പാമ്പെന്നു നിശ്ചയിച്ചത് നിത്യപക്ഷം. ഇങ്ങനെ നാലുപക്ഷങ്ങളും വിവര്‍ത്തപക്ഷപ്രയോജനമായി പറഞ്ഞുവെന്നല്ലാതെ യഥാര്‍ത്ഥമായി പറഞ്ഞതല്ല. ആകയാല്‍ നിഷ്പ്രപഞ്ചസ്വരൂപമായ ബ്രഹ്മത്തില്‍ പ്രപഞ്ചം വിവര്‍ത്തമെന്നല്ലാതെ ബ്രഹ്മത്തില്‍ യഥാര്‍ത്ഥമായി പ്രപഞ്ചമില്ല. അതിനാലത്രേ ബ്രഹ്മം പ്രപഞ്ചരൂപമായി പ്രകാശിക്കുന്നു എന്നു പറഞ്ഞത്.’.
chattampi swmi.com
chattampi swmi.com
No comments:
Post a Comment