Monday, April 01, 2019

വിവിധ സംസ്‌കാരങ്ങളും മതങ്ങളും അവയുടെ ആചാര്യന്മാരും തമ്മിലുള്ള സംവാദം ഇന്നു പലയിടങ്ങളിലും നടക്കുന്നുണ്ട്.  പക്ഷേ, നമ്മള്‍ സംവാദത്തിനു സ്ഥിരമായി ഉപയോഗിക്കുന്ന സമ്പ്രദായങ്ങളും ഭാഷയും മതിയായതാണോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. യുക്തികള്‍ നിരത്തി ബുദ്ധിപരമായി കാര്യങ്ങള്‍ വ്യാഖ്യാനിക്കാന്‍ ഇന്നു പലര്‍ക്കും സാധിക്കുന്നുണ്ട്. പക്ഷേ, യുക്തിയോടൊപ്പം ഹൃദയം കൂടി പകര്‍ന്നു നല്കാന്‍ നാം മറന്നുപോകുന്നു. വെറും മീറ്റിങ് അല്ല വേണ്ടത്, ഹൃദയങ്ങളുടെ മീറ്റിങ് കൂടിയുണ്ടാകണം.
പ്രപഞ്ചത്തെ മുഴുവന്‍ ഈശ്വരചൈതന്യമായിക്കണ്ട്  സ്‌േനഹിക്കുകയും ആരാധിക്കുകയും ചെയ്തവരാണു  മഹാത്മാക്കള്‍. 'നാനാത്വത്തില്‍ ഏകത്വം' ദര്‍ശിച്ചവരാണവര്‍. എന്നാല്‍, ഇന്നു പലരും ആ ആചാര്യന്മാരുടെ വാക്കുകളുടെ പേരില്‍ ദുര്‍ബ്ബലമനസ്സുകളെ ചൂഷണം ചെയ്യുന്നതായാണു കണ്ടുവരുന്നതു്. 
മതവും ആദ്ധ്യാത്മികതയും മനുഷ്യന്റെ ഹൃദയം തുറക്കാനും കാരുണ്യത്തോടെ എല്ലാവരെയും കാണാനുമുള്ള താക്കോലാണ്. എന്നാല്‍ ഇന്ന് സ്വാര്‍ത്ഥതകൊണ്ട്   അന്ധരായവര്‍ക്കു തിരിച്ചറിവു നഷ്ടപ്പെട്ടിരിക്കുന്നു. ഹൃദയം തുറക്കാനുള്ള അതേ താക്കോല്‍കൊണ്ടു ഹൃദയത്തെ അടച്ച്, കൂടുതല്‍ അന്ധകാരം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 
ഒരു മതസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോയവരില്‍ നാലുപേര്‍ ഒരു ദ്വീപില്‍ രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. മരംകോച്ചുന്ന തണുപ്പുള്ള രാത്രി. യാത്രക്കാര്‍ നാലു പേരുടെയും ഭാണ്ഡത്തില്‍ തീപ്പെട്ടിയും ചെറിയ വിറകുകഷ്ണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, തന്റെ കൈയില്‍ മാത്രമേ വിറകും തീപ്പെട്ടിയുമുള്ളൂ എന്ന് അവര്‍ ഓരോരുത്തരും വിചാരിച്ചു. 
ആദ്യത്തെയാള്‍ ചിന്തിച്ചു, 'അവന്റെ കഴുത്തില്‍കിടക്കുന്ന ലോക്കറ്റു കണ്ടിട്ടു് അവന്‍ അന്യമതസ്ഥനാണെന്നു മനസ്സിലാക്കാം. ഞാനെന്തിന് അവനുവേണ്ടി തീ കൂട്ടണം?' രണ്ടാമത്തെയാള്‍ ചിന്തിച്ചു, 'ഇവന്‍ എന്റെ ശത്രുരാജ്യക്കാരനാണ്. ഞങ്ങളുമായി എപ്പോഴും യുദ്ധം ചെയ്യുന്നവന്‍. എന്റെ വിറകും തീപ്പെട്ടിയും കൊണ്ട്  അങ്ങനെ ഇവന്‍ തീ കായണ്ട. അതെനിക്ക് ഒട്ടും സഹിക്കില്ല.' മൂന്നാമന്‍ കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാളെ നോക്കി വിചാരിച്ചു, 'ഇവനെ എനിക്കറിയാം. എപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വിഭാഗത്തില്‍ പെടുന്നവനാണ്. എന്റെ വിറകും തീപ്പെട്ടിയും ഉപയോഗിച്ച്  ഇവന്‍ തീ കായുന്നത്  എനിക്കു സ്വപ്‌ന
ത്തില്‍പോലും ചിന്തിക്കാന്‍ കഴിയില്ല.' നാലാമന്‍ വിചാരിച്ചു, 'ദാ, അവന്റെ തൊലിയുടെ നിറംകണ്ടില്ലേ. എനിക്ക് ഈ വര്‍ഗ്ഗത്തിനോടു വെറുപ്പാണ്. ഞാനിവനു തീ കൂട്ടികൊടുക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല.'
അങ്ങനെ നാലുപേരും അവരുടെ കൈയിലുണ്ടായിരുന്ന വിറകും തീയും ഉപയോഗിക്കാതെ തണുപ്പത്തു മരവിച്ചു മരിച്ചുപോയി. യഥാര്‍ത്ഥത്തില്‍ ഇവര്‍ മരിച്ചതു പുറത്തെ തണുപ്പുകൊണ്ടല്ല. തണുത്തു മരവിച്ച അവരുടെ ഹൃദയം കാരണമാണ്. നമ്മള്‍ ഇതുപോ
ലെയാവുകയാണ്. രാജ്യത്തിന്റെയും ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും പേരു പറഞ്ഞു പരസ്പരം കലഹിക്കുകയാണ്.
തന്നെയും മറ്റുള്ളവരെയും ഒരുപോലെ രക്ഷിക്കാനുള്ള ആദര്‍ശങ്ങള്‍ അവരുടെ മതതത്ത്വങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയ്ക്കു വിപരീതമായാണ് അവര്‍ ചിന്തിച്ചത്. മതത്തിന്റെ ചട്ടക്കൂട്ടിനപ്പുറം മതത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ അവര്‍ക്കു സാധിക്കാതെപോയി. 
'എന്റെ മതം മാത്രം നല്ലത്, നിന്റെ മതം ചീത്ത' എന്നു പറയുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. 'എന്റെ അമ്മ നല്ലത്, നിന്റമ്മ വേശ്യ' എന്നു പറയുന്നതുപോ
ലെയാണിത്. ഓരോരുത്തര്‍ക്കും അവരവരുടെ അമ്മ വലുതാണ്. അതുപോലെ ഓരോരുത്തര്‍ക്കും അവരവരുടെ വീക്ഷണം വലുതാണ്. ഇത് ഉള്‍ക്കൊള്ളുമ്പോള്‍ മറ്റുള്ളവരുമായി ഫലപ്രദമായി സംവദിക്കാന്‍ നമുക്കു കഴിയും. 
നമ്മളോടു വിയോജിക്കുന്നവരുമായി സമാധാനത്തില്‍ കഴിയുവാനും അവര്‍ക്കു പറയാനുള്ളതു കേള്‍ക്കുവാനും അവരെക്കൂടി ഉള്‍ക്കൊള്ളുവാനുമുള്ള വിശാലതയാണ് സംസ്‌ക്കാരത്തിന്റെ ലക്ഷണം. അഹങ്കാരവും ഇടുങ്ങിയ മനോഭാവവും ഉപേക്ഷിക്കാനുള്ള ജീവിത തത്വങ്ങളാണ് മതം ഉപദേശിക്കുന്നത്. എന്നാല്‍ മതതത്വങ്ങളുടെ പൊരുള്‍ മനസ്സിലാക്കാത്തതുകൊണ്ട് ഇന്ന് മതം ഇതേ ദുര്‍ഗ്ഗുണങ്ങളുടെ വിളനിലമായിമാറുന്നു. ജനങ്ങള്‍ മതത്തിന്റെ അന്തഃസത്ത മനസ്സിലാക്കാത്തതുകൊണ്ട് ഇടുങ്ങിയ മനഃസ്ഥിതിയും മത്സരവും കലഹവും വളരുകയാണ്.  ഇന്നു മതത്തിനുവേണ്ടി മരിക്കാന്‍ ആയിരങ്ങള്‍ തയ്യാറാണ് എന്നാല്‍ മതത്തില്‍ ജീവിക്കാന്‍ ആരും തയ്യാറല്ല. മതം ജീവിതമാണ്, ജീവിതരീതിയാണ്. മതതത്ത്വങ്ങള്‍ ദൈനംദിനജീവിതത്തില്‍ പകര്‍ത്താനുള്ളതാണ്. അക്കാര്യം നമ്മള്‍ മറക്കരുത്. 
മാതാ അമൃതാനന്ദമയി

No comments:

Post a Comment