Sunday, April 28, 2019

ദശരഥന്റെ ദേഹവിയോഗത്തിനു ശേഷം മൂന്നാം ദിവസമാണ് ഭരതശത്രുഘ്നന്‍മാര്‍ അയോധ്യയില്‍ എത്തിയത്. അച്ഛന്റെ ചരമവൃത്താന്തമൊന്നും കുമാരന്മാരെ അറിയിച്ചിരുന്നില്ല. അയോധ്യയെന്തേ ഇത്രയും ശോകമൂകമായിരിക്കുന്നതെന്ന് അവര്‍ ശങ്കിച്ചു. എല്ലായിടവും ഒരേസമയം ശൂന്യവും നിശ്ശബ്ദവുമായതു പോലെ. 
ഭരതന്‍ രാജകീയ ഉപമന്ത്രശാലയിലേക്കു പോയി. വസിഷ്ഠനും സുമന്ത്രനും അവിടെ ദുഃഖിതരായി ഇരിപ്പുണ്ടായിരുന്നു. അതിനകം അച്ഛന്റെ വിയോഗം ഭരതനറിഞ്ഞിരുന്നു. വസിഷ്ഠന്റേയും സുമന്ത്രന്റേയും നിര്‍ദേശങ്ങളനുസരിച്ച് ഭരതന്‍ ശേഷക്രിയകളെല്ലാം ചെയ്തു. 
നടന്നതെല്ലാം അറിഞ്ഞില്ലേ, ഇനിയെന്താണ് പദ്ധതികളെന്ന് വസിഷ്ഠന്‍ ഭരതനോട് ആരാഞ്ഞു. അമ്മയായ കൈകേയി നടത്തിയ അന്യായങ്ങള്‍ അറിഞ്ഞെന്ന് ഭരതന്‍ അറിയിച്ചു. ഇപ്പോള്‍ തന്നെ വനത്തിലേക്ക് പുറപ്പെടണം. രാമലക്ഷ്മണന്മാരേയും സീതാദേവിയേയും തിരികെ കൊണ്ടുവരണം. ശ്രീരാമപട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ നടത്തണം. അതാണ് തന്റെ ആദ്യ ദൗത്യമെന്ന് ഭരതന്‍ പറഞ്ഞു. എന്നാല്‍ രാജ്യാഭിഷേകവരവും അച്ഛന്‍ അമ്മയ്ക്ക് നല്‍കിയിട്ടുണ്ടെന്നും കുമാരനാണ് അഭിഷിക്തനാകേണ്ടതെന്നും വസിഷ്ഠന്‍ ഭരതനെ ഓര്‍മപ്പെടുത്തി. 
 അതുകേട്ട ഭരതന്‍ കോപം കൊണ്ടു ജ്വലിച്ചു. ''ഇഷ്ടവരം നേടിയ ആള്‍ തന്നെ അഭിഷേകവും നടത്തട്ടെ. ഞാന്‍ ജ്യേഷ്ഠനോടൊത്ത് വനത്തില്‍ കഴിഞ്ഞോളാം'' എന്നായിരുന്നു ഭരതകുമാരന്റെ മറുപടി. അങ്ങനെയാണ് കുമാരന്റെ നിശ്ചയമെങ്കില്‍ ഞാനും കുമാരനൊപ്പം വരാമെന്ന് വസിഷ്ഠന്‍ പറഞ്ഞു. കൂടെപ്പോകാനായിരുന്നു സുമന്ത്രന്റെയും തീരുമാനം. ആചാര്യന്‍ കൂടെവരട്ടെ. എന്നാല്‍, രാജ്യകാര്യങ്ങള്‍ നോക്കാന്‍ മന്ത്രി അയോധ്യയില്‍ വേണമെന്ന് സുമന്ത്രനോട് ഭരതന്‍ അപേക്ഷിച്ചു. 
കാഷായ വസ്ത്രം ധരിച്ച് ഭരതന്‍ വനയാത്രയ്ക്കൊരുങ്ങി. ശത്രുഘ്നനും അതേ വേഷം അനുകരിച്ച് സഹോദരനൊപ്പം യാത്രയ്ക്കൊരുങ്ങി. വസിഷ്ഠനും തയാറെടുപ്പോടെയെത്തി. വാര്‍ത്ത രാജധാനിയിലും അന്തഃപുരത്തിലും മാത്രമല്ല അയോധ്യയുടെ ഓരോ കോണിലും നിറഞ്ഞു. അന്തഃപുരത്തിലുള്ളവരും പൗരപ്രമുഖരുമുള്‍പ്പെട്ട ജനാവലി വനയാത്രയില്‍ ഭരതനെ അനുഗമിക്കാനായി അവിടെ തടിച്ചു കൂടി. കൂടെ വരാന്‍ ഒരുങ്ങിയ ആരെയും ഭരതകുമാരന്‍ തടഞ്ഞില്ല. പക്ഷേ ഒരാള്‍ക്കു മാത്രം നിരോധനാജ്ഞ നല്‍കി. അത് കൈകേയിക്കായിരുന്നു. 'അന്തഃപുരം വിട്ട് പുറത്തെങ്ങും ഇറങ്ങിപ്പോകരുതെ'ന്നായിരുന്നു മകന്‍ അമ്മയ്ക്ക് നല്‍കിയ ആജ്ഞ. 
യാത്രാസംഘം വനത്തിലേക്ക് പുറപ്പെട്ടു. മുന്നിലുള്ള തേരില്‍ വസിഷ്ഠനും അരുന്ധതിയുമായിരുന്നു. മറ്റൊരു തേരില്‍ കൗസല്യയും സുമിത്രയും. കാല്‍നടയായി ഭരതനും ശത്രുഘ്നനും മൂന്നാമത്. അതിനു പിറകിലായി പൗരാവലി. യാത്ര ചെയ്തും വിശ്രമിച്ചും ആ സംഘം ഗംഗാതീരത്തെത്തി. ഒരു സംഘം യാത്രികര്‍ ഗംഗാതീരത്തെത്തിയത് ചാരന്‍മാര്‍ വഴി ഗുഹന്‍ അറിഞ്ഞു. അവരെക്കുറിച്ചറിയാന്‍ ഗുഹന്‍ വേഷപ്രച്ഛന്നനായി അവിടെയെത്തി. ഭരതകുമാരനെ പരിചയപ്പെട്ട ഗുഹന്റെ മനസ്സില്‍ ആശങ്കകള്‍ അകന്നു. അവരെയും കൂട്ടി ശ്രീരാമന്‍ താമസിക്കുന്ന വനത്തിലേക്ക് യാത്രയായി. 
രാമനെ കാണാനുള്ള വ്യഗ്രതയില്‍ ആരും യാത്രാക്ലേശം അറിഞ്ഞതേയില്ല. ദീര്‍ഘയാത്രയ്ക്കൊടുവില്‍ അവര്‍ ചിത്രകൂടത്തിലെത്തി. ജനബാഹുല്യം ആശ്രമാന്തരീക്ഷത്തിന് അലോസരമാകരുതെന്ന് കരുതി പൗരാവലിയെ ദൂരെയൊടിത്ത് നിര്‍ത്തിയ ശേഷം വസിഷ്ഠനും അരുന്ധതിയും കൗസല്യയും സുമിത്രയും ഭരതശത്രുഘ്നന്മാരും മാത്രം ആശ്രമസങ്കേതത്തിലേക്ക് പ്രവേശിച്ചു. അപ്രതീക്ഷിതമായിരുന്ന ആ കണ്ടുമുട്ടല്‍  ഭരതാദികളേയും രാമലക്ഷ്മണന്മാരേയും ആനന്ദത്തിലാഴ്ത്തി. 
ദശരഥന്റെ ചരമവൃത്താന്തം വൈകാതെ സീതാരാമലക്ഷ്മണന്മാരെ അറിയിച്ചു. അനിയന്ത്രിതമായിരുന്നു അവരുടെ സങ്കടം. അത് ഭരതശത്രുഘ്നന്മാരിലേക്കും കൗസല്യാസുമിത്രകളിലേക്കും പടര്‍ന്നേറി. ആശ്രമം സന്താപക്കടലായി. അതിന്റെ തീവ്രതയേറിവരുന്നതറിഞ്ഞ് വസിഷ്ഠന്‍ ഇടപെട്ടു. മരണത്തിന്റെ അനിവാര്യതയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താന്‍ തുടങ്ങി. ഇനി ഓരോരുത്തരും അവരരവരുടെ കര്‍മങ്ങളില്‍ വ്യാപൃതരാകണമെന്നും  മുനിവര്യന്‍ ഉപദേശിച്ചു. അനന്തരം അച്ഛനു ചെയ്യേണ്ട തര്‍പ്പണാദികള്‍ വസിഷ്ഠന്റെ മേല്‍നോട്ടത്തില്‍ വനത്തില്‍ വച്ച് രാമനുംസഹോദരങ്ങളും ഭംഗിയായി നിറവേറ്റി.
 janmabhumi

No comments:

Post a Comment