Friday, May 24, 2019

മധുരയിലും ദ്വാരകയിലും ഭഗവാന്റെ ലീലാവര്‍ണ്ണനം – ഭാഗവതം (34)

തസ്യൈവം രമമാണസ്യ സംവത്സരഗണാന്‍ ബഹൂന്‍
ഗൃഹമേധേഷു യോഗേഷു വിരാഗസ്സമജായത (3-3-22)
ദൈവാധീനേഷു കാമേഷു ദൈവാധീനഃ സ്വയം പുമാന്‍
കോ വിസ്രംഭേത യോഗ്നേ യോഗേശ്വരമനുവ്രതഃ (3-3-23)
ഉദ്ധവര്‍ തുടര്‍ന്നു:
ചെറിയകുട്ടിയായിരിക്കുമ്പോള്‍ത്തന്നെ കൃഷ്ണഭഗവാന്‍ ദുഷ്ടനായ കംസനെ വധിച്ചു. എല്ലാമറിയുന്ന ഭഗവാന്‍ സാന്ദീപനിയുടെ ശിഷ്യനായി വേദങ്ങളും മറ്റു പുരാണങ്ങളും പഠിച്ചു. പഠനം കഴിഞ്ഞ്‌ തിരിച്ചു പോകുമ്പോള്‍ ഗുരുദക്ഷിണയായി ഗുരുവിന്റെ മരിച്ചുപോയ മകനെ ജീവിപ്പിച്ചുകൊടുത്തു. രുഗ്മിണി തന്നെ മനസാവരിച്ചതായി അറിഞ്ഞ കൃഷ്ണന്‍ അവളെ ആഗ്രഹിച്ച മറ്റു രാജാക്കന്മ‍ാരില്‍നിന്നും ഉടലോടെ രക്ഷിച്ചു പരിണയിച്ചു. ഏഴു കാട്ടുകാളകളെ മല്ലടിച്ച്‌ മയക്കി മറ്റു പല രാജകുമാരന്മ‍ാരേയും തോല്‍പ്പിച്ച്‌ സത്യഭാമയെ പാണിഗ്രഹണം ചെയ്തു. സത്യയോടുളള പ്രേമംകൊണ്ട്‌ ഇന്ദ്രന്റെ വളപ്പിലുണ്ടായിരുന്ന ഒരു സ്വര്‍ഗ്ഗീയ വൃക്ഷത്തെ അവള്‍ക്കായി കൊണ്ടുവന്നു കൊടുത്തു. ദുഷ്ടനായ നരകാസുരനെ ക്കൊന്ന് അവന്‍ തടവിലാക്കി വെച്ചിരുന്ന പതിനാരായിരം രാജകുമാരിമാരെ രക്ഷിച്ചു. അവരെല്ല‍ാം ഭഗവാനെ പരിണയിക്കാനാഗ്രഹിച്ചപ്പോള്‍ സ്വയം പതിനാരായിരം രൂപങ്ങളായിമാറി എല്ലാവരേയും വിവാഹം ചെയ്തു. എല്ലാവരിലും പത്തു പുത്രന്മ‍ാര്‍ വീതമുണ്ടാവുകയും ചെയ്തു.
പല രാക്ഷസന്മ‍ാരേയും ഭഗവാന്‍ നിഗ്രഹിച്ചു. പലരേയും ഭഗവാന്‍ സ്വയവും മറ്റുളളവരെ ബലരാമനുമാണ് വകവരുത്തിയത്‌. കുരുക്ഷേത്രയുദ്ധത്തില്‍ പരസ്പരം നശിപ്പിക്കാനും അവസരം നല്‍കിയാണദേഹം ദുഷ്ടരുടെ നിഗ്രഹം സാധിച്ചതു. ദുഷ്ടരുടെ ഉപദേശങ്ങള്‍ മാത്രം കേട്ടു പ്രവര്‍ത്തിച്ച ദുര്യോധനന്റെ ചെയ്തികള്‍മൂലം വളരെയേരറപ്പേര്‍ക്ക്‌ ജീവഹാനി സംഭവിച്ചു. കൃഷ്ണന്റെ ബന്ധുക്കള്‍ പോലും (യാദവര്‍) ശക്തരും പാപികളും ആയിത്തീര്‍ന്നു. അവര്‍ മദ്യപിച്ച്‌ തമ്മില്‍തമ്മില്‍ സ്വയം നാശം ക്ഷണിച്ചുവരുത്തുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അവര്‍ പരസ്പരം നിഗ്രഹിക്കുവാന്‍ അദ്ദേഹമങ്ങിനെ ഇടവരുത്തി. ഭഗവാന്‍ കൃഷ്ണന്‍ യുധിഷ്ഠിരനെ സിംഹാസനത്തിലിരുത്തി.
ഗര്‍ഭത്തിലിരിക്കുന്ന പരീക്ഷിത്തിനെ അശ്വത്ഥാമാവിന്റെ ആഗ്നേയാസ്ത്രത്തില്‍ നിന്നും പരിരക്ഷിച്ചു. ദ്വാരകവാഴുമ്പോള്‍ എല്ലാ സമ്പദൈശ്വര്യങ്ങളിലും വ്യാപൃതനായിരുന്നെങ്കിലും ഭഗവാന്‍ ഒന്നിന്റേയും ബന്ധത്തിലായിരുന്നില്ല. യോഗികള്‍ക്കുമാത്രം സാധിക്കുന്നമട്ടില്‍ അദ്ദേഹം നിസ്സംഗനായി വിട്ടുനിന്നു. ലോകവും നാകവും അദ്ദേഹത്തിന്റെ ദിവ്യശക്തിയാലും കരുണാവായ്പ്പിനാലും സൗഹൃദത്തിനാലും സര്‍വ്വദാ സന്തോഷിച്ചിരുന്നു. അങ്ങിനെ ജിവിതമാസ്വദിച്ച്  ഏറെനാള്‍ കഴിഞ്ഞപ്പോള്‍ ഗൃഹസ്ഥജീവിതത്തിനോട് അദ്ദേഹത്തിനു തീരെ താല്‍പര്യമില്ലാതായി. അതാണു ഭഗവാന്റെ ജീവിതോദാഹരണം. ആ പാദാരവിന്ദങ്ങളെ പിന്‍തുടരാനാഗ്രഹിക്കുന്നുവര്‍ എങ്ങിനെ വിഷയാസക്തനും ഇന്ദ്രിയഭോഗിയുമായിത്തീരും? അദ്ദേഹംപോലും സ്വയം ഈശ്വരേച്ഛയ്ക്കും വിധിക്കും അതീതനല്ലത്രേ.
ഇതിനിടയില്‍ ഭഗവാന്റെ ബന്ധുപുത്രാദികള്‍ കളിയായി ഒരു മുനിയെ അപമാനിച്ച്‌ അദ്ദേഹത്തിന്റെ ശാപത്തിന്നിരയായി. അതിനുശേഷം കടലില്‍ കുളിക്കാനും സന്ദ്യാവന്ദനത്തിനുമായി അവര്‍ പോവുകയും ബ്രാഹ്മണര്‍ക്കും മറ്റും കൈനിറയെ സംഭാവനകള്‍ നല്‍കുകയും ചെയ്തു.

No comments:

Post a Comment