Sunday, May 05, 2019

നീ ഈ ലോകം സത്യമാണ് എന്നു ശഠിക്കുന്നതുകൊണ്ടാണ് വേദാന്തികൾ സത്യമല്ല എന്നു പറയുന്നത്''
- രമണ മഹർഷി
വേദാന്തത്തിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ; നിത്യസത്യവും അചലവും പരിണാമമില്ലാത്തതുമായ വസ്തുവിനെ അവനവനിലെ അനുഭൂതിയായിട്ട് പ്രകാശിപ്പിക്കുക. അതിനുവേണ്ടി ലോകർ ഉണ്ടെന്നു ശഠിക്കുന്ന, സത്യവസ്തുവെ മറച്ചുപിടിച്ചിരിക്കുന്ന ലോകമെന്ന വെറും പുറംതോടിനെ പൊട്ടിച്ചു വലിച്ചെറിഞ്ഞ് കാണിക്കേണ്ടിയിരിക്കുന്നു.
എങ്ങനെയാ പൊട്ടിക്കുക എന്നുവച്ചാൽ അത് ഉണ്മ(ഉള്ളത്) അല്ലെന്നു തെളിയിക്കണം, അതെങ്ങനെയെന്നു വച്ചാൽ അതിനെ വിശകലനം (അന്വേഷണം) ചെയ്യണം. തലനാരിഴ കീറി പരിശോധിച്ചുകഴിയുമ്പോൾ അതിന്റെ കള്ളത്തരം (ഉണ്മയല്ലെന്ന തിരിച്ചറിവ്) ബോധ്യപ്പെടും. അത് ഉണ്മയല്ലെന്നു തിരിച്ചറിഞ്ഞുകഴിയുമ്പോൾ ഉള്ളതിനെ അന്വേഷിക്കും. കാരണം, തള്ളിക്കളയാൻപറ്റാത്ത എന്തോ ഒന്ന് അപ്പോഴും ബാക്കി നിലനിൽക്കുന്നു. അപ്പൊ അന്വേഷണം അന്വേഷകനിൽ ചെന്നു നിൽക്കും. പിന്നെ അന്വേഷകനെയും തലനാരിഴ കീറി വിശകലനം ചെയ്യും. 'ഞാൻ ആരാണ്?', 'എന്റെ സ്വരൂപം എന്താണ്?'. ആദ്യം ഞാൻ ഈ ശരീരത്തെ വിശകലനം ചെയ്യും, അതിന് പരിണാമമുണ്ടെന്നു ബോധ്യപ്പെടും, അപ്പഴും ഞാൻ ബാക്കിനിൽക്കും. പിന്നെ ഞാൻ മനസ്സാണോ എന്നന്വേഷിക്കും. അതും സമയാസമയങ്ങളിൽ മാറിക്കൊണ്ടിരിക്കണു എന്നു ബോധ്യപ്പെടും. അപ്പഴും അതിന്റെ ചലനങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന ഒരാൾ അവിടുണ്ടെന്നു ബോധ്യപ്പെടും. അപ്പൊ മനസ്സും ഞാൻ അല്ല. പിന്നെ ബുദ്ധിയെ വിശകലനം ചെയ്യും, അതും ഞാനല്ലെന്നു ബോധ്യപ്പെടും. പിന്നെ ഇന്ദ്രിയങ്ങളാണോ ഞാൻ എന്നന്വേഷിക്കും, അതുമല്ലെന്നു ബോധ്യപ്പെടും. പിന്നെ ഞാനെന്ന പ്രത്യേക വ്യക്തിത്വത്തെ (അഹങ്കാരം) വിശകലനം ചെയ്യും. അതിന്റെ ഭാവമാറ്റങ്ങളെയൊക്കെ കണ്ടുകൊണ്ട് അപ്പഴും ഞാൻ മാത്രം ബാക്കിനിൽക്കും. പിന്നെ ഞാനിനെ തിരഞ്ഞ് സകല പ്രാപഞ്ചികവസ്തുക്കളിലേക്കും (പഞ്ചഭൂതങ്ങൾ, സൂര്യചന്ദ്രാദികൾ അടക്കമുള്ളത്) എന്റെ ആന്വേഷണം കടന്നുചെല്ലും. ഇവയൊന്നും ഞാനല്ലെന്നു ബോധ്യപ്പെടും.
അങ്ങനെ അന്വേഷിച്ചതൊന്നും ഞാനല്ല ഏന്നു ബോധ്യപ്പെടുന്നു. എന്നിട്ടും ഞാൻ അവശേഷിക്കും.
ഇങ്ങനെ, എല്ലാറ്റിലും അന്വേഷിച്ചുചെന്നിട്ടും അവയിൽ കാണാൻ പറ്റാത്തതായ, എന്നിട്ടും അവശേഷിക്കുന്ന ഒരുണ്മ ബാക്കിനിൽക്കുന്നു. ആ ഉണ്മയാണു 'ഞാൻ'. ഒന്നുമില്ലാത്തപ്പഴും എല്ലാറ്റിനോടും ചേർന്നിരിക്കുമ്പോഴും ബാക്കിയാവുന്ന 'ശേഷൻ' ആണു ഞാൻ. അതിനു പ്രകൃതിയുമായി പ്രത്യേകിച്ചു സംബന്ധമൊന്നുമില്ല, അത് എല്ലാറ്റിൽനിന്നും വേറിട്ട ഒരു സ്വതന്ത്ര വസ്തു. അതിനൊരിക്കലും ച്യുതി സംഭവിക്കുന്നില്ല, അതിന് യാതൊരു വിധ പരിണാമവുമില്ല.
സർവം നിറഞ്ഞുനിൽക്കുന്നതും നിത്യശുദ്ധബുദ്ധമുക്ത സ്വഭാവരൂപവുമായ ഞാനിനെ കണ്ടെത്തുന്നതുവരെ അന്വേഷണം തുടരുക. അതിലെത്തിക്കഴിഞ്ഞാൽ പിന്നെ യാത്രയില്ല, അവിടെ അന്വേഷിക്കുന്ന മനസ്സ് (വ്യക്തി) നിശ്ചലമാകും, അപ്പഴും 'അതു'മാത്രം ബാക്കിനിൽക്കും.
പ്രണാമം!.
sudha bharat

No comments:

Post a Comment