Saturday, May 04, 2019

പുഷ്പകവിമാനത്തിലിരുന്ന് സീത  ഭയന്നു വിറച്ചു. ഭീമാകാരനായ രാക്ഷസരാജാവിന്റെ സാമീപ്യം അവളില്‍ ഒരേസമയം വെറുപ്പും ഭീതിയും ഉളവാക്കി. രാമലക്ഷ്മണന്മാരേയും വനദേവതമാരേയും വിളിച്ച് ദേവി ആര്‍ത്തലച്ചു. ഒരു ഫലവുമുണ്ടായില്ല. ഒടുവില്‍ വൃദ്ധജടായുവിന്റെ പേരാണ് സീതയ്ക്ക് ഓര്‍മയില്‍ തെളിഞ്ഞത്. ജടായുവിനെ വിളിച്ചു വിലപിച്ചതും ഗിരിശൃംഗങ്ങളെ ഇളക്കിമറിച്ചു കൊണ്ട് അതികായനായ ജടായു പറന്നെത്തി രാവണനോടെതിര്‍ത്തു. 
ത്രിലോകനാഥനായ ശ്രീരാമദേവന്റെ പത്‌നിയെ തട്ടിയെടുക്കാന്‍ നീയാരെടാ എന്നു ചോദിച്ചു കൊണ്ട് ജടായു രാവണനെ നേരിട്ടു. ത്രിലോകങ്ങള്‍ക്കും രാജാവായ എന്നെ നീ അറിയില്ലേയെന്ന ചോദ്യവുമായി രാവണന്‍ ജടായുവിനെ എതിരിടാന്‍ എത്തി.
രാവണനെ ജടായു കണക്കിന് പരിഹസിച്ചു. പരമശിവന്റെ കൈലാസത്തിനടിയില്‍ പെട്ട് കൈകള്‍ ഞെരിഞ്ഞ് പല്ലിളിച്ച വീരനല്ലേ നീ. കാര്‍ത്തവീര്യന്റെ പാഴ്ത്തുറുങ്കില്‍ പട്ടിണി കിടന്ന് നരകിച്ച ശൂരന്‍. നിന്നെ അറിയാതെന്ത് !  ജടായുവിന്റെ കളിയാക്കല്‍ സഹിക്കാവുന്നതിലുമേറെയായിരുന്നു രാവണന്. 
ചന്ദ്രഹാസമിളക്കി രാവണന്‍ ജടായുവിനെ വെട്ടി. വെട്ടേറ്റ ജടായു ചിറകറ്റു കാട്ടില്‍ വീണു. അതുകണ്ട് സീതാദേവി കരഞ്ഞു. ശ്രീരാമന്‍ എത്തിയശേഷമേ ചരമമുണ്ടാകൂ എന്ന് ദേവി ജടായുവിനോടു കണ്ണീരോടെ പറഞ്ഞു. രാവണന്‍ വിമാനം അതിവേഗത്തില്‍ തെക്കുദിശയിലേക്ക് പറപ്പിച്ചു. കുറച്ചു ദൂരെയായി ഒരു ഗിരിശൃംഗത്തില്‍ കുറച്ചുപേര്‍ നില്‍ക്കുന്നത് സീത കണ്ടു. സീത തന്റെ ആഭരണങ്ങള്‍ ഉത്തരീയത്തില്‍ പൊതിഞ്ഞു കെട്ടി ആ മലമുകളിലേക്കിട്ടു. ഇതൊന്നും രാവണന്‍ അറിഞ്ഞതേയില്ല. 
അങ്ങനെ പുഷ്പകവിമാനത്തില്‍ സീതയേയുമായി രാവണന്‍ ലങ്കയിലെത്തി. വിമാനം ലങ്കയുടെ മധ്യത്തിലിറക്കി. സീതയോടും ആശ്രമത്തോടും കൂടിയ വനപ്രദേശത്തെ വിമാനത്തില്‍ നിന്നിറക്കി അശോകവനത്തിലെ ശിംശിപാവൃക്ഷത്തിനരികെ സ്ഥാപിച്ചു. സീതയുടെ സംരക്ഷണത്തിന് ചില രാക്ഷസിമാരെ നിയോഗിച്ചു. രാവണന്റെ വീരകൃത്യങ്ങളും ഗുണങ്ങളും പറഞ്ഞുപൊലിപ്പിച്ച് സീതയെ പ്രലോഭിപ്പിക്കുക എന്ന ദൗത്യം കൂടിയുണ്ടായിരുന്നു അവര്‍ക്ക്.
അങ്ങകലെ പഞ്ചവടിയില്‍, മാരീചന് മോക്ഷം നല്‍കി ശ്രീരാമന്‍ ആശ്രമത്തിലേക്ക് മടങ്ങി. മാര്‍ഗമധ്യേ രാമന്‍, ലക്ഷ്മണനെ കണ്ടു. സീത നിര്‍ബന്ധിച്ച് തന്നെ രാമന് അരികിലേക്ക് അയച്ച കഥ പറഞ്ഞു ലക്ഷ്മണന്‍. രാമന്റെയുള്ളില്‍ ഭീതിയേറി. ഇരുവരും തിരക്കിട്ട് ആശ്രമത്തിലെത്തി. അവിടെ സീതയോ പര്‍ണശാലയോ ഉണ്ടായിരുന്നില്ല. കൃത്യവിലോപത്തിന് രാമന്‍, ലക്ഷ്മണനെ ശാസിച്ചു. പക്ഷിമൃഗാദികളോടെല്ലാം സീതയയെവിടെന്ന് രാമന്‍ അന്വേഷിച്ചു. അവ നോട്ടങ്ങള്‍ കൊണ്ട് സൂചിപ്പിച്ച ദിക്കിനെ ലക്ഷ്യമാക്കി രാമന്‍ അന്വേഷണമാരംഭിച്ചു. 

No comments:

Post a Comment