Thursday, May 09, 2019

ശിവശ്ശക്ത്യാ യുക്തോ യദി ഭവതി ശക്ത: പ്രഭവിതും
 നചേദേവം ദേവോ നഖലു കുശലഃ സ്പന്ദിതുമപി 
 അതസ്ത്വാമാരാധ്യാം ഹരിഹര വിരിഞ്ചാദിഭരപി'
 പ്രണന്തും സ്‌തോതും വാ കഥമകൃതപുണ്യ:പ്രഭവതി
ശിവന്‍ ശക്തിയോടുകൂടി (പാര്‍വതിയോടു ചേര്‍ന്ന്)  സ്ഥിതി ചെയ്യുമ്പോള്‍ സര്‍വശക്തനായിരിക്കും. അല്ലാത്ത പക്ഷം (പാര്‍വതിയുടെ സാന്നിധ്യമില്ലെങ്കില്‍)  ഈ ദേവന് അനങ്ങുവാന്‍ പോലും സാധിക്കില്ല. അതിനാല്‍ ബ്രഹ്മാവിഷ്ണു  മഹേശ്വരന്മാര്‍ക്കു പോലും പൂജനീയയായ ഭഗവതിയെ സ്തുതിച്ചുപാസിക്കുന്നവന്‍ പുണ്യവാനായിരിക്കും. 
 ശ്രീശങ്കരന്റെ സൗന്ദര്യലഹരിയിലെ ഈ ശ്ലോകത്തില്‍ തന്നെ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനാധാരമായ തത്വദര്‍ശനങ്ങളെല്ലാം അടങ്ങിയിരിക്കുന്നു എന്നുകാണാം. സീതാരാമതത്വവും രാധാകൃഷ്ണസങ്കല്പവുമെല്ലാം ഇതേ പൊരുളിനെത്തന്നെ വെളിപ്പെടുത്തുന്നു. അദ്വൈതദര്‍ശനമെന്ന സാര്‍വദേശീയ അംഗീകാരം സിദ്ധിച്ച സിദ്ധാന്തത്തിന്റെ ഉത്ഭവസ്ഥാനവും ഇതു തന്നെ. 
 കേരളമാതാവിന്റെ ഏറ്റവും മഹത്തായ പുത്രന്‍. അദ്വൈതവാദത്തിലൂടെ ഹൈന്ദവതത്ത്വസംഹിതയില്‍ മഹനീയമായൊരു പൈതൃകം സൃഷ്ടിച്ച ഋഷിവര്യന്‍. ദാര്‍ശനികന്‍ എന്ന നിലയില്‍ പതഞ്ജലിക്കും ബാദരായണനുമൊപ്പം നില്‍ക്കുന്നവന്‍. രാമാനുജനും മാധ്വാചാര്യനും വിവേകാനന്ദനുമെല്ലാം ആശ്രയസ്രോതസ്സായി വര്‍ത്തിച്ച ഭാരതീയ വേദാന്തചിന്തകന്‍.
ഹ്രസ്വജീവിതത്തിനിടയില്‍ ഒന്നിലധികം തവണ ഭാരതം മുഴുവന്‍ സഞ്ചരിച്ച് ഹിന്ദുമതത്തിന് പുതുജീവന്‍ നല്‍കിയ ആചാര്യന്‍. വിഘടിച്ചു നിന്നിരുന്ന ഹൈന്ദവ വിശ്വാസസമ്പ്രദായങ്ങളെ, അദ്വൈതവേദാന്തമെന്ന കുടക്കീഴില്‍ സമന്വയിപ്പിച്ച്  നിര്‍ത്തിയ ഉത്തുംഗപ്രതിഭ. സീമാതീതമായ ആകാശം പോലെയും അളക്കാനാവാത്തത്ര ആഴവും പരപ്പുമുള്ള സമുദ്രം പോലെയും ആ വ്യക്തിത്വത്തിന്റെ പ്രകാശം ലോകാന്തരങ്ങളിലേക്ക് വ്യാപിച്ചു നില്‍ക്കുന്നു എന്നതാണ് സത്യം. 
ആദിശങ്കരന്റെ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ പരമ്പരാഗത ഉറവിടം ' ശങ്കരവിജയങ്ങള്‍' എന്ന കാവ്യഗ്രന്ഥങ്ങളാണ്. ഇതിഹാസ കാവ്യങ്ങളുടെ ശൈലിയില്‍ രചിക്കപ്പെട്ടിട്ടുള്ള ജീവചരിത്രകൃതികളായ മാധവീയ ശങ്കരവിജയം, ചിദ്‌വിലാസീയ ശങ്കരവിജയം, അനന്തഗിരീയ ശങ്കരവിജയം, കേരളീയ ശങ്കരവിജയം ഇവയാണ് പ്രധാനപ്പെട്ടവ.  ശങ്കരവിരചിതമായ ഗ്രന്ഥങ്ങളില്‍ ഏറെയും വിഷയമാക്കിയിട്ടുള്ളത്, ഭാരതീയ വേദസാഹിത്യവും വേദാന്തദര്‍ശനങ്ങളിലെ അദ്വൈതവിഭാഗവുമാണ്. അദ്വൈതസിദ്ധാന്തത്തെ ഇത്രയേറെ യുക്തിഭദ്രമായി പുനരാവിഷ്‌കരിച്ച മറ്റൊരു മനീഷിയെ ചൂണ്ടിക്കാണിക്കാനില്ല. 
ശ്രീശങ്കരന്റെ ജീവിതകാലം എ. ഡി. എട്ടാം ശതകത്തിന്റെ ആദ്യദശകങ്ങളിലാണെന്ന് പണ്ഡിതന്മാരായ ചരിത്രാന്വേഷികള്‍ കണ്ടെത്തിയിട്ടുണ്ട്. എ.ഡി. 788-820  എന്ന് കൃത്യമായി രേഖപ്പെടുത്തുന്നവരുമുണ്ട്. ശിവഗുരുവിന്റേയും ആര്യാംബയുടേയും ഏകമകന്‍ ശങ്കരന്‍ അഞ്ചാം വയസ്സില്‍ ഗുരുകുല വിദ്യാഭ്യാസം തുടങ്ങിയ പ്രായത്തില്‍ തന്നെ ഗുരുക്കന്മാരേയും സഹപാഠികളേയും അമ്പരപ്പിക്കുന്ന തരത്തില്‍ ബുദ്ധിവൈഭവം പ്രകടിപ്പിച്ചിരുന്നു.
എട്ടുവയസ്സിനുള്ളില്‍ത്തന്നെ ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നാലു വേദങ്ങളും തര്‍ക്കശാസ്ത്രവും സാംഖ്യദര്‍ശനവും പതഞ്ജലിയുടെ യോഗശാസ്ത്രവും വേദാന്തങ്ങളും പുരാണേതിഹാസങ്ങളും ഹൃദിസ്ഥമാക്കി. ചെറുപ്പത്തില്‍ തന്നെ സംന്യാസജീവിതത്തെ സ്വപ്‌നം കണ്ടിരുന്നു. പുഴക്കടവില്‍ വെച്ച് ശങ്കരന്റെ കാലില്‍ മുതല കടിച്ചു എന്നാണല്ലോ കഥ. തുടര്‍ന്ന് സംന്യസിക്കാനുള്ള അനുമതി അമ്മയോട് ചോദിച്ചു വാങ്ങുകയും മരണസമയത്ത് അമ്മയുടെ അരികില്‍ താന്‍ എത്തിക്കൊള്ളാമെന്ന് വാക്കു കൊടുക്കുകയുമൊക്കെ ചെയ്തതായി വിശ്വസിക്കപ്പെടുന്നു. 
ഗോവിന്ദപാദരുടെ ശിഷ്യനായി സംന്യാസം സ്വീകരിച്ച ശങ്കരന്‍ ഭട്ടമീമാംസയിലും വേദാന്തത്തിലും ഹൈന്ദവതത്ത്വചിന്താപദ്ധതിയിലെ വിവിധ വിഭാഗങ്ങളിലുള്ള സര്‍വപണ്ഡിതന്മാരേയും പരാജയപ്പെടുത്തിക്കൊണ്ടാണ് ജ്ഞാനത്തിന്റെ അത്യുന്നതപീഠത്തിലേക്ക് പ്രവേശിച്ചത്.  ആരാലും ചോദ്യം ചെയ്യപ്പെടാത്ത അറിവിന്റെ മഹാപീഠത്തില്‍ ആസനസ്ഥനായ ഇദ്ദേഹമാണ് സര്‍വഥാ യോഗ്യന്‍ എന്ന് വിദ്യാധിദേവതയായ സാക്ഷാല്‍ സരസ്വതി തന്നെ സാക്ഷ്യപ്പെടുത്തിയെന്നാണ് 'മാധവീയ ശങ്കരവിജയ'ത്തില്‍ പറയുന്നത്. 
വേദങ്ങളെ അവയുടെ ശുദ്ധരൂപത്തില്‍ അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ഭാരതത്തിന്റെ നാലു കോണുകളിലായി നാലു മഠങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത ആചാര്യ സ്വാമികള്‍, സ്മാര്‍ത്ത സമ്പ്രദായത്തിലെ ദൈവാരാധനയും ദശനാമി സമ്പ്രദായത്തിലെ സംന്യാസമഠങ്ങളും ഷണ്മതാരാധനയും ഒക്കെ ചിട്ടപ്പെടുത്തുകയുണ്ടായി. വിവിധ ഹിന്ദുവിഭാഗങ്ങളെ ഏകീകരിക്കാനുള്ള പ്രത്യയശാസ്ത്രമായിട്ടാണ് ശ്രീശങ്കരന്‍ അദ്വൈതസിദ്ധാന്തത്തെ അവതരിപ്പിച്ചത്. 
ഈ പ്രപഞ്ചത്തിന് ആധാരഭൂതമായ പരമാത്മാവും നമ്മള്‍ ഓരോരുത്തരിലുമുള്ള ജീവാത്മാവും രണ്ടല്ല, ഒന്നു തന്നെയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിവിധ വിശ്വാസങ്ങളെ ഹൈന്ദവത എന്ന പൊതുധാരയിലേക്ക് കൊണ്ടുവരികയാണ് ശ്രീ ശങ്കരന്‍ ചെയ്തത്. പല നദികള്‍ ഒഴുകിച്ചേര്‍ന്ന് ഒരൊറ്റ സമുദ്രമായി സ്ഥിതി ചെയ്യുന്നതു പോലെ, വ്യത്യസ്ത വിശ്വാസങ്ങളും ആശയങ്ങളും ആചാരങ്ങളും വെച്ചു പുലര്‍ത്താവുന്ന ഒരു ബഹുസ്വര സമഗ്രതയാണല്ലോ ഹിന്ദുമതത്തിന്റെ മുഖ്യസവിശേഷത.
ഒരേയൊരാചാര്യന്‍, ഒരൊറ്റവിശുദ്ധഗ്രന്ഥം, ഒരേയൊരു പ്രമാണസംഹിത;   ഇത്തരത്തില്‍ ഏകകേന്ദ്രീകൃതവ്യവസ്ഥകളുള്ള മതമല്ല ഹിന്ദുമതം. ഈയവസ്ഥയില്‍ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ച് വ്യത്യസ്ത ആശയഗതികളുള്ള ആചാര്യന്മാരുമായി വാദപ്രതിവാദം നടത്തുകയും തന്റെ അദ്വൈതസിദ്ധാന്തം അവരെക്കൊണ്ട് അംഗീകരിപ്പിക്കുകയുമാണ് ആദിശങ്കരന്‍ ചെയ്തത്. ശൈവം, വൈഷ്ണവം, ശാക്തം, സൗരം, ഗാണപത്യം, കൗമാരം എന്നീ ആറു പ്രമുഖ ഹിന്ദുവിശ്വാസ രീതികളെ ഏകധാരയിലേക്ക് കൊണ്ടുവന്നു അദ്ദേഹം. പഞ്ചായതന ആരാധനാരീതി നടപ്പാക്കി. അതനുസരിച്ച് ആദിത്യന്‍, അംബിക, ഗണനാഥന്‍, മഹേശ്വരന്‍, വിഷ്ണു എന്നീ അഞ്ചു ദേവതകളെ ആരാധിക്കാം. പ്രാമുഖ്യം ഏത് ദേവതയ്‌ക്കെന്ന് ഓരോ ഭക്തനും തീരുമാനിക്കുകയും ചെയ്യാം. 
കശ്മീരിലെത്തിയ ശ്രീശങ്കരന്‍ ശ്രീനഗറിനടുത്ത് വിജ്ഞാനദേവതയായ ശാരദാംബികയുടെ ക്ഷേത്രത്തിലെ സര്‍വജ്ഞപീഠത്തില്‍ ആസനസ്ഥനായി. 'സൗന്ദര്യലഹരി'യുടെ രചനയും കശ്മീരില്‍ വെച്ചായിരുന്നു എന്നു കരുതാം. പിന്നീട് ഹിമാലയത്തിലെ ബദരീനാഥിലുമെത്തി. അവിടെ സംന്യാസി മഠം മാത്രമല്ല, ക്ഷേത്രപ്രതിഷ്ഠയും നടത്തി. കേരളീയാചാര പ്രകാരമുള്ള പൂജകളാണ് ഇന്നും അവിടെ നടക്കുന്നത്. മലയാള ബ്രാഹ്മണനാണ് അവിടത്തെ പൂജാരി. 
 ബ്രഹ്മം മാത്രമാണ് പ്രപഞ്ചത്തിലെ പരമസത്യം എന്നതത്രേ ശാങ്കരദര്‍ശനത്തിന്റെ സാരസര്‍വസ്വം. ബ്രഹ്മസൂത്രഭാഷ്യം, ഉപനിഷത്ഭാഷ്യങ്ങള്‍, വിവേകചൂഡാമണി, ഭഗവത്ഗീതാവ്യാഖ്യാനം, ശിവാനന്ദലഹരി, യോഗസൂത്രവ്യാഖ്യാനം, തുടങ്ങിയ 112 ഗ്രന്ഥങ്ങളിലായി വ്യാപിച്ചു കിടക്കുന്നു ആ മഹാദാര്‍ശനികന്റെ സിദ്ധാന്തങ്ങള്‍. കാലദേശഭാഷാതിര്‍ത്തികള്‍ ഭേദിച്ചു കൊണ്ട്, അവ സര്‍വാദൃതങ്ങളായി നിലനില്‍ക്കുക തന്നെ ചെയ്യും.
janmabhumi

No comments:

Post a Comment