Friday, May 17, 2019

Savitri puram.
അദ്വൈത കൃഷ്ണൻ
മാധവാചാര്യരുടെ ദ്വൈതവും രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതവും ശങ്കരാചാര്യരുടെ അദ്വൈതവും ഒക്കെ നമുക്ക് ആ മഹാത്മാക്കൾ പറഞ്ഞു തന്നു. വളരെ പരിമിതമായ ജ്ഞാനcത്താടെ അതെല്ലാം വായിച്ച്‌ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ സംശയങ്ങൾ കൊണ്ട് മനസ്സു നിറയുന്നു. ഭാഗവതവും ദ്വൈതത്തിൽ തുടങ്ങി വിശിഷ്ടാദ്വൈതത്തിലൂടെ അദ്വൈതമെന്ന പരമലക്ഷ്യത്തിലെത്തി നിൽക്കുന്നു. ഒരു സാധാരണ മനുഷ്യസ്ത്രീ ആയി ഈ സംസാരത്തിൽ ജീവിക്കുന്ന എനിക്ക് ദ്വൈതഭാവം പോലും ഉൾക്കൊള്ളാൻ കഴിയുന്നുണ്ടോ?
ഒരു ദിവസം രാവിലെ വിളക്കു കൊളുത്തി ഞാൻ കൃഷ്ണനോടുതന്നെ എന്റെ സംശയം ചോദിച്ചു:
കൃഷ്ണ , ദ്വൈതവും വിശിഷ്ടാദ്വൈതവും അദ്വൈതവും എന്നെ കുഴക്കുന്നു. എനിക്ക് മനസ്സിലാകുന്ന തരത്തിൽ ഒന്നു പറയൂ കൃഷ്ണ. കൃഷ്ണന്റെ കൃപ എന്നിൽ ചൊരിയൂ, അതുണ്ടായാൽ എന്റെ ബുദ്ധി തെളിയാൻ എന്തു പ്രയാസം ?
ഒട്ടും തന്നെ പാകത വരാത്ത, പരിശുദ്ധമല്ലാത്ത എന്റെ മനസ്സിൽ സ്നേഹപൂർവ്വം കടന്നുവന്ന് കൃഷ്ണൻ മധുരമായി ചിരിച്ചു കൊണ്ട് പറഞ്ഞു:
" ദ്വൈതഭാവത്തിൽ ഞാൻ കൃഷ്ണൻ, നീ എന്നരികിലെ രാധ (അഥവാ എന്റെ പ്രിയഗോപികമാരിൽ ഒരാൾ ) എന്ന് സങ്കൽപിച്ചുകൊൾക. വിശിഷ്ടാദ്വൈത്വഭാവത്തിൽ, ഞാൻ കൃഷ്ണൻ നീ എന്റെ ഉള്ളിൽ വസിക്കുന്ന രാധ ( അഥവാ എന്റെ പ്രിയ ഗോപിക), അദ്വൈത ഭാവത്തിൽ ഞാൻ കൃഷ്ണ.ൻ, നീ എന്നിൽ പൂർണസായൂജ്യമടഞ്ഞ, കൃഷ്ണൻ തന്നെയായിത്തീർന്ന, രാധ! നമ്മൾ ഒന്ന്. അവിടെ മറ്റൊന്നില്ല.
എല്ലാ ദിവ്യമായ ഭാവങ്ങളും അദ്വൈത ഭാവത്തിലേക്കുള്ള പടികൾ. സംശയിക്കേണ്ട. എന്റെ രാധയെ (പ്രിയഗോപികയെ ) ഞാൻ അക്ഷമയോടെ കാത്തിരിക്കുന്നു. അദ്വൈതത്തിcലക്കുള്ള യാത്രയിൽ നിനക്കെല്ലാ ഭാവുകങ്ങളും നേരുന്നു. അനുസ്യൂതമായ കൃഷ്ണസ്മരണ നിനക്ക് ശക്തി നൽകട്ടെ ".
സംശയങ്ങൾ നീങ്ങിയ ഞാൻ ആ പാദപത്മങ്ങളിൽ നമിച്ച് കൃഷ്ണ സ്മരണ സദാ മനസ്സിൽ നിറയണേ എന്ന് മാത്രം പ്രാർഥിച്ചു. ദ്വൈതവും വിശിഷ്ടാദ്വൈതവും അദ്വൈതവും ഒന്നും അറിയാൻ ശ്രമിക്കാതെ കൃഷ്ണന്നരികിലെത്തി കൃഷ്ണന്നുള്ളിലെത്തി , കൃഷ്ണ സായൂജ്യം നൽകാൻ വേണ്ടി പുഞ്ചിരി തൂകി കൃപ പൊഴിച്ച നില്ക്കുന്ന , കൃഷ്ണന്റെ നിരന്തരസ്മരണ മാത്രം, മാത്രം നൽകണേ!

No comments:

Post a Comment