Friday, May 17, 2019

Savitri Puram.
തൃഷ്ണയകറ്റുന്ന കൃഷ്ണൻ
അമ്മ എന്ന പദത്തെ ഒന്നു നിർവചിക്കാമോ? എന്തുകൊണ്ട് പെറ്റമ്മയെ ജനിച്ച ദിവസം തന്നെ കൈവെടിഞ്ഞു? എന്തുകൊണ്ട് പതിനൊന്നു വർഷങ്ങൾ പോറ്റി വളർത്തിയ പോറ്റമ്മയെയും എന്നെന്നേക്കുമായി പിരിഞ്ഞു പോയി? ഇതൊക്കെ മാതൃദിനത്തിൽ തന്നെ കൃഷ്ണനോട് ചോദിക്കാമെന്ന് കരുതി ഞാൻ ഹൃദയ കുഹരത്തിന്റെ വാതിൽക്കൽ നിന്നു. മകളും അമ്മയും മുത്തശ്ശിയമ്മയും ഒക്കെയായ എനിക്ക് കൃഷ്ണനോട് ചോദിക്കാൻ ധൃതിയായി. അമ്മയെ ഓർക്കാനും നമിക്കാനും ഒരു മാതൃദിനം വേണമെന്ന് നിർബന്ധം പിടിക്കുന്ന ഒരു സംസ്ക്കാരത്തെ ഞാനും കണ്ണടച്ച് അനുകരിക്കയാണല്ലോ എന്ന അനുകമ്പ ആ പാൽപ്പുഞ്ചിരിയിൽ ഒളിഞ്ഞിരിക്കുന്നുണ്ടോ? എങ്കിലും കൃഷ്ണന്റെ ഞാനല്ലേ എന്ന ധൈര്യത്തിൽ ഞാൻ ചോദിക്കുക തന്നെ ചെയ്തു.
കൃഷ്ണൻ മനസ്സിൽ മന്ത്രിച്ചതോ, എന്റെ മനസ്സിന്റെ വിഭ്രാന്തിയോ ഞാൻ താഴെ കുറിക്കുന്നതെന്നറിയില്ല.
"അമ്മക്ക് അമ്മയർഹിക്കുന്ന നിർവചനം നൽകാൻ വിഷമമാണെങ്കിലും "കറകളഞ്ഞ, കലവറയില്യാത്ത സ്നേഹം " എന്ന് അമ്മയെ വിശേഷിപ്പിക്കാം.
അവരുടെ കറ കളഞ്ഞ സ്നേഹത്തിലുള്ള വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ് ലോകസംഗ്രഹത്തിനായിക്കൊണ്ട് പെറ്റമ്മയെയും പോറ്റമ്മയെയും ഞാൻ വിട്ടു പോന്നത്. അതാണ് അമ്മ. സമീപത്തിരുന്നാലും അകലെയിരുന്നാലും അമ്മയുടെ സ്നേഹവും അനുഗ്രഹവും മക്കളിലേക്കൊഴുകുന്നു. സഹനശക്തിയുടെ പ്രതീകങ്ങളാണ് അമ്മമാർ. ഉദ്ദേശശുദ്ധിയോടെ നാം ചെയ്യുന്നതൊന്നും അവരെ വേദനിപ്പിക്കുന്നില്ല . അമ്മയുടെ സ്നേഹപ്പുതപ്പിന്നടിയിൽ നിന്ന് ഞാനൊരിക്കലും മാറിയിട്ടില്ല. ആ അമ്മമാരുടെ നിശ്വാസത്തിന്റെ ചൂട് ദുഷ്ടന്മാരെ നശിപ്പിക്കാനും ശിഷ്ടന്മാരെ രക്ഷിക്കാനും എനിക്ക് സദാ പ്രേരണ നൽകി."
കൃഷ്ണന്റെ മാതൃസ്നേഹം എന്നെ കരയിച്ചു.
മാതൃസ്നേഹത്തെപ്പറ്റി ഓർത്തോർത്ത് എല്ലാവരുടേയും മാതാവും പിതാവും ആയ ആ കൃഷ്ണനിൽ ഞാൻ എന്റെ അമ്മയേയും അമ്മയായ എന്നേയും ഞാനറിയുന്ന മറ്റെല്ലാ അമ്മമാരേയും കണ്ടു. കൃഷ്ണ , എനിക്കെല്ലാമെല്ലാം കൃഷ്ണൻ തന്നെ എന്ന അവസ്ഥ ആക്കിത്തരണേ! പിന്നെ അമ്മയും, അഛനും, ഭർത്താവും , മക്കളും , കൂടപ്പിറപ്പുകളും ബന്ധുക്കളും മിത്രങ്ങളും ഒക്കെ കൃഷ്ണൻ!
എല്ലാം കൃഷ്ണമയമായാൽ തൃഷ്ണയെവിടെ?

No comments:

Post a Comment