Wednesday, June 19, 2019

ശ്രീമദ് ഭാഗവതം 186*
ശിവാനന്ദലഹരിയിൽ സമുദ്രമഥനത്തിനെ മുഴുവൻ ഒരു ശ്ലോകത്തിൽ പറയണ്ട്.
ആമ്നായാം ബുധിമാദരേണ സുമന:
സംഘാ: സമുദ്യന്മനോ-
മന്ഥാനം ദൃഢഭക്തിരജ്ജുസഹിതം
കൃത്വാ മഥിത്വാ തത:
സോമം കല്പതരും സുപർവ്വസുരഭിം
ചിന്താമണിം ധീമതാം
നിത്യാനന്ദസുധാം നിരന്തര രമാ-
സൗഭാഗ്യമാതന്വതേ.
ആമ്നായമാകുന്ന സമുദ്രത്തിനെ കടയുന്നു എന്ന് വേദാന്തപരമായിട്ട് പറഞ്ഞു. ഉപനിഷത് ആകുന്ന സമുദ്രത്തിനെ ആണ് കടഞ്ഞത് എന്നാണ്.
യോഗസാധനയിൽ ഒരു മഥനം നടക്കും. നാഡീമഥനം. അനുഭൂതിയുടെ മുഴുവൻ കേന്ദ്രം, അതായത് നമ്മുടെ സകല അനുഭവത്തിനും ഒരു കേന്ദ്ര സ്ഥാനം ണ്ട്. നമുക്ക് എല്ലാ അനുഭവങ്ങളും ണ്ടാകുന്നത് 'ഞാൻ' എന്ന കേന്ദ്രത്തിലാണ്. എനിക്കാണ് എല്ലാ അനുഭവങ്ങളും കുടുംബകാര്യങ്ങളൊക്കെ എനിക്കാണുണ്ടാവണത്. ആ കേന്ദ്രസ്ഥാനത്തിലുള്ള *അഹങ്കാരവൃത്തി* , ആ വൃത്തി യാണ് അമൃതമഥനത്തിലെ *പർവ്വതം.* അത് തന്നെ ആണ് കടയലിന്റെ കേന്ദ്രം.
അനേകശിരസ്സുകളോട് കൂടിയ ഒരു *പാമ്പ്* അതിനെ കെട്ടി പിടിച്ചു കൊണ്ട് നിലക്കണ്ട്. അതാണ് സത്വരജസ്തമോഗുണങ്ങളോടുകൂടിയ *മനസ്സ്* .
*ദൈവീസമ്പത്തും ആസുരീസമ്പത്തും* രണ്ടു വശത്തും നിന്ന് കടയുകയാണ് ഭഗവാന്റെ സഹായത്തോടു കൂടെ. ആശ്രയം അവിടെ ആണ്. *ഭഗവാനെ ആശ്രയിച്ച്* കൊണ്ടാണ് യത്നം. യോഗസാധന. അങ്ങനെ സാധന ആരംഭിക്കുമ്പോൾ ആരംഭത്തിൽ തന്നെ ആത്മാനുഭവം ണ്ടാവില്ല്യ. ആദ്യത്തെ തടസ്സം അഹങ്കാരം വഴങ്ങിത്തരാതെ പല വേഷം കെട്ടി അടിയിലടിയിലേയ്ക്ക് പോകും. ആത്മവിചാരത്തിന് വഴങ്ങിതരാതെ പിടികിട്ടാതെ പോകും. അങ്ങനെ പോകാൻ കാരണം *ഇന്ദ്രിയനിഗ്രഹമില്ലായ്മയാണ്.* ഇന്ദ്രിയനിഗ്രഹം ഇല്ലാത്തതിനാൽ ഊർജ്ജം
ഇന്ദ്രിയങ്ങളിലൂടെ പോകുമ്പോൾ സത്വഗുണം ണ്ടാവണില്യ. സത്വഗുണം ഇല്ലാതാവുമ്പോൾ ജ്ഞാനത്തിന് പക്വത വരില്ല്യ സൂക്ഷ്മബുദ്ധി ണ്ടാവില്ല്യ. രജസ്തമസ്സ് ബാധിച്ച മനസ്സ് ജഡമായിട്ട് നില്ക്കും. അപ്പോ എന്തു വേണം. സത്വഗുണത്തിനെ വളർത്തി ഇന്ദ്രിയനിഗ്രഹം ചെയ്യണം. *ഇന്ദ്രിയനിഗ്രഹത്തിന്റെ* പ്രതീകം ആണ് *ആമ.* എന്തെങ്കിലും ബാഹ്യവിഷയങ്ങൾ വരുമ്പോൾ തലയും കാലും കൈയ്യും ഒക്കെ ഉള്ളിലേക്ക് വലിക്കും ആമ. അതേപോലെ പുറമേ നിന്ന് വിഷയങ്ങളുടെ ആക്രമണം വരുമ്പോൾ ഇന്ദ്രിയങ്ങളെ ഒക്കെ അന്തർമുഖമാക്കി വലിയ്ക്കുന്നു.
കൂർമ്മോഽ ങ്ഗാനീവ സർവ്വശ:
ഭഗവാൻ ഗീതയിൽ കൂർമ്മത്തിനെ ഉദാഹരണമായിട്ട് പറയുന്നു. അംഗങ്ങളെ ഒക്കെ അന്തർമുഖമാക്കുന്നതാണ് ആമ. അങ്ങനെ ഇന്ദ്രിയനിഗ്രഹം ചെയ്യുന്നതിന്റെ പ്രതീകം ആണ് ആമ.
പതുക്കെ പതുക്കെ യോഗസാധനയിൽ ഒരു നിഷ്ഠ. അലബ്ധഭൂമികാത്വം(failure of concentration ) എന്ന് യോഗികൾ പറയും. ഭൂമിക(ഏകാഗ്രത) കിട്ടണില്യ. ആ ഭൂമിക കിട്ടും. ഭൂമിക കിട്ടിക്കഴിഞ്ഞാൽ അടുത്ത പടി ഈ മഥനം തുടങ്ങി. മഥനം തുടങ്ങുമ്പോൾ ഉള്ളിലുള്ള *ദുർവ്വാസനകൾ* ഒക്കെ പൊന്തും. *ഹാലാഹലവിഷം.*
ശ്രീനൊച്ചൂർജി
*തുടരും. ..*
lakshmi prasad

No comments:

Post a Comment