Tuesday, June 25, 2019

ശ്രീമദ് ഭാഗവതം 191*
ശ്രുത്വാശ്വമേധൈര്യജമാനമൂർജ്ജിതം
ബലിം ഭൃഗൂണാമുപകല്പിതൈസ്തത:
യാഗശാലയിലേക്ക് പ്രവേശിച്ചു. ആ തേജസ്സ് കണ്ട് ഋഷികൾ ഒക്കെ എഴുന്നേറ്റു നിന്നു.🙏
മൗഞ്ജ്യാ മേഖലയാ വീതമുപവീതാജിനോത്തരം
ജടിലം വാമനം വിപ്രം മായാമാണവകം ഹരിം
മായാവാണവകം.വ്യാജം ആണ്. ഈ വേഷം വാസ്തവം അല്ലാ.ജഗത്തിന് മുഴുവൻ പ്രഭുവായ ഭഗവാൻ ഒരു ബ്രഹ്മചാരി വേഷവും കെട്ടി ദാ, ഇവിടെ വന്നിരിക്കണു. ഋഷികൾ എഴുന്നേറ്റു നിന്നു നമസ്ക്കരിച്ചു. മഹാബലി അറിഞ്ഞില്ല്യ പക്ഷേ അറിഞ്ഞു. ബുദ്ധിക്കും മനസ്സിനും അറിഞ്ഞില്ല്യ ഹൃദയത്തിൽ അറിഞ്ഞു. പ്രഹ്ലാദന്റെ പരമ്പര ല്ലേ. വന്നു നമസ്ക്കരിച്ചു.🙏
സ്വാഗതം തേ നമസ്തുഭ്യം
അറിയാതെ വായ കൊണ്ട് പറഞ്ഞു പോവാണ്.
സ്വാഗതം തേ നമസ്തുഭ്യം ബ്രഹ്മൻ കിം കരവാമ തേ
ബ്രഹ്മർഷീണാം തപ: സാക്ഷാദ് മന്യേ ത്വാഽഽര്യ വപുർദ്ധരം
അദ്യ ന: പിതരസ്തൃപ്താ അദ്യ ന: പാവിതം കുലം
അദ്യ സ്വിഷ്ട: ക്രതുരയം യദ്ഭവാനാഗതോ ഗൃഹാൻ
അദ്യാഗ്നയോ മേ സുഹുതാ യഥാവിധി
ദ്വിജാത്മജ ത്വച്ചരണാവനേ ജനൈ:
ഹതാംഹസോ വാർഭിരിയം ച ഭൂരഹോ
തഥാ പുനീതാ തനുഭി: പദൈസ്തവ
എല്ലാം പവിത്രമായിരിക്കുന്നു ഇവിടെ. അവിടുത്തേയ്ക്ക് സ്വാഗതം. അങ്ങ് വന്നതു കൊണ്ട് എന്റെ പിതൃക്കൾ തൃപ്തരായിരിക്കണു. ഈ യാഗം സമ്പൂർണ്ണമായിരിക്കണു. അവിടുത്തേക്ക് സ്വാഗതം എന്ന് പറഞ്ഞു.
അടുത്ത ക്ഷണം 'മായ' മറച്ചു. ഉടനെ എന്താ വേണ്ടത് ചോദിക്കൂ. .ഹേ ബ്രാഹ്മണപുത്രാ, അങ്ങേയ്ക്ക് ഭൂമി വേണോ, സ്വർണ്ണം വേണോ, നല്ല വീട് വേണോ, അതോ വിപ്ര കന്യകയെ വേണോ എന്ത് വേണങ്കിലും ഞാൻ തരാം ഒരു ഗ്രാമം തരാം, ഒരു ദ്വീപ് തന്നെ തരാം ചോദിച്ചോളാ എന്ന് പറഞ്ഞപ്പോ ഭഗവാൻ ഉറക്കെ ചിരിച്ചു!!
ചിരിച്ചു കൊണ്ട് പറഞ്ഞു. ഹാ! എന്തൊരു കുല മഹിമ!! ആ വംശ പരമ്പര. പ്രഹ്ലാദന്റെ പേരക്കുട്ടി അല്ലേ. എത്ര മഹാത്മാക്കൾ വന്നിട്ടുള്ള വംശം. അതുകൊണ്ട് അവിടുത്തേയ്ക്ക് ചേർന്നത് തന്നെ. പക്ഷേ രാജൻ, എനിക്ക് അധികമൊന്നും വേണ്ട. മൂന്നടി മണ്ണ് മതി. എന്റെ ഈ കൊച്ചു കാല് കൊണ്ട് അളന്നെടുത്ത മൂന്നടി മണ്ണ്. അതേ വേണ്ടൂ. ഇത്രയും പറഞ്ഞപ്പോ രാജാവ് ഉറക്കെ ചിരിച്ചു.
അഹോ ബ്രാഹ്മണദായാദ വാചസ്തേ വൃദ്ധസംമതാ:
ത്വം ബാലോ ബാലിശമതി: സ്വാർത്ഥം പ്രത്യബുധോ യഥാ
ഹേ ബ്രാഹ്മണ കുട്ടീ, നിനക്ക് പോരാ. വേദം പഠിക്കണതിന് മുൻപ് ചില കാര്യങ്ങളൊക്കെ പഠിക്കണം. എവിടെ നിറയെ ണ്ടോ അവിടെ നിന്ന് നിറയെ വാങ്ങിക്കണം. സ്വാർത്ഥം അറിയില്ലല്ലോ നിനക്ക്. നീ എങ്ങനെ ജീവിക്കും എങ്ങനെ നാളെ ഒരു കുടുംബം നോക്കും? ഒരു ദ്വീപ് തന്നെ കൊടുക്കാൻ ശക്തിയുള്ള എന്റെ അടുത്ത് വന്നിട്ട് ,
ഞാൻ ആരാ ?
മാം വചോഭി: സമാരാധ്യാ ലോകാനാം ഏകമീശ്വരം
ലോകത്തിലുള്ള ഒരേ ഒരു പ്രഭുവായ എന്റടുത്ത് വന്നിട്ട് കേവലം മൂന്നടി മണ്ണ് ചോദിക്ക്യേ? മോശം. എന്റടുത്ത് ദാനം ചോദിച്ചിട്ട് നാളെ വേറെ ആരോടും ചെന്ന് ചോദിക്കാൻ പാടില്ല്യ.
ഭഗവാൻ തഥാസ്തു പറഞ്ഞത്രേ. അതുകൊണ്ടാണ് കൃഷ്ണാവതാരത്തിൽ ഗോപികകളുടെ വീട്ടിൽ നിന്ന് കക്കണത്. ചോദിക്കില്യാന്നാണ്. മോഷ്ടിക്കാ. എന്താണെന്ന് വെച്ചാൽ മമ ഖലു ബലിഗേഹേ യാചനം പൂർവ്വമാസ്ഥാം. ഞാൻ മഹാബലിയുടെ മുമ്പിൽ കൈ നീട്ടിയവനാണ്. ഈ പെണ്ണുങ്ങളുടെ മുമ്പിലൊന്നും ഇനി കൈ നീട്ടില്യ.
ചാരുണാ ചോരണേന
കക്കുകാന്നാണ്.
മഹാബലി തഥാസ്തു എന്ന് പറഞ്ഞ് ആ വരം കൊടുത്തു.
മഹാബലി ചോദിച്ചു.
മൂന്നടി മണ്ണോ. ദാ ഇവരെ ഒക്കെ നോക്കൂ. ഇവർക്കെല്ലാം ഞാൻ എത്ര കൊടുത്തണ്ട്.
അപ്പോ സഭയിൽ ഒരാള് മാത്രം വായിൽ കൊഴുക്കട്ട ഇട്ടപോലെ ഇങ്ങനെ ഇരിക്കണ്ട് .😶🙄 ശുക്രാചാര്യർ. അദ്ദേഹത്തിനെ കണ്ടപ്പോ തന്നെ മഹാബലിക്ക് ഒരു അപാകത തോന്നി. ഇദ്ദേഹത്തിനെ നോക്കി ഈ വിരോചനപുത്രൻ (മഹാബലി) ഒളിച്ച് നമസ്ക്കരിച്ചു .
എന്റെ അച്ഛന്(വിരോചനൻ ) ഒരു അബദ്ധം പറ്റി. പ്രജാപതിയുടെ അടുത്ത് ആത്മവിദ്യ പഠിക്കാൻ വേണ്ടി ചെന്നു. ഒന്നു പരീക്ഷിക്കാൻ വേണ്ടി പ്രജാപതി പറഞ്ഞു. നല്ലവണ്ണം അലങ്കരിച്ചിട്ട് നദിയില് പോയി പ്രതിബിംബം കാണാൻ പറഞ്ഞു. .വിരോചനനും ഇന്ദ്രനും കൂടി ചെന്നു. രണ്ടു പേരും പ്രതിബിംബം കണ്ടു. ആ കാണുന്നതെന്താ അത് തന്നെ ആത്മാ എന്ന് പറഞ്ഞു പ്രജാപതി. വിരോചനൻ അത് തന്നെ സത്യം എന്ന് ധരിച്ചു പോയി.എല്ലായിടത്തും ദേഹാത്മവാദം പ്രചരിപ്പിച്ചു. ഈ ശരീരമാണ് ആത്മാ. ശരീരത്തിനെ പോഷിപ്പിക്കാ നേരാനേരം പൗഡറിടുക. സെന്റ് ഇടാ. തലയിലെ വെളുത്ത മുടി കറുപ്പിക്കാ. പല്ലു പോയാൽ വേറെ എന്തെങ്കിലും വെയ്ക്കാ ഇതാണ് ആത്മാ എന്ന് പ്രചരിപ്പിച്ചു. മരിച്ചു പോയാലും വിടാൻ പാടില്ല്യ. അതിന് ശേഷം വായില് എന്തെങ്കിലും ഇട്ടു കൊടുത്ത് അലങ്കരിച്ച് കുളിപ്പിച്ച് വെയ്ക്കാ . ഇങ്ങനെ പ്രചരിപ്പിച്ചു.
ഇന്ദ്രന് സംശയം തോന്നി. ഇങ്ങനെ ആവാൻ വഴിയില്ലല്ലോ. ഈ ശരീരം ആത്മാവാണെങ്കിൽ എനിക്ക് സംതൃപ്തിയേ വരണില്ലല്ലോ എന്ന് പറഞ്ഞു തിരിച്ചു പോയി. അങ്ങനെ മഹാബലിയുടെ പിതാവായ വിരോചനന് ഒരു അബദ്ധം പറ്റി. ആ അബദ്ധം തനിക്ക് പറ്റരുത്.
ശ്രീനൊച്ചൂർജി
*തുടരും. .*
Lakshmi Prasad

No comments:

Post a Comment