Sunday, June 23, 2019

എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ. ആരെയും ബുദ്ധിമുട്ടിക്കാൻ നമുക്കിഷ്ടമില്ലാതായിരിക്കുന്നു

ആരെയെങ്കിലും എന്തിനു വേണ്ടിയായാലും ആശ്രയിക്കുന്നത് ഏറ്റവും അവസാനത്തേതും അറ്റകൈ പ്രയോഗവും ആയി മാറിയിരിക്കുന്നു.  

മറ്റൊരാളുടെ മുന്നിൽ ഒരാവശ്യവുമായി പോകേണ്ട അവസ്ഥ ഒഴിവാക്കുവാനായി  രാപ്പകൽ നമ്മൾ അധ്വാനിക്കുകയാണ്. 

മറ്റൊരാളോടു ലിഫ്റ്റ് ചോദിക്കാൻ മടി തോന്നി എങ്ങിനെയെങ്കിലും ഒരു ചെറു കാറെങ്കിലും സ്വന്തമാക്കാനുള്ള പാച്ചിലിലാണ്. 

സ്വന്തം മക്കളെ ആശ്രയിച്ചൊരു വാർദ്ധക്യം കിനാവു കാണാൻ ധൈര്യമില്ലാത്ത മാതാപിതാക്കൾ കരുതൽ ശേഖരം ഡെപ്പോസിറ്റ് ചെയ്യുകയാണ്. 

അപ്പനോട്, അമ്മയോട് പണം  ചോദിക്കാൻ മടിയുള്ള മക്കൾ, അതാര്‍ക്കും കൊടുക്കാതെ ശേഖരിച്ചു വെക്കുകയാണ്. 

ഒരാപത്തു വന്നാൽ സ്വന്തം കെട്ട്യോളു പോലും തള്ളിപ്പറയുമെന്ന ബോധ്യത്താൽ ഭർത്താക്കൻമാർ മറ്റൊരക്കൗണ്ടിൽ മറ്റാരുമറിയാതെ പണം നിക്ഷേപിക്കുകയാണ്. 

പെരുവഴിയിലിറങ്ങേണ്ടി വന്നാൽ ഇരക്കുവാൻ വയ്യെന്നു ചിന്തിച്ചു,  പറഞ്ഞു കിട്ടിയ സ്ത്രീധനവും മുറിഞ്ഞു കിട്ടിയ കുടുംബ സ്വത്തും മുറുകെപ്പിടിച്ചു മരിച്ചു പോവുകയാണ് ഭാര്യമാർ. 

താഴ്ന്നു പോകാതിരിക്കാൻ ഉയര്‍ന്നു പറക്കുകയാണു പ്രവാസികൾ.കുട്ടികള്‍ക്കുള്ള  ഭക്ഷണം ഉണ്ടാക്കി മേശമേല്‍ മൂടി വെച്ചു പായുകയാണ് അമ്മമാര്‍.

മധുവിധു രാവുകള്‍ക്ക്‌ ആയുസ്സു തീരെ ചുരുങ്ങിപ്പോയിരിക്കുന്നു. ആദ്യരാത്രികള്‍ ആദ്യ ദിനം തന്നെ ആക്കേണ്ടി വന്നിരിക്കുന്നു. ദമ്പതികളുടെ  കണ്ടു മുട്ടലുകള്‍ ഒഴിവു ദിനങ്ങളിലേയ്ക്ക് ഷിഫ്റ്റ്‌ ചെയ്തിരിക്കുന്നു. 


ആയമാരും ഹോം നഴ്സുമാരും കൂട്ടിരിപ്പുകാരും ഷാമിയാനകളും വൃദ്ധസദനങ്ങളും പരസഹായം ചോദിക്കാനുള്ള നമ്മുടെ വിമുഖതയുടെ സന്തതികളാണ്. 

കുഞ്ഞുങ്ങളുടെ എണ്ണം കുറച്ചതും മറ്റാരും കാണാനില്ലാത്തപ്പോള്‍ കറി കൂട്ടാതെ  പൊറാട്ട തിന്നാന്‍ ശീലിച്ചതും സ്വാശ്രയത്തെ മുന്നില്‍ കണ്ടാണ്‌. 

അങ്ങിനെ എല്ലാവരും സ്വാശ്രയരാവുകയാണ്. നാളെയെക്കുറിച്ചു ഭയചകിതരായി പായുകയാണ്. ന്യൂക്ലിയർ ആവുകയാണ്. 

കൈ നീട്ടലുകളെ, സഹതാപ നോട്ടങ്ങളെ, തിരസ്കാരങ്ങളെ തുരത്താനുള്ള അതിഭീകര യുദ്ധത്തിലാണ്. 

അങ്ങിനെ സ്വന്തം കാലിൽ നിൽക്കാനായി താങ്ങാനാവുന്നതിലും ഭാരം തലയിലേറ്റുകയാണ് മനുഷ്യർ. ഒറ്റപ്പെടൽ സ്വയം ഏറ്റുവാങ്ങുകയാണ്. 

സഹായിക്കാനുള്ള പ്രകൃതിയുടെ, തനിക്കു പരിചയമുള്ളവരുടെ  അഭിവാഞ്ജയെ അവിശ്വസിക്കുകയാണ്. വീണു പോയാല്‍ കൈപിടിക്കാന്‍  ആരുമുണ്ടാവില്ല എന്നു നിരന്തരം ഉരുവിടുകയാണ്. 

അവനും അവളും പൊട്ടിച്ചിരിക്കുന്നതും പൊട്ടിക്കരയുന്നതും ഇപ്പോൾ ഒറ്റയ്ക്കാണ്. കൂട്ടായിച്ചിരിക്കാൻ, മറ്റൊരു തോളിൽ മുഖമമർത്തിക്കരയാൻ മറ്റൊരാളെ ബുദ്ധിമുട്ടിക്കുന്നതും ഇഷ്ടമില്ല . 

സ്വപ്നം കണ്ടുറങ്ങാന്‍ നാളത്തെ അസൈന്‍മെന്റുകളും ലോണ്‍ എടുത്തുണ്ടാക്കിയ സ്വാശ്രയങ്ങളും     അവരെ  അനുവദിക്കുന്നില്ല. 

ആളെ കിട്ടാനുമില്ല.സ്വാശ്രയത്തിനായുള്ള പാച്ചിലിൽ നമ്മളെപ്പോലെ മറ്റുള്ളവരും തിരക്കിലായതിനാൽ ഒന്നിച്ചിരിക്കാൻ മറ്റുള്ളവര്‍ക്കും  നേരമില്ല. 

എല്ലാവരും നാളെയുടെ നിരാശ്രയത്തിനായുള്ള തിരക്കിലാണ്. കുട്ടികൾ നന്നായിപ്പഠിക്കുന്നതു പോലും നാളത്തെ സ്വാശ്രയത്തെ മുന്നിൽക്കണ്ടാണ്. 

ഹൃദയങ്ങള്‍ തമ്മില്‍  ചേരില്ലെങ്കിലും സംഘടനകളില്‍, ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍,  പോയിരിക്കാന്‍ അവര്‍ വെമ്പുന്നത് കുറച്ചു മുഖങ്ങളെ ഒന്നിച്ചു കാണാന്‍ ആശ മൂത്തിട്ടാണ്. 
 വല്ലപ്പോഴും ഒന്നിച്ചു കുറച്ചു ബഹളങ്ങള്‍ കേള്‍ക്കാന്‍ പൂതിയായിട്ടാണ്. 

തല്ലു കൂടുന്നതു പോലും മറ്റൊരാളോടൊപ്പം കുറച്ചു നേരം ഒന്നിച്ചു ചിലവഴിക്കാന്‍  വേണ്ടിയാണ്.  

 പ്രണയിക്കാൻ, ഒന്നു ചേർത്തു പിടിച്ചു വാരിയെല്ലു പൊടിയും വിധം ഒന്നാലിംഗനം ചെയ്യാൻ, ഒന്നമർത്തി കണ്ണുകളിൽ അധരച്ചൂടോടെ ചുംബിക്കാൻ, കൈ പിടിച്ചൊന്നു കുറച്ചു ദൂരം നടക്കാൻ, മറ്റൊന്നുമാലോചിക്കാതെ ഒരു മുഖത്തു നോക്കി ശല്യപ്പെടാതെയുള്ളൊരു പുഞ്ചിരി സമ്മാനിക്കാൻ നേരമില്ലാതെ നമ്മളോടൊപ്പം ലോകവും പായുകയാണ്. 

ഒറ്റപ്പെടലെന്ന പ്രതിഭാസം നമ്മളെല്ലാവരും ചേർന്നു ഉണ്ടാക്കിയ, പരിപാലിക്കുന്ന, 
സുന്ദരമായ സ്വാശ്രയത്തിന്റെ അതിസുന്ദരിയായ കുഞ്ഞാണ്. 

അതു തുറന്നു പറഞ്ഞാൽപ്പോലും പരിഹാരമെന്തെന്ന ചോദ്യത്താൽ ഒറ്റപ്പെടുമെന്ന ഭയത്താലിതു ഇവിടെ അവസാനിപ്പിക്കുകയാണ്.

നമുക്കു വേണ്ടത് സ്വയംപര്യാപ്തതയല്ല. 
സഹവർത്തിത്തമാണ്

No comments:

Post a Comment