Sunday, June 16, 2019

പരമ വൈഭവ ഹിന്ദുരാഷ്ട്രം എന്നതൊരു മഹത്തായ ലക്ഷ്യമാണ്. ഹിന്ദു രാജ്യമെന്നല്ല സങ്കല്പം. അതിന് ഒരു മതരാജ്യത്തിന്റെ സൂചനയാണുള്ളത്. രാഷ്ട്രം എന്നത് സംസ്‌കാരത്തെയാണ് ദ്യോതിപ്പിക്കുന്നത്. ഹിന്ദു രാഷ്ട്രസങ്കല്പത്തില്‍ മതരാജ്യമോ മതേതര രാജ്യമോ അല്ല, പ്രത്യുത ധര്‍മ്മരാജ്യമാണ് ഉള്ളത്. ഗാന്ധിജി രാമരാജ്യം എന്നതുകൊണ്ട് ഉദ്ദേശിച്ചതും മതരാജ്യമല്ല; ധര്‍മ്മരാജ്യം തന്നെയാണ്.
ധര്‍മ്മം മതമല്ല. ഇന്നുള്ള ഇതേ രാഷ്ട്രജീവിതം കൂടുതല്‍ സമ്പന്നവും സമൃദ്ധവും ഐശ്വര്യപൂര്‍ണവും സുരക്ഷിതവും സംസ്‌കാര സമ്പന്നവും സമത്വ സുന്ദരവും (സോഷ്യലിസമല്ല, അവസരസമത്വം ) ജീവിതത്തിലും ദര്‍ശനത്തിലും വിശ്വാസത്തിലും വൈവിധ്യപൂര്‍ണവും ആയിത്തീരുന്നതിനെ, ആക്കിത്തീര്‍ക്കുന്നതിനെയാണ് വൈഭവപൂര്‍ണ ഹിന്ദുരാഷ്ട്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനൊരു മാതൃക ആവശ്യമെങ്കില്‍ അതാണ് ഛത്രപതി ശിവജിയാല്‍ സ്ഥാപിതമായ 'ഹിന്ദു സാമ്രാജ്യം.' അതുകൊണ്ടാണ് മഹാനായ ആ ഭാരതപുത്രന്റെ കിരീടധാരണ ദിനത്തെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആഘോഷത്തില്‍ ഉള്‍പ്പെടുത്താന്‍ കാരണം.
പണ്ട് ഭാരതത്തില്‍ ധര്‍മ്മാചാര്യന്മാരാല്‍ നിയന്ത്രിക്കപ്പെടുന്ന രാജഭരണമായിരുന്നു. ഇന്ന് അത് ഭരണഘടനയാല്‍ നിയന്ത്രിക്കപ്പെടുന്ന ജനാധിപത്യമായി മാറിയിരിക്കുന്നു. കാലത്തിനനുസരിച്ച് വ്യവസ്ഥമാറി എന്നു മാത്രം. പഴയ വ്യവസ്ഥയിലേക്ക് തിരിച്ചു കൊണ്ടു പോകലല്ല ഹിന്ദു സാമ്രാജ്യ ദിനാഘോഷം കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് ഒരു മാതൃകാഭരണകൂടം എങ്ങനെയായിരിക്കണം എന്നതിന്റെ എക്കാലത്തെയും മികച്ച ഉദാഹരണമായതുകൊണ്ടാണ്. 
ശൂന്യതയില്‍ നിന്ന് രൂപപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ വരെ പരന്നു കിടക്കുന്ന, ഇരുപത്തഞ്ച് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മഹത്തായ സാമ്രാജ്യമാക്കി, ഒന്നര നൂറ്റാണ്ടുകാലം നിലനിന്ന ആ ഭരണം എങ്ങനെ സാധിച്ചെടുത്തു എന്നത് പഠന വിഷയമാണ്. അവിടെയാണ് ഒരു മാതൃകാ ഭരണാധികാരിയുടെ മികവും സമര്‍പ്പണവും നാം മനസ്സിലാക്കേണ്ടത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആദിവാസി ബാലന്‍ മുതല്‍ ആഢ്യബ്രാഹ്മണന്‍ വരെയുള്ളവരില്‍ ശിവജി സൃഷ്ടിച്ച 'സ്വരാജ്'  എന്ന വികാരവും വിചാരവുമാണ് ഈ സ്ഥാപനത്തിന്റെ അടിത്തറ. ചാണക്യന്റെയും ചന്ദ്രഗുപ്തന്റെയും കാലത്തിനു ശേഷം സ്വരാജ് എന്നത് ഒരു മൂലമന്ത്രമായി ഇത്രയും ശക്തമായി ഉപയോഗിക്കപ്പെട്ടത് മറ്റൊരിക്കലുമല്ല.  ദേശസ്‌നേഹവും സ്വാതന്ത്ര്യ മോഹവും അടിമത്ത നിഷേധവും എല്ലാക്കാലത്തും യഥാര്‍ത്ഥ ഭാരതീയന്റെ ആദര്‍ശങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ ഓരോ അംശത്തിലും, സാമ്രാജ്യ സ്ഥാപന ശേഷവും ഓരോ അണുവിലും ശിവജി അതു തന്നെ ആവര്‍ത്തിച്ചു. 
എക്കാലവും ഭാരതത്തില്‍ വിദേശക്രമണവും കീഴടക്കലും വിമോചന പോരാട്ടവും പലപ്പോഴും വിജയവും നേടുന്നുണ്ടായിരുന്നു. (അലക്‌സാണ്ടര്‍ മുതല്‍) ഇതറിയാത്ത ചിലരും മറച്ചുവെച്ചവരും ഇപ്പോള്‍ ഉന്നയിക്കുന്ന ഒരു ചോദ്യം എഴുനൂറു കൊല്ലക്കാലം മുസ്ലീം ഭരണം നടന്നിട്ടും എന്തുകൊണ്ട് ഭാരതം ഇസ്ലാമിക രാജ്യമായില്ല? അത് ഇസ്ലാമിന്റെ മതേതര സ്വഭാവം കൊണ്ടാണ് എന്നതാണ് അവര്‍ തന്നെ പറയുന്ന ഉത്തരം. എന്നാല്‍ വിദേശ ഇസ്ലാമിക ആക്രമണത്തിനെതിരെ നിരന്തരം നടന്ന ചെറുത്തുനില്‍പ്പിന്റെ ചരിത്രം അവരെന്തിനാണ് മറച്ചു പിടിക്കുന്നത്? ദാഹിറും പൃഥ്വിരാജ് ചൗഹാനും ഹെമുവും റാണാ പ്രതാപ് സിംഹനടക്കമുള്ള രജപുത്ര യോദ്ധാക്കളും സിഖ് ഗുരുപരമ്പരയും വിജയനഗര സാമ്രാജ്യവും മറാത്താ ശക്തിയും ഒക്കെ നിരന്തരം വിദേശ ശക്തികളെ ചെറുത്തു നില്‍ക്കുകയും വീണ്ടെടുക്കുകയും ചെയ്തതിന്റെ ഫലമാണ് ഹിന്ദുസ്ഥാനും ഹിന്ദുക്കളും ഹിന്ദു സംസ്‌കാരവും അവശേഷിക്കുന്നത് എന്ന ചരിത്ര സത്യം നാം അറിയേണ്ടതുണ്ട്. 
ആ വീണ്ടെടുപ്പിന്റെ വിളംബരമായിരുന്നു ശിവജിയുടെ സ്ഥാനാരോഹണം. നമുക്കുള്ളത് നഷ്ടപ്പെട്ടിരിക്കുന്നു എന്ന ഓര്‍മ്മയുള്ളവര്‍ക്കെ വീണ്ടെടുപ്പിന്റെ ആവശ്യവും മാഹാത്മ്യവും മനസ്സിലാവുകയുള്ളൂ. സ്വാതന്ത്ര്യമെന്നാല്‍ വെറും രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല, അത് ആത്മാവിന്റെ ആവിഷ്‌ക്കരണത്തിനുള്ള അവസ്ഥ കൂടിയാണ്. സ്വന്തം ആത്മാവിനെ തിരിച്ചറിയാന്‍ കഴിയാത്തവര്‍ക്ക് എന്ത് സ്വാതന്ത്രൃം! അടിമയാണെന്ന ബോധമില്ലാത്തവന് ചങ്ങല ആഭരണമായി തോന്നും. സ്വരാജ് എന്ന മന്ത്രത്തിലൂടെ ശിവജി ചെയ്തത് ഈ ആത്മബോധത്തെ ഉണര്‍ത്തലായിരുന്നു. ഉണര്‍ന്ന ബോധം നിലനില്‍ക്കുകയും വേണം. ഭാഷ അതിനൊരു ഘടകമാണ്. അത് സംസ്‌കാരത്തെയും സ്വത്വത്തെയും അടയാളപ്പെടുത്തുന്നു. അതിനാല്‍ സിംഹാസനമേറിയ ഭരണാധികാരി എന്ന നിലയില്‍ ശിവജി ഒരു നിഘണ്ടു ഉണ്ടാക്കി. 'രാജ്യ വ്യവഹാര കോശം' എന്ന പേരില്‍ ആയിരത്തി നാന്നൂറ് ഭരണഭാഷാ വാക്കുകള്‍ തയാറാക്കി പ്രയോഗത്തില്‍ വരുത്തി. അടിമത്തം ഭാഷയിലൂടെയാണ് മാനസികമായി കീഴടക്കുന്നതെന്ന് ഇന്ന് നാം എത്രയോ ഉദാഹരണങ്ങളിലൂടെ അറിയുന്നു. ഇത് മുന്നേ മനസ്സിലാക്കിയ മഹാനായ ആ ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണം ഇന്നത്തെ പണ്ഡിതര്‍ക്ക് ദഹിക്കുമോ? 
1674 ജൂണ്‍ 6ന്  ജ്യേഷ്ഠ ശുക്ല ത്രയോദശിയില്‍ സുപ്രഭാതത്തില്‍ ധര്‍മ്മസിംഹാസനത്തെ വണങ്ങി അധികാരമേറ്റു, താന്‍ ആ സിംഹാസനത്തിനു മേലെയല്ല, വിധേയമാണെന്നായിരുന്നു വണക്കത്തിന്റെ വ്യഗ്യം. നവയുഗ നര പുംഗവന്മാര്‍ക്ക് വണക്കം ചുംബനമായി തോന്നുന്നത് സംസ്‌ക്കാരത്തിന്റെ ലോപം കൊണ്ടാണ്. അഷ്ടപ്രധാന്‍ എന്ന പേരില്‍ മന്ത്രിമാരെ നിയമിച്ച് വിവിധ വകുപ്പുകള്‍ കാര്യക്ഷമമായി നടത്താന്‍ ഏല്‍പ്പിച്ചത് തന്റെ അഭാവത്തിലും രാജ്യം സുരക്ഷിതവും സുഗമവുമായി മുന്നോട്ടു പോകുന്നതിനാണ്. അതിനായി ഓരോ നടപടിയും ശ്രദ്ധിച്ചു. രത്‌ന പരീക്ഷ  ഓരോ വകുപ്പിനും യോഗ്യരായവരെ കണ്ടെത്തല്‍; അശ്വ പരീക്ഷ  ഓരോ പദ്ധതിക്കും ഗതിവേഗം കൂട്ടാനും ജനങ്ങള്‍ക്ക് ഒട്ടും വൈകാതെ ഗുണഫലം കിട്ടാനും; ശസ്ത്രപരീക്ഷ  രാജ്യസുരക്ഷക്ക് ഗുണനിലവാരമുള്ള ആയുധങ്ങള്‍ സംഭരിക്കാനും ഉല്‍പ്പാദിപ്പിക്കാനും തുടങ്ങി, ഭരണമെന്നതിന്റെ ഉദ്ദേശ്യം ജനനന്മയാണെന്നും രാജ്യസുരക്ഷക്കു വേണ്ടിയാണെന്നും മാതൃകാ ഭരണത്തിലൂടെ ശിവജി കാണിച്ചു തന്നു. അതു തന്നെയാണ് ഈ 2019 ലും ഈ ആഘോഷത്തിന്റെ പ്രസക്തി. 
(തുടരും)...janmabhumi

No comments:

Post a Comment