Thursday, June 20, 2019

മഹാപ്രഭോ പ്രണാമം...

Thursday 20 June 2019 1:00 am IST
തൊണ്ണൂറ്റിയാറാം ദശകം (ജ്ഞാനയോഗം, കര്‍മയോഗം, ഭക്തിയോഗം): മനുഷ്യജന്മം പരമഭാഗ്യം കൊണ്ടു മാത്രം ലഭിക്കുന്നു. അവിടുന്ന് കാറ്റായി എന്റെ ജീവനാകുന്ന തോണിയെ സംസാരസാഗരത്തിന്റെ അക്കരെയെത്തിക്കേണമേ. അവ്യക്തമായ ബ്രഹ്മോപാസന ശ്രമകരമാണ്. ജ്ഞാനയോഗത്തേക്കാളും കര്‍മയോഗത്തേക്കാളും ഭക്തിയോഗം ആനന്ദാനുഭൂതി നല്‍കുന്നു. അത് എളുപ്പത്തിലുള്ള മുക്തിക്ക് കാരണമാകുന്നു. ക്ഷീണിതമായ മനസ്സുള്ളവര്‍ക്കും ജ്ഞാനകര്‍മയോഗങ്ങള്‍ വിഷമകരമാണ്. ഞാന്‍ ഭക്തിയോഗിയായിത്തന്നെ തുടരാനാഗ്രഹിക്കുന്നു. സ്വന്തം മനസ്സാണ് എല്ലാവരുടേയും ദു:ഖത്തിന് കാരണം. മനസ്സേ, ഭക്തിമാര്‍ഗത്തിലൂടെ ശാന്തിനേടുക, എന്നു ഞാന്‍ നിര്‍ദേശിക്കാം. പൂരൂരവസ്സിനേപ്പോലെ അടിയനേയും മുക്തിമാര്‍ഗത്തിലൂടെ നയിച്ച് അടിയന്റെ രോഗങ്ങള്‍ അകറ്റേണമേ.
തൊണ്ണൂറ്റി ഏഴാം ദശകം (മാര്‍ക്കണ്ഡേയ ചരിതം): 
ലോകത്തില്‍ നിലനില്‍ക്കുന്നതിലെല്ലാത്തിനേയും സത്വരജസ്തമോഗുണങ്ങളുള്ളവയുടെ അടിസ്ഥാനത്തില്‍ വര്‍ഗീകരിക്കാം. സര്‍വചരാചരങ്ങളിലും അങ്ങയുടെ സാന്നിധ്യം അറിഞ്ഞുകൊണ്ട് ഞാനെല്ലാത്തിനേയും പൂജിക്കുന്നു. ഇനിയുമെല്ലാത്തിലും അങ്ങയെ ദര്‍ശിച്ച് ഭക്തനായി ജീവിച്ചു കൊള്ളാം. മാര്‍ക്കണ്ഡേയന്‍ അങ്ങയെ ഭജിച്ച് ദീര്‍ഘായുസ്സ് നേടിയവനായതു പോലെ ദീര്‍ഘകാലം അങ്ങയെ ഭജിക്കാന്‍ അനുഗ്രഹിക്കേണമേ. 
കഠിനമായ തപസ്സിലൂടെ മാര്‍ക്കണ്ഡേയന് എല്ലാവിധ കാമനകളേയും ജയിക്കാനായി. മാര്‍ക്കണ്ഡേയന്‍ അങ്ങയില്‍ നിന്ന് ഒരു വരവും സ്വീകരിച്ചില്ല. മറിച്ച് അങ്ങയുടെ മായാലോകം മാത്രം കാണാനാഗ്രഹിച്ചു. അപ്പോള്‍ പെയ്ത മഴയില്‍ വെള്ളം പൊങ്ങി കാലങ്ങളോളം മാര്‍ക്കണ്ഡേയന്‍ നീന്തി ക്ഷീണിച്ചപ്പോള്‍ ആലിലയില്‍ വസിക്കുന്ന അങ്ങയെ കണ്ടു. അങ്ങയുടെ ശ്വാസവായുവിലൂടെ ഉള്ളിലേക്ക് പോയി. മാര്‍ക്കണ്ഡേയന്‍ സകലലോകങ്ങളേയും കണ്ടു. പിന്നീട് ശ്വാസഗതിയിലൂടെ പുറത്തു വരികയും ചെയ്തു. മാര്‍ക്കണ്ഡേയന്‍ ശിവനെ ഭജനയിലൂടെ പ്രീതിപ്പെടുത്തി. എല്ലാ ലോകത്തിനുമപ്പുറത്തു വസിക്കുന്ന ഗുരുവായൂരപ്പാ അടിയന് മാര്‍ക്കണ്ഡേയനു നല്‍കിയതു പോലെ ധന്യത നല്‍കേണമേ. 
തൊണ്ണൂറ്റിയെട്ടാം ദശകം( പ്രണാമങ്ങളോടെ): ഗുരുവായൂരപ്പാ എന്റെ പ്രണാമം. എല്ലാ തേജസ്സുകളുടേയും തേജസ്സായ അങ്ങേയ്ക്ക് പ്രണാമം. പ്രപഞ്ചസൃഷ്ടിക്ക് ആധാരമേ അങ്ങേയ്ക്ക് പ്രണാമം. മോക്ഷരൂപകനും രൂപമില്ലാത്തവനും എല്ലാരൂപത്തോടേയും ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരം നല്‍കുന്നവനുമായ  ഗുരുവായൂരപ്പാ പ്രണാമം. അങ്ങെല്ലാമാണ്. പക്ഷേ അങ്ങതൊന്നുമല്ല. അതുകൊണ്ടു തന്നെ രൂപഭാവങ്ങള്‍ക്ക് അതീതമായ പരമാനന്ദസ്വരൂപമേ പ്രണാമം. എല്ലാം സൃഷ്ടിച്ചും നിലനിര്‍ത്തിയും സംഹരിച്ചും നിലനില്‍ക്കുന്ന മഹാതേജസ്സേ എല്ലാം അങ്ങയോട് ബന്ധപ്പെട്ട് കിടക്കുമ്പോഴും ഒന്നിനോടും ബന്ധമില്ലാതെ നിലനില്‍ക്കുന്ന പ്രപഞ്ചസൃഷ്ടി കര്‍ത്താവേ, അടിയന്റെ പ്രണാമം. അവിടുന്നു തന്നെ പുരുഷനും പരനും പരമാത്മാവും ചിത്തും ആത്മാവും മൂലപ്രകൃതിയും!  അവിടുത്തേക്ക് പ്രണാമം!  അന്ധകാരമകന്ന്, ജ്ഞാനവും ഭക്തിയും വന്ന് മായയില്‍ നിന്നും മോചനം നേടി വരുന്ന എന്റെ മഹാപ്രണാമം. എല്ലാ സ്വര്‍ണമാലകളിലും അടങ്ങിയിരിക്കുന്നത് ഒരേസ്വര്‍ണമെന്നതു പോലെ എല്ലാത്തിന്റേയും അന്ത:സത്തയായ അവിടുന്നാണെല്ലാമെന്നറിയുമ്പോള്‍ എനിക്കങ്ങയുടെ രൂപം തെളിയുന്നു. പ്രഭോ! അങ്ങേയ്‌ക്കെന്റെ സാഷ്ടാംഗപ്രണാമം. ഈ പ്രകൃതിയിലെ സര്‍വചരാചരങ്ങള്‍ക്കുമാധാരമായി ചക്രം തിരിക്കുന്ന മഹാപ്രഭോ ഗുരുവായൂരപ്പാ, അങ്ങേയ്ക്ക് പ്രണാമം. ത്രിഗുണങ്ങള്‍ക്കതീതനും വേദങ്ങള്‍ക്കതീതനും ത്രികാലങ്ങള്‍ക്കതീനും മൂര്‍ത്തിത്രയങ്ങള്‍ക്കതീതനുമായ മഹാപ്രഭോ അങ്ങേയ്ക്ക് പ്രണാമം. മുനിമാരുടെ ഹൃദയത്തില്‍ വസിക്കുന്നവനും പരമാനന്ദസ്വരൂപനും പ്രകാശത്തിന്റെ സ്രോതസ്സും ദിവ്യവിഗ്രഹവും നിര്‍വികാരനും സകലഗുണങ്ങളുടെയും ആദിയുമായ മഹാതേജസ്സേ അവിടുത്തേക്കെന്റെ പ്രണാമം. സകലചരാചരങ്ങളുടേയും കാലചക്രത്തിലൂടെ തിരിക്കുന്ന ദിവ്യജ്യോതിസ്സേ അടിയന്റെ പ്രണാമം.

No comments:

Post a Comment