Monday, June 24, 2019

ചിന്താമണിരത്‌നം വീണ്ടും ഗണേശന്

Monday 24 June 2019 1:03 am IST
താന്‍ തന്റെ അമ്മാവനായ ശ്രീനാരായണന് കാഴ്ചവെയ്ക്കുന്ന വസ്തുക്കള്‍ ഭക്തവല്‍സലനായ അമ്മാവന്‍ ആര്‍ക്കു നല്‍കുന്നു എന്നത് ശ്രീഗണേശന് വിഷയമല്ല. താന്‍ അമ്മാവന് നല്‍കിക്കഴിഞ്ഞാല്‍ അത് അമ്മാവന്റെ മുതലാണ്. പിന്നെ അതില്‍ തനിക്ക് അവകാശമില്ല. 
ശ്രീഗണേശന്‍ മഹാവിഷ്ണുവിനോട്  അതു തുറന്നു പറയുകയും ചെയ്തു. ഗണേശന്റെ മനസ്സറിഞ്ഞു തന്നെ വിഷ്ണു ആ ചിന്താമണി രത്‌നം സ്വീകരിച്ചു.  
ഒരിക്കല്‍ വിഷ്ണുവിന്റെ സോദരസ്ഥാനമുള്ള ദേവേന്ദ്രന്‍ വൈകുണ്ഠത്തില്‍ ഭഗവാനെ കാണാന്‍ വന്നു. എന്നും മോഹങ്ങളില്‍ നിന്നും മുക്തി നേടാത്ത ദേവേന്ദ്രന്‍ വിഷ്ണുവിനെ കണ്ടപ്പോള്‍ വിഷ്ണുവിന്റെ നെഞ്ചില്‍ മനോഹരമായൊരു ഒരു ചിന്താമണിരത്‌നം. താന്‍ ഈ രത്‌നവുമണിഞ്ഞ് വിലസുന്ന രംഗം മനസില്‍ കണ്ട് ഇന്ദ്രന്‍ സ്വയം മറന്നു നിന്നു. സ്വപ്‌നലോകത്തില്‍ സ്വന്തം സൗന്ദര്യം ആസ്വദിച്ചു നിന്നു. 
സര്‍വജ്ഞനായ ഭഗവാന്‍ മഹാവിഷ്ണു ഇന്ദ്രന്റെ ഇംഗിതത്തെ തിരിച്ചറിഞ്ഞു. ഗുഹ്യനും ഹൃദയാന്തസ്ഥനുമായ ഭഗവാന്‍ വിഷ്ണു ശ്രീഗണേശന്‍ നല്‍കിയ ചിന്താമണി രത്‌നം ദേവേന്ദ്രന് ദാനം നല്‍കി. 
വിഷ്ണു പ്രസാദമായി ലഭിച്ച ഈ ചിന്താമണിരത്‌നം പൂജനീയമായിത്തന്നെ കരുതി അതിന്റെ മഹത്വം മനസ്സിലാക്കി പൂജിക്കാനായി കപില മഹര്‍ഷിയെ ഏല്‍പ്പിച്ചു. ഗണേശസാന്നിധ്യവും വിഷ്ണുസാന്നിധ്യവുമുള്ള ഈ ചിന്താമണിരത്‌നത്തെ പൂജിക്കാന്‍ അവതാര സ്വരൂപനായ കപിലഭഗവാന്‍ തന്നെ ഏറ്റവും അനുയോജ്യന്‍ എന്നായിരുന്നു കപിലന്റെ വിലയിരുത്തല്‍. ശൈവ, വൈഷ്ണവ, ശാക്തേയ സാന്നിധ്യങ്ങള്‍ ഈ ചിന്താമണിയിലുണ്ടെന്ന് ബൃഹസ്പതിയും ദേവേന്ദ്രനെ ഉപദേശിച്ചു. 
അക്കാലത്ത് അസുരന്മാരില്‍ നിന്നും ഏറെ ഭയാനകമാംവിധം ചില ആക്രമണങ്ങളെ ദേവന്മാര്‍ ഭയപ്പെട്ടിരിക്കുകയായിരുന്നു. ഗണാസുരന്റെ ഉപദ്രവങ്ങളെക്കുറിച്ച് ദേവന്മാര്‍ മഹര്‍ഷിമാരെക്കണ്ട് പരാതിപ്പെട്ടു. 
പരിഹാര മാര്‍ഗങ്ങള്‍ക്കായി  മഹര്‍ഷിമാര്‍ ദേവന്മാര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കി. നിങ്ങള്‍ ശ്രീഗണേശന്റെ ഏകദന്ത ഭാവത്തെ ആശ്രയിച്ചു പ്രാര്‍ഥിക്കണം. ഏകദന്തന്‍ നിങ്ങളെ രക്ഷിക്കും. 
മഹര്‍ഷിമാരുടെ ഉപദേശാനുസൃതം ദേവന്മാര്‍ ഏകദന്ത ഉപാസന തുടങ്ങി. ഭക്തവല്‍സലനായ ശ്രീഗണേശന്‍ ഏകദന്തനായി പ്രത്യക്ഷപ്പെട്ട് അനുഗ്രഹം നല്‍കി. 
ഏകദന്തന്‍ ഗണാസുരസന്നിധിയിലേക്ക് ദൂതന്മാരെ നിയോഗിച്ചു. 
ശ്രീഗണേശന്റെ രീതി പൊതുവേ സാത്വികമാണ്. സാമദാനഭേദ രീതികള്‍ പ്രയോഗിച്ച ശേഷം മാത്രമേ ദണ്ഡനീതിയിലേക്ക് കടക്കൂ. അതിനാല്‍ നല്ല രീതിയില്‍ തന്നെ ശ്രീഗണേശന്‍ ഗണാസുരനോടു പെരുമാറി. എന്നാല്‍ അഹങ്കാരിയായ ഗണാസുരന്‍ അതിനൊന്നും വഴങ്ങിയില്ല. പിന്നാലെ ഗണാസുരനുമായി യുദ്ധം തന്നെ വേണ്ടി വന്നു. യുദ്ധത്തില്‍ ഗണാസുരന്‍ വധിക്കപ്പെട്ടു. ഗണാസുരനില്‍ നിന്നും ചിന്താമണിരത്‌നം കരസ്ഥമാക്കി. ഗണേശന്‍ അത് കപിലമഹര്‍ഷിയെ തിരിച്ചേല്‍പ്പിച്ചു. അതോടെ ഈ ചിന്താമണി രത്‌നത്തെ പരിചരിക്കുന്നതില്‍ സങ്കീര്‍ണതകളുണ്ടെന്ന് ബോധ്യപ്പെട്ട ദേവേന്ദ്രനും കപിലമഹര്‍ഷിയും അത് ഗണേശന്‍ തന്നെ കഴുത്തിലണിഞ്ഞ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ആ ചിന്താമണി രതന്ം വീണ്ടും ഗണേശന്റെ കഴുത്തില്‍ ആഭരണമായി വിളങ്ങി.

No comments:

Post a Comment