Wednesday, June 26, 2019

കൃഷ്ണ കാന്തം
കോംപസ് അഥവാ വടക്കുനോക്കിയന്ത്രത്തിനെപ്പറ്റി പേരക്കുട്ടികളോടു പറഞ്ഞപ്പോൾ ബ്രഹ്മശ്രീ നൊച്ചൂർജി മനസ്സിനെ വടക്കുനോക്കിയന്ത്രത്തോടുപമിച്ചത് ഓർമ്മ വന്നു. കപ്പൽ ഏതു ദിശയിലക്ക് തിരിഞ്ഞാലും കോംപസ് വടക്കുദിശയിലേക്ക് തിരിഞ്ഞ് നമ്മുടെ ദിശാബോധത്തെ രക്ഷിച്ചു നിർത്തുന്നു.
നമ്മുടെ മനസ്സ് ഈശ്വരോന്മുഖമായി നില്ക്കുന്ന ഒരു കോംപസ് ആയാൽ എത്ര നന്നായി ! അങ്ങനെയായാൽ എവിടെയിരുന്നാലും വടക്കോട്ടു തിരിയുന്ന യന്ത്രം പോലെ , എവിടെയിരുന്നാലും മനസ്സ് സദാ ഭഗവാനെ ഓർമിക്കും. കോംപസിൽ കാന്തമുണ്ട്. അതാണ് വടക്കോട്ട് നോക്കാൻ പ്രേരിപ്പിക്കുന്നത്. അതുപോലെ നമ്മുടെ മനസ്സിനെ കർഷണം ചെയ്യുന്ന കാന്തമാണ് കൃഷ്ണകാന്തം . ഈ കാന്തത്തിനൊരു പ്രത്യേകതയുണ്ട്. സ്നേഹപൂർവ്വം, ഭക്തിപൂർവം കൃഷ്ണനെ സ്മരിക്കുന്നവരേയും വിദ്വേഷത്തോടും വെറുപ്പോടും സ്മരിക്കുന്നവരേയും അത് ഒരു പോലെ ആകർഷിക്കുന്നു. പക്ഷെ കൃഷ്ണവിസ്മൃതിയിലാണ്ട ഉദാസീനരെ മാത്രം ഈ കാന്തം വികർഷിക്കുന്നു. സ്മരണയുടെ തീവ്രതയനുസരിച്ച് മനസ്സാകുന്ന യന്ത്രത്തിന്റെ കൃത്യത അഥവാ accuracy യും കൂടുന്നു, കാരണം നിരന്തര സ്മരണ നമ്മെ കൂടുതൽ ശക്തിയോടെ കൃഷ്ണ കാന്തത്തിലേക്ക് ആകർഷിക്കുന്നു. പിന്നെ ഏതു ദേശത്തും ഇരിക്കാം, ദിശാബോധവും ആവശ്യമില്ല , കാലത്തിൽ നിന്നും സ്വതന്ത്രമാകാം, പക്ഷെ മനസ്സ് സദാ കൃഷ്ണോന്മുഖം തന്നെ. ജീവിതസാഗരത്തിൽ നീന്തിത്തുടിക്കുമ്പോൾ ലക്ഷ്യം വ്യക്തമായി കണ്ടുകൊണ്ട് മുമ്പോട്ടു പോകാൻ കൃഷ്ണ കാന്ത സ്മരണ സഹായിക്കുന്നു. സുഗമമായ യാത്ര. ലക്ഷ്യത്തിലെത്താനുള്ള ധൃതി പോലും തോന്നുന്നില്ല. ആ നീലക്കാന്തത്തിന്റെ ആകർഷണവലയം ഒരു സുരക്ഷാവലയമായി അനുഭവപ്പെടുന്നതിനാൽ ആയാസമില്ലാതെ നീന്താം. എന്നെങ്കിലും ലക്ഷ്യത്തിലെത്തട്ടെ! അതുവരെ സ്മരണ തന്നെ ലക്ഷ്യത്തിലെത്താനുള്ള ലക്ഷ്യമായി വർത്തിക്കാൻ കൃഷ്ണ ,കാന്തമെന്ന രമാകാന്തൻ നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ!.
savitri

No comments:

Post a Comment