Thursday, June 06, 2019

കേരളത്തില്‍ ക്ഷേത്രവിഗ്രഹങ്ങള്‍ രണ്ടു തരമാണ്. സ്വയംഭൂവിഗ്രഹങ്ങളും ശാസ്ത്രവിധിപ്രകാരം രൂപപ്പെടുത്തി പ്രതിഷ്ഠിച്ച വിഗ്രഹങ്ങളും. ഭൂമിയില്‍ പ്രത്യക്ഷമാകുന്നവയാണ് സ്വയംഭൂവിഗ്രഹങ്ങള്‍. അവയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ക്കെല്ലാം സമാനതകളുണ്ട്. പുല്ലുചെത്താനും കൈതവെട്ടാനും പോകുന്ന സ്ത്രീകള്‍ ആയുധംമൂര്‍ച്ച കൂട്ടാന്‍ കല്ലിന്മേല്‍ ഉരയ്ക്കുമ്പോള്‍ രക്തം പൊടിഞ്ഞെന്നും അവിടെ ദേവചൈതന്യമുണ്ടെന്നു കണ്ടെത്തി സ്ഥലത്തെ മുഖ്യന്മാരുടെ സഹായത്തോടെ ക്ഷേത്രങ്ങള്‍ നിര്‍മിച്ചുവെന്ന കഥകള്‍ ധാരാളമുണ്ട്.
ശാസ്ത്രവിധിപ്രകാരം പ്രതിഷ്ഠിക്കുന്ന വിഗ്രഹങ്ങള്‍ എട്ടുവിധമുണ്ട്. കൃഷ്ണശിലയില്‍ നിര്‍മിച്ചവ, ചന്ദനം, വരിക്കപ്ലാവ്, ദേവദാരു തുടങ്ങിയ വൃക്ഷങ്ങളുടെ തടികളാല്‍ നിര്‍മിച്ചവ, സ്വര്‍ണം,വെള്ളി, പഞ്ചലോഹം എന്നീ ലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയവ, കടുശര്‍ക്കര തുടങ്ങിയ കൂട്ടുകളാല്‍ രൂപപ്പെടുത്തിയവ, ലിപി, വരച്ചുണ്ടാക്കിയ ഫോട്ടോ, മണ്ണുകൊണ്ടുണ്ടാക്കിയ പ്രതിമകള്‍, മനസ്സില്‍ രൂപപ്പെടുത്തിയ വിഗ്രഹങ്ങള്‍, രത്‌നം, സാളഗ്രാമം തുടങ്ങിയവയാണ് ഇത്തരം വിഗ്രഹങ്ങള്‍. 
ഇവയെ സാത്വികം, രാജസം, താമസം എന്നിങ്ങനെ മൂന്നായി തിരിക്കാം. യോഗമുദ്രയും വരദാഭയമുദ്രയും ധരിച്ചുള്ള വിഗ്രഹങ്ങള്‍ സാത്വികങ്ങളാണ്. സര്‍വാഭരണ വിഭൂഷിതമായി വാഹനങ്ങളിലിരിക്കുന്ന വിഗ്രഹങ്ങള്‍ രാജസങ്ങള്‍. ദുഷ്ടനിഗ്രഹരൂപത്തിലുള്ളവ താമസ വിഗ്രഹങ്ങളായി പരിഗണിക്കപ്പെടുന്നു. ചലം, അചലം എന്നിങ്ങനെയും വിഗ്രഹങ്ങളെ വേര്‍തിരിക്കാം. ചലിപ്പിക്കാവുന്നത് ചലം. സ്ഥിരപ്രതിഷ്ഠകള്‍ അചലം. മൂലവിഗ്രഹങ്ങള്‍ അചലങ്ങളെന്നും എഴുന്നള്ളിപ്പിനും മറ്റും ഉപയോഗിക്കാവുന്നവ ചലവിഗ്രഹങ്ങളെന്നും അറിയപ്പെടുന്നു. ഭദ്രകാളി, ദുര്‍ഗ, യക്ഷി, തുടങ്ങി ചില രൗദ്രഭാമാര്‍ന്ന ദേവതകള്‍ക്ക് രൂപവിഗ്രഹങ്ങള്‍ക്ക് പകരം കണ്ണാടി ബിംബങ്ങള്‍ പ്രതിഷ്ഠിക്കാറുണ്ട്.

No comments:

Post a Comment