Saturday, June 01, 2019

തിരിച്ചറിവ്........

ആരാണ് ഒരു യഥാർത്ഥ ഗുരു...   ആഗതന്റെ ഈ ചോദ്യം കേട്ട ഗുരു ഒന്നു പുഞ്ചിരിച്ചു... ശേഷം ഇങ്ങനെ പറഞ്ഞു.....

          യോഗാനന്ദ പരമഹംസരുടെ           ഗുരുവായ ശ്രീ. യുക്തേശ്വരനെ സന്ദർശിക്കാൻ ഒരിക്കൽ ഒരു പണ്ഡിതൻ എത്തി...

         സംസാരത്തിനിടയ്ക്ക് വേദങ്ങളിലും  ഉപനിഷത്തുക്കളിലും പുരാണങ്ങളിലുമെല്ലാമുള്ള തന്റെ             പാണ്ഡിത്യം പ്രദർശിപ്പിക്കാനായി, ആ  പണ്ഡിതൻ ഇടയ്ക്കിടയ്ക്ക് മഹാഗ്രന്ഥങ്ങളിലെ ശ്ലോകങ്ങൾ ചൊല്ലിക്കൊണ്ടേയിരുന്നു. 

           ഇതെല്ലാം കേട്ട് കുറേനേരം             നിശബ്ദനായിരുന്ന ഗുരു, 
ഇടയ്ക്ക് പറഞ്ഞു,    ' ഞാൻ 
നിങ്ങൾക്ക് പറയാനുള്ളത് 
കേൾക്കാനായി കാത്തിരിക്കുകയാണ്.'

       ആ പണ്ഡിതൻ ഒന്നും മനസ്സിലാകാതെ
ഗുരുവിനെ നോക്കിനിന്നു.

         ഗുരു തുടർന്നു,

            ''ഉദ്ധരണികൾ ഏറെയുണ്ടായിരുന്നു.ഈ മഹത് ഗ്രന്ഥങ്ങളിൽ പറയുന്നവയെല്ലാം ഓരോ മഹാത്മാക്കളുടെ രചനകളാണ്. 
അവ എത്രത്തോളം താങ്കൾക്ക്             ജീവിതത്തിൽ പകർത്താൻ കഴിഞ്ഞിട്ടുണ്ട്?
അവ എങ്ങനെയൊക്കെയാണ് താങ്കളുടെ സ്വഭാവത്തെ പരിവർത്തനപ്പെടുത്തിയത്?

           നിങ്ങളുടെ ജീവിതം നിങ്ങളെ പഠിപ്പിച്ച വാക്കുകളെയാണ്....  നിങ്ങളുടെ അനുഭവങ്ങളിൽ നിന്ന് നിങ്ങൾ പഠിച്ച പാഠങ്ങളെയാണ് എനിക്ക് കേൾക്കേണ്ടത്....'

           മറ്റുള്ളവരുടെ വചനങ്ങൾ ആവർത്തിക്കാൻ ആർക്കും കഴിയും. സ്വന്തം അനുഭവത്തിൽ നിന്നും താങ്കൾക്ക് എന്ത് പറയാനുണ്ട്?

                ഇതുകേട്ട് പണ്ഡിതൻ കുറ്റബോധത്തോടെ പറഞ്ഞു,''ഞാൻ പരാജയം സമ്മതിക്കുന്നു. എനിക്ക് ആത്മസാക്ഷാത്ക്കാരമില്ല.''

പണ്ഡിതൻ യാത്ര പറഞ്ഞ് പിരിഞ്ഞതിന്             ശേഷം ഇതിനെല്ലാം സാക്ഷ്യം വഹിച്ച് നിന്ന യോഗാനന്ദനോട് ഗുരു പറഞ്ഞു, 

                '' വിശുദ്ധ ഗ്രന്ഥങ്ങളിലെ മഹത്  വചനങ്ങൾ ജീവിതംകൊണ്ട് സ്വാംശീകരിക്കുകയാണെങ്കിൽ അത് ആത്മസാക്ഷാത്ക്കാരത്തിനുള്ള              ആഗ്രഹത്തെ ഉത്തേജിപ്പിക്കുന്നതിന് ഉപകാരപ്പെടും. 
             അല്ലെങ്കിൽ ഈ  ഗ്രന്ഥങ്ങളുടെ തുടർച്ചയായ പഠനം പൂർണ്ണതയില്ലാത്ത അറിവിലും അഹംഭാവത്തിലും മാത്രമേ കൊണ്ടുചെന്നെത്തിക്കൂ."

          എന്നാൽ ഏതൊരു വ്യക്തിയാണോ താൻ പഠിച്ച പാഠങ്ങളോരോന്നും 
സ്വന്തം ജീവിതത്തിൽ സ്വാംശീകരിച്ച്.... സ്വജീവിതത്തെ ഉടച്ചുവാർക്കാനും 
സ്വന്തം അനുഭവത്തിൽ നിന്നുള്ള 
അറിവിനെ സ്നേഹത്തിന്റെ ഭാഷയിൽ              ശിഷ്യന് പകർന്നുകൊടുക്കുകയും              തയ്യാറാവുന്നത്, 
അയാൾ യഥാർത്ഥ  ഗുരുവാകുന്നു....

No comments:

Post a Comment