Monday, June 24, 2019

പ്രാണനെ സന്തുലിതമാക്കാം

Saturday 22 June 2019 3:21 am IST
ചിന്താ ശോകപ്രശമനം (ദുഷ്ചിന്തകളെയും ദു:ഖങ്ങളെയും അകറ്റും), ആയുര്‍ വര്‍ധനം
(ആയുസ് വര്‍ധിപ്പിക്കും) ഉത്തമം എന്നാണ് അഗസ്ത്യമുനി ആദിത്യഹൃദയമന്ത്ര ജപത്തിന് ഫലം പറഞ്ഞിരിക്കുന്നത്. 
എല്ലാ ദേവന്മാരും നമ: എന്നു ചൊല്ലി പൂജിച്ചാല്‍ തൃപ്തരാകും. എന്നാല്‍ സൂര്യന്‍ മാത്രം പ്രത്യക്ഷ നമസ്‌കാരം  ശരീരം നിലത്ത് പതിച്ചു കൊണ്ടുള്ള  സാഷ്ടാംഗ നമസ്‌കാരം  കൊണ്ടേ തൃപ്തനാകൂ. കണ്മുന്നില്‍ ( പ്രത്യക്ഷം) കണ്ടു നമസ്‌കരിക്കാന്‍ സാധിക്കുന്ന ഏകദേവനും സൂര്യനാണ്. 
'ആരോഗ്യം ഭാസ്‌കരാത് ഇച്ഛേത് ' എന്നാണ്. സൂര്യന് ആരോഗ്യദായകത്വമെന്ന പ്രത്യേകതയുണ്ട്. രോഗാണുക്കളെ നശിപ്പിക്കാന്‍ വെയിലത്തു വെച്ചാല്‍ മതി. സൂര്യ സ്‌നാനം വെള്ളക്കാര്‍ക്ക് പ്രധാനമാണ്. ശരീരത്തിന് വിറ്റാമിന്‍ ഡി കിട്ടുന്നത് സൂര്യപ്രകാശത്തിലൂടെ മാത്രമാണ്. സൂര്യനമസ്‌കാരം സാര്‍ഥകമാകുന്നത് സൂര്യനെ നോക്കി ചെയ്യുമ്പോള്‍ തന്നെയാണ്.
ഒരു കാര്യം കൂടി ഇവിടെ പ്രസക്തമാണ്. നമ്മുടെ ശാസ്ത്രപ്രകാരം ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം പിണ്ഡാണ്ഡത്തിലുണ്ടാകും. പുറത്തുള്ളതെല്ലാം അകത്തുണ്ട്. സൂര്യചന്ദ്രമാരും അകത്തുണ്ട്. സൂര്യന്‍, പിംഗളാ നാഡിയാണ്; പ്രാണനാണ്.ചന്ദ്രന്‍ ഇഡാ നാഡിയാണ്; മനസ്സാണ്. പ്രാണനെ പ്രചോദിപ്പിക്കാനും സന്തുലിതമാക്കാനും സൂര്യനമസ്‌കാരം വേണം.
ചൂടായ പാത്രത്തില്‍ (ആധാരം) നെയ്യ് (ആധേയം) ഒഴിച്ചാല്‍ നെയ്യ് ഉരുകും. ചൂടായ നെയ്യ് തണുത്ത പാത്രത്തിലൊഴിച്ചാല്‍ പാത്രം ചൂടാവും. ചൂടായ പാത്രത്തില്‍ ചൂടായ നെയ്യൊഴിച്ചാല്‍ ചൂടു കൂടുതല്‍ നേരം നിലനില്കും. ജീവന്റെ ആധാരം, ഉപാധി ശരീരമാണ്. ആധേയമാണ് ആത്മാവ്. ആധാരം, ശരീരം യോഗ്യമായാലേ ആത്മാവിന്റെ ജന്മലക്ഷ്യം പൂര്‍ത്തീകരിക്കാനാവൂ. അതാണ് ധര്‍മം സാധിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട ഉപകരണം ശരീരമാണ് ( ശരീരമാദ്യം ഖലു ധര്‍മ സാധനം) എന്നു പറയുന്നത്. ആഹാരം, വ്യായാമം, വിശ്രമം (നിദ്ര) ഇവയാണ് ശരീരത്തിന് അത്യാവശ്യമായ മൂന്നു കാര്യങ്ങള്‍. ഇവയില്‍ രണ്ടാമത്തേത്, വ്യായാമം, മാത്രമാണ് ഈ ലേഖനത്തിന്റെ വിഷയം.
ലാഘവം കര്‍മ സാമര്‍ഥ്യം
ദീപ്‌തോഗ്‌നിര്‍ മേദസ: ക്ഷയ:
വിഭക്തഘന ഗാത്രത്വം
വ്യായാമാദുപജായതേ.
ആയുര്‍വേദ ഗ്രന്ഥമായ അഷ്ടാംഗഹൃദയ ത്തിലെ ദിനചര്യാധ്യായത്തിലെ ശ്ലോകമാണിത്. ശരീരത്തിന് ഭാരമനുഭവപ്പെടാതിരിക്കുക ( ലാഘവം ), പ്രവൃത്തി ചെയ്യാനുള്ള ഉത്സാഹം (കര്‍മ സാമര്‍ഥ്യം), ദഹനശക്തി (ദീപ്‌തോഗ്‌നി:) അനാവശ്യമായ തടിയില്ലാതിരിക്കുക (മേദസ: ക്ഷയ:) ശരീരത്തിന് വഴക്കം ഇവ വ്യായാമം കൊണ്ട് ലഭിക്കും.
എന്നാല്‍ സൂര്യനമസ്‌കാരത്തിന് അനേകം ഗുണങ്ങള്‍ പറയുന്നുണ്ട്. 'ആദിത്യസ്യ നമസ്‌കാരാന്‍
യേ കുര്‍വന്തി ദിനേ ദിനേ' 
നിത്യം സൂര്യനമസ്‌കാരങ്ങള്‍ ചെയ്യുന്നവന് ആയുസ്സ്, പ്രജ്ഞാ, ബലം, വീര്യം, തേജസ് എന്നിവ കിട്ടും. അകാലമരണം ഉണ്ടാവില്ല. സര്‍വ വ്യാധികളും നശിക്കും. കാരണം അതു വ്യായാമം മാത്രമല്ല, അനേകം യോഗാസനങ്ങളുടെ സമഞ്ജസ സമ്മേളനമാണ്. താളത്തിലും ആഴത്തിലുമുള്ള ശ്വാസ ക്രമം ചേര്‍ന്നതാണ്. പ്രാണനെ സന്തുലിതമാക്കുന്നതാണ്. നട്ടെല്ലിന് വഴക്കം നല്‍കുന്നതാണ്. മനസ്സിന് ഏകാഗ്രതയും ബുദ്ധികൂര്‍മത നല്‍കുന്നതാണ്. സൂര്യനമസ്‌കാരത്തിന്റെ പഴക്കത്തെപ്പറ്റി സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. 1928ല്‍ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ഔന്‍ധിലെ രാജാവ് ബാലാ സാഹെബ് പന്ത് 1928 ജനുവരി 31ന് പുറത്തിറക്കിയ സൂര്യനമസ്‌കാരം എന്ന പുസ്തകം ഈ ലേഖകന്റെ കയ്യില്‍ ഉണ്ട്. സൂര്യനമസ്‌കാരത്തിന്റെ ഇന്നത്തെ രൂപം തന്നെയാണതിലുള്ളത്, ചിത്ര സഹിതം. അതിനര്‍ഥം 1928 നു മുമ്പുതന്നെ അത് പ്രചരിച്ചിരുന്നു എന്നാണ്. സാഷ്ടാംഗ നമസ്‌കാരത്തില്‍ അടിസ്ഥാനമായി രണ്ടു നിലകളാണുള്ളത്   തൊഴുതു നില്കുക, നിലത്തു വീണു നമസ്‌കരിക്കുക. ഇടയില്‍ പല ശാസ്ത്രീയ ആസനങ്ങളും ചേര്‍ത്ത് ഉരുത്തിരിഞ്ഞു വന്നതാവണം സൂര്യനമസ്‌കാര പദ്ധതി. വളരെ എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്നതേയുള്ളൂ സൂര്യനമസ്‌കാരത്തിന്റെ ക്രമങ്ങള്‍.

No comments:

Post a Comment