Thursday, June 20, 2019

ഇന്ദ്രിയ പ്രലോഭനങ്ങളെ അതിജീവിക്കണം

Tuesday 18 June 2019 3:32 am IST
പ്രകൃതിയുടെ പ്രലോഭനങ്ങളേയും അനവധാനതകൊണ്ടുള്ള അപകടങ്ങളേയും സാധകരെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് അമ്മ പറഞ്ഞു:-ഇന്ദ്രിയപ്രപഞ്ചത്തിന്റെ വശ്യതകളെ ചെറുത്തുനില്‍ക്കുക എന്നതു കഠിനം തന്നെ. പക്ഷേ ആ കാഠിന്യം അനുഭവപ്പെടുന്നത് ആര്‍ക്കാണ്? ഭക്തിയുടെ നിര്‍വൃതിദായകമായ സുധ അനുഭവിച്ചവര്‍ക്കേ അങ്ങിനെ അനുഭവപ്പെടുകയുള്ളു. മായ സുശക്തമാണ്. അവിദ്യാവശഗര്‍ മുമ്പേത്തന്നെ അവള്‍ക്ക് അടിമകളാണ്. നിങ്ങള്‍ ജ്ഞാനത്തിലേക്കു ഉപനയിക്കപ്പെട്ട സാധകരാണ്. നിങ്ങള്‍ ചിന്തയിലുംവീക്ഷണത്തിലും,സംഭാഷണത്തിലും,പെരുമാറ്റത്തിലും എന്നല്ല നിങ്ങളുടെ സകലവൃത്തികളിലും പരിപാവനത പാലിക്കണം. സാന്മാര്‍ഗ്ഗികമായ അധ:പതനം ഉണ്ടാകാതെ സൂക്ഷിച്ചിരിക്കണം. 
ഈശ്വരനാമമാകുന്ന സുധാതീര്‍ത്ഥം പാനം ചെയ്യുവിന്‍. ഈശ്വരനാമം മധുരതരമാണ്. ഈശ്വരനാമം സര്‍വ്വശക്തമാണ്. ഈശ്വരനാമത്തിന്റെ മഹത്ത്വം ഈശ്വരമഹത്ത്വം തന്നെ. ഒരിക്കലെങ്കിലും അതു അറിഞ്ഞുകഴിഞ്ഞാല്‍ നിങ്ങള്‍ ക്ഷണികമായ സുഖഭോഗങ്ങളാല്‍ പ്രലോഭിതരാകുകയില്ല. നിരന്തരമായ പരിശ്രമത്തില്‍ ഏര്‍പ്പെടുക. നിരന്തര പരിശീലനംകൊണ്ടുമാത്രമേ ഫലം ഉദിക്കുകയുള്ളു.
ഈശ്വരന്റെ നാമത്തിനും രൂപത്തിനും അത്ഭുതകരമായ ശുദ്ധീകരണശക്തിയുണ്ട്. നാമോച്ചാരണവും സ്വരൂപധ്യാനവും വഴി മുക്തി ലഭിക്കുന്നു. പ്രേമാഗ്നിയില്‍ മനസ്സു ദ്രവീഭവിക്കുന്നു. നാമം മൗനത്തില്‍ മുങ്ങുന്നു. രൂപം നിര്‍ഗ്ഗുണനിരാകാര ചൈതന്യത്തില്‍ നിര്‍ലീനമാകുന്നു. അവര്‍ണ്ണനീയമായ നിഗൂഢാനുഭൂതിയില്‍ സഗുണവും നിര്‍ഗുണവും ഏകമായിത്തീരുന്നു.
ദേവര്‍ഷിയായ നാരദന്‍ ധ്രുവന് ഈശ്വരനാമത്തിന്റേയും രൂപത്തിന്റേയും സൗന്ദര്യപ്രഭാവം വിവരിച്ചു കൊടുത്തു. ഭക്ത്യാസക്തമായ ഭാവനയുടെ ശക്തികൊണ്ട് ആ കുമാരന്റെ മനസ്സില്‍ ഈശ്വരരൂപം ഗാഢമുദ്രിതമായിത്തീര്‍ന്നു. മാനസികമായ ആ ചിത്രംപോലും ധ്രുവനു ആത്മാനന്ദപ്രദമായ ആക്ഷണവസ്തുവായി പരിണമിച്ചു. പ്രപഞ്ചത്തിലെ മറ്റൊരു വിഷയത്തിലേക്കും മനസ്സു പതിഞ്ഞിരുന്നില്ല. ഒടുവില്‍ ഈശ്വരന്റെ പ്രത്യക്ഷദര്‍ശനംകൊണ്ട് ധ്രുവന്‍ അനുഗൃഹീതനായി. 
(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)

No comments:

Post a Comment