Thursday, July 18, 2019

ശ്രീമദ് ഭാഗവതം 215*
ദേവന്മാരുടെ പ്രാർത്ഥന കേട്ട് ഭഗവാൻ പറഞ്ഞു. ഞാൻ മഥുരാപുരിയിൽ അവതരിക്കാം. വസുദേവർക്കും ദേവകിക്കും അഷ്ടമൻ പിള്ള ആയിട്ട്. മലയാളത്തിൽ ചിലർക്ക് അഷ്ടമൻ പിള്ള എന്ന് പേര് ണ്ട്. കൃഷ്ണൻ എന്നാണർത്ഥം. എട്ടാമത്തെ പുത്രനായിട്ട് അവതരിക്കാം എന്ന് ഭഗവാൻ പറഞ്ഞു . വിവാഹം കഴിഞ്ഞ് കംസൻ ദേവകീ വസുദേവന്മാരെ രഥത്തിൽ കൊണ്ട് പോകുന്നു. പുറകേ നിന്ന് ഒരു അശരീരി വാണി കേട്ടു.
"ഹേ മന്ദാ", 
ആരെങ്കിലും അങ്ങനെ വിളിച്ചാൽ തിരിഞ്ഞു നോക്കാൻ പാടില്ല്യ.
കംസന് സംശയമേ ണ്ടായില്ല്യ ആരെയാ വിളിക്കണതെന്ന്.
അസ്യാസ്ത്വാ അഷ്ടമോ ഗർഭോ ഹന്താ യാം വഹസേ അബുധ
"ഹേ അബുധാ(മന്ദാ), ആരെയാണോ താൻ ഈ രഥത്തിൽ ഓടിച്ചു കൊണ്ട് പോകുന്നത് ഇവളുടെ എട്ടാമത്തെ ഗർഭം തന്നെ വധിക്കും."
എട്ടാമത്തെ ഗർഭത്തിൽ ജനിച്ചവൻ നിന്റെ വധത്തിന് കാരണമായി ത്തീരും എന്ന് പറഞ്ഞതും ചാടി ക്കയറി ദേവകിയുടെ തലമുടിയ്ക്ക് കയറി പിടിച്ചു. വസുദേവര് ഇപ്പഴേ വിവാഹം കഴിച്ചിട്ടുള്ളൂ. അപ്പോഴേയ്ക്കും ആ ചുമതലാബോധം!! അദ്ദേഹം കംസന്റെ കൈയ്യിൽ കയറി പിടിച്ചു.
എന്താ ചെയ്യേണ്ടത്?
അസത്തുക്കളാണെങ്കിലും കാര്യം നടക്കണമെങ്കിൽ സ്തുതിക്കണം.
ശ്ലാഘനീയഗുണ: ശൂരൈ: ഭവാൻ ഭോജയശസ്ക്കര:
കംസാ, നിനക്ക് എത്ര നല്ല ഗുണം. നിന്നെ കാരണമാണല്ലോ ഈ ഭോജവംശത്തിന് ഇത്രയും നല്ല പേര് കിട്ടിയിട്ടുള്ളത്. സഹോദരിയെ വിവാഹപന്തലിൽ വെച്ച് വധിക്കാമോ?
മരണം എന്ന് പറയുന്നത് നമ്മൾ ജനിക്കുമ്പോ കൂടെ ജനിക്കും. പുല്ലട്ട ഒരു പുല്ല് പിടിച്ച് മറ്റൊരു പുല്ല് വിടുന്നതുപോലെ ഈ ജീവൻ സങ്കല്പം കൊണ്ട് തന്നെ മറ്റൊരു ശരീരം സ്വീകരിച്ചിട്ടാണ് ഈ ശരീരം ഉപേക്ഷിക്കുന്നത്. ഇന്നോ അല്ലെങ്കിൽ നൂറ്റിക്കണക്കിന് വർഷങ്ങൾക്ക് ശേഷമോ എന്നെങ്കിലും ഒരു ദിവസം മരണം വന്നേ ഒക്കൂ. മരണത്തിനെ അറിവുള്ളവർ ഭയപ്പെടില്ല്യ എന്നൊക്കെ പറഞ്ഞു കൊടുത്തു.
ഒന്നും തന്റെ കംസന്റെ ഉള്ളില് പോയില്ല്യ. അപ്പോ തത്ക്കാലത്തേയ്ക്ക് രക്ഷപെടാനായി വസുദേവർ പറഞ്ഞു.
"ജനിക്കുന്ന കുട്ടികളെ ഒക്കെ തന്നേയ്ക്കാം. ദേവകിയെ കൊണ്ട് ഉപദ്രവം ഇല്ലല്ലോ."
എന്താ ഭാവിയിൽ സംഭവിക്കുന്നത് എന്നൊന്നും അറിയില്ല. ആരോ വിളിച്ചു പറഞ്ഞു അശരീരി. എന്തിനാ ഇപ്പൊ നേരത്തെ വിളിച്ചു പറഞ്ഞത്. കഥയിൽ മുഴുവനുമുള്ള കാര്യം അതാണ്. നേരത്തേ കൂട്ടി വിളിച്ചു പറഞ്ഞു.
ആദ്യത്തെ കുട്ടി ജനിച്ചു. കുട്ടിക്ക്.കീർത്തിമാൻ എന്ന് പേര് വെച്ചു. വസുദേവർ കുട്ടിയെ കൈയ്യിലെടുത്ത് കൊണ്ട് പോയി.
തന്റെ പുത്രനെ ഈ അസുരന്റെ കൈയ്യിൽ കൊടുക്കാൻ വസുദേവർക്ക് എങ്ങനെ മനസ്സ് വന്നു എന്ന് വെച്ചാൽ സത്യം പാലിക്ക്യാണ്. കുട്ടിയെ തരാമെന്ന് പറഞ്ഞ ആ സത്യത്തിനെ പാലനം ചെയ്യാണ്.
അപ്പോ എട്ടാമത്തെ പുത്രനെ അവിടെ നിന്ന് മാറ്റുന്നതോ? അവിടെ സത്യം എവിടെ പോയി? അവിടെ ഭഗവാൻ സത്യസ്യ സത്യം. സത്യത്തിനൊക്കെ പാരമാർത്ഥികമായ തലം ഭഗവാനാണ്. അതുകൊണ്ട് ഭഗവാന്റെ വാക്ക് ഇതിന് മേലെ സത്യം ആയി.
ശ്രീനൊച്ചൂർജി
*തുടരും. ..*
lakshmi prasad

No comments:

Post a Comment