4. മൂഖ്യശക്തിഃ - എല്ലാ ശക്തികളിലും മുഖ്യയായവള്‍, പരാശക്തി പ്രപഞ്ചത്തിന്റെ സൃഷ്ടിക്കും സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തിനും കാരണമായ മഹാശക്തി. കാറ്റായും വെളിച്ചമായും ചൂടായും വസ്തുവായും ജീവിയായും മറ്റും ശക്തിയുടെ വിവിധഭാവങ്ങളെ നാം ഇന്ദ്രിയങ്ങളിലൂടെ അറിയുന്നു. നമ്മുടെ ജ്ഞാനത്തിനും ഭാവനയ്ക്കും അതീതമായ ശക്തികളും പലതുണ്ട്. ഇവയെല്ലാം പലതെന്നു തോന്നുമെങ്കിലും സര്‍വാധാനമായി ഒരു മഹാശക്തിയുടെ സ്പുരണങ്ങള്‍ മാത്രമാണ്. മനസ്സിനും വാക്കിനും അതീതമായ ആ ശക്തിയെ മാതൃഭാവത്തില്‍ അറിയാനും ആവിഷ്‌ക്കരിക്കാനുമുള്ള പരിശ്രമത്തിന്റെ ഫലമാണ് പരാശക്തി, പരബ്രഹ്മം എന്നീ പദങ്ങള്‍. മുഖ്യശക്തി പന്ന പദം പരാശക്തിയെത്തന്നെയാണു കുറിക്കുന്നത്. 5. മഹാലക്ഷ്മിഃ - പരാശക്തിയുടെ മൂന്നു മുഖ്യരൂപങ്ങളിലൊന്നാണ്. സത്വഗുണപ്രധായായ ഐശ്വര്യദേവത. ലക്ഷ്മീഃ എന്ന പദത്തെ പലതരത്തില്‍ നിര്‍വചിക്കുന്നു. പ്രസിദ്ധ നിരുക്തികാരനായ യാസ്‌കന്‍ ഈ പദത്തെ നാലുതരത്തില്‍ വ്യാഖ്യാനിച്ചിട്ടും തൃപ്തനായില്ല. 1. ''ലക്ഷ്മീ ലക്ഷണാത്'' (ശുഭലക്ഷണങ്ങളുള്ളവളാകയാല്‍ ലക്ഷ്മി). 2. ''ലക്ഷ്മീഃലഗ്വതേ സ്യാത് ആശ്ലേഷകര്‍മണഃ(ആശ്ലേഷിക്കപ്പെടുന്നവളാകയാല്‍ ലക്ഷ്മി). 3. ''ലക്ഷ്മീഃ ലപ്‌സതേഃസ്വാത് പ്രേപ്‌സാ കര്‍മണഃ(ലഭിക്കാന്‍ ആഗ്രഹിക്കപ്പെടുന്നവളാകയാല്‍ ലക്ഷ്മി). 4. ''ലക്ഷ്മീഃലാഭാത്'' (ലഭിക്കുന്നവളാകയാല്‍ ലക്ഷ്മി). മഹാഭാഷ്യകാരനായ പതഞ്ജലി ''ലക്ഷ്മീഃ ലക്ഷണാത് ഭാസനാത് പരിവൃഢാ ഭവതി''(ശോഭിക്കുന്നതിനാല്‍ ലക്ഷ്മി), അതിനാല്‍ ശ്രേഷ്ഠ ആയവള്‍). ''ലക്ഷ്യത ഇതി ലക്ഷ്മീഃ(ലക്ഷ്യമാക്കപ്പെടുന്നതിനാല്‍ ലക്ഷ്മി) എന്നു ലിംഗസൂരി ഇനിയും പ്രസിദ്ധമായ നിര്‍വചനങ്ങള്‍ പലതുണ്ട്. ആചാര്യന്മാര്‍ അവരവരുടെ അറിവിനും ഭാവനയ്ക്കും ചേര്‍ന്ന മട്ടില്‍ ലക്ഷ്മീദേവിയെ അവതരിപ്പിച്ചു. അസാദ്ധ്യമായതു സാധിക്കാനുള്ള പരിശ്രമത്തെ ആദരിക്കാം. ''പ്രപഞ്ചത്തില്‍ ആകര്‍ഷകമായും അഭിലഷണീയമായും ഉള്ള എല്ലാ ഗുണങ്ങളും മാതൃഭാവത്തില്‍ എകീഭവിച്ച ശുദ്ധ സത്വമൂര്‍ത്തി'' എന്നു നമുക്കു തല്‍ക്കാലം സ്വീകരിക്കാവുന്ന നിര്‍വചനം. 'മഹാ' എന്ന വിശേഷണം ദേവിയുടെ മഹത്വത്തെക്കുറിക്കുന്നു. പുരാണങ്ങള്‍ വിഷ്ണുവിന്റെ പത്‌നിയായും ഭഗവാന്റെ യോഗമായയായും മഹാലക്ഷ്മിയെ സ്തുതിക്കുന്നു. അമൃതത്തിനുവേണ്ടി പാലാഴി കടഞ്ഞപ്പോള്‍ അതില്‍നിന്നുണ്ടായ പതിന്നാലു രത്‌നങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതു മഹാലക്ഷ്മിയാണ്. തന്റെ നെഞ്ചിലാണു ഭഗവാന്‍ മഹാലക്ഷ്മിയെ കുടിയിരുത്തിയത്. സദാ കാണുന്നതിനായി താമരപ്പൂവിന്റെ രൂപത്തില്‍ ദേവിയെ തന്റെ വലതുകൈയില്‍ ഭഗവാന്‍ ധരിക്കുന്നു. ഭഗവാന്റെ നാലായുധങ്ങളില്‍ ഏറ്റവും ഫലപ്രദമായത് മഹാലക്ഷ്മിയുടെ ചൈതന്യമായ പദ്മമാണെന്നു പറയപ്പെടുന്നു. സമ്പത്തായും ജ്ഞാനമായും ആരോഗ്യമായും പദവിയും പ്രതാപവുമായും കുടുംബക്ഷേമമായും മനുഷ്യന് സുഖവും ആനന്ദവും തരുന്ന പരാശക്തിയുടെ സത്വഗുണ മൂര്‍ത്തിയാണു മഹാലക്ഷ്മി. 6. മൂലമന്ത്രസ്വരൂപിണിഃ - മൂലമന്ത്രം സ്വരൂപമായവള്‍. മൂലം, മന്ത്രം എന്ന രണ്ടുപദങ്ങള്‍ ചേര്‍ന്നതാണ് മൂലമന്ത്രം എന്ന പ്രയോഗം. മൂലം എന്നതിന് ബന്ധിക്കുന്നത്, കാരണമായത് ആധാരമായത് എന്നര്‍ത്ഥം. മന്ത്രം എന്ന പദത്തെ ''മനനാത് ത്രായതേ ഇതി മന്ത്രഃ'' എന്ന് ആചാര്യന്മാര്‍ നിര്‍വചിക്കുന്നു. മനനം ചെയ്യുന്നവരെ ത്രാണനം ചെയ്യുന്നതു, രക്ഷിക്കുന്നത് എന്നര്‍ത്ഥം. മന്ത്രങ്ങള്‍ ദേവശക്തികളുടെ ശബ്ദരൂപങ്ങളാണെന്നും ജപിക്കുന്നവര്‍ക്കു ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളും നല്‍കുന്നവയാണെന്നും വിശ്വാസം. വര്‍ണ്ണമോ അക്ഷരമോ അക്ഷരപരമ്പരയോ മന്ത്രമാകാം. മറ്റെല്ലാ ശബ്ദങ്ങള്‍ക്കും ഉത്പത്തി കാരണമാകയാല്‍ പ്രണവത്തെ മൂലമന്ത്രം എന്നുപറയാറുണ്ട്. പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനശക്തികളെ ഉച്ചരിതശബ്ദങ്ങളിലൂടെ സാധകനുമായി ബന്ധിക്കുന്നതു പ്രണവമാണ്. 'ഓം' എന്നതു പ്രണവസ്വരൂപം. ഒരു ദേവിയെയോ ദേവനെയോ കുറിച്ച് അനേകം മന്ത്രങ്ങളുണ്ടാകാം. ആ ദേവചൈതന്യത്തിന്റെ വിഭൂതികളുമായി ബന്ധപ്പെട്ടവയായിരിക്കും മന്ത്രങ്ങള്‍. മന്ത്രദേവതയുടെ ഭിന്നഭാവങ്ങളില്‍ ഓരോന്നിനും യോജിക്കുന്ന രീതിയിലാകും മന്ത്രഘടന. മൂകാംബികാക്ഷേത്രത്തിലെ പ്രതിഷ്ഠാ ചൈതന്യത്തെ ശങ്കരാചാര്യരോ സുപര്‍ണനോ ആണ് അവിടെ പ്രതിഷ്ഠിച്ചത്. പ്രതിഷ്ഠിക്കാനുപയോഗിച്ച മന്ത്രം ''ഐം ഗൗരി ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹാ'' എന്നാണെന്നറിയുന്നു. മന്ത്രങ്ങള്‍ വ്യാഖ്യാനത്തിനു വഴുങ്ങുന്നവയല്ല. ഈ മന്ത്രത്തിന്റെ ഘടകങ്ങളെല്ലാം തുടര്‍ന്നുവരുന്ന നാമങ്ങളുടെ ചര്‍ച്ചയില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ മന്ത്രം മൂകാംബികാദേവിയുടെ മൂലമന്ത്രമാണ്. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠയ്ക്കുപയോഗിക്കുന്ന മന്ത്രത്തെ ആ ക്ഷേത്ര ചൈതന്യത്തിന്റെ മൂലമന്ത്രമെന്നു പറയും. മേലുദ്ധരിച്ച മന്ത്രം മൂകാംബിക ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തിയുടെ മൂലമന്ത്രമാണ്. ദേവമൂര്‍ത്തികള്‍ക്കു സ്ഥൂലരൂപവും മന്ത്രരൂപവുമുണ്ട്. മൂകാംബികാദേവിയുടെ സ്ഥൂലരൂപം ഈ സഹസ്രനാമസ്‌തോത്രത്തിലെ 17 തൊട്ടുള്ള അന്‍പതു നാമങ്ങളില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. മന്ത്രരൂപം ഈ നാമത്തിന്റെ വ്യാഖ്യാനത്തില്‍ ഉദ്ധരിച്ച പഞ്ചദശാക്ഷരീ മന്ത്രമാണ്.
janmabhumi
janmabhumi
No comments:
Post a Comment