Monday, July 01, 2019

ദക്ഷിണാമൂർത്തി സ്തോത്രം-49

സ്ഥൂലമായ മണ്ഡലത്തിൽ നിന്നും പതുക്കെ ചുരുക്കി ചുരുക്കി സൂക്ഷ്മമായി തന്നിലേയ്ക്ക് വരലാണ് പ്രക്രിയ. എല്ലാ കാര്യങ്ങളും ഇങ്ങനെ ലളിതമാക്കി കൊണ്ട് വരിക. ആ സമ്പ്രദായത്തിൽ ആദ്യം വിശ്വത്തിൽ നിന്നും തുടങ്ങി യസ്യൈവ സ്ഫുരണം എന്ന് പറയുമ്പോൾ ആത്മാവിലേയ്ക്ക് വന്നു.  ആദ്യത്തെ രണ്ട് ശ്ലോകം കൊണ്ട് ഈ പ്രപഞ്ചം വിവർത്തമാണ് എന്ന് കാണിച്ചു. പരിണാമവും, വിവർത്തവും ഉണ്ട്. ശാസ്ത്രം പരിണാമത്തെ കുറിച്ചാണ് പറയുന്നത്. ഒന്ന് മറ്റൊന്നായി പരിണമിക്കുക. എന്നാൽ വേദാന്തം പറയുന്നത് ഇവിടെ അങ്ങനെ ഒരു പരിണാമം ഉണ്ടായിട്ടേയില്ല വിവർത്തം മാത്രമേ ഉണ്ടായിട്ടുള്ളു എന്നാണ്. പരിണാമത്തിനും, വിവർത്തത്തിനും വേദാന്തികൾ പറയുന്ന ഉദാഹരണം ഇതാണ് , പാല് തൈരായിട്ട് മാറുന്നത് പരിണാമം. കയറ് പാമ്പായിട്ട് തോന്നുന്നത് വിവർത്തം. കയറിന് പാമ്പിന്റെ ഒരു ഗുണവും കിട്ടിയിട്ടില്ല. പക്ഷേ ഭ്രമം കൊണ്ടും കാണുന്ന ആളുടെ ദോഷം കൊണ്ടും പാമ്പായിട്ട് തോന്നുന്നു. അവിടെ പരിണാമം ഉണ്ടായിട്ടേയില്ല. ശാസ്ത്രം പറയുന്നു പതുക്കെ പതുക്കെ പരിണാമമുണ്ടായി എന്നാണ്.  എന്നാൽ ഒരു പരിണാമമോ ചലനമോ ഉണ്ടായിട്ടില്ല. എവിടെ ചലിക്കാനാണ്. പരിണാമത്തെ കുറിച്ച് പറയാൻ നിന്നാൽ അതിന് ഒരന്തമേയില്ല. അതിനാൽ ഇതെല്ലാം വിവർത്തമാണ്. ഈ പ്രപഞ്ചമായിട്ട് കാണുന്നത് ആത്മാവിൽ ആരോപിതമാണ്. 

അഘണ്ടമായി അനന്തമായിട്ട് ഒരെത്തും പിടിയും കിട്ടാതെ പരന്ന് കിടക്കുന്ന ഈ വിശ്വം. അതിന്റെ സ്രോതസ്സ് എവിടെയാണ്? 

ദേശകാലകലനാ വൈചിത്ര്യചിത്രീകൃതമ് എന്ന് മുമ്പ് സൂചിപ്പിച്ചു. ഈയടുത്ത് ചില ശാസ്ത്രജ്ഞർ പറയുകയുണ്ടായി കാലവും, സ്പേസും രണ്ടല്ല ഒന്നാണ് എന്നൊക്കെ. ശാസ്ത്രവും പിച്ച വച്ച് നടന്ന് തുടങ്ങിയിരിക്കുന്നു സത്യത്തിലേയ്ക്ക്. എന്നിട്ടും വലിയ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.  കാരണം ഈ അന്വേഷണം ഒന്നും അകമേയ്ക്കല്ല പുറമേയ്ക്കാണ്. എത്രയൊക്കെ കണ്ടു പിടിച്ചാലും ആകെ കൺഫ്യൂഷനാണ്. കാരണം നമ്മൾ ബാഹ്യ പദാർത്ഥങ്ങളെ കൊണ്ടാണ് കളിക്കുന്നത്. ഒരു സമാധാനവും അതു കൊണ്ടുണ്ടാകാൻ പോകുന്നില്ല കൂടുതൽ കുഴപ്പങ്ങളല്ലാതെ. പഴയ കാലങ്ങളിൽ എങ്ങനെ ഭക്ഷണം കഴിച്ചിരുന്നു, ഉറങ്ങിയിരുന്നു, സുഖഭോഗങ്ങളൊക്കെ അനുഭവിച്ചിരുന്നു  അങ്ങനെ തന്നെ ഇപ്പോഴും. അതിലൊന്നും ഒരു മാറ്റവും കൊണ്ടു വരാൻ സാധിച്ചിട്ടില്ല. പുറമേയ്ക്ക് എന്തൊക്കെയോ കാണിച്ച് കൊണ്ടിരിക്കുന്നു. അതാണ് ഇവിടെ പറയുന്നത് ഒന്നും സാദ്ധ്യമല്ല ഒരു ചലനവും സാദ്ധ്യമല്ല .എവിടെ പോയാലും horizontal movement ആണ്. Vertical movement എവിടെ വരും. പ്രത്യക് പ്രവാഹിനി വൃത്തിഹീ എന്ന് വേദാന്തികൾ പറയും. 

നമ്മുടെ ജീവിതം ഒരു ശതമാനം പുറത്തും തൊണ്ണൂറ്റി ഒൻമ്പത് ശതമാനം ഉള്ളിലുമാണ്. ഈ തൊണ്ണൂറ്റി ഒമ്പത് ശതമാനത്തേയും അവഗണിച്ചിട്ട് ഈ ഒരു ശതമാനത്തിലാണ് നമ്മുടെ ശ്രദ്ധ മുഴുവൻ. ആന്തര ജീവിതത്തിന് പ്രാമുഖ്യം കൊടുക്കണം എന്ന് പറയാൻ വേണ്ടിയാണ് ഈ ഒരു ശതമാനത്തെ  മായയാണെന്ന് കാണിച്ചത്. തൊണ്ണൂറ്റി ഒമ്പത് ശതമാനത്തിന്റെ ഒരു പ്രതിഫലനം മാത്രമാണ് ഈ ഒരു ശതമാനം. ഇതിനാണ് ദക്ഷിണാമൂർത്തി സ്തോത്രത്തിലെ ആദ്യത്തെ രണ്ട് ശ്ലോകങ്ങളെ നിയോഗിച്ചത്.  അല്ലാതെ ഈ വിശ്വത്തെ കുറിച്ച് വിശദീകരണം തരാനല്ല. അതിനാൽ വിശ്വം ഉണ്ടെന്നോ ഇല്ലന്നോ ഉള്ള തർക്കങ്ങൾക്ക് പോകരുത്. 

ഉപനിഷത്ത് ഭാഷ്യത്തിൽ തന്നെ ശങ്കരാചാര്യ സ്വാമികൾ പറയുന്നുണ്ട് ഉപനിഷത്തിനോ വേദാന്തത്തിനോ പ്രപഞ്ചത്തിനെ കുറിച്ച് 'കമ' മിണ്ടാനുള്ള ഉദ്ദേശ്യമേയില്ല. സൃഷ്ടി എന്താണെന്ന് പറയണമെന്നുള്ള വിവക്ഷയില്ല. പക്ഷേ നിങ്ങളുടെ ഉള്ളിൽ സൃഷ്ടി എന്താണെന്നറിയാനുള്ള ജിജ്ഞാസയുള്ളത് കൊണ്ട് മായ എന്നൊക്കെ ഓരോ തരത്തിൽ പറയുന്നു. അപ്പോൾ നമ്മുടെ ജിജ്ഞാസയടങ്ങും. അങ്ങനെയടങ്ങുമ്പോൾ നിശ്ചലത ഉള്ളിലുണ്ടാകുന്നു ആ നിശ്ചലതയാണ് സത്യം.

മായ വിശദീകരണങ്ങൾക്കതീതമാണ് അതിനാൽ എത്ര വിശദീകരിക്കാൻ തുനിഞ്ഞാലും അപൂർണ്ണമാണ്. യുക്തിക്കും വഴങ്ങി തരാത്തതാണ് മായ. ഒരിക്കൽ രമണ ഭഗവാനോട് ഒരു ഭക്തൻ ചോദിച്ചു ഒരാൾ മരിച്ചാൽ രണ്ട് വർഷത്തിനകം മറ്റൊരിടത്ത് ജനിച്ചിട്ടുണ്ടാകുമോ? മഹർഷി പറഞ്ഞു ജനിച്ചിട്ടുണ്ടാകും ചിലപ്പോൾ എഴുപത്തിയഞ്ച് വയസ്സും ആയിട്ടുണ്ടാകും. എങ്ങനെ യുക്തി കൊണ്ട് ഘടിപ്പിക്കും ഇതിനെ. പാരാ സൈക്കോളജിയിലുള്ള ഗവേഷണങ്ങൾ പലതും ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഒരു കുട്ടി ജനിച്ചു ഒമ്പത് വയസ്സായപ്പോൾ പറയുന്നു എന്റെ മക്കളും പേരക്കുട്ടികളും ഈ സ്ഥലത്തുണ്ട് , പേരും വിലാസവും ഒക്കെ നൽകുന്നു. പോയി അന്വേഷിച്ചപ്പോൾ എല്ലാ വസ്തുതകളും ശരിയാണ് പക്ഷേ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമെന്തെന്നാൽ താനെന്ന് കുട്ടി സൂചിപ്പിച്ച വ്യക്തി മരിച്ചിട്ട് നാല് വർഷമേ ആയിട്ടുള്ളു. എന്നാൽ ഈ കുട്ടിക്ക് ഒമ്പത് വയസ്സും. ഇങ്ങനെ തെറ്റിക്കലാണ് മായയുടെ ഒരേ ജോലി. യുക്തി ശൂന്യ വസ്തു പ്രകാശസ്യ സംജ്ഞാം മായ. 

Nochurji
malini dipu

No comments:

Post a Comment