Friday, July 12, 2019

ദക്ഷിണാമൂർത്തി സ്തോത്രം-56
ബാല്യം ചെറിയ കുട്ടിയായിട്ടുള്ള അവസ്ഥ. കൗമാരം അല്പം കൂടി വലുതായ അവസ്ഥ. യൗവ്വനം പതിനാറ് വയസ്സിന് ശേഷം, പിന്നെ വാർദ്ധക്യവും. ഇതൊക്കെ ശരീരത്തിന് മാറി മാറി വരുന്ന അവസ്ഥകളാണ്. ഇന്നത്തെ കുട്ടി നാളത്തെ കിഴവൻ. തൊണ്ണൂറ് വയസ്സായ മനുഷ്യൻ തനിക്ക് ഒരു വയസ്സായിരുന്നപ്പോൾ ഉള്ള ഫോട്ടോ എടുത്ത് നോക്കുന്നു. ഇപ്പോൾ ശരീരത്തിലുള്ള ഒരു കോശം പോലും ആ ശരീരത്തിലില്ല. ഓരോ കോശവും മാറി പോയിരിക്കുന്നു. പഴയ കോശങ്ങൾ പോയിട്ട് പുതിയ കോശങ്ങൾ വന്നിരിക്കുന്നു. ആ ഒരു വയസ്സുകാരന്റെ മനസ്സും ഇപ്പോഴില്ല. ഒരു വയസ്സുകാരന്റെ ബുദ്ധിയും ഇല്ല. അന്നത്തെ നിഷ്കളങ്കതയുമില്ല. എന്നിട്ടും ആ ഫോട്ടോ എടുത്തിട്ട് എല്ലാവരേയും കാണിച്ച് പറയുകയാണ് ഇത് ഞാനാണെന്ന്. ഇവിടെ ശരീരവും, ബുദ്ധിയും മനസ്സും മാറി. കണ്ണ് കാണുന്നില്ല, ചെവി കേൾക്കുന്നില്ല എന്നിട്ടും പറയുന്നു ഈ ഫോട്ടോയിൽ കാണുന്നത് ഞാനാണെന്ന്. ഈ സത്യത്തെ നല്ല വണ്ണം വിചാരം ചെയ്യണം. ഈ തൊണ്ണൂറ് വയസ്സിലും ഞാൻ ഞാൻ എന്ന അനുഭവമുണ്ടല്ലോ ആ അനുഭവം അഥവാ life principle remains same. ശരീരം മാറിയിരിക്കുന്നു, മനസ്സ് മാറിയിരിക്കുന്നു, ബുദ്ധി മാറിയിരിക്കുന്നു, ഉറക്കത്തിനും മാറ്റങ്ങൾ വന്നിരിക്കുന്നു, കുഞ്ഞിലേ ഉറങ്ങിയ പോലെ വാർദ്ധക്യത്തിൽ ഉറങ്ങാൻ സാധിക്കുന്നുണ്ടോ? എന്നാൽ ഒരു വയസ്സിൽ ഏത് ഞാൻ ഉണ്ടായിരുന്നോ ആ ഞാൻ ഒരു മാറ്റവും കൂടാതെ അതേ പോലെയുണ്ട്. അഹമസ്മി എന്നതിന്റെ അനുഭവം മാത്രം ഒരേ പോലിരിക്കുന്നു.
ജാഗ്രത്, സ്വപ്ന, സുഷുപ്തിയും ഇതു പോലെയാണ്. ജാഗ്രത്തിൽ ശരീരമുണ്ട്, മനസ്സുണ്ട്, ബുദ്ധിയുണ്ട്, ഞാനുണ്ട്. സ്വപ്നത്തിൽ ശരീരമില്ല മനസ്സ് മാത്രം പ്രവർത്തിക്കുന്നു അപ്പോഴും ഞാനുണ്ട്. സുഷുപ്തിയിൽ ശരീരമില്ല, മനസ്സും പ്രവർത്തിക്കുന്നില്ല എന്നാൽ ഞാനുണ്ട്. ഈ വ്യക്തി രൂപത്തിലുള്ള ഞാനില്ല, അഹങ്കാര രൂപത്തിലുള്ള ഞാനില്ല പക്ഷേ ജീവ രൂപത്തിലുള്ള ഞാനുണ്ട്. യഥാർത്ഥ ഞാനുണ്ട് സുഷുപ്തിയിലും. അപ്പോൾ ഞാൻ ശരീരവും, മനസ്സും, വ്യക്തി ബോധവും ഉള്ളപ്പോഴും ഉണ്ട്, ഇല്ലാത്തപ്പോഴും ഞാനുണ്ട്. അപ്പോൾ ഞാൻ ശരീരമോ മനസ്സോ ഒന്നുമല്ല. സുഷുപ്തി അവസ്ഥയിലും ഏതോ ഒരു ഞാനുണ്ടായിരുന്നു ആ ഞാൻ ജാഗ്രത് അവസ്ഥയിലും അനുഭവപ്പെടണം. അതാണ് ആത്മസാക്ഷാത്കാരം. സുഷുപ്തി അവസ്ഥയിൽ ശരീരത്തിന്റേയും മനസ്സിന്റേയും അഭാവത്തിലും സുഖ സ്വരൂപമുണ്ടായിരുന്നോ. ആ സുഖ സ്വരൂപമായിട്ടുള്ള അഹം, പ്രജ്ഞ ജാഗ്രത് അവസ്ഥയിലും അഹങ്കാരം ബുദ്ധിയൊക്കെ ഉള്ളപ്പോഴും അതിന് പുറകിൽ പ്രകാശിക്കയാണെങ്കിൽ അത് ആത്മസാക്ഷാത്കാരം. എല്ലാത്തിനും അടിസ്ഥാനമായ ആ ഒന്നിനെയാണ് ദക്ഷിണാമൂർത്തിയെന്ന് പറയുന്നത്. ഭഗവാന് വാമദേവൻ, ദക്ഷിണാമൂർത്തി എന്ന് രണ്ട് പേരുണ്ട്. വാമം, ദക്ഷിണം എന്ന് രണ്ട് മാർഗ്ഗങ്ങളുള്ള പോലെ. ആദ്ധ്യാത്മികമായി പറയുകയാണെങ്കിൽ ബഹിർ ദൃഷ്ടിയാണ് വാമദേവ സ്വരൂപം, അന്തർദൃഷ്ടിയാണ് ദക്ഷിണാമൂർത്തി സ്വരൂപം.
Nochurji 
malini dipu

No comments:

Post a Comment