Friday, July 12, 2019

ദക്ഷിണാമൂർത്തി സ്തോത്രം-57
തമിഴിൽ നരകാസുരനെ കുറിച്ചുള്ള ശ്ലോകമുണ്ട്. അഹങ്കാരം തന്നെയാണ് നരകാസുരൻ. അഹങ്കാര രൂപത്തിലുള്ള ഈ നരകാസുരൻ ഇല്ലാതാകുമ്പോൾ ഉള്ളിൽ ദീപം തെളിയുന്നു. ജ്ഞാന ദീപം തെളിയുന്നു. അത് തന്നെ ദീപാവലി. ദീപം എന്നാൽ വിളക്ക് ആവലി എന്നാൽ കൂട്ടം. ഓരോ ജീവനും ഇതു പോലെ ദീപമായെങ്കിൽ ദീപാവലിയായി.
കണ്ണുലയ് വള്ളലാർ എന്ന ഒരു സിദ്ധനുണ്ടായിരുന്നു തമിഴിൽ. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു കൃതിയാണ് ഒഴുവിൽ ഒടുക്കം. അതിൽ വള്ളലാർ പറയുന്നു ഈ ശരീരം തന്നെ വിളക്ക് അതിൽ വാസനകളാകുന്ന എണ്ണ, അഹങ്കാരമാകുന്ന തിരി. സദ്ഗുരു എന്ത് ചെയ്യുന്നുവെന്നാൽ ആ തിരി കൊളുത്തി വിടുന്നു. പിന്നെ ഒന്നും ചെയ്യേണ്ടതില്ല, മിണ്ടാതിരിക്കണം. തിരി നീട്ടി കൊടുക്കുകയോ വീണ്ടും എണ്ണ ഒഴിച്ച് കൊടുക്കുകയോ ഒന്നും വേണ്ട. സ്വയമേവ ആ തിരി എരിഞ്ഞ് എണ്ണ വറ്റി നിന്ന് പോകും. വ്യതിരേഖ ഭാവത്തിൽ ഈ തിരിയെ കാണണം. എന്നു വച്ചാൽ അഹങ്കാരമില്ലാതെയായി, വാസനാക്ഷയം ഉണ്ടായി, നിശ്ചലാനുഭവം ഉണ്ടാകും.
ബുദ്ധൻ മരിക്കാൻ പോകുന്നു. എൺപത്തി രണ്ട് വയസ്സിലോ മറ്റോ ആണ് ബുദ്ധന്റെ മഹാനിർവ്വാണം. ഏകദേശം നാല്പത്തി രണ്ട് വർഷത്തോളം ബുദ്ധനെ പരിചരിച്ച് കൂടെ ജീവിച്ചിരുന്ന ആളാണ് ബുദ്ധന്റെ അടുത്ത ബന്ധു കൂടിയായ ആനന്ദൻ. ബുദ്ധൻ ജ്ഞാനിയായിട്ട് കപിലവസ്തുവിൽ വന്നപ്പോൾ അനേകം കുടുംബാംഗങ്ങൾ കൂടെ ചേർന്നിരുന്നു. അതിൽ ആനന്ദനും പെടും. ആനന്ദൻ ബുദ്ധനോട് ഒരു പ്രാർത്ഥന ചെയ്തിരുന്നു. ഞാൻ തന്നെ അങ്ങയെ എപ്പോഴും പരിചരിക്കും, അങ്ങയുടെ കൂടെയുണ്ടാകും. മറ്റൊരു പ്രാർത്ഥന ഞാൻ ആരെയെങ്കിലും ഒക്കെ കൂട്ടി കൊണ്ട് വന്നാൽ ഏത് സമയത്ത് അങ്ങയെ വിളിച്ചുണർത്തിയാലും അങ്ങ് അവരെ അനുഗ്രഹിക്കേണ്ടതാണ്. ബുദ്ധൻ ഇത് സമ്മതിച്ചെങ്കിലും ഗുരുവിനോട് ഇത്തരം നിബന്ധനകൾ വയ്ക്കാൻ പാടില്ല എന്നും ഉപദേശിച്ചു. ഇങ്ങനെ നിബന്ധനകൾ വച്ചത് കൊണ്ട് ഇത് തന്നെ നിങ്ങൾക്ക് വിഘ്നമായി ഭവിക്കും എന്നും പറഞ്ഞു. അവസാനം വരെ കൂടെ പരിചരിച്ചു നിന്നു ആനന്ദൻ. നിർവ്വാണ സ്ഥിതിയിൽ എത്തുന്ന സമയമായപ്പോൾ അനേകം ജനങ്ങൾക്ക് നിർവ്വാണത്തിന്റെ അനുഭവം ഉണ്ടായി. മഹാസമാധിയ്ക്ക് മുൻമ്പായി ഒരു ചെറുപ്പക്കാരൻ വന്ന് ബുദ്ധന് മുന്നിലിരുന്നു. ആ ചെറുപ്പക്കാരൻ പോലും ആത്മസുഖത്തിൽ ആനന്ദാശ്രു പൊഴിച്ച് കൊണ്ട് അവിടെ നിന്ന് പോയി. ഇതെല്ലാം കണ്ട് കൊണ്ട് ആനന്ദൻ നിൽക്കുന്നുണ്ട് . അദ്ദേഹത്തിന് സഹിച്ചില്ല. അദ്ദേഹം ബുദ്ധന്റെ കാല് പിടിച്ച് പറഞ്ഞു ഈ പയ്യൻ ഇപ്പൊൾ വന്നതേയുള്ളു അവന് പോലും സത്യാനുഭവം ഉണ്ടായി. ഇത്രയും വർഷം അങ്ങയെ പരിചരിച്ച് കഴിഞ്ഞിട്ട് എനിയ്ക്ക് സത്യത്തിന്റെ സൂചന പോലും കിട്ടിയില്ലല്ലോ. ബുദ്ധൻ പറഞ്ഞു കാരണം ആനന്ദാ നീയെന്റെ ശരീരത്തിനെ മാത്രം ശ്രദ്ധിച്ചു കൊണ്ടിരിക്കയായിരുന്നു. ഞാൻ പറയുന്നത് ശ്രദ്ധിക്കാതെ സദാ എന്റെ ശരീര സൗഖ്യം മാത്രം നോക്കിയിരുന്നു. ഗുരുവിനെ ഈ ശരീരം മാത്രമായി കണ്ടു. ഞാൻ ഗൗതമ ബുദ്ധനാണ്. വളരെ പ്രയത്നിച്ചിട്ടാണ് ഞാൻ ഈ സ്ഥിതിയിൽ അടഞ്ഞത്. നീയും ഇതു പോലെ പരിശ്രമിക്കു. ആത്മദീപോ ഭവ: Be a light unto yourself. നീ നിനക്ക് തന്നെ പ്രകാശമായിട്ട് തീരു എന്ന്. പുറത്തുള്ള പ്രകാശത്തിനെ അന്വേഷിക്കുന്നതിന് പകരം അകമേയുള്ള പ്രകാശത്തിനെ ആശ്രിയിച്ചാൽ നീ സത്യം കണ്ടെത്തും.
ഭഗവാൻ ശ്രീകൃഷ്ണൻ ഉദ്ധവനെ ഉപദേശിച്ചതും ഇങ്ങനെയാണ്.
ആത്മനഹ ഗുരുഹു ആത്മേവ പുരുഷസ്യ വിശേഷതഃ യ പ്രത്യക്ഷ അനുമാനാഭ്യാം ശ്രേയോസാവനുവിന്ദതേ
അകമേ ഉള്ള ഗുരുവിനെ കാണിച്ച് തരുന്നതുവരേയുള്ളു പുറമേയുള്ള ഗുരുവിന് ജോലി. അല്ലാതെ പുറമേയുള്ള ഗുരുവിന് ഒന്നും ചെയ്യാൻ പറ്റില്ല. കുറച്ച് ദൂരം കൂട്ടി കൊണ്ടു പോകാം അത്രേയുള്ളു. നമ്മളോരോരുത്തരിലും അന്തർയാമി തന്നെ ഗുരു. അകമേയ്ക്ക് സത്യ നിശ്ചയമുള്ള ശുദ്ധ ബുദ്ധി തന്നെ ഗുരുവായിട്ട് തീരുന്നു. ആ ഗുരു തന്നെ ദീപം അഥവാ പ്രകാശം. അങ്ങനെ ഓരോരുത്തർക്കും ആത്മ ദീപം പ്രകാശിച്ചാൽ പിന്നെയൊക്കെ ദീപാവലിയായി.🎆
Nochurji
malini dipu

No comments:

Post a Comment