Wednesday, July 17, 2019

ദക്ഷിണാമൂർത്തി സ്തോത്രം-59

രാമകൃഷ്ണ പരമഹംസർ പറയാറുള്ള ഒരു കാര്യമുണ്ട്, വൈദ്യന്റെ കൂടെയിരുന്നാലെ നാഡി പിടിക്കാൻ അറിയുള്ളു. പുസ്തകത്തിൽ നിന്ന് പല രോഗങ്ങൾക്കുള്ള മരുന്നിന്റെ പേരുകൾ പലതും പഠിക്കാമായിരിക്കും. പക്ഷേ നാഡി പിടിക്കാൻ അറിയണമെങ്കിൽ വൈദ്യന്റെ കൂടെ ഇരുന്നേ മതിയാകു. അതു പോലെ സുഖ ദു:ഖങ്ങൾ സമം, ചൂടും തണുപ്പും സമം എന്നതൊക്കെ പുസ്തകത്തിൽ നിന്ന് കിട്ടും. പക്ഷേ അത് ജീവിതത്തിൽ എങ്ങനെ ആചരിക്കും. How to live it?

 ജ്ഞാനികളുമായുള്ള സമ്പർക്കത്തിൽ ഇതെല്ലാം നാം അറിയുന്നതാണ്. സ്വയമേവ നമ്മളാ ജ്യോതിസ്സാകുമ്പോൾ പിന്നെ ഇരുട്ടെവിടെ. ആ അർത്ഥത്തിലാണ് യേശു ക്രിസ്തു പറഞ്ഞത് "I am the light ". ആ വെളിച്ചം കാണാൻ  യേശുവിന്റെ കാലഘട്ടത്തിലേയ്ക്ക് പോകേണ്ടതില്ല. ''ഞാനാണ് വെളിച്ചം " എന്ന് പറയുമ്പോൾ രണ്ടായിരം വർഷം മുമ്പുള്ള ആ ഞാനിനെയല്ല ഉദ്ദേശിക്കുന്നത് . ഇന്ന് ഇവിടെയുള്ള ഓരോ ശരീരത്തിന്റെയും ഉള്ളിലുള്ള ഞാൻ, ആ ഞാനാണ് വെളിച്ചം. ഇപ്പോഴിവിടെ ഇരിക്കുമ്പോൾ തന്നെ എന്തോ ഒന്ന് സ്ഫുരിക്കുന്നുണ്ടല്ലോ, സ്പന്ദിക്കുന്നുണ്ടല്ലോ, ആ ഞാൻ ആണ് വെളിച്ചം. ആ ഞാൻ എന്ന അനുഭവത്തെ അറിയാൻ മറ്റൊന്നും വേണ്ട. 

വിളക്ക് എന്നാൽ എന്താണ്? വിളക്ക് എന്ന വാക്ക് തമിഴിൽ നിന്നും വന്നതാണ്. തന്റെ പ്രകാശത്താൽ ചുറ്റുമുള്ളതിനെയെല്ലാം പ്രകാശിപ്പിക്കുന്നതെന്താണോ അതിന് വിളക്കെന്ന് പേര്. ഏത് സ്വയം പ്രകാശിച്ചു കൊണ്ട് മറ്റുള്ളതിനെയൊക്കെ കാണിച്ചു തരുന്നുവോ അതിന്റെ പേരാണ് വിളക്ക്. സ്വയം വിളങ്ങി കൊണ്ട് ബാക്കിയുള്ളതിനെയൊക്കെ വിളങ്ങാൻ വയ്ക്കുന്നത് വിളക്ക്. പ്രപഞ്ചത്തിനെ മുഴുവൻ വിളങ്ങാൻ വയ്ക്കുന്ന വിളക്ക് എന്താണ് ?

കിം ജ്യോതിസ്തവ ഭാനുമാനഹനി മേ രാത്രൗ പ്രദീപാദികം
സ്യാദേവം രവിദീപദര്ശനവിധൗ കിം ജ്യോതിരാഖ്യാഹി മേ
ചക്ഷുസ്തസ്യ നിമീലനാദിസമയേ കിം ധീർധിയോ ദര്ശനേ
കിം തത്രാഹമതോ ഭവാന് പരമകം ജ്യോതിസ്തദസ്മി പ്രഭോ

വേദാന്തത്തിലെ ഏകശ്ലോകിയാണ് ഉദ്ധരിച്ചിരിക്കുന്നത്. ഒരു വൃദ്ധ ബ്രാഹ്മണൻ ശങ്കരാചാര്യരോട് ചോദിച്ചതാണിത്. എല്ലാത്തിനേയും പ്രകാശിപ്പിക്കുന്ന പ്രകാശം എന്താണ്? ഞാൻ വേദവും, ശാസ്ത്രവും എല്ലാം പഠിച്ചിരിക്കുന്നു. ജ്ഞാനം ഉണ്ടായിട്ടില്ല. എനിക്ക് വയസ്സായിരിക്കുന്നു. അവിടുന്ന് എന്നെ ഉപദേശിക്കണം. ശങ്കരാചാര്യർ പറഞ്ഞു അങ്ങയെ ഞാൻ എന്താണ് ഉപദേശിക്കേണ്ടത്. അങ്ങയ്ക്ക് എന്താണറിയാത്തത്? ഇനി എന്താണറിയേണ്ടത്? ആ വൃദ്ധൻ പറഞ്ഞു എല്ലാ അറിവിനും ആശ്രയഭൂതമായ ഒരറിവുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. എല്ലാത്തിനേയും പ്രകാശിപ്പിക്കുന്ന ഒരു പരമ പ്രകാശമുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. 

തമേവ ഭാന്തം അനുഭാതി സർവ്വം 
തസ്യ ഭാസാ സർവ്വമിതം വിഭാതി 
എന്ന് ഉപനിഷത്ത് പറയുന്നു. അതിന്റെ പ്രകാശം കൊണ്ട് സർവ്വവും പ്രകാശിക്കുന്നു. എന്താണാ പ്രകാശം? ചോദ്യോത്തരങ്ങളായാണ് ഈ സംവാദം നടക്കുന്നത്. ആചാര്യ സ്വാമികൾ വൃദ്ധനോട് ചോദിക്കുന്നു അങ്ങിപ്പോൾ ഏത് പ്രകാശം കൊണ്ടാണ് ലോകത്തിനെ കാണുന്നത്? 

ആചാര്യൻ: കിം ജ്യോതിഹി തവ? പകൽ സമയം ഏത് പ്രകാശം കൊണ്ട് വസ്തുക്കളെയൊക്കെ കാണുന്നു? 

ഉത്തരം: ഭാനുമാൻ, സൂര്യപ്രകാശം കൊണ്ട് കാണുന്നു. 

ആചാര്യൻ: രാത്രിയിലോ? 

ഉത്തരം: പ്രദീപാതികം,  വിളക്കിന്റെ പ്രകാശത്തിൽ കാണുന്നു. 

ആചാര്യൻ: ശരി, സ്യാദേവം രവിദീപദര്ശനവിധൗ കിം ജ്യോതിഃ ആഖ്യാഹി? വിളക്ക്, സൂര്യൻ ഇതിനെയൊക്കെ എങ്ങനെ കാണുന്നു?

 ഉത്തരം: കണ്ണ് കൊണ്ട് സൂര്യനേയും, വിളക്കിനേയും, പദാർത്ഥങ്ങളേയും കാണുന്നു. 

ആചാര്യന്: തസ്യ നിമീലനാദിസമയേ കിം ജ്യോതിഃ? രാത്രി ഉറങ്ങുമ്പോൾ  കണ്ണടയ്ക്കുന്നു, നല്ല വ്യക്തമായി സ്വപ്നമൊക്കെ കാണുന്നുണ്ടല്ലോ, കണ്ണാടിയൊന്നും വേണ്ടല്ലോ, അവിടെ ഏത് വെളിച്ചം കൊണ്ട് കണ്ടു. 

ഉത്തരം: ധീഃ, ബുദ്ധിയുടെ വെളിച്ചം കൊണ്ട് കണ്ടു. 

ആചാര്യന്‍: ധിയോഃ ദര്ശനേ കിം ജ്യോതിഃ? ആ ബുദ്ധി ആരുടെ ബുദ്ധിയാണ്. ബുദ്ധിയെ ഏതു വെളിച്ചത്തിലാണ് നിങ്ങൾ അറിയുന്നത്? സുഷുപ്തി അവസ്ഥയിൽ ആ ബുദ്ധിയും ഇല്ലല്ലോ. ഉറക്കമെഴുന്നേറ്റ് ഞാനൊന്നും അറിഞ്ഞില്ല എന്ന് പറയുന്നതാരാ. ബുദ്ധിയുടെ അഭാവത്തിനേയും ഒരാൾ കണ്ടു കൊണ്ടിരിക്കുന്നു അതാരാ? 

ഉത്തരം: തത്ര അഹം, ഞാൻ തന്നെയാണ് ഭഗവാനെ അത്. ഞാൻ തന്നെയാണ് ബുദ്ധിയ്ക്ക് സാക്ഷി.

ആചാര്യന്: ഭവാന് പരമകം ജ്യോതിഃ,
തത്ത്വമസി നീ തന്നെയാണ് ആ പരമമായ ജ്യോതിസ്സ്. നീ തന്നെയാണ് ബുദ്ധിക്ക് സാക്ഷിയായിട്ടുള്ള പ്രകാശം,  നീ തന്നെയാണ് സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങളേയും ഈ പ്രപഞ്ചത്തെ മുഴുവനും പ്രകാശിപ്പിക്കുന്ന പരമ പ്രകാശം എന്ന് പറഞ്ഞതും ഈ വൃദ്ധൻ തദസ്മി പ്രഭോ, അഹമസ്മി ഞാൻ അത് തന്നെയാണ്. ഞാൻ തന്നെയാണ് ആ വസ്തു, ഞാൻ തന്നെയാണാ പരമ പ്രകാശം എന്ന് പറഞ്ഞ് സമാധി സുഖം അനുഭവിച്ചു. നിർവ്വികല്പ സമാധി സുഖമനുഭവിച്ച് ആ വൃദ്ധൻ കൃതകൃത്യനായി.

Nochurji🙏🙏
Malini dipu 

No comments:

Post a Comment