Thursday, July 18, 2019

ദക്ഷിണാമൂർത്തി സ്തോത്രം-60
വെളിയിൽ നിന്നും പതുക്കെ പതുക്കെ മാറി ഞാൻ എന്നുള്ള വെളിച്ചത്തിലേയ്ക്ക് പോകുന്നു. ഞാനെന്നുള്ളത് വെളിച്ചമാണ് അതറിയാൻ മറ്റൊന്നും വേണ്ട. ധ്യാനിക്കാനായി നല്ലൊരു ഇരുട്ടു മുറിയിൽ കുറച്ച് നേരം ഇരുന്ന് നോക്കുക. ഒരേ ഒരറിവ് മാത്രം നമ്മളിൽ ഏർപ്പെടുന്നതായി കാണാം ഞാനുണ്ട് എന്ന പ്രബലമായ ഒരനുഭവ ജ്ഞാനം. സ്വപ്നത്തിലും, ജാഗ്രത്തിലും ഒക്കെ അതുണ്ട്. ഞാനെന്ന വെളിച്ചം.
ആ 'ഞാനുണ്ട് ' എന്ന് ഘനീഭവിച്ച അനുഭവത്തെ കേന്ദ്രീകരിച്ചാണ് ഈ ശ്ലോകം. ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം ഒക്കെ ശരീരത്തിൽ മാറി വരുമ്പോഴും. ആരോഗ്യവും, രോഗാവസ്ഥകളും മാറി വരുമ്പോഴും, സുഖ ദുഃഖാവസ്ഥകൾ മാറി വരുമ്പോഴും, ജാഗ്രത്, സ്വപ്ന സുഷുപ്തി അവസ്ഥകൾ മാറി വരുമ്പോഴും ഒരു മാറ്റവും കൂടാതെ നില്ക്കുന്നൊരു വസ്തു. എല്ലാത്തിനും സാക്ഷിയായിട്ട്, ഉണർവായിട്ട്, അവബോധമായിട്ട് "I am". അത് എല്ലാ ആനന്ദത്തിന്റേയും, സുഖത്തിന്റേയും , ശാന്തിയുടേയും കേന്ദ്രമാണ്.
പ്രഭാഷണങ്ങളിൽ ദിവസവും ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും കേൾക്കുന്നു. ചില കഥകളിൽ വിത്യാസം ഉണ്ടാകാം എന്നാൽ ഒരേ തത്ത്വം വീണ്ടും, വീണ്ടും പറയുന്നു. അതൊരു ഗംഗാ സ്നാനമാണ്. ദീപാവലിക്ക് ഗംഗാ സ്നാനം മുഖ്യമെന്ന് പറയും. എവിടെയാണ് ഗംഗയുള്ളത് എന്ന് ചോദിച്ചാൽ ഒരിക്കലും നഷ്ടമാകാത്ത ഒരു ഗംഗയുണ്ട്, കാശിയുമുണ്ട്. ആദി ശങ്കരാചാര്യർ കാശി പഞ്ചകം എന്നൊരു കൃതി എഴുതിയിട്ടുണ്ട്. അതിൽ പറയുന്നു.
കാശി ക്ഷേത്രം ശരീരം
ത്രിഭുവന ജനനീ വ്യാപിനി ജ്ഞാനഗംഗ
ഭക്തി ശ്രദ്ധ ഗയേയം
നിജ ഗുരു ചരണ ധ്യാനയോഗ പ്രയാഗ:
വിശ്വേശോയം തുരീയ സകല ജന മന സാക്ഷി ഭൂതോന്തരാത്മ
ദേഹേ സർവ്വം മദീയേ യതി ഗത: തീർത്ഥമന്യത് കിമസ്ഥി
കാശി ക്ഷേത്രം ശരീരം , ശരീരമാണ് കാശി ക്ഷേത്രം.
ത്രിഭുവന ജനനീ വ്യാപിനി ജ്ഞാനഗംഗ ഗംഗയോ, നമ്മുടെ ഉള്ളിലെ ജ്ഞാന പ്രവാഹം തന്നെ ഗംഗ.
ഭക്തി ശ്രദ്ധ ഗയേയം , ഭക്തിയും ശ്രദ്ധയും തന്നെ ഗയ. ഭക്തിയും ശ്രദ്ധയുമുണ്ടെങ്കിൽ ഗയയിലേയ്ക്ക് പോയതിന് സമമായി.
നിജ ഗുരു ചരണ ധ്യാനയോഗ പ്രയാഗ: , സത്ഗുരുവിന്റെ ചരണത്തിനെ ധ്യാനം ചെയ്യുന്നതാണ് പ്രയാഗ ക്ഷേത്രം.
വിശ്വേശോയം തുരീയ സകല ജന മന സാക്ഷി ഭൂതോന്തരാത്മ, ഉള്ളിൽ സാക്ഷിയായി നിൽക്കുന്ന അവബോധം തന്നെ വിശ്വനാഥൻ. അഥവാ ആത്മാ തന്നെ വിശ്വനാഥൻ.
ഗംഗാ സ്നാനം എങ്ങനെ ചെയ്യുമെന്ന് ചോദിച്ചാൽ പുറമെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന മനസ്സുണ്ടല്ലോ, ആ മനസ്സിനെ അന്തർമുഖമാക്കി ചിത്ത വൃത്തികൾക്കൊക്കെ മൂലമായ നിശ്ചലമായ സത്യത്തിൽ കൊണ്ട് വന്ന് നിർത്തിയാൽ ഒരു കുളിർമ അനുഭവപ്പെടും, കുളിച്ച് fresh ആയ അനുഭവമുണ്ടാകും. അത് തന്നെ ഗംഗാ സ്നാനം. അത് തന്നെ മണികർണ്ണികാ സ്നാനം. അലഞ്ഞ് നടക്കുന്ന മനസ്സിനെ പതുക്കെ കൊണ്ട് വന്ന് സകാശികം നിജ ബോധ രൂപഃ അഹം ബോധത്തിൽ അഥവാ നിജ ബോധത്തിൽ സ്ഫുരിക്കുന്ന കാശിയിൽ മുങ്ങുക.
Nochurji.
malini dipu

No comments:

Post a Comment