Wednesday, July 24, 2019

ദക്ഷിണാമൂർത്തി സ്തോത്രം-63
അവസ്ഥകൾ മാത്രമേ വന്ന് പോവുകയുള്ളു. 'ഞാനുണ്ട് ' എന്ന സ്ഥിതി മാത്രം ഒരിക്കലും വന്ന് പോകില്ല കാരണം അത് സത്യ സ്ഥിതിയാണ്. യോഗം കൊണ്ട് കാരണ ശരീരത്തിൽ ഏർപ്പെടുന്ന സമാധിയും അവസ്ഥയാണ്. അതു കൊണ്ട് അതും പോകും. ജാഗ്രത്തിലുള്ള പ്രവർത്തി പോകും, സ്വപ്നത്തിലുള്ള ചിന്ത പോകും, സുഷുപ്തിയിലുള്ള സ്ഥിരത പോകും. പക്ഷേ സ്വരൂപം ഒരിക്കലും വരുന്നില്ല, പോകുന്നില്ല, ചലിക്കുന്നില്ല. ഞാനുണ്ട് എന്ന ഉന്മ, അസ്ഥിത്വം അതിന് മാത്രം വരവില്ല, പോക്കില്ല ഒരു ചലനവുമില്ല, നഷ്ടപ്പെടലില്ല, ഇരുട്ടില്ല, അജ്ഞാനമില്ല, ദുഃഖത്തിന്റെ സ്പർശമില്ല, അശുദ്ധിയുടെ സ്പർശമില്ല. സദാ അത് ആനന്ദവും, പ്രകാശവും, നിത്യത്വവും സ്വരൂപമായിട്ടിരിക്കുന്നു.
ഈ ശാന്തിയും, പ്രകാശവും, നിത്യത്വവും സദാ അനുഭവപ്പെടുന്നതാണ്. ഉജ്ജ്വലമായ ജ്യോതിസ്സാണത്, ശാന്തി സ്വരൂപമായിട്ടുള്ളതാണ്. അതിനെ നമ്മൾ എവിടെയാണ് അന്വേഷിക്കേണ്ടത്? സത്സംഗത്തിൽ പറയുന്നു, ആ ക്ഷണത്തിൽ ആ സ്ഥിതിയിലിരിക്കണമെന്ന്. ഇഹ ചേതഭേതീത് അത സത്യമസ്ഥി നചേതി ഹാവേതീം മഹതീ വിനഷ്ടിഹി.
ഇവിടെ, ഇപ്പോൾ അതിനെ പിടിച്ചാൽ അതാണ് സത്യം. പിന്നെ ചെയ്തോളാം എന്ന് കരുതിയാൽ മഹതീ വിനഷ്ടിഹി, വലിയ നഷ്ടം സംഭവിക്കും. കാരണം പിന്നെ എന്നൊരു സമയമേയില്ല എപ്പോഴും ഉള്ളത് ഇപ്പോൾ(Now) ആണ്. അതിനാൽ ഇപ്പോൾ പിടിച്ചു കൊള്ളണം. കേൾക്കുന്ന നിമിഷത്തിൽ ആ സ്ഥിതിയിലിരുന്നു കൊള്ളണം. ആ സ്ഥിതി നമ്മുടെ സ്വരൂപ പൂർണ്ണതയാണ്. ആ പൂർണ്ണതയിൽ ത്രിപുടിയുടെ ദൂഷ്യമൊന്നുമില്ല. ഞാൻ, ജഗത്ത്, ഈശ്വരൻ, അമ്മ, അച്ഛൻ, ഗുരു,വ്യക്തിത്വം ഇങ്ങനെ അനേക വിധത്തിലുള്ള പ്രത്യേക വ്യക്തിത്വങ്ങളായി പൊങ്ങുന്നതിനാണ് ത്രിപുടിയെന്ന് പറയുന്നത്.
വിശ്വം പശ്യതി കാര്യകാരണതയാ സ്വസ്വാമിസംബംധതഃ
ശിഷ്യചാര്യതയാ തഥൈവ പിതൃ പുത്രാദ്യാത്മനാ ഭേദതഃ |
സ്വപ്നേ ജാഗ്രതി വാ യ ഏഷ പുരുഷോ മായാ പരിഭ്രാമിതഃ
തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 8 ||
ഉള്ളത് ഒരേയൊരു ആത്മ വസ്തുവാണ്. ആ ആത്മാ അഹങ്കാരം പൊന്തിയിട്ട് ഞാൻ ഇന്നയാളാണ് , ഇന്നയാളുടെ പുത്രനാണ് അല്ലെങ്കിൽ പൗത്രനാണ് എന്നൊക്കെ അഭിമാനിക്കുന്നു. വ്യവഹാരത്തിൽ അനേക വിധ ഭേദങ്ങൾ അംഗീകരിച്ച് കൊണ്ടിരിക്കുന്നു. ഗുരു, ശിഷ്യൻ, അമ്മ, അച്ഛൻ പുത്രൻ എന്നീ കാര്യ കാരണ ബന്ധങ്ങൾ. ഇതൊക്കെ മായയുടെ ഫീൽഡിലുള്ളതാണ്. മണ്ണ് കാരണം, കുടം കാര്യം. ഈ cause-effect ഒരു വലിയ കീറാമുട്ടിയാണ്. ഇവിടെ വിശ്വത്തെ കാര്യ കാരണ രൂപത്തിൽ ദർശിക്കുന്നു. സ്വ സ്വാമി സംബന്ധതഃ എന്റെ സ്വാമി ഞാനദ്ദേഹത്തിന്റെ ജോലിക്കാരൻ , ശിഷ്യാചാര്യതയാ ആചാര്യനും ശിഷ്യനും, പിതൃ പുത്രാദ്യാത്മനാ ഭേദതഃ പിതാവും പുത്രനും ഇങ്ങനെ അനേക ഭേദങ്ങളോടെ ജാഗ്രത് അവസ്ഥയിലും സ്വപ്നാവസ്ഥയിലും വികല്പങ്ങൾ ഉണ്ടായി കൊണ്ടേയിരിക്കുന്നു.
സ്വപ്നേ ജാഗ്രതി വാ യയേഷ പുരുഷോ മായാ പരിഭ്രാമിതഃ
ഈ പുരുഷൻ മായാ പരിഭ്രാമിതഃ
മായ കൊണ്ട് പരിഭ്രമിച്ചിരിക്കുന്നു. അതിൽ നിന്ന് ഉണരുമ്പോഴോ 'ഏക മേവ അദ്ധ്വതീയം നേഹ നാനാസ്തി കിഞ്ചനഃ'. ഇവിടെ ഏക വസ്തുവേയുള്ളു. നാനാത്വത്തിന്റെ കണിക പോലുമില്ല എന്നുള്ളത് സ്വാനുഭൂതിക്ക് സിദ്ധമാകുന്നു. സ്വപ്നത്തിൽ ഒരായിരം പേരെ കണ്ടെന്ന് വച്ച് എഴുന്നേൽക്കുമ്പോൾ ആയിരം പേരുണ്ടാകുമോ? ആയിരം പേർ പോയിട്ട് രണ്ടാമതൊരാൾ ഉണ്ടാകുമോ? ഇല്ല, ഞാൻ മാത്രമേ ഉള്ളു അവിടെ. യഥാർത്ഥ ഞാൻ മാത്രം വസ്തുവായി പ്രകാശിക്കുന്നു. അതു പോലെ 'ഏക മേവ അദ്ധ്വതീയം കേവലം അവശിഷ്യതേ'. ആ അവസ്ഥയാണ് ഉറക്കം വിട്ട് ഉണരുന്ന അവസ്ഥ. സത്യമറിയുന്ന ആൾക്ക് സകല ഭേദങ്ങളും വിട്ട് പോകും.
Nochurji
malini dipu

No comments:

Post a Comment