Friday, July 26, 2019

രാമസേതു ചരിത്രവസ്തുതയാണ്, പൈതൃകസമ്പത്താണ്. രാമേശ്വരത്തുനിന്ന് ശ്രീലങ്കവരെ നീണ്ടുകിടക്കുന്ന ഈ കടല്‍പ്പാലം ത്രേതായുഗത്തില്‍ ദശരഥപുത്രന്‍ ശ്രീരാമ ചന്ദ്രന്റെ നേതൃത്വത്തില്‍ വാനരപ്പട തീര്‍ത്തതാണെന്നാണ് വിശ്വാസം. രാമേശ്വരത്തുനിന്ന് ശ്രീലങ്കവരെ നീണ്ടുനിവര്‍ന്ന് കിടക്കുന്ന ഈ പാലം സീതാഹരണം നടത്തിയ രാവണനോട് യുദ്ധം ചെയ്യുന്നതിനായി ലങ്കയില്‍ കടന്നെത്താന്‍ തീര്‍ത്തതാണെന്ന് ആദികാവ്യമായ രാമായണം വ്യക്തമാക്കുന്നു. 
കടലുകടക്കാന്‍ മാര്‍ഗമന്വേഷിച്ച ശ്രീരാമന്‍, ജലദേവനായ വരുണനെ പ്രാര്‍ത്ഥിക്കുകയും വരുണന്റെ നിര്‍ദ്ദേശപ്രകാരം വിശ്വകര്‍മ്മാവിന്റെ പുത്രനായ കപിവരന്‍ നളനെ സേതുനിര്‍മ്മാണത്തിനായി ഏര്‍പ്പെടുത്തുകയും ചെയ്തു. കല്ലും മണ്ണും പാറക്കഷ്ണങ്ങളും വൃക്ഷങ്ങളുംകൊണ്ട് വാനരപ്പട ദ്രുതഗതിയില്‍ പാലംപണിയാരംഭിച്ചു. ഒന്നാം ദിവസം പതിനാലുയോജന പാലം തീര്‍ത്തു. രണ്ടാംദിവസം ഇരുപത്, മൂന്നാംദിവസം ഇരുപത്തിയൊന്ന്, നാലാംദിവസം ഇരുപത്തിരണ്ട്, അഞ്ചാംദിവസം ഇരുപത്തിമൂന്ന് യോജന എന്നീ ക്രമത്തില്‍ അഞ്ചുദിവസം കൊണ്ട് നൂറുയോജന നീളംപാലം പണിപൂര്‍ത്തിയാക്കിയതായി രാമായണം വിശദമാക്കുന്നു (32,000 കോല്‍ = ഒരു യോജന). വാനരപ്പട ഈ സേതുവിലൂടെ ലങ്കയിലെത്തി. 
ത്രേതായുഗത്തിനും കലിയുഗത്തിനുമിടയിലുള്ള ദ്വാപരയുഗം കണക്കാക്കിയാല്‍ 4,32,000 മനുഷ്യവര്‍ഷമുണ്ട് (1200 ദിവ്യവര്‍ഷം ഃ 360 മനുഷ്യവര്‍ഷം). ഇതുവരെയുള്ള കലിയുഗവര്‍ഷം 5121 കൂടിക്കൂട്ടിയാല്‍, ത്രേതായുഗത്തിനുശേഷം 4,37,121 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. അതായത് കുറഞ്ഞത് 437 സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തെ പഴക്കം ഈ പാലത്തിന് കണക്കാക്കാം. ചൈനയിലെ വന്‍മതിലും രാമസേതുവും ഭൂമിയിലെ വിസ്മയങ്ങളായി ആകാശചിത്രങ്ങളിലും ഇന്നും തെളിഞ്ഞുനില്‍ക്കുന്നു. 
ഏതാണ്ട് 500 വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ഈ പാലം കാല്‍നട യാത്രയ്ക്ക് ഉപയോഗയോഗ്യമായിരുന്നതായി സഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1480 എഡിയില്‍ ഒരു ചുഴലിക്കാറ്റിന്റെ ഫലമായി അടിഭാഗത്തുണ്ടായ വിള്ളലുകള്‍ കാരണം പാലം വെള്ളത്താല്‍ മൂടപ്പെട്ടുപോയതാണ്. ഇപ്പോഴും സേതുവിനുമുകളില്‍ ഏതാനും അടി ഉയരത്തില്‍ മാത്രമാണ് വെള്ളമുള്ളത്. പല വിദേശരാജ്യങ്ങളും ശതാബ്ദങ്ങള്‍ക്ക് മുമ്പുവരച്ച ഭൂപടങ്ങളില്‍ രാമസേതു ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തയാറാക്കിയ ഭൂപടത്തില്‍ രാമസേതുവിനെയും മതപരിവര്‍ത്തനത്തിന് വിധേയമാക്കിക്കൊണ്ട് ആദംസ് ബ്രിഡ്ജ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 
രാമസേതു ഭാരതത്തിന് വിലപ്പെട്ടിരിക്കുന്നത് പൈതൃകത്തിന്റെ പേരില്‍ മാത്രമല്ല. കടല്‍ക്ഷോഭത്തില്‍നിന്നും സുനാമികളില്‍നിന്നും ഭാരതത്തിന്റെ തീരപ്രദേശങ്ങളെ സംരക്ഷിച്ചുനിര്‍ത്തുന്നത് ഈ സേതുതന്നെയാണ്. 2004ല്‍ ഇന്തോനേഷ്യന്‍ ദീപസമൂഹത്തിനോട് ചേര്‍ന്ന് കടലിലുണ്ടായ സൂനാമി, ഭൂകമ്പം റിച്ചര്‍ സ്‌കെയിലില്‍ 12.3 രേഖപ്പെടുത്തപ്പെട്ടതാണ്. ലോകത്തിലിതുവരെ ഉണ്ടായ വന്‍ ഭൂകമ്പങ്ങളില്‍ രണ്ടാം സ്ഥാനമാണത്രെ ഇത്. കടലിനടിത്തട്ടില്‍നിന്നും ഉയര്‍ന്നുവന്ന വെള്ളത്തിന്റെ തള്ളല്‍തടഞ്ഞ് ഭാരതത്തിന്റെ തെക്കന്‍തീരങ്ങളെ രക്ഷിച്ചത് രാമസേതുവാണ്. സുനാമിയുടെ ഒരു ചെറിയ തരംഗംമാത്രമാണ് അന്നു നമുക്ക് അനുഭവപ്പെട്ടത്. അല്ലായിരുന്നെങ്കില്‍ കേരളം തമിഴ്‌നാട് തീരദേശങ്ങളെ വിഴുങ്ങുന്ന വന്‍ ദുരന്തംതന്നെ അനുഭവപ്പെടുമായിരുന്നു. 
രാമസേതുവിനോട് ചേര്‍ന്നുകിടക്കുന്ന ഭാഗത്ത് കടല്‍ ശാന്തമാകയാല്‍ കടല്‍സസ്യങ്ങളും മത്സ്യങ്ങളും ധാരാളമുണ്ട്. ഈ സാഹചര്യം മത്സ്യങ്ങളുടെ പ്രജനനത്തിന് സഹായകമായതിനാല്‍ അവയുടെ വംശവര്‍ദ്ധന സുഗമമായി നടക്കുന്നുണ്ട്. മത്സ്യബന്ധനത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി ആളുകളുടെ ഉപജീവനവും ഭാരതത്തിന് വന്‍തോതില്‍ മത്സ്യസമ്പത്ത് ലഭ്യതയും ഇതുവഴി സാധ്യമാകുന്നു. 
ഒഴുക്കില്‍ വന്നടിയുന്ന എക്കല്‍മണ്ണ് ലോഹമണല്‍ ശേഖരമാണ്. തോറിയം ഇല്‍മനൈറ്റ്, ഇവ ഭാരതത്തിന് നിരവധി നൂറ്റാണ്ടുകള്‍ക്ക് വേണ്ടുന്ന ശേഖരമുണ്ടെന്നു മാത്രമല്ല തുടര്‍ച്ചയായി ലഭ്യമാവുകയും ചെയ്യുന്നു. അമേരിക്കപോലുള്ള രാജ്യങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് മാത്രമുള്ള ശേഖരമാണുള്ളതെങ്കില്‍ ഭാരതത്തിന് അത് 500ല്‍ അധികം വര്‍ഷത്തേക്കുള്ള സമ്പത്താണ്. 
സ്വാതന്ത്ര്യത്തിന് മുമ്പ് തിരുവതാംകൂറുമായി ഉടമ്പടിയുണ്ടാക്കി കരിമണല്‍ കൈക്കലാക്കാനുള്ള അമേരിക്കയുടെ പദ്ധതി നടപ്പിലായില്ല. ഒടുവില്‍ യുപിഎ ഭരണകാലത്ത് സേതുസമുദ്രം കനാല്‍ പദ്ധതിയിലൂടെ കായല്‍ ചാലുണ്ടാക്കി രാമസേതു തകര്‍ക്കാനുള്ള ഗൂഢശ്രമം നടന്നിരുന്നു. പുരാവസ്തു ഗവേഷകരും ഭൂഗര്‍ഭ ശാസ്ത്രജ്ഞരും പ്രകൃതിസ്‌നേഹികളും സുനാമിവിദഗ്ധരും പൈതൃകസംരക്ഷകരുമെല്ലാം ഈ ഉദ്യമത്തെ ശക്തമായി ചെറുത്തുനിന്നു. അതുകൊണ്ട് രാമസേതു ഇന്നും നിലനില്‍ക്കുന്നു.  
(ക്ഷേത്രശക്തി മുന്‍ എഡിറ്ററാണു ലേഖകന്‍)

No comments:

Post a Comment