Saturday, July 20, 2019

ഭൗതികമായ ഏതൊന്നും നാശത്തെ പ്രാപിക്കും. അതിനാല്‍ ശാശ്വതമായ  ഒരു ഭൗതിക സുഖത്തിനുവേണ്ടി എന്തുചെയ്യുന്നതും വ്യര്‍ത്ഥമാണ്! ഒരു മന്ത്രവും ഒരു തന്ത്രവും ഓരു ദേവതയും ഒരു ശാസ്ത്രവും അതിനുവേണ്ടി ഇന്നുവരെ ആരെയും സഹായിച്ചിട്ടില്ല. അതുകൊണ്ടാണ് ആചാര്യന്മാര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളത്, കര്‍മ്മങ്ങളുടെയൊന്നും പരമസാദ്ധ്യം ഇന്ദ്രിയസുഖമല്ലെന്ന്. പരമമായ ലക്ഷ്യം  ജ്ഞാനം മാത്രമാണ്.

നശിച്ചുകൊണ്ടിരിക്കുന്ന ഒരു ഭൗതിക വസ്തുവില്‍ മനസ്സുകൊണ്ട് പറ്റിപ്പിടിക്കും, എന്നിട്ട് അതില്‍ നിന്നുണ്ടാകുന്ന ദുഃഖം അകറ്റുവാന്‍ ‍നാം പ്രാര്‍ത്ഥനചെയ്യും! ഇത് വിരോധാഭാസമാണ്! ഗീതയില്‍ ഭഗവാന്‍ പറയും, ''നീ എന്തുചോദിക്കുന്നോ അതെല്ലാം തരുന്നത് ഞാനാണ്, പക്ഷേ ജീവിതത്തില്‍ സുഖം പോലെതന്നെ ദുഃഖവും വന്നുഭവിക്കും, അത് പരിഹരിക്കാന്‍ കഴിയുന്നതല്ല, എന്നതിനാല്‍ അപരിഹാര്യമായ കാര്യങ്ങള്‍ ഓര്‍ത്ത് നീ വിഷമിക്കരുത്.'' വിവേകാനന്ദസ്വാമികള്‍ പറയും, ''നാം ധനത്തെ ദേവതയാക്കുന്നു. അതില്‍നിന്ന് എല്ലാ ദുസ്സ്വഭാവങ്ങളും ഭീതികളും വന്നുകൂടുന്നു. ഭൗതികമായ ഒന്നിനേയും വിലമതിക്കരുത്. അതിന്മേല്‍ പറ്റിപ്പിടിക്കരുത്, പിന്നെ നമുക്ക് ഭയമില്ല.'' ഈശ്വരന്‍ ഉണ്ടായിട്ടും മനുഷ്യനെന്തുകൊണ്ട് ദുരിതങ്ങളുണ്ടാകുന്നു എന്ന് നമ്മുടെ യുക്തി നമ്മോടു ചോദിക്കാറുണ്ടല്ലോ? നമ്മുടെ ദുഃഖം നാം  സ്വയം സൃഷ്ടിക്കുന്നത് തന്നെയാണ്. ഈശ്വരനല്ല. നാം ആഗ്രഹിക്കുന്ന വസ്തു നശിക്കുന്ന ഒന്നാകുമ്പോള്‍ നമ്മുടെ ദുഃഖം നമ്മുടെ തന്നെ സൃഷ്ടിയാണെന്ന യുക്തി വരുന്നു! ശാശ്വതമായ എന്തുണ്ട് എന്നുള്ള അന്വേഷണത്തിലാണ് ഈശ്വരസാക്ഷാല്‍ക്കാരം പ്രസക്തമാകുന്നത്! നശ്വരമായ വസ്തുവില്‍ നിന്നുള്ള ദുഃഖം എന്നെന്നേയ്ക്കുമായി  ഒഴിവാക്കാന്‍ വേണ്ടി ഈശ്വരനെയോ മറ്റെന്തിനെയെങ്കിലുമോ ആശ്രയിക്കുന്നതാണ് യുക്തിയില്ലായ്മ! നശ്വരമായ വസ്തു, അനശ്വരമായ സുഖം എന്നിവ പരസ്പരം ഖണ്ഡിക്കുന്നു! മുഖം തിരിക്കുന്നു! ഭക്തഹനുമാനെപോലെ യഥാര്‍ത്ഥ ഭക്തന്‍ ഭഗവാനെ അല്ലാതെ മറ്റൊന്നിലും മനസ്സര്‍പ്പിക്കുന്നില്ല. അതിനാല്‍ പ്രാര്‍ത്ഥനയ്ക്ക് ഭൗതിക ദുഃഖങ്ങളുമില്ല!
ഓം
Krishnakumar kp

No comments:

Post a Comment