Sunday, July 14, 2019

നൂറും പാലും.
 നാഗപ്രതീക്കുവേണ്ടി ചെയ്യുന്ന ഒരു കര്‍മ്മമാണ് ‘നൂറും പാലും കൊടുക്കല്‍’. സര്‍പ്പബലി, സര്‍പ്പപ്പാട്ട്, നാഗപ്പാട്ട്, കുറുന്തിനിപ്പാട്ട് തുടങ്ങിയ കര്‍മ്മങ്ങള്‍ക്കെല്ലാം നൂറും പാലും കൊടുക്കുന്ന ചടങ്ങുണ്ട്. പാല്, ഇളനീര്‍, കദളിപ്പഴം, അരിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത മിശ്രിതമാണ് ‘നൂറും പാലും’. ചിലര്‍ അരിപ്പൊടിക്കു പകരം കൂവനീരാണ് ചേര്‍ക്കുക. നാഗപൂജയ്ക്ക് ‘നൂറും പാലും’ ഒഴിച്ചുകൂടാത്തതാണ്. ഇലകള്‍ കൊണ്ട് തുന്നിയുണ്ടാക്കുന്ന പാത്രങ്ങളിലോ ഉരുളികളിലോ വട്ടളങ്ങളില്‍ത്തന്നെയോ യുക്താനുസരണം നൂറും പാലും കൂട്ടാവുന്നതാണ്.
 നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമര്‍പ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്‍പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. മാതൃശാപത്താല്‍ ചുട്ടു നീറുന്ന നാഗങ്ങള്‍ക്ക്‌ വെള്ളത്തില്‍ പാലോഴിച്ചുള്ള സ്നാനം ചെയ്യുന്നവരുടെ ഗൃഹത്തില്‍ സര്‍പ്പഭയമുണ്ടാകില്ല. സര്‍പ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് പുള്ളുവന്‍മാരെകൊണ്ട് സര്‍പ്പപാട്ട് പാടിച്ചാല്‍ സര്‍പ്പദേവതാ പ്രീതി ലഭിക്കും. സദ്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സര്‍പ്പപൂജകള്‍ നടത്തുന്നത് ഉത്തമമാണ്. എരിക്കിന്‍പൂവും, കൂവളത്തിലയും ചേര്‍ത്തുകെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്‍ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും ചേര്‍ത്ത മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്‍ക്കും നല്‍കിയാല്‍ നാഗശാപം ഒഴിവായി കിട്ടും. ഭാഗവതത്തിലും, നാരായണീയത്തിലും കാളിയ മര്‍ദ്ദനം വിവരിക്കുന്ന ഭാഗം പാരായണം ചെയ്താല്‍ നാഗദോഷം ഒഴിവാക്കാം. വര്‍ഷത്തില്‍ വരുന്ന പന്ത്രണ്ട് പഞ്ചമതിഥിയുടെ അധിദേവതകളായ നാഗങ്ങളെ സ്തുതിച്ചാല്‍ സര്‍പ്പപ്രീതി ലഭിക്കും. രാഹു കേതുക്കളുടെ ദോഷത്താല്‍ അവിവാഹിതരായി കഴിയുന്ന പെണ്‍കുട്ടികള്‍ അരയാലും വേപ്പും ഒന്നിച്ചുനില്‍ക്കുന്നതിന്റെ ചുവട്ടിലെ നാഗ പ്രതിഷ്ഠകള്‍ക്ക് പാലഭിഷേകം നടത്തിയാല്‍ ദോഷം അകലും. വര്‍ഷത്തില്‍ വരുന്ന പഞ്ചമതിഥികളില്‍ വ്രതമനുഷ്ഠിച്ച് നാഗങ്ങളെ ദ്രവ്യാഭിഷേകത്തോടെ തൃപ്തിപ്പെടുത്തിയാല്‍ പാമ്പു കടിയേറ്റു മരിച്ചവ്യക്തിയുടെ ആത്മാവിന് ഗതി കിട്ടും. ആയൂരാരോഗ്യ സമ്പല്‍സമൃതിക്കും, ഗൃഹത്തില്‍ ഐശ്വര്യത്തിനും വേണ്ടി സര്‍പ്പബലി നടത്തുന്നു. നീച്ചസര്‍പ്പങ്ങളുടെ ദോഷം തീരാന്‍ സര്‍പ്പപ്പാട്ടും, ഉത്തമ സര്‍പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്‍പ്പബലിയുമാണ് പ്രതിക്രിയ. സ്വര്‍ണ്ണംകൊണ്ടോ, ചെമ്പ്കൊണ്ടോ ഉണ്ടാക്കിയ സര്‍പ്പപ്രതിമ സമര്‍പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. കവുങ്ങിന്‍ പൂക്കില മാലകള്‍ എന്നിവകൊണ്ട് അലങ്കരിച്ചും, ചന്ദനം ചാര്‍ത്തിയും, കരിക്ക്, പാല്‍, പനിനീര്‍ എന്നിവയാല്‍ അഭിഷേകം നടത്തിയും, നെയ്യ്, അപ്പം, പായസം എന്നിവ നേദിച്ചും, നൂറും പാലും കൊണ്ട് സര്‍പ്പബലിനടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം.
ഒരു ജാതകത്തില്‍ കാണപ്പെടുന്ന ദോഷങ്ങളില്‍ ഏറ്റവും ഗുരുതരമായ ദോഷം ഏതാണ് എന്ന് ചിന്തിച്ചാല്‍ ഉത്തരം സര്‍പ്പ ദോഷം എന്നായിരിക്കും.
ഗ്രഹനിലയില്‍ 3, 6, 11 എന്നീ ഭാവങ്ങള്‍ ഒഴികെ ഏതു ഭാവത്തില്‍ രാഹുവോ കേതുവോ നിന്നാലും സര്‍പ്പദോഷം ഉണ്ടെന്നു പറയാം. എല്ലായ്പോഴും ഗ്രഹനിലയില്‍ രാഹു നില്‍ക്കുന്ന രാശിയുടെ ഏഴാം ഭാവത്തില്‍ കേതു ഉണ്ടാകും. അതായത് അവര്‍ പരസ്പരം ദൃഷ്ടി ചെയ്തു കൊണ്ടിരിക്കും. ഏതൊരു ഭാവത്തിന്റെയും നിവൃത്തി സ്ഥാനമാണ് അതിന്റെ എഴാം ഭാവം. ഏതു ഭാവത്തിലാണോ രാഹു നില്‍ക്കുന്നത് അതിന്റെ നിവൃത്തി സ്ഥാനത്ത് കേതു ഉണ്ടാകുമെന്ന് സാരം.
ആരൊക്കെ നാഗപ്രീതി വരുത്തണം?
രാഹു അനിഷ്ട സ്ഥാനത്തു നില്‍ക്കുന്നവര്‍ പരിഹാര കര്‍മങ്ങള്‍ അനുഷ്ടിക്കണം. ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രക്കാര്‍ വിശേഷിച്ചും രാഹുപ്രീതി വരുത്തണം. ആയില്യം, ചതയം എന്നീ നാളുകാര്‍ നാഗ പ്രീതി വരുത്തുന്നത് ജീവിത അഭിവൃദ്ധിക്ക് വളരെ ഗുണകരമായി കണ്ടു വരുന്നു.
ജാതകത്തില്‍ ശുക്രനോ ഏഴാം ഭാവാധിപനോ രാഹു സംബന്ധം വരുന്നത് വിവാഹ കാലതാമസത്തിനും ദാമ്പത്യ വൈഷമ്യങ്ങള്‍ക്കും കാരണമായെന്ന് വരാം, അങ്ങിനെയുള്ള ഗ്രഹനിലയില്‍ ജനിച്ചവര്‍ നാഗ ദേവതകളെ പ്രീതിപ്പെടുത്തുന്നത് വിവാഹ സംബന്ധമായ തടസ്സങ്ങള്‍ അകലാന്‍ സഹായിക്കും.
രാഹുര്‍ ദശയും അപഹാരവും അനുഭവിക്കുന്നവരും നിര്‍ബന്ധമായും നാഗപ്രീതി വരുത്തണം.
അറിഞ്ഞോ അറിയാതെയോ നാഗങ്ങളെ ഉപദ്രവിക്കുക, കാവിലെ മരങ്ങള്‍ നശിപ്പിക്കുക മുതലായ ദോഷങ്ങള്‍ ചെയ്തു പോയവരും നാഗ പ്രായശ്ചിത്തം ചെയ്യണം.
ജാതകത്തില്‍ കാള സര്‍പ്പ ദോഷം ഉള്ളവര്‍ ജന്മ നക്ഷത്രങ്ങളിലും ആയില്യം നാളുകളിലും നാഗ ക്ഷേത്ര ദര്‍ശനം നടത്തി പ്രാര്‍ഥിക്കുന്നത് അഭിവൃദ്ധികരമാണ്. രാഹുവിന്റെയും കേതുവിന്റെയും ഇടയില്‍ ആയി മറ്റു സപ്തഗ്രഹങ്ങള്‍ എല്ലാവരും സ്ഥിതി ചെയ്യുന്ന ഗ്രഹസ്ഥിതി ആണ് കാള സര്‍പ്പ ദോഷം.
അവരവരുടെ ജന്മനക്ഷത്രത്തില്‍ നാഗ ദേവതകള്‍ക്ക് നിത്യ പൂജയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ദോഷ പരിഹാരാര്‍ത്ഥം ഉള്ള വഴിപാടുകള്‍ നടത്തുക. രാഹുദോഷം ഏതു വഴിക്കാണ് വന്നതെന്ന് ഒരു ഉത്തമ ജ്യോതിഷിയില്‍ നിന്നും മനസ്സിലാക്കി ആയതിനു വേണ്ട പരിഹാരങ്ങള്‍ നടത്തുന്നതാണ് അഭികാമ്യം. കൂടാതെ എല്ലാ ആയില്യത്തിനും വ്രതം അനുഷ്ടിക്കുക. തുടര്‍ച്ചയായി 9 ആയില്യങ്ങള്‍ തുടര്‍ച്ചയായി വ്രതം അനുഷ്ടിക്കുന്നത് നാഗ ദോഷങ്ങള്‍ അകലാന്‍ വളരെ ഗുണകരമാണ്. നാഗ പഞ്ചമി വ്രതം അനുഷ്ടിക്കുന്നതും വളരെ നല്ലതാണ്. ഈ വ്രതം അനുഷ്ടിക്കുന്നവര്‍ക്ക് ഒരു വര്ഷം ആയില്യ വ്രതം നോറ്റ ഫലം ലഭിക്കും എന്നാണു വിശ്വാസം. ശ്രാവണ മാസത്തിലെ ശുക്ല പക്ഷ പഞ്ചമിയാണ് നാഗ പഞ്ചമി. കന്നി, തുലാം എന്നീ മാസങ്ങളിലെ ആയില്യത്തിനും സവിശേഷ പ്രാധാന്യമുണ്ട്. കന്നി മാസ ആയില്യം വെട്ടിക്കോട്ട് ആയില്യമെന്നും തുലാമാസ ആയില്യം മണ്ണാറശാല ആയില്യമെന്നും അറിയപ്പെടുന്നു.
ആയതിനാല്‍ തന്നെ രാഹു അനിഷ്ട സ്ഥാനത്തു നില്‍ക്കുന്നവര്‍ പരിഹാര കര്‍മങ്ങള്‍ അനുഷ്ടിക്കണം. ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രക്കാര്‍ വിശേഷിച്ചും രാഹുപ്രീതി വരുത്തണം. ആയില്യം, ചതയം എന്നീ നാളുകാര്‍ നാഗ പ്രീതി വരുത്തുന്നത് ജീവിത അഭിവൃദ്ധിക്ക് വളരെ ഗുണകരമായി കണ്ടു വരുന്നു.
സര്‍പ്പക്കാവ് നശിപ്പിക്കുക, കാവിനു അശുദ്ധിയുണ്ടാക്കുക, കാവിലെ മരങ്ങള്‍ നശിപ്പിക്കുക, പുറ്റ് മുട്ടകള്‍ തുടങ്ങിയവ ഉടയ്ക്കുക, മുതലായവയാണ് പ്രധാനമായ സര്‍പ്പകോപകാരണങ്ങള്‍ . ഇവയിലേത് ദോഷമാണ് എന്ന്പ്രശ്ന ചിന്തയോലൂടെ മനസ്സിലാക്കാം.
നാഗവഴിപാടുകളും ഫലസിദ്ധികളും
1. വെള്ളരി, ആയില്യപൂജ, നൂറും പാലും :- സമ്പല്‍സമൃദ്ധിക്ക്
2. പുള്ളുവന്‍ പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍ :- വിദ്യക്കും സല്‍കീര്‍ത്തിക്കും
3. ഉപ്പ് :- ആരോഗ്യം വീണ്ടുകിട്ടാന്‍
4. മഞ്ഞള്‍ :- വിഷനാശത്തിന്
5. ചേന :- ത്വക്ക് രോഗശമനത്തിന്
6. കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ :- രോഗശമനത്തിന്
7. നെയ്‌ :- ദീര്‍ഘായുസ്സിന്
8. സര്‍പ്പരൂപം, പുറ്റും മുട്ടയും തുടങ്ങിയവ :- സര്‍പ്പദോഷ പരിഹാരത്തിന്
9. പാല്, കദളിപ്പഴം, നെയ്പായസം :- ഇഷ്ടകാര്യസിദ്ധി
10. നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി കമഴ്ത്തല്‍ :- സന്താനലാഭത്തിന്
11. പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവ :- സര്‍പ്പ ഹിംസാദി ദോഷപരിഹാരത്തിന്.
ബ്രഹ്മാവ്‌ ഓരോ ദിവസത്തിനും അതിന്റെ അധിപതികളായി നാഗങ്ങളെ നിശ്ചയിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
ഞായര്‍– അനന്തന്‍
തിങ്കള്‍ — വാസുകി
ചൊവ്വ — തക്ഷകന്‍
ബുധന്‍ — കാര്‍കോടകന്‍
വ്യാഴം — പത്മന്‍
വെള്ളി — മഹാപത്മന്‍
ശനി — കാളിയന്‍ ,ശംഖപാലന്‍.
C&P'

No comments:

Post a Comment