Sunday, July 28, 2019

എഴുത്തച്ഛൻ കിളിപ്പാട്ട് എഴുതാനുള്ള കാരണം എന്ത്?
അദ്ധ്യാത്മരാമായണവും മഹാഭാരതവും എഴുത്തച്ഛൻ കിളിപ്പാട്ട് ആയിട്ടാണ് എഴുതിയിരിക്കുന്നത്. അത് ബ്രാഹ്മണൻമാരെ ഭയപ്പെട്ടതുകൊണ്ടാണെന്ന ഒരു അബദ്ധ ധാരണ നമ്മുടെ ഇടയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അത് തെറ്റാണ്. ഞാൻ ബ്രഹ്മപാദജനും (ശൂദ്രൻ) അജ്ഞാനിയുമാണെന്ന് വിനയത്തോടെ എഴുത്തച്ഛൻ എഴുതിയിരിക്കുന്നുവെന്നത് ശരി തന്നെ. ശൂദ്രൻ വേദശാസ്ത്രാദികൾക്ക് അധികാരിയല്ല എന്നു മാത്രമേ അദ്ദേഹം എഴുതിയിട്ടുള്ളൂ .രാമായണത്തിന് അധികാരമില്ല എന്ന് പറഞ്ഞിട്ടില്ല.
രാമായണത്തിന്റെ ഫലശ്രുതിയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു -
പഠൻ ദ്വിജോ വാഗ് ഋഷഭത്വമീയാത്
സ്യാത് ക്ഷത്രിയോ ഭൂമി പതിത്വമീയാത്
വണിക് ജന: പണ്യ ഫലത്വമീയാത്
ജനശ്ച ശൂദ്രോfപി മഹത്വമീയാത്
അർത്ഥം - രാമായണം വായിക്കുന്ന ദ്വിജൻ വാക്പതിയായിത്തീരും ക്ഷത്രിയൻ രാജാവാകും വൈശ്യൻ ലാഭമുണ്ടാക്കും ശൂദ്രരാവട്ടെ മഹത്വത്തിലേക്ക് എത്തിച്ചേരും.
വേദാധികാരമില്ലാത്തവരിൽ വേദതത്വം എത്തിക്കുവാൻ വേണ്ടിയായിരുന്നു പുരാണങ്ങളും ഇതിഹാസങ്ങളും രചിക്കപ്പെട്ടത്.
ഇനി മറ്റൊന്ന്, കവികൾക്ക് അറം പറ്റുക എന്ന ഒരു ദോഷത്തെ ഭയന്നാണ് കിളിയെക്കൊണ്ട് പാടിച്ചത് എന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് കുഞ്ചൻ നമ്പ്യാർ "പേപ്പട്ടി വിഷം" എന്ന കവിത എഴുതിയതു കൊണ്ട് പേവിഷബാധയേറ്റ് മരിച്ചുവെന്നും, വള്ളത്തോൾ ബധിരവിലാപം എഴുതിയതു കൊണ്ട് ബധിരനായെന്നും, കുമാരനാശാൻ "അന്തമില്ലാത്തൊരാഴത്തിലേക്കിതാ ഹന്ത താഴുന്നു" എന്ന് എഴുതിയതു കൊണ്ടാണ് മുങ്ങി മരിക്കാൻ ഇടയായതെന്നും പറയപ്പെടുന്നു. അറം പറ്റുക എന്നാൽ അതാണ്.
എന്നാൽ ജീവന്മുക്തഭാവത്തിൽ ജീവിച്ച എഴുത്തച്ഛൻ അറം പറ്റുന്നതിനെ ഭയപ്പെട്ടിരുന്നെന്ന് പറയാൻ വയ്യ.
പിന്നെ കിളിപ്പാട്ട് എഴുതാനുള്ള യഥാർത്ഥ കാരണം എന്തായിരിക്കും?
എഴുത്തച്ഛൻ ശ്രീവിദ്യോപാസകൻ ആയിരുന്നു. ശാരദാദേവിയ്ക്ക് പ്രിയപ്പെട്ടതായി ചുമലിലിരിക്കുന്ന പൈങ്കിളിയെ ഉദ്ദേശിച്ചാണ് എഴുത്തച്ഛൻ കിളിപ്പാട്ട് എഴുതിയത്.
"ശാരം" എന്നാൽ "ജ്ഞാനം". "ശാരം ദദാതി ഇതി ശാരദ" - ശാരത്തെ തരുന്നവൾ എന്ന് അർത്ഥം.
ശാരത്തിന് കരണമായിത്തീരുന്നവൾ ശാരിക. അതു കൊണ്ടാണ് എഴുത്തച്ഛൻ ശാരികപൈതലിനെക്കൊണ്ട് രാമായണകഥ ചൊല്ലിച്ചത്.
-ആചാര്യ ത്രൈപുരം

No comments:

Post a Comment