Monday, July 22, 2019

കർക്കിടകമാസം ആരംഭിച്ചതോടെ വാട്സാപ്പിലും ഫെയ്സ്ബുക്കിലുമായി നിറയെ ലേഖനങ്ങൾ വന്നു തുടങ്ങി. എങ്ങിനെ വായിക്കണം, എന്തെല്ലാം ചിട്ടകൾ എപ്പോൾ വായിക്കണം എങ്ങോട്ട് തിരിഞ്ഞിരിക്കണം രാമായണം ചില സമയത്ത് വായിച്ചാൽ ഹനുമാൻ സ്വാമി കോപിക്കും, അക്ഷരത്തെറ്റുകൾ വന്നാൽ ഉണ്ടാവുന്ന ദുരിതങ്ങൾ തുടങ്ങി നിരവധി നിയമങ്ങൾ അടങ്ങിയ ലേഖനങ്ങൾ വായിച്ച് പലരും പരിഭ്രമത്തോടെ എന്നെ വിളിച്ചു. അവർക്കെല്ലാം രാമായണം വായിക്കാൻ വലിയ ഇഷ്ടമാണ്. പക്ഷേ ഈശ്വര ശാപവും കോപവും ഭയന്ന് വായിക്കാതിരിക്കുകയാണ്. ഇത്തരം ലേഖനങ്ങൾ വായിച്ച് പരിഭ്രമിക്കാൻ ഉള്ള പ്രധാന കാരണം നമ്മുടെ ഗുരു കാരണവന്മാർ അനുഷ്ഠിച്ചു വന്ന ശീലം ഇടയിൽ ഉപേക്ഷിച്ചതുകൊണ്ടാണ്. നമ്മുടെ അച്ഛനമ്മമാർ നിത്യവും രാമായണം ഭാഗവതം തുടങ്ങിയ പുരാണ ഗ്രന്ഥങ്ങൾ നിത്യപാരായണം ചെയ്തിരുന്നു. അവർ അത് നമുക്ക് പകർന്നു നൽകിയപ്പോൾ അത് അശ്രദ്ധയമായി സ്വീകരിക്കുകയോ, അലസമായി ഉപേക്ഷിക്കുകയോ ചെയ്തു. അതിന്റെ പരിണിത ഫലമായി മനസ്സ് ഭഗവാനെ വിട്ട് മറ്റുള്ള പലതിലും വ്യാപിക്കാൻ തുടങ്ങി. ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞാൽ രോഗങ്ങൾ നമ്മുടെ ശരീരത്തെ ആക്രമിക്കുന്നത് പോലെ, മനസ്സ് വികലമായപ്പോൾ ഭീതി, ടെൻഷൻ, കോപം, എന്നിവ നമ്മെ അടിമകളാക്കി. ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇതിൽ നിന്നും രക്ഷ നേടാൻ വഴിതേടി ആദ്ധ്യാത്മിക മാർഗ്ഗത്തിലേക്ക് വന്നു. ഭഗവാനുടുള്ള ഭക്തിയേൾ, പ്രേമത്തേക്കാൾ ഉപരി നമുക്ക് വേണ്ടത് പ്രശ്നങ്ങൾക്ക് പരിഹാരമായി മാറി. ഇവിടെ നമ്മളെ മുതലെടുക്കാൻ ധാരാളം ഇടനിലക്കാർ വന്നു. തന്ത്രം മന്ത്രം പൂജ പരിഹാരം കൈനോട്ടം ജ്യോതിഷം , ആശ്രമം ( ഇതെല്ലാം അതിന്റെ പവിത്രത ഒട്ടും കളങ്കപ്പെടുത്താതെ കൈകാര്യം ചെയ്യുന്ന മഹാത്മാക്കളെ ഈ സമയം ബഹുമാനത്തോടെ സ്മരിക്കുന്നു) എന്നീ പേരുകളിൽ പലതരം ബിനിസ്സുകാർ , കയ്യിലുള്ള ധനത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ നിയന്ത്രണം ഏറ്റെടുത്തു. 
അവർ പറയുന്നതുപോലെ നമ്മൾ ജിവിച്ചു തുടങ്ങി. അതെല്ലാം തന്നെ കൂനിന്മേൽ കുരു പോലെ ആയിത്തീർന്നു. ഈശ്വരനെ സർവ്വാത്മനാ ആശ്രയിക്കുക മാത്രമാണ് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ശാശ്വത മാർഗ്ഗം എന്ന ചിന്തിച്ച് ചിലർ നേരായ മാർഗ്ഗത്തിലൂടെ രാമായണം ഭാഗവതം തുടങ്ങിയവ കയ്യിലെടുത്തപ്പോൾ, തങ്ങളുടെ നിലനില്പ് അവതാളത്തിൽ ആകും എന്ന് ഭയന്ന് അവയ്ക്കെല്ലാം ഇതുപോലെ കുപ്രചരണങ്ങൾ തുടങ്ങി. 
എല്ലാവർക്കും അന്തര്യാമിയായി ഓരോരോ ജീവന്റെയും നേരിയ ചലനം പോലും തിരിച്ചറിഞ്ഞ് നമ്മളെ സദാ പരിപാലിച്ച് കൂടെയുള്ള ഭഗവാൻ എവിടേയോ നിന്ന് അനുഗ്രഹിക്കുന്ന, അദ്ദേഹത്തിന് ഇഷ്ടമില്ലാത്തത് ചെയ്താൽ കോപിക്കുന്ന ആരോ ആയി. വളരെ രസകരമായ ഒരു കാര്യം പറയട്ടെ. ഇന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഞാൻ ഒരു ഫോട്ടോ എഡിറ്റ് ചെയ്തു. കണ്ണനോട് ചേർന്ന് നിൽക്കുന്ന എന്റെ ഒരു ചിത്രം. അത് കണ്ട് എന്നോട് ഒരു ബന്ധു പറഞ്ഞു.
"ഇത് തെറ്റാണ്. ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല. ഭഗവാന്റെ അടുത്ത് ഇങ്ങനെ നില്ക്കാൻ പാടില്ല. ഭർത്താവിന്റെ കൂടെ മാത്രമേ ഇങ്ങിനെ നില്ക്കാവൂ എന്ന്"
 "ഹൃദയ കുഹര മധ്യേ " എന്നൊരു പ്രയോഗം ഉണ്ട്. അതായത് നമ്മുടെ കൈ നിവർത്തി  ഉള്ളം കൈയ്യിൽ അതേ കയ്യിലെ  തള്ളവിരൽ ചേർത്ത് വച്ച് ബാക്കി നാലു വിരലുകൾ മുറുകെ മടക്കി പിടിക്കുക . ഇപ്പോൾ ആ തള്ളവിരൽ ഇരിക്കുന്ന അത്രയും സ്ഥലം ഇല്ലേ? (അംഗുഷ്ട മാത്ര) നമ്മുടെ ഹൃദയത്തിൽ അത്രയും ഒഴിഞ്ഞ സ്ഥലം ഉണ്ട്. അവിടെ ഒരിക്കലും വിട്ടു പിരിയാതെ സദാ ഞാനാണ് ട്ടോ ഞാൻ കൂടേണ്ട് ട്ടോ ( സോഹം സോഹം എന്ന ഹൃദയ സ്പന്ദനം) എന്ന് മന്തിച്ചുകൊണ്ട് കൂടെയുള്ള ഭഗവാനെ അന്യനായി കണ്ട് അകറ്റി നിർത്താൻ ശ്രമിക്കുന്നു. ഏതു നിമിഷവും യാത്രപോലും പറയാതെ വിട്ടുപോകുന്നവരെ( ഭാര്യ ഭർത്താവ് മക്കൾ അച്ഛൻ അമ്മ.....etc) എന്റെ എന്ന് പറഞ്ഞു ചേർത്ത് നിർത്തുന്നു.  അഹോ കഷ്ടം! എന്നല്ലാതെ എന്തു പറയാൻ?
സദാ സേവ്യ സദാ സേവ്യ എന്ന് ഭാഗവതവും, ഏതു ദിക്കിൽ ഇരുന്ന് എപ്പോഴും ആർക്കും കേൾക്കുകയും പഠിക്കുകയും ചെയ്യാമെന്ന് രാമായണവും, കലൗ കേശവ കീർത്തനം അതുകൊണ്ട് നാമം ജപിക്കൂ നാമം ജപിക്കൂ എന്ന് അനുഭവത്തിലൂടെ മനസ്സിലാക്കിയ ഭാഗവതോത്തമന്മാരും എപ്പോഴും പറഞ്ഞുകൊണ്ടേ ഇരുന്നാലും  ആ വാക്കുകൾ സ്വീകരിക്കാൻ സംശയം. ഇതൊന്നും വേണ്ട ഞങ്ങളുടെ അടുത്തേക്ക് വന്നോളൂ. ഞങ്ങൾ എല്ലാം ശരിയാക്കിത്തരാം എന്ന് പറയുന്ന കപടരുടെ വാക്കുകളിൽ യാതൊരു സംശയവുമില്ല താനും. വിവരവും വിദ്യാഭ്യാസവും സ്ഥാനമാനങ്ങളും, അനേകം ഡിഗ്രി സർട്ടിഫിക്കറ്റുകളും സമ്പാദിച്ചപ്പോൾ ചിന്താശക്തിയും വിവേചന ബുദ്ധിയും നഷ്ടപ്പെട്ടു. 
"വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ"
എന്ന് പൂന്താനം മുത്തച്ഛൻ പറഞ്ഞത് ഇത് മനസ്സിലാക്കിയീട്ടാണ്. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രണവിധേയമാക്കി നേരായ വഴികളിലൂടെ തിരിച്ചുവിടാനുള്ള അഭ്യാസമാണ്‌ യഥാര്‍ത്ഥ വിദ്യാഭ്യാസം . 
ഇനി മറ്റൊരു വശം കൂടി ഉണ്ട്. അതുകൂടി പറയാം.
 ചിലർ വളരെ ചിട്ടയോടെ കുഞ്ഞുങ്ങളെ വളർത്തും. എന്നും രാവിലെ എണീറ്റ് കുളിച്ച് അമ്പലത്തിൽ പോകണം. നാമം ജപിക്കണം. പഠിക്കണം. അധികം കൂട്ടുകൂടരുത് കളിക്കരുത്, കോപിക്കരുത്, കരയരുത്, ഇഷ്ടമുള്ള ആഹാരം കഴിക്കരുത് എന്നിങ്ങനെ പല പല അരുതുകൾ. ആഗ്രഹങ്ങൾ ഉണ്ട് എങ്കിലും അതിനെ എല്ലാം അടക്കി മുന്നോട്ടു പോകുമ്പോൾ ഉള്ളിൽ അടക്കിയ വികാരങ്ങൾ ഒരവസരത്തിൽ നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധം പുറത്തേക്ക് ചാടുന്നു. അത് ഗുണത്തേക്കാളേറെ ദോഷം ആയി മാറുന്നു. പ്രതീക്ഷിക്കാത്ത സമയം നമുക്ക് അവയെ നിയന്ത്രിക്കാൻ കഴിയാതെ അകപടത്തിലാവുന്നു. ഇന്ദ്രിയങ്ങളെ ബലമായി നിയന്ത്രിക്കാൻ ശ്രമിച്ചാൽ ഒരിക്കലും അതിനെ ജയിക്കാൻ സാധിക്കില്ല. എല്ലാ ജീവനും ഇന്ദ്രിയങ്ങൾ നല്കി ഭഗവാൻ സൃഷ്ടിച്ചിരിക്കുന്നത് അത് ഉപയോഗിക്കാൻ വേണ്ടി തന്നെയാണ്. അല്ലെങ്കിൽ അതിന്റെ ആവശ്യം ഇല്ലല്ലോ. ആവശ്യമില്ലാത്ത ഇന്ദ്രിയങ്ങൾ എന്തിന് നല്കി? അപ്പോൾ ഈശ്വര സൃഷ്ടിയായിൽ തെറ്റ് സംഭവിച്ചോ?
ഒരിക്കലും ഇല്ല. ഏതൊരു ജീവനും ഇന്ദ്രിയ സുഖം അനുഭവിക്കാൻ വേണ്ടി തന്നെയാണ് അത് നല്കിയത്. 
എന്നാൽ എല്ലാ ജീവനിൽ നിന്നും വ്യത്യസ്തമായി മനുഷ്യന് മറ്റൊന്നു കൂടി ഭഗവാൻ നല്കിയീട്ടുണ്ട്. വിശേഷ ബുദ്ധിയും, വിവേചന ശക്തിയും. 
കണ്ണുകൾ കാണണം. കാതുകൾ കൊണ്ട് കേൾക്കണം. ഓരോരോ കാണുമ്പോഴും കേൾക്കുമ്പോഴും പറയുമ്പോഴും രുചിക്കുമ്പോഴും. ചിന്തിക്കുക. ഇതുകൊണ്ട് എന്താണ് പ്രയോജനം ? ഏതാണ് തെറ്റ് ഏതാണ് ശരി? ഇതുകൊണ്ട് ഗുണമോ ദോഷമോ ?  ഇന്ദ്രിയങ്ങളെ ബലമായി അടക്കാൻ ശ്രമിക്കുന്നതിനേൾ ഓരോ ജീവന്റെയും അർഹതയ്ക്ക് അനുസരിച്ച് ലഭിച്ച ഇന്ദ്രിയ സുഖങ്ങൾ അനുഭവിച്ച് അതിന്റെ നിസ്സാത ബോധ്യമായി അവ തനിയെ വിട്ടു പോകണം. ഒരു കാര്യം പ്രത്യേകം ഓർമ്മിക്കുക. ലൗകികവിഷയങ്ങളിലേക്ക് എത്രകണ്ട് ഇറങ്ങിച്ചെല്ലുന്നോ അത്രയും അവ നമ്മെ കീഴ്പ്പെടുത്തും. ഒഴുക്കും ചുഴിയും ആഴവുമുള്ള നദിയിലേക്ക് ചാടുന്നവൻ അരയിൽ ഒരു കയർ കെട്ടി അത് കരയിൽ നില്ക്കുന്നവനെ ഏല്പിക്കുന്നത് പോലെ ദൃഢമായ ഭക്തിയോടെ എല്ലാം ഭഗവാന് സമർപ്പിച്ച് എന്തുചെയ്യുമ്പോഴും ഇതെല്ലാം കർമ്മഗതിക്ക് അനുസരിച്ചുള്ള ഭഗവത് നിയോഗം എന്നറിഞ്ഞ് ഈ സംസാര സാഗരം നീന്തിക്കടക്കുക. ലക്ഷ്യം മറക്കാതിരിക്കുക. ആഞ്ജനേയ സ്വാമിയേപ്പോലെ എല്ലാ പ്രതിസന്ധികളും തരണം ഈ സംസാര സാഗരം കടക്കാൻ എല്ലാവർക്കും സാധിക്കട്ടെ. 
 എല്ലാവര്‍ക്കും ഈ സാഗരം കടന്നേ മതിയാവൂ. ഓരോ നിമിഷവും ആശങ്കാകുലമാവാതെ  പുഞ്ചിരിയോടെ മര്യാദയോടെ ഒന്നു തലകുനിച്ചിട്ട്‌ സാഭിമാനം യാത്ര ചെയ്യാൻ ഗീതയോ ഉപനിഷത്തോ രാമായണമോ ഭാഗവതമോ ഒന്നും വായിക്കേണ്ട. നാമം ജപിച്ചാൽ മാത്രം മതി. പക്ഷേ ഉള്ളില്‍ ഈശ്വരന്റെ ഏതെങ്കിലുമൊരു രൂപം സങ്കല്‍പിക്കാതെ ജപിക്കാന്‍ തുടങ്ങിയാല്‍ ആരാണത്‌ കേള്‍ക്കുക? അത് കൊണ്ട് അത്യാകർഷകമായ ശ്രീകൃഷ്ണ രൂപം മനസ്സിൽ നിറയ്ക്കാം. നമ്മുടെ നാവില്‍ സദാ 'കൃഷ്ണാ കൃഷ്ണാ' എന്ന വിളി ഉണ്ടാവട്ടെ.  ആ നീലമേഘസുന്ദരനെ സ്വന്തം ഹൃദയത്തിലേക്ക്‌ ക്ഷണിച്ചാൽ മാത്രം മതി. നമ്മുടെ ജീവിതത്തിന്റെ തേരാളിയായ കണ്ണൻ നമുക്കുവേണ്ടി  ഗീത പറയുന്നത്  കേള്‍ക്കാന്‍ സാധിക്കും. എന്നാൽ
ജപം തന്നെത്താനുള്ള പിറുപിറുക്കലാകരുത്‌. കണ്ണനോടുള്ള സ്നേഹ സംഭാഷണമാവണം. അങ്ങിനെ ജപിക്കുമ്പോള്‍ അത്‌ കേൾക്കാനും ഉത്തരം പറയാനും ആ നടവരൻ പല പല രൂപത്തിലും ഭാവത്തിലും നമ്മുടെ മുന്നിൽ പ്രത്യക്ഷമായി ഓടിവരുന്നത് തിരിച്ചറിയാനാവും. കണ്ണനെ അല്ലാതെ മറ്റെല്ലാ ഇഷ്ടങ്ങളും കാമമാണ് ( ആഗ്രഹങ്ങൾ). എന്തെങ്കിലും ലഭിക്കണം എന്ന ചിന്തയിൽ നിന്നും കാമം ഉണ്ടാവുന്നു. 
കണ്ണനോടു തോന്നുന്നത് പ്രേമമാണ്. ഒന്നിനും വേണ്ടിയല്ലാതെ ഉള്ളിൽ നിറയുന്ന ഒരിഷ്ടം. 
കാമം ബന്ധനത്തിലേക്കും പ്രേമം സ്വാതന്ത്ര്യത്തിലേക്കും നിങ്ങളെ നയിക്കും. ഈ പ്രേമമാണ് എല്ലാ മനുഷ്യര്‍ക്കുണ്ടാകേണ്ട ഒരത്യൂല്‍കൃഷ്ടമായ ഗുണം.  
പ്രാപഞ്ചിക ജീവിതത്തിന്റെ കുരുക്കില്‍പ്പെട്ടു കിടക്കുന്ന മനസ്സ് ഒരിക്കല്‍ ആത്മാനന്ദത്തിന്റെ സ്വാദ് ആസ്വദിച്ചു കഴിഞ്ഞാല്‍ പിന്നെ അത് എല്ലാ ഇച്ഛകളേയും വിസ്മരിച്ചുകൊണ്ട് അതിൽ അലിഞ്ഞു നില്ക്കും. അതിനുവേണ്ടി നമ്മൾ കൊതിയോടെ ഇഷ്ടത്തോടെ സ്വീകരിക്കേണ്ടതാണ് ഭാഗവതവും രാമായണവും ഗീതയുമെല്ലാം. ആത്മനിഷ്ഠമായ ഈ അനുഭൂതിയാണു ഭക്തി. കലാപകലുഷിതമായ ഈ കലിയുഗത്തില്‍ ജന്മാന്തരസുകൃതങ്ങളുടെ ഫലമായി മാത്രം ലഭിക്കുന്ന ഒന്നാണ് ഭക്തി. 'സാ ത്വസ്മിന്‍ പരമപ്രേമരൂപാ' എന്ന് നാരദമഹര്‍ഷിയും 'സാ പരാനുരക്തിരീശ്വരേ' എന്ന് ശാണ്ഡില്യമഹര്‍ഷിയും തങ്ങളുടെ ഭക്തിസൂത്രങ്ങളില്‍ ഭക്തിക്കു നിര്‍വ്വചനം നല്‍കിയിരിക്കുന്നു. ഈശ്വരമഹിമയില്‍ മനസ്സുരുകി ആ സര്‍വ്വേശ്വരനിലേക്ക് സദാ ഒഴുകിക്കൊണ്ടിരിക്കുന്ന നിഷ്ക്കാമഭക്തി എല്ലാവർക്കും ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ അക്ഷരപ്പൂക്കൾ എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ
സുദർശന രഘുനാഥ്
വനമാലി

No comments:

Post a Comment