Sunday, July 28, 2019

കുട്ടിക്കാലം മുതലേ തന്നെ ഉദ്ധവർ ശ്രീ കൃഷ്ണനോടൊപ്പമാണ് വളർന്നത്. ശ്രീ കൃഷ്ണന് വേണ്ടി തേരോടിച്ചും, ശ്രീ കൃഷ്ണനെ പലവിധത്തിലും സേവിച്ചുമാണ് ഉദ്ധവർ ജീവിച്ചത്. ഈ കാലമൊന്നും ഉദ്ധവർ സ്വന്തമായി ഒരു ആഗ്രഹമോ, വരമോ ശ്രീ കൃഷ്ണനോട് ചോദിച്ചിരുന്നില്ല.

മഹാഭാരത യുദ്ധം കഴിഞ്ഞിട്ട് അനേകം സംവത്സരങ്ങൾ പിന്നിട്ടു. ശ്രീ കൃഷ്ണന്റെ അവതാര പൂർത്തീകരണത്തിനു സമയമായി.

ആ സമയത്തു ശ്രീ കൃഷ്ണൻ ഉദ്ധവരെ വിളിച്ച് ഇങ്ങനെ പറഞ്ഞു.

"പ്രിയപ്പെട്ട ഉദ്ധവാ, എന്റെ ഈ അവതാര കാലത്ത്, വളരെ അധികം ആളുകൾ എന്നോട് പല വരങ്ങളും ചോദിച്ചു വാങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങാകട്ടെ ഇതുവരെ ഒരു ആഗ്രഹവും എന്നോട് പ്രകടിപ്പിച്ചിട്ടില്ല.

അങ്ങേക്ക് എന്താവശ്യമുണ്ടെങ്കിലും ഇപ്പോൾ എന്നോട് ചോദിക്കാം. ഞാൻ അത് സസന്തോഷം സാധിച്ചു തരും.

അങ്ങേക്കുകൂടി ഒരു നല്ല കാര്യം ചെയ്തു തന്ന സംതൃപ്തിയോടെ ഞാൻ ഈ അവതാര നാടകം പൂർത്തിയാക്കട്ടെ."

ഉദ്ധവർ ഇതുവരെ ഒന്നും ശ്രീ കൃഷ്ണനോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, അദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ ശ്രീ കൃഷ്ണന്റെ പ്രകൃതിയും പെരുമാറ്റവും അടുത്ത് കണ്ടറിയുന്നുണ്ടായിരുന്നു.

ഇക്കാലമത്രയും, ശ്രീ കൃഷ്ണന്റെ ഉപദേശങ്ങളും പ്രവർത്തിയും തമ്മിൽ ഒരു പൊരുത്തമില്ലായ്മ അദ്ദേഹത്തിന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ അതിനെപ്പറ്റി ശ്രീ കൃഷ്ണനോട് ചോദിക്കണമെന്ന് ചിന്തിക്കുകയും ചെയ്തിരുന്നു.

ഏതാഗ്രഹവും അറിയിക്കാൻ ശ്രീ കൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ, ഇതൊരു അവസാന അവസരമായിക്കണ്ടു ഉദ്ധവർ കൃഷ്ണനോട് ചോദിച്ചു.

"പ്രഭോ, അങ്ങ് എല്ലായിപ്പോഴും ഞങ്ങളെ ധർമ്മത്തെ മുൻനിറുത്തി ജീവിക്കാൻ ഉദ്‌ബോധിപ്പിച്ചു. എന്നാൽ അതിനെല്ലാം വ്യത്യസ്തമായി അങ്ങ് മറ്റൊരു പ്രകാരമാണ് ജീവിച്ചത്.

മഹാഭാരതമെന്ന മായാ നാടകത്തിൽ അങ്ങയുടെ പങ്കും, അങ്ങയുടെ പ്രവൃത്തിയും ഒന്നും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങയുടെ പല പ്രവർത്തികളുടെയും കാരണം അറിയണമെന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. അങ്ങ് എന്റെ ഈ ആഗ്രഹം സാധിച്ചു തരുമോ?"

ഉദ്ധവരുടെ ചോദ്യത്തിന് ശ്രീ കൃഷ്ണൻ ഇങ്ങനെ മറുപടി പറഞ്ഞു.

"ഉദ്ധവാ, കുരുക്ഷേത്ര യുദ്ധഭൂമിയിൽ വച്ച് ഞാൻ അര്ജുനന് നൽകിയ ഉപദേശങ്ങൾ ഭഗവത് ഗീത എന്ന് അറിയപ്പെടും.

അതുപോലെ ഇന്ന് അങ്ങയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇപ്പോൾ ഞാൻ പറയുന്ന വരികൾ ഉദ്ധവ ഗീത എന്ന പേരിൽ ലോകമെങ്ങും അറിയപ്പെടും.

ഈ കാരണം കൊണ്ടുതന്നെയാണ് ഞാൻ അങ്ങേക്ക് ഈ അവസരം തരുന്നത്. യാതൊരു മടിയും കൂടാതെ ചോദ്യങ്ങൾ ചോദിച്ചുകൊള്ളുക."

ശ്രീ കൃഷ്ണന്റെ മറുപടി കേട്ട് ഉദ്ധവർ ഇപ്രകാരം തന്റെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

"കൃഷ്ണാ, ആരാണ് യഥാർത്ഥ സുഹൃത്ത്?"

മറുപടിയായി ശ്രീ കൃഷ്ണൻ ഇപ്രകാരം പറഞ്ഞു.

"സഹായത്തിന് ആവശ്യപ്പെടാതെതന്നെ സഹായം നൽകുന്നവനാണ് യഥാർത്ഥ സുഹൃത്ത്."

ഉദ്ധവർ: "കൃഷ്ണാ, അങ്ങ് പാണ്ഡവരുടെ അടുത്ത സുഹൃത്തായിരുന്നുവല്ലോ.

അവർ അങ്ങയെ തങ്ങളുടെ ആപൽ ബാന്ധവനായി (ആപത്തിൽ സഹായിക്കുന്നവനായി) കരുതിയതാണല്ലോ.

അങ്ങേക്കാണെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്നും, ഭാവിയിൽ എന്തൊക്കെ സംഭവിക്കും എന്നും അറിയാൻ കഴിവുണ്ടല്ലോ. അവിടുന്ന് ജ്ഞാനികളിൽ ജ്ഞാനിയുമാണ്.

ആരാണ് യഥാർത്ഥ സുഹൃത്ത് എന്ന് അങ്ങുതന്നെ ഇപ്പോൾ പറഞ്ഞും കഴിഞ്ഞു.

അങ്ങനെയാണെങ്കിൽ, അങ്ങ് എന്തുകൊണ്ട് ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ പ്രവർത്തിച്ചില്ല?

എന്തുകൊണ്ട് അങ്ങ് ധർമ്മപുത്രരെ (യുധിഷ്ഠിരനെ) ചൂതുകളിയിൽ നിന്നും പിന്തിരിപ്പിച്ചില്ല?

അതുപോട്ടെ, അങ്ങ് അത് ചെയ്തില്ല.

അതുകഴിഞ്ഞ് അങ്ങ് വിചാരിച്ചിരുന്നെങ്കിൽ ചൂതുകളിയിലെ പകിട യുധിഷ്ഠിരന് അനുകൂലമാക്കി മറിക്കാമായിരുന്നു. അങ്ങനെ ധർമ്മം ജയിക്കുമെന്ന് അങ്ങേക്ക് ഉറപ്പാക്കാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

അതുo കഴിഞ്ഞ്, ധർമ്മപുത്രർ ചൂതിൽ പരാജയപ്പെട്ട് തന്റെ സമ്പത്തും, രാജ്യവും, തന്നെ തന്നെയും നഷ്ടപ്പെട്ടപ്പോഴെങ്കിലും അങ്ങേക്ക് ഈ ചൂതുകളി നിർത്താനായി ഇടപെടാമായിരുന്നു. അങ്ങനെ ഈ കളിയുടെ ആപത്തിൽ നിന്നും അയാളെ അങ്ങേക്ക് രക്ഷിക്കാമായിരുന്നു.

ചൂതുകളി നടക്കുന്ന രാജസഭയുടെ വെളിയിൽ കാത്തുനിന്ന അങ്ങേക്ക്, ധർമ്മപുത്രർ സ്വന്തം സഹോദരങ്ങളെ പണയം വയ്ക്കാൻ തുടങ്ങുന്ന സമയത്തെങ്കിലും അകത്തു പ്രവേശിച്ചു അയാളെ തടയാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

ഏറ്റവും അവസാനം, നീചനായ ദുര്യോധനൻ, ദ്രൗപദിയെ ( എല്ലായ്പ്പോഴും , പാണ്ഡവാന്മാർക്കു ഭാഗ്യം മാത്രം സമ്മാനിച്ച ആ ദ്രൗപദിയെ ) വാതുവയ്ച്ചു ജയിച്ചാൽ, ഇതുവരെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കാം എന്ന് ധർമ്മപുത്രരെ പ്രലോഭിപ്പിച്ചപ്പോൾ, അപ്പോഴെങ്കിലും അങ്ങേക്ക് അങ്ങയുടെ ദിവ്യശക്തി ഉപയോഗിച്ച് പകിടയെ ധർമ്മപുത്രർക്ക് അനുകൂലമായി മറിച്ചിടാമായിരുന്നു.

അങ്ങ് അതും ചെയ്തില്ല. പകരം, അങ്ങ് വീണ്ടും കാത്തിരുന്നു.

ഒടുവിൽ, രാജസഭയിൽ വച്ച് ദ്രൗപദിയുടെ അഭിമാനം നശിച്ചുപോകും എന്നഘട്ടം വന്നപ്പോൾ, ദ്രൗപദിക്കു വസ്ത്രം നൽകി അവളുടെ അഭിമാനം സംരക്ഷിച്ചു എന്ന അവകാശവാദമുന്നയിക്കാൻ മാത്രം, അങ്ങ് ഇടപെട്ടു.

അങ്ങേക്ക് എങ്ങനെ ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു എന്ന് അവകാശപ്പെടാനാകും? അവളെ ഒരു പുരുഷൻ രാജസഭയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്ന് അനേകം ആൾക്കാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ ആ സ്ത്രീക്ക് എന്ത് അഭിമാനമാണ് ബാക്കിയുണ്ടാകുക?

അങ്ങ് എന്താണ് സംരക്ഷിച്ചത്?

അങ്ങ് ഒരാളെ ആപത്തിൽ നിന്ന് സംരക്ഷിക്കുമ്പോളല്ലേ, അങ്ങയെ ആപൽ ബാന്ധവൻ എന്ന് വിളിക്കേണ്ടത്?

ആപത്തുണ്ടായപ്പോൾ അങ്ങയുടെ സഹായം ലഭിച്ചില്ലെങ്കിൽ പിന്നെ എന്ത് പ്രയോജനം? ഇതാണോ അങ്ങ് അനുശാസിക്കുന്ന ധർമ്മം?"

കഠിനമായ ഈ ചോദ്യങ്ങൾ ശ്രീ കൃഷ്ണനോട് ചോദിക്കുമ്പോൾ കൃഷ്ണന്റെ ഉത്തമഭക്തനായ ഉദ്ധവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഉദ്ധവരുടെ മനസ്സിൽ മാത്രമല്ല ഈ ചോദ്യങ്ങൾ ഉണ്ടായിട്ടുള്ളത്. മഹാഭാരത കഥ അറിയുന്ന എല്ലാവരുടേയും ഉള്ളിലുണ്ടായിട്ടുള്ളതാണ് ഈചോദ്യങ്ങൾ.

നമുക്കെല്ലാവർക്കും വേണ്ടിയാണ് ഉദ്ധവർ ഈ ചോദ്യങ്ങൾ കൃഷ്ണനോട് ചോദിച്ചത്.

ഉദ്ധവരുടെ ഈ ചോദ്യങ്ങൾ കേട്ട് ഭഗവാൻ കൃഷ്ണൻ പുഞ്ചിരിച്ചു.

"പ്രിയമുള്ള ഉദ്ധവാ, വിവേകമുള്ളവർ (ബുദ്ധികൊണ്ട് വിവേചനം നടത്താൻ കഴിവുള്ളവർ) വിജയിക്കുമെന്നതാണ് ഈ ലോക നിയമം.

ചൂതുകളിയുടെ കാര്യത്തിൽ ദുര്യോധനൻ വിവേകം കാണിച്ചപ്പോൾ ധർമ്മപുത്രർ വിവേകമില്ലാത്ത പെരുമാറി. അങ്ങനെയാണ് ധർമ്മപുത്രർ ചൂതിൽ തോറ്റത്."

ഉദ്ധവർക്ക് കൃഷ്ണൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല. ഉദ്ധവരുടെ ഭാവം കണ്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ തുടർന്നു.

"ദുര്യോധനന്റെ കയ്യിൽ വാതുവയ്ക്കാൻ വേണ്ടുവോളം ധനവും, സ്വത്തുക്കളും ഉണ്ടായിരുന്നെങ്കിലും, ചൂതുകളിയിൽ ദുര്യോധനൻ സമർഥനായിരുന്നില്ല.

അതുകൊണ്ടു തന്നെ, ദുര്യോധനൻ, തന്റെ മാതുലനനും ചൂതിൽ വിരുതനുമായ ശകുനിയെ കളിക്കാനിരുത്തുകയും, വാതുവയ്ക്കാനുള്ള ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു.

സ്വന്തം കഴിവും കഴിവുകേടും മനസിലാക്കുകയും അതനുസ്സരിച്ചു പ്രവർത്തിക്കുകയും ചെയ്യുക - ഇതാണ് വിവേകം.

ഇപ്രകാരം തന്നെ യുധിഷ്ഠിരനും വിവേകപൂർവം ചിന്തിക്കാമായിരുന്നു. അയാൾക്ക്‌ പകരം അയാളുടെ മച്ചുനനായ ഞാൻ ശകുനിയോട് ചൂത്കളിക്കുമെന്ന് പറയാമായിരുന്നു.

ഉദ്ധവാ, ഞാനും ശകുനിയും നേരിട്ട് ചൂതുകളിച്ചിരുന്നെങ്കിൽ, ആര് ജയിക്കുമായിരുന്നു?

ഞാൻ പറയുന്ന സംഖ്യകൾ ശകുനിയുടെ പകിടയിൽ തെളിയുമോ, അതോ ശകുനി പറയുന്ന സംഖ്യകൾ ഞാൻ ഉരുട്ടുന്ന പകിടയിൽ തെളിയുമോ?

അതുപോട്ടെ, കള്ളനായ ശകുനിയോട് ചൂതുകളിക്കാൻ എന്നെ ഇരുത്തണമെന്നു യുധിഷ്ഠിരൻ ചിന്തിച്ചില്ലായെന്ന കാര്യം ഞാൻ ക്ഷമിക്കാം. എന്നാൽ വിവേകശൂന്യനായിത്തീർന്ന യുധിഷ്ഠിരൻ മറ്റൊരു തെറ്റും കൂടി ചെയ്തു.

അയാൾ, ഞാൻ ചൂതുകളി നടക്കുന്ന സഭയിൽ കടന്നുവരരുതേ എന്ന് പ്രാര്ഥിക്കുകകൂടി ചെയ്തു. അയാളുടെ ഭാഗ്യഹീനത കാരണമാണ് ചൂതുകളിയിൽ അടിക്കടി തോല്കുന്നതെന്നത് ഞാൻ അറിയരുതെന്ന് അയാൾ ആഗ്രഹിച്ചു.

യുധിഷ്ഠിരൻ സ്വന്തം പ്രാർത്ഥനകൊണ്ട് എന്നെ ആ സഭയുടെ കവാടത്തിനുവെളിയിൽ കെട്ടിയിട്ടു, അതുകാരണം സഭയ്ക്കുള്ളിൽ കടക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല.

ആരെങ്കിലും ഒരാൾ ഞാൻ സഭയ്ക്കുള്ളിലേക്കു വരണമേ എന്ന്‌ പ്രാർത്ഥിക്കുമെന്ന് പ്രതീക്ഷിച്ചു രാജസഭാ കവാടത്തിനു പുറത്തു ഞാൻ കാത്തുനിന്നു.

ഭീമനും, അർജുനനും, നകുലനും, സഹദേവനും എന്നെപ്പറ്റി മറന്നു. പകരം അവർ ദുര്യോധനനെ ശപിക്കുകയും സ്വന്തം ദൗർഭാഗ്യത്തെ പഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.

പാണ്ഡവർ കളിയിൽ പൂർണമായി പരാജയപ്പെട്ട ശേഷം, ദുര്യോധനന്റെ ആജ്ഞ അനുസരിച്ചു ദുശ്ശാസനൻ ദ്രൗപദിയെ മുടിയിൽ പിടിച്ചു വലിച്ചിഴച്ചപ്പോൾ പോലും അവൾ എന്നെ വിളിച്ചില്ല.

ദുശ്ശാസനന്റെ പ്രവൃത്തിയുടെ ന്യായാന്യായങ്ങൾ സഭയിലുള്ളവരോട് സ്വയം വാദിച്ചു ജയിക്കാനാണ് അവൾ ശ്രമിച്ചത് . അപ്പോഴും അവൾ എന്നെ വിളിച്ചതേയില്ല.

അവസാനം ദുശ്ശാസനൻ അവളെ വിവസ്ത്രയാക്കാൻ ശ്രമിച്ചുതുടങ്ങിയപ്പോൾ മാത്രമാണ് അവൾക്കു ബുദ്ധിയുദിച്ചത്. അവൾ സ്വന്തം കഴിവിലുള്ള അമിത വിശ്വാസം ഉപേക്ഷിച്ചു - കൃഷ്ണാ, കൃഷ്ണാ അഭയം തരണേ എന്ന് ഉറക്കെ എന്നെ വിളിച്ചു പ്രാർത്ഥിച്ചു.

അതുവരെ സഭയിൽ കടക്കരുതേ എന്ന പ്രാർത്ഥനയാൽ തളച്ചു കിടക്കപ്പെട്ടിരുന്ന എനിക്ക് അപ്പോഴേ സഭയിൽ പ്രവേശിക്കാനും ദ്രൗപദിയുടെ അഭിമാനം രക്ഷിക്കാനും ഉള്ള അവസരം കിട്ടിയുള്ളൂ.

എന്നെ വിളിച്ച ഉടനെ ഞാൻ സഭയിൽ എത്തി, ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു.

ഇതിൽ കൂടുതൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും? ഇവിടെ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?"

കൃഷ്ണൻ ഈ ചോദ്യത്തിൽ തന്റെ മറുപടി അവസാനിപ്പിച്ചു.

"നല്ല വിശദീകരണം കണ്ണാ. എനിക്ക് ഇപ്പോൾ കൂടുതൽ മനസ്സിലായി. എങ്കിലും എന്റെ സംശയങ്ങൾ പൂർണ്ണമായി തീർന്നില്ല. ഞാൻ മറ്റൊന്ന് കൂടി ചോദിക്കട്ടെ?" ഉദ്ധവർ ചോദിച്ചു.

ആവട്ടെ എന്ന് കൃഷ്ണൻ സമ്മതവും നൽകി.

"ഇപ്പോൾ പറഞ്ഞത് ശരിയാണെങ്കിൽ, അങ്ങയെ വിളിച്ചാൽ മാത്രമേ അങ്ങ് വരികയുള്ളു എന്നാണോ അങ്ങ് പറഞ്ഞതിന്റെ അർഥം?

ആപത്തിൽ പെടുന്നവരെ രക്ഷിക്കാനും ധർമ്മം സംരക്ഷിക്കുവാനുമായി വിളിക്കാതെതന്നെ അങ്ങ് വരികയില്ലേ?" ഉദ്ധവർ ചോദിച്ചു.

ശ്രീ കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു.

“ഉദ്ധവാ, ഈ ലോകത്തിൽ എല്ലാവരുടെയും ജീവിതം അവരവരുടെ കർമ്മത്തെ ആശ്രയിച്ചാണ് നടക്കുന്നത്.

ഓരോരുത്തരുടെയും കർമ്മം ഞാനല്ല നിശ്ചയിക്കുന്നത്. ഒരാളുടെയും കർമ്മത്തിൽ ഞാൻ ഇടപെടാറുമില്ല.

ഞാൻ വെറും സാക്ഷി മാത്രം. ഞാൻ നിന്നോടൊപ്പം അടുത്തു നിന്നുകൊണ്ട് എന്തൊക്കെ നടക്കുന്നുവോ അവയൊക്കെ നിരീക്ഷിക്കുന്നു. അതാണ് എന്റെ ധർമ്മം."

ഇതു കേട്ട് ഉദ്ധവർ ഇങ്ങനെ പറഞ്ഞു.

"ശരി കൃഷ്ണാ, കൊള്ളാം.
അങ്ങനെയാണെങ്കിൽ, അങ്ങ് ഞങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ പാപ കർമങ്ങളും നിരീക്ഷിക്കുന്നു; ഞങ്ങൾ കൂടുതൽ കൂടുതൽ പാപങ്ങൾ ചെയ്യുമ്പോൾ അങ്ങ് ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.

അങ്ങനെ ഞങ്ങളെ കൊണ്ട് കൂടുതൽ തിന്മകൾ ചെയ്യിച്ച്‌, ഞങ്ങൾ കൂടുതൽ പാപഭാരം ഏറ്റി കഷ്ടത അനുഭവിക്കട്ടെ എന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്?"

ഇതു കേട്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ പറഞ്ഞു.

"ഉദ്ധവാ, അങ്ങയുടെ വാക്കുകളിൽ അടങ്ങിയിട്ടുള്ള, ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കൂ.

ഞാൻ എപ്പോഴും സർവം സാക്ഷിയായി തന്റെ കൂടെയുണ്ട് എന്ന് ഓരോനിമിഷവും അറിയുകയും പൂർണമായി ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാളിന് എങ്ങനെ തെറ്റുകളോ തിന്മയോ ചെയ്യാൻ കഴിയും? അങ്ങനെയുള്ള ഒരാളിന് ഒരിക്കലും അധർമ്മം ചെയ്യുവാൻ കഴിയുകയില്ല.

എന്നാൽ പലരും ഈ പരമാർത്ഥം മറക്കുകയും, എന്റെ അറിവില്ലാതെ അവർക്കു സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിചാരിക്കുകയും ചെയ്യുന്നു.

അങ്ങനെ ചിന്തിക്കുമ്പോഴാണ് വിവേകശൂന്യതയും തെറ്റുകളും തിന്മയും സംഭവിക്കുന്നത്.

ഞാൻ അറിയാതെ ചൂതുകളിക്കാൻ കഴിയും എന്ന് വിചാരിച്ചതാണ് യുധിഷ്ഠിരൻറെ ബുദ്ധിശൂന്യത.

ഞാൻ എല്ലാവരോടൊപ്പവും സാക്ഷി യായി എപ്പോഴും ഉണ്ടാവും എന്ന് ധർമ്മപുത്രർ അറിഞ്ഞിരുന്നുവെങ്കിൽ ചൂതുകളിയുടെ ഫലം വേറൊന്നാവുമായിരുന്നില്ലേ?"

കൃഷ്ണന്റെ മാസ്മരികമായ ഈ വിശദീകരണം കേട്ടു വാക്കുകൾ കിട്ടാതെ ഭക്തിയിൽ മുഴുകി ഉദ്ധവർ നിന്നുപോയി.

അവസാനം, ഉദ്ധവർ പറഞ്ഞു "കേശവാ, എന്തൊരു ആഴമുള്ള തത്വം, എന്തൊരു വലിയ സത്യം."

പൂജ നടത്തുന്നതും, പ്രാത്ഥിക്കുന്നതും, സഹായത്തിനായി ഈശ്വരനെ വിളിക്കുന്നതും എല്ലാം നമ്മുടെ വിശ്വാസമാണ്.

ഈ പ്രപഞ്ചത്തിൽ യാതൊന്നും പ്രപഞ്ച സൃഷ്ടാവിന്റെ അറിവോടെയല്ലാതെ ഒരു തലനാരിഴ പോലും നീങ്ങുകയില്ല എന്ന് നമ്മൾ പരിപൂർണമായി ഉൾകൊണ്ടുകഴിഞ്ഞാൽ പിന്നെ ആ സൃഷ്ടാവിന്റെ സാന്നിദ്ധ്യo എന്തിലും നമുക്ക് കാണാതിരിക്കാൻ പറ്റുമോ?

ഇതു മറന്നിട്ട് നമുക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും?

ഈ സന്ദേശം തന്നെയാണ് ശ്രീ കൃഷ്ണൻ ഭഗവത്‍ഗീതയിലൂടെയും അര്ജുനന് പകർന്നു കൊടുത്തത്.

കുരുക്ഷേത്രത്തിൽ ശ്രീ കൃഷ്ണൻ അർജുനന്റെ ഉപദേഷ്ടാവും, തേരാളിയുമായിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും അർജുനനുവേണ്ടി യുദ്ധത്തിൽ ആയുധമേറ്റിയില്ല.

ഇതിൽ നിന്നും നമ്മൾ അറിയേണ്ടത്, പരമമായ ആ ശക്തി, അല്ലെങ്കിൽ ആ സർവം സാക്ഷി നമ്മോടോപ്പം എപ്പോഴും ഉണ്ട് എന്നതാണ്. നമ്മൾ നമ്മുടെ അഹംബോധം വെടിഞ്ഞു ആ പരമബോധത്തിൽ ലയിച്ചാൽ മതി.

അങ്ങനെ നമ്മൾ നമ്മുടെ പരമമായ സ്വത്വം തിരിച്ചറിയുക - ആ കറയില്ലാത്ത സ്നേഹവും ആ പരമമായ ആനന്ദവും.

ഈശ്വരൻ നമ്മുടെ ഉള്ളിൽ എല്ലായിപ്പോഴും ഉണ്ടെന്നറിയുക - നമ്മൾ നന്മചെയ്യുമ്പോഴും, തിന്മചെയ്യുമ്പോഴും.
C&P

No comments:

Post a Comment