Thursday, July 18, 2019

പ്രാണനും മനസ്സും ഇന്ദ്രിയങ്ങളും മരിക്കാതെ ജ്ഞാനം സംഭവിക്കില്ല. അവ രണ്ടും ലയം പ്രാപിച്ചവന് മോക്ഷം ലഭിക്കും. മറ്റാര്‍ക്കും കിട്ടില്ല.
ഇഡയിലൂടെയും പിംഗളയിലൂടെയും ഉള്ള ഒഴുക്കാണ് പ്രാണന്റെ ജീവിതം. തന്റെ വിഷയങ്ങളെ സ്വീകരിക്കലാണ് ഇന്ദ്രിയങ്ങളുടെ ജീവിത ലക്ഷണം. ഇന്ദ്രിയങ്ങള്‍ സ്വീകരിച്ച വിഷയങ്ങള്‍ക്കനുസരിച്ച വൃത്തികള്‍ സൃഷ്ടിക്കലാണ് മനസ്സിന്റെ ജോലി. ഇവയില്ലാതായാല്‍ അവ മരിച്ചു എന്നര്‍ഥം. ഇവ മൂന്നും ജീവിക്കുന്നിടത്തോളം ആത്മാവിന്റെ അപരോക്ഷ ജ്ഞാനം സിദ്ധിക്കില്ല. പ്രാണേന്ദ്രിയ മനോവൃത്തികള്‍ ജ്ഞാനോദയത്തിന് പ്രതിബന്ധമാണെന്നു താല്പര്യം. 
പ്രായോഗികമായ പല നിര്‍ദ്ദേശങ്ങളും അടങ്ങുന്നതാണ് ഈ ശ്ലോകം. ഇതിനെ വ്യാഖ്യാനിക്കാന്‍ വളരെ പരിശ്രമിച്ചിരിക്കുന്നു, ബ്രഹ്മാനന്ദന്‍. 
'യോഗബീജ 'ത്തില്‍ മനസ്സിനെ ജയിക്കാനുള്ള ഉപായം പ്രാണജയം തന്നെ എന്നു പറഞ്ഞിരിക്കുന്നു. 'സിദ്ധമാര്‍ഗേണ 
( യോഗ മാര്‍ഗത്തിലൂടെ ) കൈവല്യം പരമം പദം (കൈവല്യമെന്ന പരമമായ അവസ്ഥ) ലഭ്യേത (കിട്ടും). ഇതര ഗ്രന്ഥങ്ങളിലും ഇത്തരം പ്രസ്താവനകള്‍ ഉണ്ട്. 'തദ്ദര്‍ശനാഭ്യുപായോ യോഗ: 'ആത്മ ദര്‍ശനത്തിനുള്ള ഉപായമാണ് യോഗം.
'യദാ പഞ്ചാവതിഷ്ഠന്തേ ജ്ഞാനാനി മനസാ സഹ (അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍ മനസ്സോടു ചേര്‍ന്ന് നിശ്ചേഷ്ടമാവുമ്പോള്‍ ) ബുദ്ധിശ്ച ന വിചേഷ്ടതി(ബുദ്ധിയും പ്രവര്‍ത്തിക്കാതാവുമ്പോള്‍ ) 'അതാണ് പരമഗതി. കഠോപനിഷത്ത് തുടരുന്നു : 'തം യോഗമിതി മന്യന്തേ സ്ഥിരാം ഇന്ദ്രിയ ധാരണാം.' ( ബാഹ്യവും ആന്തരികവുമായ ഇന്ദ്രിയങ്ങളെ അടക്കലാണ് യോഗം) 'അപ്രമത്തസ്തദാ ഭവതി' അപ്പോള്‍ തെറ്റു പറ്റില്ല.
യാജ്ഞവല്ക്യസ്മൃതി പറയുന്നു : അയം തു പരമോ ധര്‍മോ യദ്യോഗേനാത്മദര്‍ശനം.
യോഗത്തിലൂടെ ആത്മാവിനെ കണ്ടെത്തലാണ് ഉല്‍കൃഷ്ട ധര്‍മം.
മാതംഗ മഹര്‍ഷി പറയുന്നു : യോഗാഭ്യാസ ത്തില്‍ മുഴുകിയ ശാന്തനായ മുനി പരബ്രഹ്മത്തെ പ്രാപിക്കുന്നു. 'യോഗാത് അന്യത് നാസ്തി വിമുക്തയേ.'മോക്ഷത്തിനു യോഗമേ വഴിയുള്ളൂ.
താണവനായാലും ഉയര്‍ന്നവനായാലും സ്ത്രീയായാലും പുരുഷനായാലും
ധാര്‍മ്മികനായാലും പാപിയായാലും യോഗമാര്‍ഗത്തിലൂടെ ചരിച്ചാല്‍ ' ഗച്ഛേതാം പരമാം ഗതിം 'പരമഗതി പ്രാപിക്കും എന്നാണ് മഹാഭാരതത്തില്‍ വ്യാസന്‍ പറയുന്നത്. 
ആദിത്യ പുരാണത്തില്‍  യോഗാത് സംജായതേ ജ്ഞാനം (യോഗത്തില്‍ നിന്ന് ജ്ഞാനമുണ്ടാകും.) യോഗോ മയ്യേക ചിത്തതാ ( യോഗമെന്നാല്‍ എന്നില്‍ ഒറ്റ മനസ്സാവലാണ്) എന്നു പറയുന്നു.
സ്‌കന്ദപുരാണം  ആത്മജ്ഞാനേന മുക്തി: സ്യാത് (ആത്മജ്ഞാനത്താല്‍ മുക്തി കിട്ടും.) തച്ച യോഗാദൃതേ ന ഹി ( അത് യോഗം കൊണ്ടേ കിട്ടൂതാനും.) സ ച യോഗശ്ചിരം കാലം അഭ്യാസാദേവ സിദ്ധ്യതി. ( യോഗമാകട്ടെ വളരെ കാലം അഭ്യസിച്ചാലേ കിട്ടൂ.)
കൂര്‍മ പുരാണം  യോഗാഗ്നിര്‍ ദഹതി ക്ഷിപ്രം അശേഷം പാപ പഞ്ജരം (പാപക്കൂടി നെ മുഴുവന്‍ യോഗാഗ്നി കത്തിച്ചുകളയും.) പ്രസന്നം ജായതെ ജ്ഞാനം ജ്ഞാനാത് നിര്‍വാണമൃച്ഛതി (അപ്പോള്‍ തെളിഞ്ഞ ജ്ഞാനമുണ്ടാകും. ജ്ഞാനത്തില്‍ നിന്ന് മോക്ഷവും )
ഗരുഡപുരാണം  ഭവതാപേന തപ്താനാം യോഗോ ഹി പരമൗഷധം ( സംസാരപ്പനി മാറാന്‍ യോഗം തന്നെ നല്ല മരുന്ന്) യോഗേനൈവ മഹാര്‍ണവം പ്രതരന്തി ( യോഗം കൊണ്ടേ സംസാരസാഗരം കടക്കാന്‍ പറ്റൂ.)
വിഷ്ണു ധര്‍മം  പശു പക്ഷികളടക്കം സര്‍വഭൂതങ്ങള്‍ക്കും ശ്രേയസ്‌കര മായതെന്ത് എന്ന  ദേവദേവര്‍ഷിമാരുടെ ചോദ്യത്തിന് കപിലന്റെ ഉത്തരം 'യോഗ ഏവ പരം ശ്രേയ: (യോഗം തന്നെയാണ് പരമ ശ്രേയസ്സ് )'എന്നാണ്.
യോഗവാസിഷ്ഠം  ദുസ്സഹാ രാമ സംസാര വിഷ വേഗവിഷൂചികാ (സംസാരമാകുന്ന വിഷപ്പനി അസഹ്യമാണ്, രാമ! ) യോഗ ഗാരുഡ മന്ത്രേണ പാവനേനോപശാമ്യതി. ( പക്ഷെ യോഗമെന്ന ഗരുഡ മന്ത്രം കൊണ്ട് ശമിക്കും) ഗരുഡനാണല്ലൊ വിഷസര്‍പ്പ ങ്ങളുടെ നാശകന്‍.
'ഋതംഭരാ തത്ര പ്രജ്ഞാ' പതഞ്ജലി. സമാധിയില്‍ ബുദ്ധി സത്യത്തെ വഹിക്കുന്നതാണ് എന്ന്.
'യോഗ ബീജ'ത്തില്‍ : ജ്ഞാന നിഷ്ഠനോ വിരക്തനോ ധര്‍മ്മജ്ഞനോ ജിതേന്ദ്രിയനോ ആകട്ടെ  'വിനാ യോഗേന ദേവോപി ന മോക്ഷം ലഭതേ പ്രിയേ 'യോഗമില്ലാതെ ദേവന്മാര്‍ക്കു പോലും മോക്ഷം കിട്ടില്ല.
'കാരണം ഗുണ സംഗോസ്യ സദസദ് യോനി ജന്മസു '( പുനര്‍ജന്മത്തിനു കാരണം ഗുണങ്ങളോടുള്ള ചേര്‍ച്ചയാണ് )  ഗീത.
മരണസമയത്ത് ഏതിനോട് രാഗമുണ്ടോ ആ ജന്മം അവന് ലഭിക്കും. ആ രാഗത്തെ നിവാരണം ചെയ്യാന്‍ യോഗിക്കേ കഴിയൂ. യോഗി തന്റെ യോഗബലത്താല്‍ അന്ത്യകാലത്തും ആത്മഭാവനയിലുറച്ചിരിക്കും. ജന്മാന്തര ഗമനമുണ്ടാവില്ല.
' പ്രയാണ കാലേ (മരണ സമയത്ത്) മനസാളചലേന (ഉറച്ച മനസ്സോടെയും ) ഭക്ത്യാ യുക്തോ ( ഭക്തിയോടെയും ) യോഗ ബലേന (യോഗ ബലത്താലും) 'ഇരിക്കണം എന്ന് ഭഗവദ് ഗീത.
'യോഗ ബീജ'ത്തില്‍ പരമേശ്വരന്‍ പറയുന്നു : പുണ്യേന (പുണ്യം കൊണ്ട് ) സിദ്ധേന സഹ സംഗതിം ലഭതേ ( സിദ്ധന്മാരെ കാണാനിട വരുന്നു.). സിദ്ധസ്യ കൃപയാ യോഗീ ഭവതി (സിദ്ധരുടെ കൃപയാല്‍ യോഗിയാവും) തതോ നശ്യതി സംസാര:( അപ്പോള്‍ സംസാരം നശിക്കും.)
ഇതു കേട്ടപ്പോള്‍ പാര്‍വതി ചോദിക്കുകയാണ്. ' ജ്ഞാനം കൊണ്ടേ മോക്ഷം കിട്ടൂ എന്നല്ലേ ജ്ഞാനികള്‍ പറയുന്നത്? പിന്നെ എങ്ങിനെ സിദ്ധയോഗം കൊണ്ട് മോക്ഷം കിട്ടും?'പരമശിവന്റെ മറുപടി ഇങ്ങിനെയാണ്: അവര്‍ പറഞ്ഞതു ശരിയാണ്. മൂര്‍ച്ചയുള്ള വാള്‍ കൊണ്ടാണ് യുദ്ധം ജയിക്കുന്നത്. എന്നാല്‍ വീര്യത്തോടെ യുദ്ധം ചെയ്യാതെ യുദ്ധം ജയിക്കുമോ? അതുപോലെ യോഗമില്ലാത്ത ജ്ഞാനം മോക്ഷത്തെ തരില്ല.
 kaithapram

No comments:

Post a Comment