Saturday, July 13, 2019

ഭാഗവത വിചാരം*
             *_PART-4 EPISODE-245*
                     *ദശമ സ്കന്ധം* 
                 _ദ്വാദശോഽദ്ധ്യായഃ_

*By KSV KRISHNAN Ambernath Mumbai

മഹാ പാപിയായ അഘാസുരന് സായൂജ്യ മുക്തി കിട്ടി എന്ന് കേട്ടതിൽ ആശ്ചര്യം തോന്നിയ പരീക്ഷിത്തിന്റെ ശങ്കയെ തീർക്കാനായി ശ്രീശുകൻ പറയുന്നു, ഹേ രാജൻ ഇതിൽ ഇത്ര ആശ്ചര്യപ്പെടാനായിട്ടൊന്നുമില്ല. കാരണം ഭഗവാന്റെ പ്രതിമകൾ മുതലായ മൂർത്തി സ്വരൂപങ്ങളെ ഭക്തിയോടും ശ്രദ്ധയോടും കൂടി പൂജിക്കുന്നവർക്കു തന്നെ സായൂജ്യം കിട്ടും എന്നിരിക്കേ ഭഗവാൻ സ്വയം അവന്റെ ഉള്ളിൽ പ്രവേശിച്ചതിനാൽ അവന് പരിപൂർണ്ണ ആനന്ദവും മുക്തിയും കിട്ടിയെന്നതിൽ എന്താണ് ആശ്ചര്യപ്പെടാനുള്ളത്? അതിനു മാത്രം ഭക്തിയൊന്നും അഘാസുരന് ഭഗവാനിൽ ഉണ്ടായിരുന്നില്ലല്ലോ എന്നാണെങ്കിൽ, നാം ഉദ്ദേശിക്കുന്ന തരത്തിലുള്ള ഭക്തിയല്ല മറിച്ച് ദ്വേഷ ഭക്തിയാതിരുന്നു എന്ന് മാത്രം. നിർഗ്ഗുണനായ ഭഗവാനെ സംബന്ധിച്ചിടത്തോളം ഭക്തിക്കേ പ്രാധാന്യമുള്ളൂ, അത് കാമഭക്തിയാണോ, ദ്വേഷഭക്തിയാണോ, ഭയഭക്തിയാണോ എന്നതിനൊന്നും പ്രസക്തിയില്ല.  ആയതിനാൽ ദ്വേഷഭക്തിയാണെങ്കിലും അതിനെയും സ്വീകരിച്ചു മുക്തി നൽകി. 

അല്ലയോ ബ്രാഹ്മണന്മാരെ, സൂതപൗരാണികൻ ശൗനകാതികളോടു പറയുന്നു,  ഇതേ ശ്രീകൃഷ്ണനാൽ അശ്വത്ഥാമാവിന്റെ അസ്ത്രാഗ്നിയിൽ നിന്ന് രക്ഷിക്കപ്പെട്ട പരീക്ഷിത്ത്,  അഘാസുരവധം എന്ന ഈ കഥയെ സശ്രദ്ധം ശ്രവിച്ചു. അമ്മയുടെ ഗർഭത്തിൽ ഇരിക്കുമ്പോൾ തന്നെ ഭഗവാന്റെ അനുഗ്രഹത്തിന് പാത്രീഭൂതനായ പരീക്ഷിത്ത്, കൃഷ്ണ കഥകൾ കേട്ടു മതിവരാത്തവനായി,  ഇനിയും കഥാശ്രവണം ചെയ്യാൻ തത്പരനായിക്കൊണ്ട്, ഗുരുവായ ശ്രീശുകനോട് ഇപ്രകാരം ചോദിച്ചു :-

കഥകളെ സശ്രദ്ധം ശ്രവിച്ചു കേൾക്കുന്നതിനാലാണ് പരീക്ഷിത്തിന്റെ ഉള്ളിൽ സംശയങ്ങൾ ഉണ്ടായ്ക്കൊണ്ടിരുന്നതും ആ സംശയങ്ങളെ നിവാരണം ചെയ്യാനാണ് ഭഗവാന്റെ കഥകളെ ശ്രീശുകൻ പറഞ്ഞു പോയിരുന്നതും എന്ന് നമുക്ക് ഭാഗവതത്തിൽ പല സ്ഥലങ്ങളിലും കാണാൻ കഴിയും. സാധകന്റെ ജിജ്ഞാസയാണ് കഥാശ്രവണത്തിന്റെ മുഖ്യ ഹേതു എന്ന് ഭാഗവതം നമുക്ക് കാണിച്ചു തരുന്നു. 

No comments:

Post a Comment