ആത്മതത്വ'മാണ് ഗുരു
Monday 15 July 2019 9:24 pm IST
അനാദിയായ ഭാരതീയ ഋഷിപരമ്പരയില്‍ ശ്രദ്ധാഭക്തി, വിശ്വാസങ്ങളോടെ ആചരിക്കപ്പെടുന്ന ഒരു സവിശേഷ ആത്മീയദിനമാണ് 'ഗുരുപൂര്‍ണിമ.' ആഷാഢ മാസത്തിലെ പൗര്‍ണമി ദിനം. ഗുരു-ശിഷ്യ ബന്ധത്തിന്റെ ആത്മീയ ഉത്ക്കര്‍ഷമുളവാകുന്ന ഒരു പുണ്യദിനം. ശ്രീ ഗുരുഗീതാ ശാസ്ത്രത്തില്‍ പറയുന്നത്.
''കുലാനാം കുലകോടീനാം
താരകസ്തത്ര തത്ക്ഷണാത്
അതസ്തം സദ്ഗുരുംജ്ജാത്വാ
ത്രികാലമഭിവന്ദയേത്'' എന്നാണ്. കുലങ്ങളെയും കുലകോടികളെയും ഒരൊറ്റ ക്ഷണത്തില്‍ ഉദ്ധരിക്കുന്നവനാണ് 'സദ്ഗുരു' എന്നറിഞ്ഞ് അവിടുത്തെ ദിവസവും മൂന്നുനേരം അഭിവാദനം ചെയ്യേണ്ടതാണ് എന്നാണ്. ഭാരതീയ ശാസ്ത്രങ്ങളിലും വേദങ്ങളിലും വേദാംഗങ്ങളിലും ഗുരുവന്റെ മഹത്വം ഉദ്‌ഘോഷിക്കപ്പെടുന്നു. മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസങ്ങളിലും അസംഖ്യം കഥകളും ഗുരുവിന്റെ മഹത്വത്തെ കാട്ടിത്തരുന്നുണ്ട്.
''ഏകം നിത്യം വിമലമചലം
സര്‍വ്വധീ സാക്ഷീഭൂതം
ഭാവാതീതം ത്രിഗുണരഹിതം
സദ്ഗുരും തം നമാമി.''
എത്രയൊക്കെ ശാസ്ത്രം പുരോഗമിച്ചാലും ആധുനികത കടന്നുവന്നാലും. ഡിജിറ്റല്‍ യുഗത്തില്‍ ജീവിച്ചാലും ഗുരുവിന്റെ സ്ഥാനവും മഹിമയും വേറിട്ട് നില്‍ക്കുന്ന ഒന്നാണ്. ഗുരുപൂര്‍ണിമാ ദിനത്തില്‍ വിവിധ സമ്പ്രദായങ്ങളിലും വിശ്വാസങ്ങളിലും ഉള്ളവര്‍ അവരവരുടെ ഗുരുവിനെ ഈശ്വരനായി കണ്ട് ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഗുരുവിന്റെ പാദങ്ങളെ സത്യത്തിന്റെയും ധര്‍മത്തിന്റെയും പ്രതീകങ്ങളായിക്കണ്ട് ആരാധിക്കുന്നത്, ഒരു ശിഷ്യന്റെ ആത്മീയ പുരോഗതിക്ക് അനിവാര്യമായ ചടങ്ങ് കൂടിയാണ്. ഇത് ''വ്യാസപൂര്‍ണിമ'യായും ആഘോഷിക്കുന്നു. 'വ്യാസോച്ഛിഷ്ടം ജഗതം സര്‍വ്വം' എന്ന് പറയാറുണ്ട്.
യഥാര്‍ത്ഥത്തില്‍ വേദവ്യാസ മഹര്‍ഷിയാണ് വേദങ്ങളെ നാലാക്കി പകുത്തതും. മഹാഭാരതമെന്ന ഇതിഹാസം രചിച്ചതും. ഭഗവദ്ഗീതയും, മൂലം അധ്യാത്മ രാമായണവും വ്യാസരചനയായി കണക്കാക്കപ്പെടുന്നു. മനുഷ്യജീവിതത്തിലെ ധര്‍മ-അര്‍ത്ഥ-കാമ-മോക്ഷങ്ങളാണ് ഇവയിലെ പ്രതിപാദ്യം, ആത്യന്തികമായി മനുഷ്യന്റെ മോക്ഷം അഥവാ ഈശ്വര സാക്ഷാത്കാരമാണ് ജീവിതലക്ഷ്യമെന്ന് ഉദ്‌ഘോഷിക്കപ്പെടുന്നു. എന്നാല്‍ ഈശ്വര സാക്ഷാത്കാരത്തിന് ജീവന്മുക്തനായ ഒരു ഗുരു അനിവാര്യമാണ്. ഗുരുവും ശാസ്ത്രവും കൂടാതെ തത്വജ്ഞാനവും മുക്തിയും ലഭ്യമല്ലായെന്ന് ശാസ്ത്രങ്ങള്‍ ഉദ്‌ഘോഷിക്കുന്നു.
''സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം
വന്ദേ ഗുരു പരമ്പരാം'' എന്നാണ് സാക്ഷാല്‍ സദാശിവനില്‍നിന്നും ആരംഭിച്ച് ഇന്ന് നമ്മുടെ ജീവിച്ചിരിക്കുന്ന സദ്ഗുരു പര്യന്തം നമസ്‌കാരം എന്നാണ്.
'ഗുരുതത്വം' എന്താണ് എന്ന് ചിന്തിക്കുന്നത് ഇത്തരുണത്തില്‍ ആവശ്യം തന്നെയാണ്. യഥാര്‍ത്ഥ ഗുരുവിനെ നാം ഈശ്വരതുല്യം തന്നെയാണ് ഗണിക്കപ്പെടുന്നത്. ''ഈശ്വരോ ഗുരുരാത്മേതി മൂര്‍ത്തിഭേദവിഭാഗിനേ'' ഈശ്വരനും ഗുരുവും ആത്മാവും വേറിട്ട തത്വങ്ങളല്ലായെന്ന് ശാസ്ത്രം പറയുന്നു. 'ആചാര്യവാന്‍ പുരുഷോ വേദഃ' എന്നും പറയുന്ന ആചാര്യനെ സ്വീകരിച്ചയാള്‍ വേദത്തിന്റെ സത്യമറിയുന്നവനാകും. ഗുരുവില്‍നിന്നും അറിഞ്ഞ വിദ്യ. മാത്രമേ സഫലമാകൂ എന്ന് ഛാന്ദോഗ്യ ഉപനിഷത്തിലൂടെ പറയുന്നു.
ഒരിക്കല്‍ ശ്രീബുദ്ധന്‍ തന്റെ ശിഷ്യന്മാരോടുകൂടി 'അളവി' എന്നൊരു ഗ്രാമവിഹാരത്തില്‍ എത്തിച്ചേര്‍ന്നു. നിരന്തരമായ യാത്രകള്‍, പ്രഭാഷണങ്ങള്‍, ഭിക്ഷാടനം ഇതായിരുന്നു രീതി. ചിലപ്പോള്‍ ഗ്രാമവാസികളും ധനികരും ഭിക്ഷയ്ക്ക് ക്ഷണിക്കും, തുടര്‍ന്ന് മഹാഗുരുവിന്റെ ധര്‍മ്മോപദേശവും ഉണ്ടാവും. അടുത്ത ഗ്രാമത്തിലെ ഒരു കര്‍ഷകന്‍ ശ്രീബുദ്ധന്റെ പ്രഭാഷണം കേള്‍ക്കുവാന്‍ ഏറെക്കാലംകൊണ്ട് ആഗ്രഹിച്ചിരുന്നു. അദ്ദേഹം തന്റെ കഠിനമായ കാര്‍ഷിക വൃത്തികള്‍ പൂര്‍ത്തിയാക്കി, ഗുരുസന്നിധിയിലേക്ക് പുറപ്പെടുവാന്‍ നേരം, അദ്ദേഹത്തിന്റെ ഒരു പശുക്കുട്ടിയെ നഷ്ടമായതായി കണ്ടു. ഉടന്‍ അതിനെ തിരക്കി വനത്തിലേക്കു പോയി.
വളരെ വൈകിയാണ് ശ്രീബുദ്ധന്റെ പ്രഭാഷണം കേള്‍ക്കുവാന്‍ എത്തിയത്. ജോലി ക്ഷീണവും ഉണ്ടായിരുന്നു, ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല. എന്നാല്‍ ശ്രീബുദ്ധന്‍ തന്റെ പ്രഭാഷണം തുടങ്ങാതെ ആര്‍ക്കോവേണ്ടി കാത്തിരിക്കയായിരുന്നു. ഈ കര്‍ഷകനായ ശിഷ്യന്‍ കടന്നുവന്നതും, ബുദ്ധന്‍ പ്രധാന ശിഷ്യനോട് ആദ്യം അദ്ദേഹത്തിന് ഭക്ഷണം കൊടുക്കുവാന്‍ പറഞ്ഞു. തുടര്‍ന്ന് കൃഷിക്കാരനായ ശിഷ്യന്‍ വന്നശേഷം മാത്രമാണ് തന്റെ ധര്‍മ്മോപദേശം തുടങ്ങിയത്. ഇവിടെ ഉത്തമനായ ഒരു ഗുരുവിനേയും ജിജ്ഞാസുവായ ശിഷ്യനേയും നമുക്ക് കാണാന്‍ കഴിയും
മാതാ അമൃതാനന്ദമയീദേവി പറയുന്നു. ''ജീവിതമാകുന്ന മഹത്ഗ്രന്ഥത്തില്‍ അടങ്ങിയിരിക്കുന്ന അറിവിന്റെ രൂപമാണ് ഗുരു. ആ അറിവിന്റെ ആഴവും പ്രേമത്തിന്റെ മാധുര്യവും ചേര്‍ന്നൊഴുകുന്നതാണ് ഗുരു-ശിഷ്യ ബന്ധം. 'ഗുരു' വിന്റെ മഹാസാന്നിദ്ധ്യവും അതില്‍ നിറയുന്ന ആത്മസൗന്ദര്യവും തിരിച്ചറിയുവാന്‍ നമുക്ക് കഴിയണം. ആത്മീയ ഗുരു ഒരു വ്യക്തിയെന്നതിലുപരി ഒരു 'തത്വ'മാണ്. ഗുരുവിന്റെ കൃപയ്ക്ക് പാത്രമാകുന്നതാണ് പ്രധാനം. ആധുനിക ജീവിതത്തില്‍ പലരും ചിന്തിക്കുന്നത് ഗുരുവിന്റെ മുന്നില്‍ ശിരസ്സു നമിക്കുന്നത്; വിശ്വാസവും സമര്‍പ്പണവുമൊക്കെ അടിമത്തത്തിന്റെ ലക്ഷണമായി കാണുന്നവരും ഉണ്ടാകും.
ഒരു വിത്ത് അഹങ്കാരം വെടിഞ്ഞ് മണ്ണിനടിയില്‍ പോയാല്‍ മാത്രമേ വൃക്ഷം കിളിര്‍ത്ത് വരൂ. അഹങ്കാരത്തിന്റെ തോട് പൊളിഞ്ഞാല്‍ മാത്രമേ യഥാര്‍ത്ഥ ശിഷ്യത്വം ഉണ്ടാവൂ. യഥാര്‍ത്ഥത്തില്‍ ഗുരു ചെയ്യുന്നത് ജന്മാന്തരങ്ങളുടെ മോചനമാണ്. ഗുരു കേവലം വ്യക്തിയല്ല 'ആത്മതത്വം' തന്നെയാകുന്നു.
No comments:
Post a Comment