Tuesday, August 20, 2019

ഭാഗവതം - 18
തഥാ പ്യേകാന്ത ഭക് തേഷു പശ്യ ഭൂപാ നുകമ്പിതം
യന് മേ/സൂം സ്ത്യ ജത: സാക്ഷാത് കൃഷ്ണോ ദർശനമാഗത:
തഥാപി = എങ്കിലും, ഏകാന്ത ഭക് തേഷു = ഏകാന്ത ഭക്തന്മാരിൽ, ഭൂപ ഹേ രാജാവേ, അനുകമ്പിതം = കാരുണ്യത്തെ, പശ്യ= നോക്കുക, യത് = എന്തെന്നാൽ, മേ= എന്റെ, സാക്ഷാത് ദർശനം = പ്രത്യക്ഷ ദർശനത്തെ, കൃഷ്ണ: = കൃഷ്ണൻ, ആഗത: = ആഗമിച്ചു.
എല്ലാറ്റിലും എല്ലാവരിലും സമദൃഷ്ടിയുള്ളവനാണെങ്കിലും ഹേ രാജൻ ! അന്യ ശരണമില്ലെന്നുള്ള ഉറപ്പോടുകൂടെ സ്വപാദപത്മത്തെ ഭജിക്കുന്നവരായ ഏകാന്ത ഭക്തന്മാരിൽ ഭഗവാനായ ഈ കൃഷ്ണനുള്ള കാരുണ്യ വിശേഷത്തെ നോക്കുക! എന്തെന്നാൽ പ്രാണങ്ങളെ ഉപേക്ഷിപ്പാൻ ഒരുങ്ങിയിരിക്കുന്ന എന്റെ ദൃഷ്ടികൾ കൊണ്ട് കാണ്മാൻ തക്കവിധം സമീപത്തിൽ കൃഷ്ണൻ വന്നിരിക്കുന്നുവല്ലൊ. ഇത് എന്നിലുള്ള കരുണയുടെ വിശേഷമല്ലയോ? ഭഗവാൻ നിങ്ങളെയെല്ലാം കൂട്ടിക്കൊണ്ടിവിടെ എഴുന്നള്ളിയത്, ശരീരത്തെ വെടിയു വാൻ ഒരുങ്ങിയിരിക്കുന്ന എന്നെ അനുഗ്രഹിപ്പാനാണെന്നു ധരിച്ചു കൊൾക. ഏകാന്ത ഭക്തന്മാരിൽ മാത്രമേ അപ്രകാരമുള്ള അനുഗ്രഹ ബുദ്ധി ഭഗവാന് ഉണ്ടാക യുള്ളൂ. നിങ്ങളും ഭഗവാനിൽ ഏകാന്ത ഭക്തന്മാരായിരിക്കുവിൻ. ഭഗവാന്റെ ഭക്തവത്സല്യത്തിന് ഇതിലധികം ദൃഷ്ടാന്തം മറ്റൊന്നുമില്ലെന്നും കണ്ടു കൊൾവിൻ. എന്തുകൊണ്ടെന്നാൽ ഞാനാകട്ടെ മഹാപരാധിയല്ലയോ. ഭഗവാനെത്തന്നെ ഞാൻ നിന്ദിക്കയും അസ്ത്രം കൊണ്ടു മുറിപ്പെടുത്തുകയും ഭഗവൽ ഭക്തന്മാരായ നിങ്ങളെത്തന്നെ ദ്രോഹിയ്ക്കയും ദുർജ്ജന പക്ഷത്തിൽ ചേരുകയും ചെയ്തവനല്ലയോ. എന്നാലും ചിലപ്പോൾ ഭഗവന്നാമോ ച്ചാര ണാദി ഭക്ത്യാഭ്യാസത്തെ ചെയ്തിട്ടുള്ളതിനെ കരുണയോടുകൂടെ ഓർത്ത് എന്റെ സർവ്വ അപരാധങ്ങളേയും പൊറുത്ത് അന്ത്യകാലത്തിൽ അനുഗ്രഹിപ്പാൻ എന്റെ സമീപത്ത് വന്നിരിക്കുന്നതിനെ ഓർത്തുകൊൾവിൻ, എന്നു ഗൂഢാഭിമതം. 'യാന്തേ മതി: സാ ഗതി: ' - മരണ സമയത്തിൽ മനസ്സ് ഏതിനെ സ്മരിക്കുന്നുവോ അതിനെ പ്രാപിക്കും, എന്ന സിദ്ധാന്താനുസരണം അവസാന സമയത്തിൽ ഭഗവാന്റെ ദർശനം തന്നെ സിദ്ധിച്ചതിനാൽ അതി സന്തോഷത്തേയും സൂചിപ്പിക്കുവാനാണ് പ്രാണങ്ങളെ വെടിയുന്ന എനിക്ക്, എന്നു കാണിച്ചത്.
(ഭാഗ: 1:9:22)
sunil namboodiri

No comments:

Post a Comment