Monday, August 05, 2019

ഓരോ സംഭവവും കഥയും എന്തെങ്കിലും ഗുണപാഠമുൾക്കൊള്ളുന്നതാണ്. പക്ഷേ, മനുഷ്യർ അതു മനസ്സിലാക്കാൻ ശ്രമിയ്ക്കുന്നില്ലെന്നു മാത്രം.

മഹാഭാരതത്തിലെ വളരെ പ്രശസ്തമായ ഒരു ഉപകഥയാണ്  നളചരിതം. പ്രജാക്ഷേമതൽപ്പരനും സർവ്വഗുണസമ്പന്നനുമായ നള മഹാരാജാവാണ് ഇക്കഥയിലെ നായകൻ. ആരോടും ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും, സൗന്ദര്യ ധാമമായ ദമയന്തിയെ അദ്ദേഹം സ്വന്തമാക്കി എന്ന ഒറ്റക്കാരണത്തിൽ അസൂയ പൂണ്ട് അദ്ദേഹത്തിനുമുണ്ടായി ശത്രുക്കൾ - കലിദ്വാപരന്മാർ. ഈശ്വരഭക്തനായ നളനിൽ, അദ്ദേഹം എന്തെങ്കിലും തെറ്റു ചെയ്താൽ ആ പഴുതിലൂടെ കയറിപ്പറ്റി അദ്ദേഹത്തെ ഉപദ്രവിക്കാൻ, കലി പന്ത്രണ്ടു വർഷം കാത്തിരുന്നു. നടന്നില്ല. അവസാനം ചെറിയൊരു തെറ്റു സംഭവിച്ചു. ദമയന്തിയുമായുള്ള ജീവിതത്തിൽ അഭിരമിച്ചു കഴിഞ്ഞിരുന്ന നളൻ ഒരു ദിവസം മൂത്രമൊഴിച്ചതിനു ശേഷം കാൽപ്പാദം ശരിയ്ക്കും കഴുകാതെ സന്ധ്യാവന്ദനത്തിനു പുറപ്പെട്ട സമയം, നനയാതിരുന്ന ഉപ്പൂറ്റി വഴി കലി അദ്ദേഹത്തിനുള്ളിൽ പ്രവേശിച്ചത്രേ. പിന്നെ സംഭവിയ്ക്കുന്നത് പടുകുഴിയിലേക്കുള്ള നളന്റെ പതനവും വർണ്ണനാതീതമായ ദുരന്ത സംഭവങ്ങളുടെ ഒരു പരമ്പര തന്നെയുമാണ്. എന്താണിക്കഥയിലെ ഗുണപാഠം? (പുതിയ ഭാഷയിൽ പ്റഞ്ഞാൽ take away).  നേരായ വഴിയിൽ പ്രവർത്തിച്ച് സമൂഹമദ്ധ്യത്തിൽ നിൽക്കണമെന്നാഗ്രഹിയ്ക്കുന്ന ഉന്നതസ്ഥാനീയരായ വ്യക്തികൾ  ജീവിതം നയിയ്ക്കേണ്ടത് വളരെ ശ്രദ്ധയോടെയാകണം. അവർക്കു സംഭവിയ്ക്കുന്ന ചെറിയൊരു പിഴവു പോലും വലിയ ദുരന്തങ്ങളിലേക്കവരെ തള്ളിയിട്ട്, അവരെക്കൊണ്ട് സമൂഹത്തിനു ലഭിയ്ക്കാവുന്ന ഗുണഫലങ്ങൾ ഇല്ലാതാക്കിയേക്കാം. അതു സംഭവിയ്ക്കരുത്.

ഇന്നലത്തെ തിരുവനന്തപുരത്തെ ദാരുണ സംഭവമാണ് ഞാനിന്നിതെഴുതാൻ കാരണം. വളരെ മിടുക്കനും വളരെ കുറഞ്ഞ കാലയളവിലെ തന്റെ ഔദ്യോഗിക ജീവിത കർമ്മങ്ങളിലൂടെത്തന്നെ സമൂഹത്തിൽ വലിയ പ്രതീക്ഷകൾ ഉണർത്തുകയും ചെയ്ത ഡോ. ശ്രീറാം വെങ്കിട്ടരാമൻ ജയിലിലാകുമ്പോൾ  വ്യക്തിപരമായി അദ്ദേഹത്തിനും  അദ്ദേഹത്തിനെക്കൊണ്ടു സമൂഹത്തിനും ലഭിയ്ക്കാമായിരുന്ന ഗുണഫലങ്ങളാണ് നഷ്ടമാകുന്നത്. അതു കഷ്ടമാണ്. നളകഥയുമായി കൃത്യമായ സാമ്യമില്ലെങ്കിലും ഈ സംഭവവും നൽകുന്ന സന്ദേശം അതു തന്നെയാണ്. അൽപ്പം ശ്രദ്ധിച്ചിരുന്നെങ്കിൽ അദ്ദേഹത്തിനീ ദുരന്തമുണ്ടാകാതെ കഴിയ്ക്കാമായിരുന്നു. ഇനി പറഞ്ഞിട്ടെന്തു ഫലം? മറ്റുള്ളവരെങ്കിലും ഈ ഗുണപാഠമുൾക്കൊണ്ടിരുന്നെങ്കിൽ.....
Mohandas 

No comments:

Post a Comment